
ചുരുള്‍മുടിയഴകിനെ കവികള്‍ വര്‍ണിക്കുന്നതൊക്കെ അവിടെ നില്‍ക്കട്ടെ. ചുരുണ്ട മുടിയോട് അത്രയ്ക്ക് സ്‌നേഹമായിരുന്നെങ്കില്‍ പോക്കറ്റ് കാലിയാക്കി സ്‌ട്രെയിറ്റനിങ്ങും സ്മൂത്തനിങ്ങുമൊക്കെ ചെയ്യേണ്ടിവരുമായിരുന്നോ? കെട്ടിവെക്കാന്‍ നോക്കിയാല്‍ കുതിച്ചുപായും പടക്കുതിരയെ പിടിച്ചുകെട്ടാനാരുണ്ട്' എന്ന അവസ്ഥ. അരയൊപ്പം നീണ്ട മുടി കുളിച്ച് നനവുമാറിയാല്‍ ചുരുണ്ടുകയറി നേര്‍പാതിയാവും.
എണ്ണയിട്ടും താളി തേച്ചും ചുരുണ്ടമുടിയെ മെരുക്കാന്‍ ശ്രമിച്ചൊരാളാണ് ആലുവയിലുള്ള ഹിന്‍ഷറ ഹബീബും. ചുരുണ്ടമുടിയെ സ്‌റ്റൈലിങ് ചെയ്യാനായി പഠിച്ച പണി പതിനെട്ടും ഹിന്‍ഷറ പയറ്റിനോക്കി. സ്‌ട്രെയിറ്റന്‍ ചെയ്തും സ്മൂത്തന്‍ ചെയ്തുമൊക്കെ നിവര്‍ത്തിയെടുത്തെങ്കിലും വീണ്ടും മുടി ചുരുണ്ടുതന്നെ കിടന്നു. ഒന്ന് മയപ്പെടുത്താനായി കൈയില്‍ കിട്ടുന്ന ഹെയര്‍ കെയര്‍ പ്രൊഡക്ടുകളെല്ലാം ഉപയോഗിച്ചു. പുസ്തകങ്ങളും ബ്ലോഗുമൊക്കെ നോക്കി ചുരുണ്ടമുടിയുടെ സംരക്ഷണത്തെക്കുറിച്ച് ഗവേഷണം തന്നെ നടത്തി. ഒടുവില്‍ ചുരുണ്ടമുടിക്കാര്‍ക്കുവേണ്ടി പ്രത്യേകം ഹെയര്‍ കെയര്‍ പ്രൊഡക്ടുകള്‍ നിര്‍മിച്ചുകൊണ്ട് ഹിന്‍ഷറ സംരംഭകയായി മാറി.
മുടി പറ്റിച്ച പണി
Also Read
ഈയിടെ വിഖ്യാത ബിസിനസ് റിയാലിറ്റി ഷോയായ ഷാര്‍ക്ക് ടാങ്കിന്റെ ഇന്ത്യാ എഡിഷനില്‍ 75ലക്ഷം രൂപയുടെ ഫണ്ടിങ് നേടിയതോടെ ഹിന്‍ഷറയുടെ സംരംഭം പുതിയ ഉയര്‍ച്ചയിലേക്ക് എത്തിയിരിക്കുകയാണ്. മലയാളിയായ ഹിന്‍ഷറയും മുംബൈക്കാരിയായ സുഹൃത്ത് യൂബ റോമിന്‍ ആഗയും ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് മെയിന്റെയിന്‍. ചുരുളന്‍മുടിയുള്ള സ്ത്രീകള്‍ക്കു വേണ്ടിയുള്ള കേശസംരക്ഷണ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന പ്ലാറ്റ്ഫോമാണ് മാനിറ്റൈന്‍. തന്നെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നത്തില്‍ നിന്നും പരിഹാരം കണ്ടെത്തി അതുതന്നെ വരുമാനമാര്‍ഗമാക്കി മാറ്റിയ ആ വിജയകഥയുടെ ചുരുളഴിക്കുകയാണ് ഹിന്‍ഷറ.

നീണ്ടമുടിയുള്ള കുട്ടികളെ കാണുമ്പോള്‍ എനിക്ക് നല്ല മുടിയില്ലല്ലോ എന്നാലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. എത്ര നല്ല വസ്ത്രങ്ങളണിഞ്ഞാലും മുടി ശരിയായില്ലെങ്കില്‍ ഉള്ള ആത്മവിശ്വാസവും കൂടി പോവുന്ന സ്ഥിതി. വിശേഷദിവസങ്ങളിലൊക്കെ മുടി സ്‌ട്രെയിറ്റന്‍ ചെയ്യുന്നത് ശീലമാക്കി. സ്‌ട്രെയിറ്റന്‍ ചെയ്താലും അരമണിക്കൂറൊക്കെയേ നില്‍ക്കൂ. അങ്ങനെ മുടി സ്മൂത്തന്‍ ചെയ്തു. നല്ലൊരു മേക്കോവറായിരുന്നു അത്. കാഴ്ചയില്‍ ആളാകെ മാറിയതുപോലെ. മുടി കാണാനും നല്ല ഭംഗി. ഇനിമുതല്‍ ഈ സ്‌റ്റൈല്‍ മതിയെന്ന് ഞാന്‍ അന്ന് തീരുമാനിച്ചു. എന്റെ ആത്മവിശ്വാസം കൂടി. സിനിമാനടിമാരെ പോലെ മുടി അഴിച്ചിട്ട് സ്‌റ്റൈലിങ് ചെയ്തുനടന്നു.
ബെംഗളൂരുവില്‍ പഠിക്കാന്‍ പോയപ്പോഴും മുടി സ്മൂത്തന്‍ ചെയ്യുന്നത് തുടര്‍ന്നു. അവിടെ ഹാര്‍ഡ് വാട്ടറായിരുന്നു. അതുകാരണം പതിയെ മുടിയുടെ ആരോഗ്യം നഷ്ടപ്പെട്ടു. ആയിടയ്ക്കാണ് ഇന്റേണ്‍ഷിപ്പ് ചെയ്യാനായി ഞാന്‍ ദുബായിലേക്ക് പോവുന്നത്. അപ്പോഴൊക്കെ എന്റെ മുടി പകുതി സ്‌ട്രെയിറ്റനും പകുതി ചുരുണ്ടും കിടക്കുന്ന പരുവത്തിലായിരുന്നു. അവിടെവച്ച് ഒരു സുഹൃത്തിന്റെ നീണ്ട ചുരുണ്ടമുടി കണ്ട് അതിശയിച്ചുപോയി. ഈ മുടിക്കുപിന്നിലെ രഹസ്യക്കൂട്ട് പറഞ്ഞുതരണമെന്ന് ഞാനവരോട് അപേക്ഷിച്ചു.
രഹസ്യക്കൂട്ട്
'കേളി ഹെയര്‍ മെത്തേഡ്'അതായിരുന്നു ഹിന്‍ഷറയ്ക്ക് കിട്ടിയ രഹസ്യക്കൂട്ട്. യു. എസ്സിലെ ഹെയര്‍സ്റ്റൈലിസ്റ്റായ ലുറൈന്‍ മാസി എഴുതിയ പുസ്തകമായിരുന്നു അത്. ചുരുണ്ടമുടിയുടെ പരിചരണം വിവരിക്കുന്ന സമ്പൂര്‍ണ ഗൈഡ്. ഒരു നിധിപോലെ ആ പുസ്തകം ഹിന്‍ഷറ ഇപ്പോഴും സൂക്ഷിക്കുന്നു...
''ചുരുണ്ടമുടിക്കാര്‍ക്കുള്ള നിര്‍ദേശങ്ങളായിരുന്നു അതുനിറയെ. ഏതൊക്കെ ചേരുവകളുള്ള ഷാംപൂ ഉപയോഗിക്കണം, ഏത് കണ്ടീഷണര്‍ തിരഞ്ഞെടുക്കണം, മുടി എങ്ങനെ കഴുകണം, ഏത് ടവല്‍ ഉപയോഗിക്കണം, എങ്ങനെ സ്റ്റൈലിങ് ചെയ്യണം, ഉറങ്ങുമ്പോള്‍ മുടിയെ എങ്ങനെ സംരക്ഷിക്കണം... എല്ലാ വിവരങ്ങളും ആ പുസ്തകത്തിലുണ്ട്.
ഇന്ത്യയില്‍ ചുരുണ്ടമുടിക്കാര്‍ക്കായി പ്രത്യേക ഉത്പന്നങ്ങള്‍ ഇറങ്ങിയിരുന്നില്ല. അങ്ങനെ യു. എസ്സിലെ പരിചയക്കാരെ തപ്പിപ്പിടിച്ച് ഷാംപൂ വരുത്തിച്ചു. ഇടയ്ക്ക് നേരിട്ട് വെബ്‌സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു. ഒരു ഷാംപൂവിന് മൂവായിരം രൂപയ്ക്ക് മുകളിലാണ് വില.
അതിനിടെ ഒരു വ്‌ളോഗര്‍ ഒരു ഗ്രൂപ്പുണ്ടാക്കി. ആ ഗ്രൂപ്പില്‍ വെച്ചാണ് യൂബയെ പരിചയപ്പെട്ടത്. യൂബ മുംബൈയിലാണ് താമസം. എന്റെ അതേ പ്രശ്‌നം തന്നെയായിരുന്നു ഗ്രൂപ്പിലുള്ളവരും നേരിട്ടുകൊണ്ടിരുന്നത്. എല്ലാവരും 'കേളി ഹെയര്‍ മെത്തേഡ്' മനസ്സിലാക്കി. അവരവര്‍ക്കുവേണ്ട ഉത്പന്നങ്ങള്‍ കണ്ടുപിടിച്ചു. എല്ലാവര്‍ക്കും ആവശ്യമായ ഉത്പന്നങ്ങള്‍ ഒന്നിച്ച് ഓര്‍ഡര്‍ ചെയ്ത് വാങ്ങി. അപ്പോള്‍ ചെലവ് കുറയുമല്ലോ. അങ്ങനെയാണ് എന്റെ കേളി ഗേള്‍ യാത്ര തുടങ്ങിയത്.
ആറുമാസം ആ ഉത്പന്നങ്ങള്‍ ഉപയോഗിച്ചു. പതിയെ മുടിക്ക് ആരോഗ്യം വെച്ചു. മുടി പഴയതുപോലെയായി. ചുരുണ്ടമുടി വളര്‍ന്നു. കൊഴിച്ചിലും നിന്നു. എനിക്ക് ആത്മവിശ്വാസം വന്നതോടെ കോളേജിലെ ചുരുണ്ടമുടിയുള്ളവര്‍ക്കൊക്കെ ടിപ്‌സ് പറഞ്ഞുകൊടുത്തു. മുടിയുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് പാഷനായി.
അതിനിടയില്‍ ബെംഗളൂരുവില്‍ ജോലി കിട്ടി. നാല് മാസം ബ്രേക്കുണ്ടായിരുന്നു. ആയിടയ്ക്ക് നാത്തൂന്‍ ചോദിച്ചു: ''നിനക്കിത്രയും ആഗ്രഹമുണ്ടെങ്കില്‍ ഒരു സംരംഭം തുടങ്ങിക്കൂടെ? ''ഇക്കാര്യം ഞാന്‍ യൂബയുമായി ചര്‍ച്ച ചെയ്തു. ഒടുവില്‍ ഞാന്‍ മുംബൈയില്‍ പോയി. ഞങ്ങള്‍ തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. 'ഇന്ത്യന്‍ വേവി ഹെയര്‍ കമ്യൂണിറ്റി'യുടെ ഭാഗമായിരുന്നു ഞങ്ങള്‍. അങ്ങനെയാണ് 2018-ല്‍ 'മാനിറ്റൈന്‍' ആരംഭിക്കുന്നത്.
ഷാര്‍ക്ക് ടാങ്ക് നല്‍കിയ സമ്മാനം
ഞാന്‍ ബി.കോം ആണ് പഠിച്ചത്. യൂബ ഡെന്റിസ്റ്റും മൂന്ന് മക്കളുടെ അമ്മയുമാണ്. ഉത്പന്നങ്ങളില്‍ ചേര്‍ക്കുന്ന ചേരുവകളെക്കുറിച്ചൊക്കെ നല്ല അറിവുണ്ട് അവള്‍ക്ക്. ഷാംപൂ, കണ്ടീഷണര്‍, ടവല്‍, സാറ്റിന്‍ ബോണറ്റ്, ക്യാപ്, പില്ലോ കേസ്... ഇതൊക്കെയാണ് ഞങ്ങളുടെ ഉത്പന്നങ്ങള്‍. ജോലിയും സംരംഭവും ഒന്നിച്ചുകൊണ്ടുപോവുന്നതിനിടെ എം. ബി. എ കൂടി പഠിക്കാന്‍ തീരുമാനിച്ചു. ആ സമയത്താണ് കോവിഡ് വന്ന് എന്റെ മൂത്ത സഹോദരന്‍ മരിക്കുന്നത്. രണ്ട് സഹോദരന്മാരായിരുന്നു എനിക്ക്. ഉപ്പ മരിച്ച ശേഷം കുടുംബ ബിസിനസ് നോക്കിനടത്തിയിരുന്നത് സഹോദരന്മാരാണ്. മൂത്തയാള് മരിച്ചപ്പോള്‍ ഇളയ സഹോദരനെ സഹായിക്കാനായി ഞാനും ബിസിനസ്സിന്റെ ഭാഗമായി. ആ സമയത്ത് 'മാനിറ്റൈന്‍'ന്റെ കാര്യങ്ങളെല്ലാം ഞാന്‍ ഓണ്‍ലൈനിലൂടെ നിയന്ത്രിച്ചു. യൂബ മുംബൈയിലെ ഓഫീസ് ഓപ്പറേഷന്‍സും നോക്കി. 
30,000 രൂപ വീതമായിരുന്നു തുടക്കത്തില്‍ ഞങ്ങളുടെ നിക്ഷേപം. ആദ്യത്തെ കുറച്ചുദിവസത്തിനുള്ളില്‍ തന്നെ ഒരുലക്ഷം രൂപ ലാഭം കിട്ടി. പിന്നീട് ഹെയര്‍ ആക്‌സസറീസ് നിര്‍മിച്ചു. ഓരോ ഉത്പന്നവും വില്‍ക്കുന്നതിനുമുമ്പ് ഞങ്ങള്‍ ടെസ്റ്റ് ചെയ്തുനോക്കും. പിന്നെ ഗ്രൂപ്പില്‍ നിന്ന് പതിനഞ്ച് പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് കൊടുക്കും. ഗൂഗിള്‍ ഫോം വഴി അവര്‍ നല്‍കുന്ന ഫീഡ്ബാക്ക് അനുസരിച്ചാണ് കൂടുതല്‍ മെച്ചപ്പെടുത്താറുള്ളത്.
കുട്ടികള്‍ക്ക് പ്രത്യേകം ഉത്പന്നങ്ങള്‍ വരാനിരിക്കുകയാണ്. അതുപോലെ എം.ആര്‍.പി കുറയ്ക്കണം. ചുരുണ്ടമുടിക്കും താരനകറ്റാനും കളേഡ് ഹെയറിനും ഒക്കെയായി പ്രത്യേകം ഉത്പന്നങ്ങള്‍ വിപണിയിലെത്തുകയാണ്. കൂടാതെ ചുരുണ്ടമുടി എങ്ങനെ സ്റ്റൈല്‍ ചെയ്യണമെന്നതിനെക്കുറിച്ചുള്ള ക്ലാസുകളും ഞങ്ങളുടെ വെബ്‌സൈറ്റിലുണ്ട്. പരിചയക്കാര്‍ക്കൊക്കെ അവിടെ ചെന്ന് സ്റ്റൈലിങ് ചെയ്തുകാണിച്ചുകൊടുക്കാറുമുണ്ട്. ഇനി ആരും ചുരുണ്ടമുടിയോട് മല്ലിടേണ്ടി വരരുത്...
ശ്രദ്ധിക്കാം

- ചുരുണ്ടമുടി പെട്ടെന്ന് വരണ്ടുപോവും. മുടിയില്‍ ധാരാളമായി എണ്ണയിടുമ്പോഴാണ് കൂടുതല്‍ ഡ്രൈ ആവുന്നത്. അപ്പോള്‍ കൂടുതല്‍ ഷാംപൂവും ഉപയോഗിക്കേണ്ടി വരാം. ഇത് മുടിക്ക് നല്ലതല്ല.
- ഉണങ്ങിയ മുടി കഴിവതും ചീകാതിരിക്കുക. നനഞ്ഞിരിക്കുമ്പോള്‍ ചീകുന്നതാണ് ഉചിതം.
- ഹെയര്‍ വാഷിങ് ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. സള്‍ഫേറ്റ് അടങ്ങിയ ഷാംപൂ ഒഴിവാക്കുക. ക്ലാരിഫൈയിങ് ഷാംപൂ മാസത്തില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം. മോയിസ്ചറൈസിങ് ഷാംപൂ ദിവസവും ഉപയോഗിക്കാവുന്നതാണ്. മുടിയുടെ മൃദുത്വം വര്‍ധിപ്പിക്കും. ഇത് നീണ്ടമുടിയുള്ളവര്‍ക്കും ഉപയോഗിക്കാം. കോ വാഷ് ഷാംപൂ
- വില്‍ മിന്റ് ആന്റ് പെപ്പര്‍ ചേരുവകളുള്ളതിനാല്‍ മുടിക്ക് തണുപ്പ് നല്‍കും. ഇതൊരു മള്‍ട്ടി പര്‍പ്പസ് കണ്ടീഷണര്‍കൂടിയാണ്. മാസ്‌കായും കേള്‍ ക്രീമായും ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
- മുടി തുവര്‍ത്താന്‍ മൈക്രോഫൈബര്‍ ടവലുകള്‍ ഉപയോഗിക്കുക. കോട്ടണ്‍ തുണി ഉപയോഗിക്കുമ്പോള്‍ മുടിയിലെ ഈര്‍പ്പം മുഴുവനായും നഷ്ടപ്പെടാനിടയുണ്ട്.
- സാറ്റിന്‍ ഹെയര്‍ ക്യാപ്പ് അണിഞ്ഞ് സാറ്റിന്‍ പില്ലോക്കവറില്‍ കിടക്കുന്നതാണ് ചുരുണ്ടമുടിക്കാര്‍ക്ക് ഏറ്റവും നല്ലത്. ഇത് മുടി പൊട്ടാതിരിക്കാനും പിണഞ്ഞുകിടക്കാതിരിക്കാനും സഹായിക്കും.
Content Highlights: story of woman entrepreneurs
Published: 11 Jul 2023, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented