
എഐ നിർമിത ചിത്രം
വളർത്തുമൃഗങ്ങൾക്ക് പാമ്പുകടിയേൽക്കുകയോ പാമ്പ് കടിച്ചതായി സംശയം തോന്നുകയോ ചെയ്താൽ ഏറ്റവും വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. ആ സമയത്ത് ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെ പറ്റിയും ഉടമയ്ക്ക് അറിവുണ്ടാകണം. കടിയേറ്റതായി ശ്രദ്ധയിൽപ്പെട്ടിട്ടും അടിയന്തിര ചികിത്സ ലഭ്യമാക്കാതെ അവഗണിക്കുന്നതും പ്രശ്നമൊന്നുമുണ്ടാവില്ലെന്ന് സ്വയം ആശ്വസിച്ച് കാത്തിരിക്കുന്നതുമെല്ലാം അരുമയുടെ ജീവൻ അപകടത്തിലാക്കിയേക്കാം.
വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ പാമ്പുകൾ കണ്ണിൽപ്പെട്ടാൽ ഒരു പ്രകോപനവും ഇല്ലാതെ തന്നെ ആക്രമിക്കാനുള്ള പ്രവണത നായകൾക്കുണ്ട്. പലപ്പോഴും നായയും പാമ്പും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് നമ്മുടെ ശ്രദ്ധയിൽപ്പെടുക. താൻ കാവലിരിക്കുന്ന,അല്ലെങ്കിൽ തന്റെ അധീനതയിലുള്ള ഒരു സ്ഥലത്തേയ്ക്ക് അനുവാദമില്ലാതെ അതിക്രമിച്ച് കയറിയ ശത്രുവും പ്രതിയോഗിയുമായിട്ടാണ് പാമ്പുകളെ, കാവൽ നായകൾ കാണുന്നത്. മാത്രമല്ല, തന്റെ ഉടമയെയും കുടുംബത്തെയും അപകടത്തിൽ നിന്ന് സംരക്ഷിക്കാൻ ഏതറ്റം വരെ പോവാനും നായകൾക്ക് മടിയുണ്ടാവില്ല.പൂച്ചകളെ അപേക്ഷിച്ച് നായകൾക്ക് കൂടുതലായി പാമ്പുകടിയേൽക്കുന്നതിന്റെ പ്രധാനമായ കാരണവും തന്റെ ഉടമയോടുള്ള ഈ കരുതലാണ്.
പറമ്പിലോ മുറ്റത്തോ പാമ്പിന്റെ തീരെ ചെറിയ അനക്കങ്ങൾ പോലും തിരിച്ചറിയാനുള്ള അസാമാന്യമായ ശ്രവണശക്തിയും നായകൾക്കുണ്ട്. പാമ്പിനെ കണ്ടയുടൻ ആക്രമിക്കാൻ പാഞ്ഞെടുക്കുന്ന നായകൾക്ക് മിക്കവാറും പാമ്പിന്റെ പ്രത്യാക്രമണത്തിൽ കടിയേൽക്കുന്നത് മുഖത്തോ തലയ്‌ക്കോ വായ്ക്കുള്ളിലോ ആയിരിക്കും. മുഖത്തും തലയ്ക്കും കടിയേൽക്കുന്നത് വിഷം പെട്ടന്ന് തന്നെ ശരീത്തിൽ വ്യാപിക്കാനും സ്ഥിതി മോശമാവാനും കാരണമാവും.
വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ നായ്ക്കളുടെ ശരീരത്തിൽ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. നായയുടെ വായ്ക്കുള്ളിലാണ് കടിയെങ്കിൽ ഉടമയ്ക്ക് പലപ്പോഴും കടിയേറ്റത് തിരിച്ചറിയാനും കഴിയില്ല. ശരീരഭാരം കുറവായതിനാൽ നായകളിൽ പാമ്പുകടിയുടെ ആഘാതമേറുന്നു. പോമറേനിയൻ, സ്പിറ്റ്സ്, ഡാഷ്ഹണ്ട് , ബീഗിൾ, പഗ് തുടങ്ങിയ തീരെ ചെറിയ ശരീരമുള്ള ഇനങ്ങൾ ആണെങ്കിൽ അപകടസാധ്യത വീണ്ടും ഇരട്ടിക്കും.
ലക്ഷണങ്ങൾ
ഹീമോടോക്സിൻ (Haemotoxin) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന അണലിയുടെ വിഷം രക്തചംക്രമണവ്യവസ്ഥയെയാണു ബാധിക്കുന്നത്. രക്തം കട്ടപിടിക്കാനുള്ള കഴിവിനെ അണലി വിഷം തടസ്സപ്പെടുത്തും. ക്രമേണ ഹൃദയം, ശ്വാസകോശം, വൃക്കകൾ, പേശികൾ തുടങ്ങിയ അവയവങ്ങളുടെയൊക്കെ പ്രവർത്തനത്തെ അണലിവിഷം സാരമായി ബാധിക്കും. കടിയേറ്റ ഭാഗത്ത് കൂടി വരുന്ന വീക്കം, നീര്, വേദന, ശരീര തളർച്ച, മുറിവിൽ നിന്ന് രക്തം പൊടിയുക, വിവിധ ശരീര ഭാഗങ്ങളിൽ നിന്നും രക്തസ്രാവം, മൂത്രത്തിലൂടെ രക്തം വരൽ, ചർദ്ദി, വയറുവേദന തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അണലിയുടെ കടിയേറ്റ നായകൾ കാണിക്കും.
വായ്ക്കുള്ളിലോ മോണയിലോ ആണ് കടിയേറ്റതെങ്കിൽ ഉമിനീരിനൊപ്പം രക്തം ഒലിച്ചിറങ്ങുന്നതായി കാണാം. അണലിയുടെ പ്രസവം കൂടുതലായി നടക്കുന്ന മെയ് മുതൽ ആഗസ്റ്റ് വരെ നീളുന്ന കാലയളവിൽ അണലിയുടെ കടിയേറ്റുള്ള അപകടങ്ങൾ കൂടുതലായി കാണുന്നു.
ന്യൂറോടോക്സിൻ (Neurotoxin) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം നായകളുടെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. അണലി വിഷത്തെ അപേക്ഷിച്ച് ഇവയുടെ വിഷം താരതമ്യേനെ വളരെ വേഗത്തിൽ നാഡിവ്യൂഹത്തിൽ പ്രവർത്തിക്കും. ഇത് ശ്വസനത്തിന് സഹായിക്കുന്ന പേശികളെ ബാധിക്കുന്നു. അതോടെ, കടിയേറ്റ മ്യഗങ്ങൾക്ക് ശ്വാസം എടുക്കാൻ പ്രയാസം അനുഭവപ്പെടും.
നായയുടെ കണ്ണ് തുറന്നു വെക്കാൻ കഴിയാത്ത അവസ്ഥ, കഴുത്തു നേരെ നിർത്താൻ ബുദ്ധിമുട്ട്, ബലക്കുറവ്, വേച്ച് വേച്ചുള്ള നടത്തം, പിന്നിൽ നിന്ന് തുടങ്ങി മുന്നോട്ട് വ്യാപിക്കുന്ന തരത്തിൽ ശരീരത്തിനുണ്ടാകുന്ന തളർച്ച, വായിൽ നിന്ന് നുരയും പതയും വരുക, നാവിന് നീല നിറം, ഛർദി എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.
നല്ല അളവിൽ വിഷം ഉള്ളിൽ കയറിയിട്ടുണ്ടെങ്കിൽ ചുരുങ്ങിയ സമയത്തിനകം നായകൾ ശ്വാസതടസ്സത്തിന്റെ ലക്ഷണങ്ങൾ കാണിക്കും. ഈ സാഹചര്യത്തിൽ ചികിത്സ തേടുന്നതിന് മുൻപ് തന്നെ നായകൾക്ക് മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
പ്രഥമശുശ്രുഷ
നായകൾക്ക് പാമ്പിന്റെ കടിയേറ്റതായി തിരിച്ചറിയുകയോ സംശയം തോന്നുകയോ ചെയ്താൽ ഒരു നിമിഷം പോലും സമയം കളയാതെ വിദഗ്ധ സേവനം ഉറപ്പാക്കണം. കടിയേറ്റ നായകളുടെ ശരീര ചലനങ്ങൾ കഴിയുന്നത്ര കുറയ്ക്കാൻ ശ്രദ്ധിക്കുക. കടിയേറ്റ മൃഗത്തെ ഓടാൻ അനുവദിക്കരുത്, ഓടുമ്പോൾ അവയുടെ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, വൃക്ക തുടങ്ങിയ വിവിധ അവയവങ്ങളിലേയ്ക്ക് വിഷം പെട്ടെന്ന് എത്തുകയും അപകടസാധ്യത കൂടുകയും ചെയ്യും.
രക്തപ്രവാഹമുണ്ടെകില്‍ മുറിവ് വൃത്തിയുള്ള തുണി കൊണ്ട് കെട്ടാം. കൈകാലുകൾക്കാണ് കടിയേറ്റതെങ്കിൽ കടിയേറ്റ ഭാഗത്തിന് മുകളിലായി ചരടുകൊണ്ട് മുറുക്കി കെട്ടി വിഷം വ്യാപിക്കുന്നത് തടയാവുന്നതാണ്. എന്നാൽ നല്ല മുറുക്കമുള്ള കെട്ടിട്ട് ആ ഭാഗത്തെ രക്തസഞ്ചാരം പൂർണ്ണമായും ഇല്ലാതാക്കരുത്. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. മുറിവിൽ ഐസ് വെയ്ക്കുക, ചൂട് വെക്കുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ല.
ചികിത്സ
പാമ്പുകടിയേറ്റ മനുഷ്യന് നൽകുന്നതിന് സമാനമായ ചികിത്സ തന്നെയാണ് വളർത്തുമൃഗങ്ങൾക്കും നൽകുക. പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച് കുതിരയുടെ ശരീരത്തിൽ ഈ വിഷത്തിനെതിരെയുണ്ടാവുന്ന ആന്റിബോഡികൾ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ച് നിർമിക്കുന്ന പോളിവാലന്റ് ആന്റി സ്നേക്ക് വെനം തന്നെയാണ് പ്രധാന മറുമരുന്ന്.
ബിഗ് 4 എന്നറിയപ്പെടുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ടു മണ്ഡലി എന്നീ നാല് പ്രധാന വിഷപാമ്പുകളുടെ വിഷത്തെ നിർവീര്യമാക്കുന്ന പ്രതിവിഷം ഇന്ത്യയിൽ ഉല്പാദിപ്പിക്കപ്പെടുന്ന പോളിവാലന്റ് സ്നേക്ക് ആന്റി വെനത്തിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കടിച്ച വിഷപാമ്പിനെ തിരിച്ചറിഞ്ഞില്ലെങ്കിലും വിഷമേറ്റിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ കൃത്യമായ ചികിത്സ നൽകാനാകും.
ലക്ഷണങ്ങളുടെയും ശാരീരിക പ്രയാസങ്ങളുടെയും തീവ്രത അനുസരിച്ചാണ് മൃഗങ്ങൾക്ക് നൽകേണ്ട പ്രതിവിഷത്തിന്റെ അളവ് നിർണയിക്കുക. പാമ്പുവിഷബാധയുടെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ സൂചനകളോ കാണിക്കാത്ത മൃഗങ്ങൾക്ക് സംശയത്തിന്റെ പേരിൽ മാത്രം പോളിവാലന്റ് സ്നേക്ക് ആന്റി വെനം നൽകാറില്ല.
ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് മരുന്ന് നൽകുന്നതിനൊപ്പം ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള അട്രോപ്പിൻ ഉൾപ്പെടെയുള്ള മരുന്നുകളും ഫ്ലൂയിഡ് തെറാപ്പിയും ആന്റിബയോട്ടിക്കുകളും ടെറ്റനസ് ടോക്സോയിഡ് ഉൾപ്പെടെയുള്ള ചികിത്സകളും ആവശ്യമാണ്.
പാമ്പിന്റെ കടിയേറ്റ് സമയം കഴിയുന്തോറും വിഷം നായകളുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതം ഏറും. ചുരുങ്ങിയ സമയത്തിനുള്ളിൽ ചികിത്സ നൽകാൻ കഴിയുന്നു എന്നത് വളരെ നിർണായകമാണ്. ആൻ്റിവെനം ലഭ്യമായ മൃഗാശുപത്രികളിൽ വളർത്തുമൃഗങ്ങളെ എത്രയും പെട്ടെന്ന് എത്തിക്കാൻ ശ്രമിക്കുക.
(കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Learn crucial first aid for pet snakebites and understand vital treatments.
Published: 10 Nov 2025, 03:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented