
ഏറെ നാളുകൾക്കുശേഷം സിനിമയിലെ ഒരു ഗാനരംഗത്തിൽ നൃത്തം ചെയ്ത് പ്രേക്ഷകരിലേക്ക് തിരിച്ചെത്തുകയാണ് ഷംന കാസിം. 'ജയിലർ 2'വിലെ 'അല ബൊലേലോ' എന്ന ഗാനരംഗത്തിലൂടെ തമിഴ് സിനിമയിലേക്കുള്ള ഈ തിരിച്ചുവരവ് ഷംനയ്ക്കും ആരാധകർക്കും ഒരുപോലെ സന്തോഷം നൽകുന്നതാണ്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായതിനുശേഷവും അതേ അഴകോടെയും ചടുലതയോടെയും നൃത്തം ചെയ്യുന്ന ഷംന വീണ്ടും പ്രേക്ഷകരുടെ കൈയടി നേടുകയാണ്. 'ജയിലർ 2'വിലെ നൃത്താനുഭവത്തെക്കുറിച്ചും നൃത്തത്തോടുള്ള തന്റെ അടങ്ങാത്ത ഇഷ്ടത്തെക്കുറിച്ചും മകൾ ദുഅ ജമീലയ്ക്കൊപ്പമുള്ള ആദ്യ ഓണത്തെക്കുറിച്ചുമെല്ലാം ഷംന കാസിം മനസ്സ് തുറക്കുന്നു.
"ഈ ഓണം എനിക്ക് ഏറെ സ്പെഷ്യലാണ്. 'ജയിലർ 2' തന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനം. 'ജയിലർ 2'വിലെ 'അല ബൊലേലോ' ഗാനരംഗത്തിൽ നൃത്തം ചെയ്യാൻ എന്നെ തിരഞ്ഞെടുത്തത് സംവിധായകൻ നെൽസൺ സാറാണ്. തെലുങ്കിൽ മഹേഷ് ബാബു സാറിനൊപ്പം ചെയ്ത 'കുറിച്ചി മടത്തപെട്ടി' ഗാനരംഗം കണ്ടിട്ടാണ് അദ്ദേഹം എന്റെ പേര് നിർദേശിച്ചത്. പിന്നെ സൂപ്പർസ്റ്റാർ രജനീകാന്ത് സാറിന്റെ ചിത്രം, അദ്ദേഹത്തോടൊപ്പമുള്ള ഗാനരംഗം കൂടി ആയപ്പോൾ എനിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
നൃത്തം എനിക്ക് ഒരുപാട് സന്തോഷത്തോടെ, ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. 'സൂപ്പർ ഡാൻസറി'ലൂടെയാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. അന്നുമുതൽ നൃത്തം എപ്പോഴും കൂടെത്തന്നെയുണ്ട്. അഭിനേത്രി എന്നതിലുപരി എന്നെ ഒരു ഡാൻസറായാണ് പ്രേക്ഷകർ കൂടുതലും കണ്ടിട്ടുള്ളത്. അന്നൊക്കെ ഒരു സൂപ്പർസ്റ്റാറിനൊപ്പം ബിഗ് സ്‌ക്രീനിൽ നൃത്തം ചെയ്യണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും നൃത്തം ചെയ്യാൻ സാധിച്ചു. അതെല്ലാം വലിയൊരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്.
വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വീണ്ടും സിനിമയിൽനിന്ന് വിളി വരുന്നത്. 'കുറിച്ചി മടത്തപെട്ടി' ഗാനത്തിനുശേഷം ഒരു ഇടവേളയുണ്ടായിരുന്നു. ഇതിനിടയിൽ ചില സിനിമകളിൽനിന്നും ഇത്തരം അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഗാനരംഗങ്ങളിലെ കോസ്റ്റ്യൂമുകളുടെ പേരിൽ പലതും ഉപേക്ഷിക്കേണ്ടിവന്നു. ഗ്ലാമറസ് വസ്ത്രങ്ങളണിഞ്ഞുള്ള ഗാനരംഗങ്ങളിൽനിന്ന് ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടതിനെക്കാൾ മികച്ചതായിരുന്നു ഒടുവിൽ എന്നെത്തേടിയെത്തിയത്.
ഒരുപാട് ഡാൻസർമാരെ ഉൾപ്പെടുത്തിയിട്ടുള്ള ഗാനരംഗമായതിനാൽ കുറച്ചുദിവസം റിഹേഴ്സലുമുണ്ടായിരുന്നു. അതൊരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. ജോണി മാസ്റ്ററായിരുന്നു കോറിയോഗ്രാഫി. ക്ലാസിക്കൽ വിത്ത് ഫോക്ക്, ഡപ്പാൻകൂത്ത് ശൈലികൾ ചേർന്ന നൃത്തമായിരുന്നു. നല്ല ഗ്രേസ്ഫുളായി നൃത്തം ചെയ്യുന്നതിനാണ് പ്രാധാന്യം നൽകിയത്. ഗാനരംഗത്തിൽ രജനി സാറും ഉണ്ടായിരുന്നു. നൃത്തരംഗത്തിന്റെ ഒരു ഷൂട്ട് കഴിഞ്ഞപ്പോൾ രജനി സാർ എന്നോട്, 'വെരി പവർഫുൾ ഐസ്' എന്നു പറഞ്ഞു. എനിക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനങ്ങളിലൊന്നായിരുന്നു അത്.
ഞാൻ ഗർഭിണിയായിരുന്ന സമയത്താണ് ആ നൃത്തം ചെയ്തതെന്നതാണ് മറ്റൊരു പ്രത്യേകത. പക്ഷേ, പാട്ടിന്റെ ചിത്രീകരണ സമയത്ത് ഞാനത് അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഗാനരംഗം ചിത്രീകരിച്ചത്. ഈ പാട്ടിന്റെ ചിത്രീകരണത്തിനുശേഷം മറ്റൊരു നൃത്തത്തിന്റെ ഷൂട്ടിനായി പോയപ്പോഴാണ് എനിക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂത്ത മകൻ ഹംദാന്റെ ഗർഭകാലത്തുണ്ടായതുപോലെയുള്ള ചില അസ്വസ്ഥതകളായിരുന്നു അത്. പക്ഷേ, ആ സമയത്ത് ഛർദി പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉറക്കമായിരുന്നു കൂടുതൽ. അതുപോലെ എപ്പോഴും ഉറക്കം വരുന്നതായി തോന്നി.
അങ്ങനെയാണ് ഒരു സംശയം തോന്നിയിട്ട് പരിശോധിക്കുന്നത്. അപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞത്. കേട്ടപാടെ മമ്മി പറഞ്ഞത്, 'നിനക്ക് വട്ടായി പോയോ? അത് ഒരിക്കലും നടക്കില്ല. ഇത്രയും ഹെവിയായി ഡാൻസ് കളിച്ചിട്ട് നീ എങ്ങനെ പ്രഗ്നന്റ് ആവും? ഒന്നുകൂടി പരിശോധിച്ചുനോക്ക്' എന്നാണ്. അങ്ങനെ വീണ്ടും പരിശോധിച്ചു. അതും പോസിറ്റീവായിരുന്നു. എന്റെ മകളെ ഗർഭംധരിച്ചുകൊണ്ട് എനിക്ക് ഇത്രയും മനോഹരമായി നൃത്തം ചെയ്യാൻ സാധിച്ചുവെന്നത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്.
മോളെ പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽതന്നെ ഞാൻ വീണ്ടും നൃത്തം ചെയ്തുതുടങ്ങിയിരുന്നു. യുഎഇയിലെ എന്റെ നൃത്ത സ്റ്റുഡിയോയിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം. അതിനിടയിൽ ഇതുപോലെ നല്ല സിനിമകളുടെ ഭാഗമാകാനും സാധിക്കുന്നു. നല്ല അവസരങ്ങൾ വന്നാൽ ഇനിയും സിനിമയിൽ നൃത്തം ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ. നൃത്തം എന്നെ എപ്പോഴും സന്തോഷിപ്പിക്കുന്നു…
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: shamna-kasim-jailer-2-dance-rajinikanth-pregnancy
Published: 26 Aug 2026, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented