
പ്രതീകാത്മ ചിത്രം/ Freepik
എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) നായകളെ ബാധിക്കുമെന്നു മാത്രമല്ല, രോഗബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാനും സാധ്യതയേറെയുള്ള രോഗമാണ്. അതിനാൽ നായകൾക്ക് എലിപ്പനി ബാധിച്ചാൽ ഉടമകളും കരുതലെടുക്കേണ്ടതുണ്ട്. എലിപ്പനിയ്ക്ക് കാരണമായ രോഗാണുവിന്‍റെ ഇരുപത്തിമൂന്നോളം ഇനങ്ങളെയും, 250 -ല്‍ പരം സിറോ ഗ്രൂപ്പുകളേയും എലിയടക്കമുള്ള വിവിധ മൃഗങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്.
ഇതില്‍ ലെപ്റ്റോസ്പൈറ ഇക്റ്ററോഹെമറാജിയ (Leptospira Icterohaemorrhagiae), ലെപ്റ്റോസ്പൈറ കാനികോള (Leptospira interrogans serovars Canicola) എന്നീ വിഭാഗത്തിൽ പെട്ട ബാക്റ്റീരിയകളാണ് നായകളിൽ പ്രധാനമായും എലിപ്പനി ഉണ്ടാക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് അടുത്തകാലത്തായി നടന്ന ചില ഗവേഷണങ്ങളിൽ ലെപ്റ്റോസ്പൈറ പോമോണ (Leptospira pomona), ലെപ്റ്റോസ്പൈറ ഗ്രിപ്പോടൈഫോസ (Leptospira grippotyphosa) എന്നീ രണ്ടിനം ബാക്ടീരിയകൾ കൂടി നായകളിൽ രോഗമുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
രോഗം പകരുന്നതെങ്ങനെ?
പെരുച്ചാഴികൾ,എലികൾ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തില്‍ കൂടിയാണ് രോഗം പ്രധാനമായും പകരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും നനവുള്ള തറകളിലും മണ്ണിലും കാണപ്പെടുന്ന രോഗാണുക്കള്‍ കുടിവെള്ളം, തീറ്റ എന്നിവ വഴിയും തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണ് നായകളിൽ രോഗബാധയുണ്ടാവുന്നത്. നായകളുടെ കണ്ണിലെയും മൂക്കിലേയുമൊക്കെ ശ്ലേഷ്മസ്തരങ്ങളിലൂടെയും, മൃദുവായ ചര്‍മ്മഭാഗങ്ങളിലൂടെയും ശരീരത്തിനകത്തേക്ക് തുളച്ചുകയറാനുള്ള ശേഷിയും എലിപ്പനി രോഗാണുവിനുണ്ട്. രോഗം ബാധിച്ച നായകളുടെ മൂത്രവും ശരീരസ്രവങ്ങളും കൈകാര്യം ചെയ്യുന്നത് വഴിയും രോഗബാധയേറ്റവയുടെ മൂത്രം കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗാണു മനുഷ്യരിലെത്തുന്നത്. രോഗാണു ബാധയേറ്റ മൃഗങ്ങളുടെ മൂത്രം, മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഇവ കലർന്ന് രോഗാണുമലിനമായ വെള്ളം, തീറ്റ തുടങ്ങിയവയുമായുള്ള സമ്പർക്കത്തിലൂടെയോ മറ്റു നായകളിലേക്കും രോഗം പകരാം.
ലക്ഷണങ്ങൾ
ക്ഷീണം, ശക്തമായ പനി, വിറയല്‍,ഛര്‍ദ്ദി, പേശിവേദന എന്നിവ മൂലം നടക്കാനുള്ള മടി, പേശിവലിവ്, വിശപ്പില്ലായ്മ, പെട്ടെന്ന് തൂക്കം കുറഞ്ഞു പോവുക, വായിലും നാക്കിലും പുണ്ണുകളും ദുര്‍ഗന്ധവും, വയറുവേദന, ശ്വാസമെടുക്കാനുള്ള പ്രയാസം, ക്രമേണയുള്ള ശരീര തളര്‍ച്ച, അമിതദാഹം തുടങ്ങിയവയാണ് നായകളില്‍ തീവ്ര എലിപ്പനി ബാധയുടെ ലക്ഷണങ്ങള്‍. ഇടയ്ക്കിടെ കുറഞ്ഞ അളവിൽ മൂത്രമൊഴിക്കുന്നതും കാണാം. കണ്ണിലെയും മറ്റും ശ്ലേഷ്മ സ്തരങ്ങള്‍ ചുവന്നു തടിച്ചിരിക്കുകയും രക്തവാര്‍ച്ചയുടെ ചെറിയ പാടുകളും മൂക്കിൽ നിന്ന് ഇടയ്ക്കിടെ രക്തം വരുന്നതും കാണാറുണ്ട്. മൂത്രവും കാഷ്ഠവും തവിട്ട് നിറത്തിലാകും.
നായകളുടെ വൃക്കകളുടെ പ്രവർത്തനത്തെയാണ് എലിപ്പനി പ്രധാനമായും ബാധിക്കുക . അതോടെ മൂത്രതടസ്സവും അനുഭവപ്പെടും. എലിപ്പനി രോഗം മൂര്‍ച്ഛിച്ച് ശ്വാസകോശത്തില്‍ രക്തസ്രാവം സംഭവിക്കുന്ന സങ്കീർണ്ണാവസ്ഥ മനുഷ്യരില്‍ എന്ന പോലെ രോഗമൂര്‍ധന്യത്തില്‍ നായകളിലും കാണാറുണ്ട്. ഹൃദയത്തേയും എലിപ്പനി ഗുരുതരമായി ബാധിക്കുന്നു. നായകളില്‍ തീവ്ര എലിപ്പനിബാധയുടെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മഞ്ഞപ്പിത്തവും രക്തസ്രാവവും ശ്വാസതടസ്സവും മൂര്‍ച്ഛിച്ച് മരണം സംഭവിക്കും.
രോഗനിർണ്ണയം
ലക്ഷണങ്ങൾ കാണുമ്പോൾ എലിപ്പനിയാകാമെന്ന് സംശയിക്കാമെങ്കിലും കൃത്യമായി നിർണയിക്കണമെങ്കിൽ രക്ത പരിശോധന, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനപരിശോധന, മാറ്റ് (Microscopic agglutination test /MAT) ഉൾപ്പെടെയുള്ള ലബോറട്ടറി പരിശോധനകൾ വേണം. വളരെ വേഗത്തിൽ നായകളിലെ എലിപ്പനി നിർണയിക്കാൻ സഹായിക്കുന്ന റാപിഡ് കിറ്റുകളും ഇന്ന് ലഭ്യമാണ്. അരുമമൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ രോഗനിർണയത്തിനും ചികിത്സകൾക്കുമായി ഉടന്‍ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് വിദഗ്ധ സേവനം തേടണം.
ചികിത്സ
ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചുള്ള ചികിത്സകൾക്കൊപ്പം നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന ആന്റിബയോട്ടിക് ചികിത്സയും എലിപ്പനി രോഗാണുവിനെ കീഴടക്കാൻ നായകൾക്ക് നൽകേണ്ടി വരും. മാത്രമല്ല, എലിപ്പനി ഒരു ജന്തുജന്യരോഗമായതിനാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് രോഗം ബാധിച്ച നായകളുമായി ഇടപഴകിയവരും പരിചരിച്ചവരും പ്രതിരോധ ചികിത്സ തേടണം. നായകൾക്ക് എലിപ്പനി പ്രതിരോധ കുത്തിവെയ്പുകൾ കൃത്യമായി നൽകിയാൽ നേട്ടം രണ്ടാണ്. തീവ്രമായ എലിപ്പനി രോഗത്തിൽ നിന്ന് നായകളെ സംരക്ഷിക്കാം എന്നതാണ് ഒന്നാമത്തെ നേട്ടം. മാത്രമല്ല എലിപ്പനി രോഗാണുക്കൾ നായകളുടെ വൃക്കകളിൽ കടന്നുകൂടി പെരുകി മൂത്രത്തിലൂടെ പുറത്തുവരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതുവഴി നായകളെ പരിപാലിക്കുന്നവർക്കും അവയോട് ഇടപെടുന്ന വീട്ടിലെ മറ്റുള്ളവർക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കുറയുന്നു.
പ്രതിരോധകുത്തിവെയ്പുകൾ പ്രധാനം
പ്രതിരോധ വാക്സീനുകൾ കൃത്യമായി ലഭിച്ചിട്ടുള്ള തള്ളനായകളില്‍ നിന്നും മുലപ്പാലിലൂടെ ലഭിക്കുന്ന പ്രതിരോധ ഘടകങ്ങള്‍ അഥവാ ആന്‍റിബോഡികള്‍ ആദ്യ കുത്തിവെയ്പ് എടുക്കുന്നത് വരെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ നൽകും. നായക്കുഞ്ഞിന് എട്ട് ആഴ്ച പ്രായമെത്തുമ്പോള്‍ പാര്‍വോ വൈറസ്, കനൈന്‍ ഡിസ്റ്റംബര്‍, എലിപ്പനി, കരള്‍ വീക്കം (ഹെപ്പറ്റൈറ്റിസ്), പാരാഇൻഫ്ലുവെൻസ തുടങ്ങിയ സാംക്രമികരോഗങ്ങള്‍ക്കെതിരായ (മള്‍ട്ടി കംപോണന്‍റ് വാക്‌സിൻ) ആദ്യ കുത്തിവെയ്പ് ഡോക്ടറുടെ നിർദേശപ്രകാരം നല്‍കണം.
12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യമെടുത്ത അതേ മള്‍ട്ടി കംപോണന്‍റ് വാക്സിന്റെ ബൂസ്റ്റര്‍ കുത്തിവെയ്പ് നല്‍കാം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ് ആവര്‍ത്തിക്കണം. വാക്സിൻ നൽകുന്നതിന് ഒരാഴ്ചമുൻപ് വിരയിളക്കേണ്ടതും പ്രധാനം.
ഇപ്പോൾ നമ്മുടെ നാട്ടിൽ പാർവോ, ഡിസ്റ്റംപര്‍ രോഗങ്ങൾ വ്യാപകമായി കാണുന്ന സാഹചര്യത്തിൽ നായക്കുഞ്ഞിന് ആറാഴ്ച പ്രായമാവുമ്പോൾ തന്നെ പാർവോ, ഡിസ്റ്റംപര്‍ എന്നീ രണ്ട് രോഗങ്ങൾ തടയാൻ മാത്രമുള്ള പ്രത്യേക വാക്‌സിൻ നൽകുന്നത് അഭികാമ്യമാണ്. പ്രതിരോധ കുത്തിവെയ്പുകൾ ഒന്നും യഥാവിധി നൽകാത്തതോ കുത്തിവെയ്പുകൾ നൽകിയതായി ഉറപ്പില്ലാത്തതോ ആയ നായകൾക്ക് ഉണ്ടാവുന്ന കുഞ്ഞുങ്ങളോ ഏതെങ്കിലും കാരണത്താൽ പ്രസവാനന്തരം മതിയായ അളവിൽ കന്നിപ്പാൽ ലഭിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളോ ആണെങ്കിൽ തീർച്ചയായും ആറ് ആഴ്ച പ്രായത്തിൽ വാക്‌സിൻ നൽകണം.
പ്രതിരോധ കുത്തിവെയ്പ്പുകള്‍ പൂര്‍ണ്ണമാവുന്നത് വരെ നായക്കുഞ്ഞുങ്ങളെ പൊതു കെന്നലുകളിലും ബോർഡിങ് ഹോമുകളിലും പാര്‍പ്പിക്കുന്നതും, മറ്റ് നായകൾക്കൊപ്പം ട്രെയിനിങ്ങിന് വിടുന്നതും പെറ്റ് സ്റ്റോറുകളിലും മറ്റും കൊണ്ടുപോവുന്നതും മഴവെള്ളത്തിലും ചെളിയിലും കളിയ്ക്കാൻ വിടുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. മൃഗാശുപത്രിയിൽ കൊണ്ടുപോവുമ്പോൾ പരിസരങ്ങളിൽ ചുറ്റിത്തിരിയാനും ടേബിളിലും തറയിലുമെല്ലാം നക്കാനും മണം പിടിക്കാനും വാക്സിൻ പൂർണ്ണമായും എടുത്തിട്ടില്ലാത്ത നായക്കുഞ്ഞുങ്ങളെ അനുവദിക്കുന്നത് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
(കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Learn about leptospirosis in dogs, a zoonotic disease and understand its causes, transmission, symptoms, diagnosis, treatment, and crucial vaccination advice.
Published: 04 Nov 2025, 10:56 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented