പ്രതിഭാശാലിയായ മുത്തച്ഛന്റെ പ്രതിഭാശാലിയായ പേരക്കുട്ടി എന്ന മേല്‍വിലാസത്തില്‍നിന്ന് വളര്‍ന്ന പെണ്‍കുട്ടിയായിരുന്നു ശാലു മേനോന്‍. നൃത്തരൂപങ്ങളിലൂടെയും ബാലെകളിലൂടെയും മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരികരംഗത്ത് സാന്നിധ്യമറിയിച്ച കലാകാരനായ അരവിന്ദാക്ഷ മേനോന്റെ കൊച്ചുമകള്‍.

To advertise here,

യുവജനോത്സവവേദികളില്‍ നിന്ന് ബിഗ്സ്‌ക്രീനിലേക്കും മിനി സ്‌ക്രീനിലേക്കും എത്തി ശാലു. ഇരുന്നൂറോളം സീരിയലുകള്‍... ഒട്ടേറെ സിനിമകള്‍. അഭിനയത്തിനൊപ്പം നൃത്തവും നൃത്താധ്യാപനവും തുടര്‍ന്നു. കലാരംഗത്ത് സജീവമായ കാലത്താണ് കേരളത്തെ ഉലച്ച സോളാര്‍വിവാദത്തില്‍ ശാലുവിന്റെ പേരും ഇടംനേടിയത്. ആ കാലവും കടന്ന് കലയുടെ ലോകത്തിന്ന് സജീവമാണ് ശാലു... ജീവിതത്തിലെ കയറ്റിറക്കങ്ങളെപ്പറ്റി ശാലു സംസാരിക്കുന്നു...

ആദ്യ ഗുരു അപ്പൂപ്പന്‍ 
നാലുവയസ്സുമുതല്‍ ഞാന്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. അപ്പൂപ്പനായിരുന്നു ആദ്യത്തെ ഗുരു. പിന്നെ പദ്മ സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ള ഗുരുക്കന്മാര്‍ക്കുകീഴില്‍ പഠനം തുടര്‍ന്നു. ഒമ്പതുവര്‍ഷത്തോളം തുടര്‍ച്ചയായി കോട്ടയം റവന്യൂജില്ലാ കലാതിലകമായിരുന്നു ഞാന്‍. സംസ്ഥാന കലോത്സവത്തില്‍ മോഹിനിയാട്ടത്തിനും കേരളനടനത്തിനുമൊക്കെ സമ്മാനം കിട്ടിയിട്ടുണ്ട്. 

ജയകേരള നൃത്തകലാലയം എന്നൊരു നൃത്തവിദ്യാലയം ഞങ്ങള്‍ നടത്തുന്നുണ്ട്. 60 കൊല്ലം മുമ്പ് മന്നത്ത് പദ്മനാഭന്‍ തുടക്കമിട്ട സംരംഭമാണത്. പിന്നെ അതിന്റെ ചുമതല അപ്പൂപ്പനിലെത്തി. അതിന്റെ ഭാഗമായാണ് ജയകേരള സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് എന്ന ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. മധ്യതിരുവിതാംകൂറിന്റെ പലഭാഗങ്ങളിലായി എട്ടു ശാഖകളുണ്ട്. ഏകദേശം 1000 വിദ്യാര്‍ഥികള്‍. 
 
ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതം
1997 എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമാണ്. അച്ഛനുള്‍പ്പെടെ ഏറ്റവും പ്രിയപ്പെട്ട മൂന്നു മനുഷ്യരെ എനിക്ക് നഷ്ടപ്പെട്ടത് ആ വര്‍ഷമാണ്. ആദ്യത്തെ മരണം അപ്പൂപ്പന്റേതായിരുന്നു.  
മൂന്നുമാസം കഴിഞ്ഞപ്പോള്‍ അച്ഛനും പോയി. അച്ഛനും അമ്മയ്ക്കും ഞാന്‍ ഒറ്റമോളാണ്. അച്ഛനുമായായിരുന്നു ഏറ്റവുമടുപ്പം.

വേണുഗോപാലെന്നാണ് അച്ഛന്റെ പേര്. അച്ഛന്റേതും കലാപാരമ്പര്യമുള്ള കുടുംബമാണ്. അദ്ദേഹത്തിന് പാട്ടിലും അത്ലറ്റിക്‌സിലുമൊക്കെയായിരുന്നു താത്പര്യം. വിദേശത്തായിരുന്നു ജോലി. അവിടെനിന്നു മടങ്ങിവന്നശേഷമായിരുന്നു മരണം. ചെറിയൊരു പനി വന്നു. അത് ന്യുമോണിയയായി. ഒട്ടും പ്രതീക്ഷിക്കാത്ത മരണം. പിന്നെ രണ്ടുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്റെ അമ്മ. അതും പെട്ടെന്നുള്ള മരണം. അന്നു ഞാന്‍ ഒമ്പതാം ക്ലാസിലാണ്.

ആ മൂന്നു മരണങ്ങള്‍ മുതലിങ്ങോട്ട് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചയാളാണ് ഞാന്‍. ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു എന്നുതന്നെ പറയാം.

സത്യം അറിയാതെ ആക്ഷേപിക്കരുത് 
ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 'കവര്‍‌സ്റ്റോറി'യിലൂടെ സിനിമയിലുമെത്തി. അവസരങ്ങള്‍ കൂടുതലും സീരിയലിലാണ് കിട്ടിയത്. ഇരുപതോളം സിനിമകള്‍ ചെയ്തു.

സിനിമയും സീരിയലുമൊന്നും മനസ്സില്‍പോലും ഉണ്ടായിരുന്ന കാര്യമല്ല. ഒരു അവസരം കിട്ടി, ശ്രമിച്ചുനോക്കാം എന്നു കരുതിയാണ് അഭിനയിക്കാന്‍ പോയത്. പിന്നെ അതിനോടൊരു ഇഷ്ടംതോന്നി. ഏകദേശം ഇരുപതുവര്‍ഷമായി ഞാന്‍ അഭിനയരംഗത്തുണ്ട്.

സ്ത്രീയെന്ന നിലയില്‍ നമ്മള്‍ കലാപരമായി എന്തൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയാലും എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും സമൂഹം നമ്മളെ വിലയിരുത്തുന്നത് മറ്റു ചില കാര്യങ്ങളുടെ പേരിലാകും.

പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചു. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നു. സത്യം മനസ്സിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും എന്നെ ഇതിലേക്ക് വലിച്ചിഴച്ചു. 

placeholder
Movie still
സിനിമയിലെ രംഗം


 
ദോഷംചെയ്ത വിശ്വാസം
തുടക്കത്തില്‍ ഒരു വിഷമം തോന്നിയെങ്കിലും ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല എന്നതാണ് സത്യം. അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. ഒന്നാമത് ചെറുപ്പം. പ്രശ്നത്തിന്റെ വ്യാപ്തി അത്രത്തോളം വലുതും. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി. രണ്ടു ദിവസം ഞാനൊന്നു പതറി.

എന്തായാലും ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ എന്നെ മാറ്റിയെടുത്തു.

ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു. അതൊക്കെയാണ് ദോഷംചെയ്തത്.

ആ സ്വഭാവം ഞാന്‍ മാറ്റിയെടുത്തു. ജീവിതത്തിന് പക്വത വന്നു. ഇപ്പോള്‍ ഞാന്‍ ബോള്‍ഡാണ്. ആ മോശം ദിവസങ്ങളൊക്കെ ഞാന്‍ മറന്നുകഴിഞ്ഞു. ഇപ്പോള്‍ ഡാന്‍സും ക്ലാസും ഒക്കെയായി നല്ല തിരക്കാണ്. പണ്ടത്തെതിനെക്കാള്‍ നന്നായി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടുപോകുന്നു. എന്റെ ജീവിതത്തില്‍ നടന്നതൊക്കെ ശാലുമേനോന്‍സ് ഡാന്‍സ് വേള്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കും. 
 
ജയിലിലെ ജീവിതം
വ്യക്തി എന്നനിലയില്‍ സ്വയം പുതുക്കിപ്പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിട്ടുള്ളൂ. നാല്പത്തൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിസ്സഹായരായവര്‍. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിര്‍ത്തിയത്.

ചെയ്തുപോയ തെറ്റോര്‍ത്തു പശ്ചാത്തപിക്കുന്നവര്‍, സാഹചര്യങ്ങള്‍കൊണ്ട് തെറ്റിലേക്കെത്തിയവര്‍, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവര്‍, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യര്‍. അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്റേതൊന്നും ഒരു പ്രശ്നമേ അല്ല എന്നു തിരിച്ചറിഞ്ഞു. 

അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരൊറ്റ  ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്തദിവസംതന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേള്‍ക്കേണ്ടി വന്നില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല...പിന്നെന്തിന് വിഷമിക്കണം...

placeholder
Shalu Menon And mother
അമ്മയോടൊപ്പം


ധൈര്യം തന്നത് അമ്മ
തളര്‍ന്നുപോകേണ്ട സാഹചര്യത്തില്‍ എന്നെ താങ്ങി നിര്‍ത്തിയത് അമ്മയും അമ്മൂമ്മയുമാണ്. അമ്മൂമ്മ സുമതിമേനോന്‍ നര്‍ത്തകിയും മൃദംഗിസ്റ്റുമാണ്.

ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ധീരയായ സ്ത്രീ എന്റെ അമ്മയാണ്. അമ്മയെപ്പോലെ ധൈര്യമുള്ള ഒരാള്‍ കൂടെയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, വീണുപോയേനേ. അച്ഛന്റെയും അപ്പൂപ്പന്റെയും പെട്ടെന്നുള്ള മരണത്തോടെ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ അമ്മയുടെ ചുമലിലേക്ക് വന്ന് വീഴുകയായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് ബാലെ സമിതികള്‍ ഉണ്ട്. പിന്നെ നൃത്തവിദ്യാലയവും... ഇവയുടെ കാര്യങ്ങളൊക്കെ പിന്നീടിങ്ങോട്ട് നോക്കിനടത്തുന്നത് അമ്മയാണ്. പലകാര്യങ്ങളും അമ്മയില്‍നിന്ന് പഠിക്കാനുണ്ട്.

അധ്യാപനം എനിക്കെന്നും ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമാണ്. അതുതന്നെയാണ് വലിയ സന്തോഷം. ഞാന്‍ പഠിപ്പിച്ച ചെറിയ കുട്ടികള്‍ ഇപ്പോള്‍ എനിക്കൊപ്പം പ്രോഗ്രാം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്കൊപ്പം കൂടുമ്പോള്‍ അത് മറ്റൊരു ലോകമാണ്. എന്റെ കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളുമാണ് ഏറ്റവും അടുത്ത ചങ്ങാതിമാര്‍. ഞാന്‍ ഓര്‍ത്തില്ലെങ്കില്‍പോലും അവരെന്റെ പിറന്നാള്‍ ഓര്‍ത്തെടുക്കാറുണ്ട്. എന്നെ ഞാനാക്കി നിലനിര്‍ത്തുന്നത് എന്റെ കുടുംബവും ഞാന്‍ പഠിപ്പിക്കുന്ന കുട്ടികളും പിന്നെ എന്റെ പ്രേക്ഷകരുമാണ്. അവരെക്കാള്‍ പ്രാധാന്യമുള്ള ബന്ധങ്ങളൊന്നും ജീവിതത്തിലില്ല.


തിരക്കിലാണ് ജീവിതം
ഏറെ നാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സ്വപ്‌നത്തിന്റെ പണിപ്പുരയിലാണ് ഞാന്‍ ഇപ്പോള്‍. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ യഥാര്‍ഥ കഥ ഉള്‍പ്പെടുത്തിയ ഡാന്‍സ് തിയേറ്റര്‍. സംവിധാനത്തിനു പുറമേ നാഗവല്ലിയെ അരങ്ങില്‍ എത്തിക്കുന്നതും ഞാന്‍ തന്നെ. സെപ്റ്റംബര്‍ അവസാനത്തോടെ ആ സ്വപ്‌നം പൂര്‍ത്തിയാകും.

ഇതിനൊപ്പം ഡാന്‍സ് ക്ലാസുകളും നൃത്ത പരിപാടികളും നന്നായി നടക്കുന്നു.  ഡാന്‍സ് ക്ലാസുകളും നൃത്തപ സെപ്റ്റംബര്‍ അവസാനത്തോടെ അരങ്ങില്‍ എത്തിക്കും. ജയകേരള വിഷ്വല്‍ കളക്ഷന്‍സ് എന്ന പേരില്‍ ഒരു സംരഭവും തുടങ്ങിയിട്ടുണ്ട്. ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമായി രണ്ട് ഷോപ്പുകള്‍. നൃത്തം, നാടകം, വിവാഹം തുടങ്ങിയവയ്‌ക്കൊക്കെ ആവശ്യമായ ആഭരണങ്ങളും മറ്റും ഇവിടെ വാങ്ങാനും വാടകയ്ക്കും ലഭിക്കും. ഷോപ്പിന്റെ കാര്യങ്ങളും ഞാന്‍തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അങ്ങനെ ജീവിതം ഒഴുക്കിലിങ്ങനെ അടിപൊളിയായി ഒഴുകുന്നു.