
ക്രൂരന്‍ കാക്കയും ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തക്കുട്ടിയും പാണന്‍ പള്ളത്തിയും...ട്രോളന്‍മാരും ഇന്‍സ്റ്റഗ്രാമേഴ്‌സും തിരിച്ചും മറിച്ചുമിട്ട് അലക്കിയ മൂന്നുപേരാണിത്. തത്തക്കുട്ടിയേക്കാള്‍ ചിലര്‍ക്ക് പ്രിയം ക്രൂരന്‍ കാക്കയോടായിരുന്നു. മറ്റേ കാക്കയെ തിരിച്ചും മറിച്ചും കൊത്തുമെങ്കിലും, ക്രൂരന്‍ കാക്ക പാവാടാ...ഇപ്പോഴും ആളുകള്‍ക്ക് ഇവരോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല. ഇതെല്ലാം കണ്ടുകൊണ്ട് പറവൂര്‍ ദേശത്ത് ഒരാളിരുന്ന് ചിരിക്കുന്നുണ്ട്, സുധീര്‍ പറവൂര്‍. തത്തക്കുട്ടിയെയും ക്രൂരന്‍ കാക്കയെയും പാണന്‍ പള്ളത്തിയെയും പ്രശസ്തരാക്കിയത് ഈ മനുഷ്യനാണ്.
''കോവിഡ് വന്നപ്പോള്‍ സ്‌റ്റേജ് കലാകാരന്‍മാര്‍ക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. അപ്പോഴാണ് രമേഷ് പിഷാരടി വിളിക്കുന്നത്, 'അമൃത ടിവിയില്‍ പുതിയ പരിപാടി തുടങ്ങുകയാണ്. അതില്‍ ചേട്ടന്റെ ചെറിയൊരു കഥാപാത്രം വേണം'. അങ്ങനെയാണ് 'ഫണ്‍സ് അപ്പ് ഓണ്‍ എ ടൈമി'ല്‍ വരുന്നത്. അതില്‍ പിഷാരടിയിട്ട പേരാണ് K7 മാമന്‍. കുറേ എപ്പിസോഡുകള്‍ കഴിഞ്ഞു. കൈയിലുള്ള പാരഡിപ്പാട്ടുകളെല്ലാം പാടിക്കഴിഞ്ഞു. പിഷാരടി പറഞ്ഞു, 'ചേട്ടാ, ഒരു നല്ല പാട്ടുണ്ടായിരുന്നെങ്കില്‍ നന്നായേനെ'. പിന്നൊന്നും നോക്കിയില്ല. ക്രൂരന്‍ കാക്കയെ ഇട്ടുകൊടുത്തു.
മാനത്തു പറക്കണ കാക്കേനെ പിടിച്ചിട്ട്
തിരിച്ചിട്ട് മറിച്ചിട്ട് കൊത്തണ കാക്കേ
ക്രൂരന്‍ കാക്കേ കൂടെവിടെ...
Also Read
സംഭവം പിഷാരടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ക്രൂരന്‍ കാക്ക ജനിക്കുന്നത്. ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തക്കുട്ടി പഴയതായിരുന്നു. ക്രൂരന്‍ കാക്ക വൈറല്‍ ആയപ്പോള്‍ ക്ലിഞ്ഞോ പ്ലിഞ്ഞോയും പാണന്‍ പള്ളത്തിയും പൊങ്ങിവന്നു. വരാപ്പുഴയില്‍ ചെട്ടിഭാഗം മാര്‍ക്കറ്റുണ്ട്. ആ മാര്‍ക്കറ്റിലില്ലാത്ത മീനുകളില്ല. കുറച്ചുമുമ്പ് അവിടെ പോയപ്പോ അവര് പറഞ്ഞു, 'സുധീറേ, നിങ്ങളാണ്‌ട്ടോ നമ്മുടെ പള്ളത്തിക്ക് മാര്‍ക്കറ്റ് കൂട്ടിയെ'. പള്ളത്തിയെ അറിയാത്തവരും വന്ന് ചോദിക്കുന്നുണ്ടത്രേ. പുഴയോരത്തും കായലിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്തും താമസിക്കുന്നവര്‍ക്കറിയാം പാണന്‍ പള്ളത്തിയെ. പണ്ട് സ്‌കൂള്‍ വിട്ടുവന്നാല്‍ അമ്പും വില്ലുമായിട്ട് മീന്‍ പിടിക്കാന്‍ പോവുന്ന പരിപാടിയുണ്ട്. മിക്കവാറും കിട്ടുന്നത് പള്ളത്തിയാണ്. ചെറിയ മീനാണത്. അതില്‍ തന്നെ നല്ല വലുപ്പമുള്ളതുണ്ടാവും. അതിനാണ് പാണന്‍ പള്ളത്തി എന്നുപറയുന്നെ. പള്ളത്തിമാരുടെ ലീഡര്‍.

എണീറ്റുപോടാ മുതുക്കാ...
അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുമ്പോള്‍ എന്ത് പരിപാടി വന്നാലും സ്റ്റേജില്‍ കേറി പാട്ടുപാടും. അത്യാവശ്യം വെള്ളിയൊക്കെയിട്ട് പാടും. അങ്ങനെയിരിക്കുമ്പോഴാണ് ബാലസംഘത്തിന്റെ പരിപാടികളിലേക്ക് രഞ്ജന്‍ എന്നൊരു ചേട്ടന്‍ എന്നെ വിളിക്കുന്നത്. എല്ലാ ജംഗ്ഷനിലുമിറങ്ങി പരിപാടികള്‍ അവതരിപ്പിക്കണം. ബാലസംഘത്തിന്റെ രക്ഷാധികാരികളില്‍ ഒരാളായിരുന്നു സൈനന്‍ കെടാമംഗലം. പുള്ളി അന്ന് മിമിക്രിയില്‍ വളരെ പ്രശസ്തനാണ്. സ്‌കൂളുകളില്‍വെച്ചാണ് ഞങ്ങളുടെ റിഹേഴ്‌സലുകള്‍ നടക്കുന്നത്. താമസിക്കുന്നത് അവിടെയുള്ള ഓരോ വീടുകളിലും. ആന്റണി എന്നൊരു പയ്യനെയും എന്നെയും സൈനന്‍ ചേട്ടന്റെ വീട്ടിലാണ് താമസിപ്പിച്ചത്. സൈനന്‍ ചേട്ടന്‍ എപ്പോഴും പട്ടിയെയും കുട്ടിയെയും പൂച്ചയെയുമൊക്കെ അനുകരിച്ചോണ്ടിരിക്കും. കേട്ടുകേട്ട് കാണാപ്പാഠമായി. തിരിച്ച് നാട്ടിലെത്തിയപ്പോഴും പട്ടിയും കുട്ടിയും പൂച്ചയും ഉള്ളില്‍ത്തന്നെയുണ്ട്. അങ്ങനെ സ്‌കൂളിലെ മിമിക്രി മത്സരങ്ങള്‍ക്കെല്ലാം ചുമ്മാ പേര് കൊടുക്കാന്‍ തുടങ്ങി. പരിപാടി അവതരിപ്പിക്കുമ്പോള്‍ അത്യാവശ്യം ആളുകള്‍ ചിരിക്കുന്നു, കൈയടിക്കുന്നു. ഇടയ്ക്ക് മിമിക്രിയില്‍ രണ്ടാം സ്ഥാനമൊക്കെ കിട്ടുകയും ചെയ്യും.
പത്താം ക്ലാസ് കഴിഞ്ഞശേഷം ഒരു ദിവസം കലോത്സവത്തിന് പോയി. അവിടെ കുറേപ്പേര്‍ മിമിക്രിയും മോണോ ആക്ടും അവതരിപ്പിക്കുന്നു. അതിനിടയില്‍ ഒരു കുഞ്ഞിച്ചെക്കന്‍ നേരെ വന്ന് സ്‌റ്റേജില്‍ തല കറങ്ങിവീണു, കുറച്ചുനേരം അങ്ങനെ കിടന്നു. ആള്‍ക്കൊരൊക്കെ ഓടിവന്നു. അപ്പോഴേക്കും അവന്‍ പതുക്കെ എണീറ്റിട്ട് പറഞ്ഞു, 'ആദ്യമായി ഒരു കൊച്ചുപയ്യന്‍ മിമിക്രി ചെയ്യാന്‍ വന്നാല്‍ എങ്ങനിരിക്കും എന്നാണ് ഞാനിവിടെ അവതരിപ്പിച്ചത്'. ഓടിവന്നവരൊക്കെ ചെക്കന്റെ കുസൃതി കണ്ട് ചിരിക്കാന്‍ തുടങ്ങി. ഇതെന്റെ മനസ്സിലിങ്ങനെ കിടന്നു. വീടിനടുത്തുള്ള പള്ളിയിലൊരു പരിപാടി നടക്കുകയാണ്. രാവിലെ തൊട്ടേ മിമിക്രി മത്സരമാണ്. രാത്രി എട്ടുമണിക്കുശേഷം നാടകവും. അതുകാണാനായി ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. എന്റെ വല്യച്ഛന്റെ മക്കള്‍ എന്നെയും കൂട്ടി അങ്ങോട്ട് പോയി, 'വാടാ, നിനക്ക് മിമിക്രി ചെയ്യാന്‍ അവസരം വാങ്ങിത്തരാം'. പെട്ടെന്ന് മനസ്സിലൊരു ഐഡിയ മിന്നി. 'പഴയ തലകറക്കം ചെയ്യാം. ആരും കണ്ടിട്ടില്ലല്ലോ ഇതുവരെ. നല്ല കൈയടിയായിരിക്കു'മെന്ന് മനസ്സിലുറപ്പിച്ചു. പരിപാടി അവതരിപ്പിക്കാന്‍ കമ്മിറ്റിക്കാര് ആദ്യമൊന്നും സമ്മതിച്ചില്ല. നാടകക്കാരോട് ചോദിച്ചപ്പോ, 'ഒരഞ്ച് മിനിട്ട് വേണോങ്കില്‍ എടുത്തോട്ടെ' എന്ന് പറഞ്ഞു.
സ്‌റ്റേജില്‍ കേറി. കര്‍ട്ടന്‍ പൊക്കിയതോടെ ഞാന്‍ നേരെ ചെന്ന് ഉരുണ്ടടിച്ചുവീണു. പഴയ സംഭവത്തില്‍ ഒരു കൊച്ചാണ് വീണത്. അതിന്റെ രസമുണ്ടായിരുന്നു. ഞാന്‍ വീണപ്പോ തലകറങ്ങിയതായിട്ട് ആര്‍ക്കും തോന്നിയില്ല. മൊത്തം പാളിപ്പോയി. പിന്നെ കേള്‍ക്കുന്നത് ഭയങ്കര തെറിവിളിയാണ്. 'എണീറ്റുപോടാ മുതുക്കാ' എന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. എണീറ്റുനിന്ന് കാര്യം പറയാനുള്ള അവസരം പോലും ആരും തരുന്നില്ല. ഭയങ്കര ചീത്തവിളിയാണ്. വല്യച്ഛന്റെ മക്കള്‍ അപ്പോഴേക്കും ഓടി വീടുപിടിച്ചിരുന്നു. അവിടുന്നിറങ്ങി പോകണമെങ്കില്‍, ഈ ആളുകളുടെ ഇടയില്‍ക്കൂടെ വേണം പോവാന്‍. ലൈറ്റൊക്കെ ഓഫായി, നാടകം തുടങ്ങിയശേഷമാണ് അവിടുന്ന് രക്ഷപ്പെട്ടത്. ഈ കഥ ബിബിന്‍ ജോര്‍ജിനോടും വിഷ്ണു ഉണ്ണികൃഷ്ണനോടും പറഞ്ഞിരുന്നു. അങ്ങനെ 'അമര്‍ അക്ബര്‍ അന്തോണി'യിലേക്ക് അവരീ സീനെടുത്തു. അതില്‍ സാജു നവോദയ ആണാ വേഷം ചെയ്തത്.
സഭാകമ്പം ഇച്ചിരി കൂടുതലാ...
സ്‌കൂള്‍ കഴിഞ്ഞശേഷം നാട്ടില്‍ തന്നെയുള്ള കുറച്ച് കൂട്ടുകാരൊത്തുകൂടി, ഒരു ചെറിയ മിമിക്രി ട്രൂപ്പ് തട്ടിക്കൂട്ടി. കുറേ സ്ഥലങ്ങളില്‍ മിമിക്രി അവതരിപ്പിച്ചു. നല്ല ഫുഡ് കിട്ടും. ചിലയിടത്തുനിന്ന് ചെറിയ പ്രതിഫലവും. അതുവെച്ച് ഞങ്ങള്‍ ജുബ്ബയടിക്കും. അതിനിടയില്‍ കുറേ ട്രൂപ്പുകളിലേക്കുള്ള ഇന്റര്‍വ്യൂവിനും പങ്കെടുക്കും. അങ്ങനെ ഒരിന്റര്‍വ്യൂവിന് പോയപ്പോള്‍ ഏറ്റവും അവസാനമായിരുന്നു എന്റെ ചാന്‍സ്. അതിനുമുമ്പ് പോയവരോടെല്ലാം നല്ലതാണെന്നൊക്കെ ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ പറയുന്നുണ്ട്. ഞാന്‍ മിമിക്രി അവതരിപ്പിച്ചുകഴിഞ്ഞപ്പോഴേക്കും അയാള്‍ പറഞ്ഞു, 'തനിക്ക് മാത്രമാണ് സഭാകമ്പമുള്ളതെ'ന്ന്. ഞാന്‍ കരുതി, 'ഇതെന്തോ എനിക്കുമാത്രമുള്ള കഴിവാണെ'ന്ന്. എന്നെ തിരഞ്ഞെടുത്തെന്നുതന്നെ ഉറപ്പിച്ചു. സന്തോഷം കൊണ്ട് തുള്ളിച്ചാടി. കൂടെയുള്ളവരോടൊന്നും സഭാകമ്പത്തിന്റെ കാര്യം പറഞ്ഞില്ല. വെറുതെ അവരെ വിഷമിപ്പിക്കേണ്ടല്ലോ.
തിരിച്ച് ബസില്‍ പോവുമ്പോള്‍ കൂട്ടുകാരന്‍ രാജേഷും ഞാനും ഒരുമിച്ചാണിരിക്കുന്നത്. എനിക്കിത് മനസ്സില്‍ കിടന്നിട്ട് ഭയങ്കര വിഷമം. അവനോട് പറയണമെന്നുണ്ട്. പക്ഷേ പറഞ്ഞാല്‍ സങ്കടം ആവുമോ എന്ന പേടിയും. അവസാനം ഞാന്‍ പറഞ്ഞു, 'എടാ, എനിക്ക് ഈ ട്രൂപ്പില്‍ എന്തായാലും കിട്ടും'. അവന്‍ ചോദിച്ചു, 'അതെന്താ?' 'എടാ, വേറൊന്നുമില്ല, നിങ്ങളേക്കാള്‍ കൂടുതല്‍ സഭാകമ്പം ഉള്ളത് എനിക്കാണെന്ന് അങ്ങേര് പറഞ്ഞു'. അവന്‍ കുറേ ചിരിച്ചു. എന്നിട്ട് പറഞ്ഞു, 'എടാ, സഭാകമ്പമെന്നുപറയുന്നത് നിന്റെ ഈ നാണത്തിനാണ്'. നേരത്തെ മുകളിലോട്ട് സ്പീഡില്‍ പോയ സന്തോഷത്തിന്റെ റോക്കറ്റ്, അതിനേക്കാള്‍ സ്പീഡില്‍ ഇടിച്ചിറങ്ങിയത് ഞാനറിഞ്ഞു. എങ്കിലും രംഗം വിടാനൊന്നും തയ്യാറായില്ല. മിമിക്രിക്കൊപ്പം മ്യൂസിക്ക് കൊടുക്കുമായിരുന്നു ആദ്യമൊക്കെ. ഒരാള്‍ സ്‌റ്റേജില്‍ മിമിക്രി ചെയ്യുമ്പോള്‍, സ്‌റ്റേജിന് സൈഡിലിരുന്ന് അതിനുള്ള കൗണ്ടര്‍ മ്യൂസിക്ക് കൊടുക്കും. പിന്നെ ഓരോ ടീമുകളോടൊപ്പം മിമിക്രി അവതരിപ്പിച്ചുതുടങ്ങി.
എന്റെ അച്ഛനും കലാകാരനാണ്. വില്ലടിച്ചാന്‍പാട്ടൊക്കെ പാടും. അതുകൊണ്ട് ഞാനിങ്ങനെ പാട്ടെന്നും മിമിക്രിയെന്നും പറഞ്ഞുനടക്കുന്നതുകൊണ്ട് അച്ഛനും അമ്മയ്ക്കും എതിര്‍പ്പൊന്നുമില്ല. മിമിക്രി കളിച്ച് നടക്കുന്ന കൂട്ടത്തില്‍ വേറെയും ഒരുപാട് ജോലികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. വര്‍ക്ക് ഷോപ്പിലെ പണിയായിരുന്നു ആദ്യമൊക്കെ. പിന്നീട് മരപ്പണിക്ക് പോയി. മൂന്നുവര്‍ഷത്തോളം അതുചെയ്തു. പണി നന്നായി പഠിച്ചുവരുന്ന സമയത്താണ് അത് വിട്ടുപോരുന്നത്. കാരണം, മിമിക്രി പരിപാടികള്‍ വരുമ്പോള്‍ മരപ്പണിയൊക്കെ മാറ്റിവെക്കും. അതവര്‍ക്ക് ബുദ്ധിമുട്ടാവും.
തത്ത വഴി അമേരിക്കയിലേക്ക്...
പഴയ കാലമാണ്. ട്രെയിനും കപ്പലും ഫ്‌ളൈറ്റുമൊക്കെ സ്വപ്‌നങ്ങളില്‍ മാത്രമേയുള്ളൂ. അന്ന് ബിജുക്കുട്ടനും ഞാനുമെല്ലാം കൊച്ചിന്‍ മിമി വോയ്‌സ് എന്നൊരു ട്രൂപ്പിലാണ്. ഇടയ്ക്ക് കറങ്ങിത്തിരിഞ്ഞ് ഇടപ്പള്ളിയിലെത്തുമ്പോള്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതുകാണാം. അപ്രതീക്ഷിതമായി ട്രെയിനില്‍ കേറാന്‍ ഒരവസരം കിട്ടി. ഓള്‍ ഇന്ത്യ റേഡിയോയുടെ പരിപാടിക്കായി ചെന്നൈയിലേക്കുള്ള യാത്രയാണ്. ബിജുക്കുട്ടനും രാജേഷ് പറവൂരുമൊക്കെയാണ് ടീമിലുള്ളത്. ഞങ്ങള്‍ ആഘോഷമായിട്ട് ആലുവയില്‍നിന്ന് ട്രെയിന്‍ കേറി. പരിപാടി അവതരിപ്പിച്ചു തിരിച്ചുവന്നു. ഫ്‌ളൈറ്റിലും കപ്പലിലും കേറണമെന്നായി അടുത്ത ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടുന്നത്. കപ്പലിലാണ് പോവേണ്ടത്. മൂന്നുദിവസം അങ്ങോട്ട് മാത്രമെടുക്കും. ഇതിനെക്കുറിച്ച് കേട്ടപ്പോഴേ ഒരു ഹോമിയോ ഡോക്ടറുടെ അടുത്തേക്കോടി.
ഡോക്ടറോട് പറഞ്ഞു, 'കപ്പലിലൊക്കെ പോവേണ്. ചൊരുക്ക് ഉണ്ടാവുമല്ലോ, മരുന്ന് വേണം'. ഞങ്ങള്‍ നാലഞ്ച് പേരുണ്ട് ടീമില്‍. ഹരിശ്രീ രാധാകൃഷ്ണന്‍ ചേട്ടന്‍, ബാബു ജോസ്, ജോസ് ചേട്ടന്‍, ഷാബു...ഡോക്ടര്‍ എല്ലാവര്‍ക്കും കൂടിയായി ഒരു വലിയ കുപ്പിയില്‍ നിറയെ മരുന്ന് തന്നു. കപ്പലില്‍ കേറുന്ന സന്തോഷത്തിനൊപ്പം നല്ല പേടിയുമുണ്ടായിരുന്നു. കാരണം, കപ്പല്‍ അവിടെച്ചെന്നാല്‍, പിന്നെ ഒരാഴ്ച കഴിഞ്ഞിട്ടേ തിരിച്ചുള്ളൂ. അത്രയും ദിവസം അവിടെയുള്ളവരുടെ വീട്ടില്‍ നില്‍ക്കണം. പരിപാടിയെങ്ങാനും പൊളിഞ്ഞാല്‍ പിന്നെ പറയേണ്ടല്ലോ. അതുകൊണ്ട് എല്ലാവരും ഭയങ്കര പ്രാര്‍ഥനയായിരുന്നു. പരിപാടിയുടെ ദിവസമെത്തി. ഹാള്‍ തിങ്ങിനിറഞ്ഞ് ആളുകളാണ്. സാധാരണ ആളുകൂടുമ്പോള്‍ സന്തോഷമാണ്. പക്ഷേ, ഇത് ഞങ്ങളുടെ ടെന്‍ഷന്‍ കൂട്ടുകയാണ് ചെയ്യുന്നത്. എന്തോ ഭാഗ്യം കൊണ്ട് പരിപാടി ഗംഭീരമായി. പിന്നെ കുറേ രാജ്യങ്ങളില്‍ പോയി.
സുര സുധ വിക്രീളിതാ...
കോവിഡിന് തൊട്ടുമുമ്പ് വരെ ഹരിശ്രീ അശോകന്‍ ചേട്ടന്റെ ട്രൂപ്പിലായിരുന്നു. ഇടയ്‌ക്കൊക്കെ ഷോയുണ്ടാവും. ഒരിക്കല്‍ ഡല്‍ഹിയിലൊരു പരിപാടി കിട്ടി. കൂടെ ഡാന്‍സര്‍മാരും മന്‍സൂര്‍ എന്ന പാട്ടുകാരനും വേറെയും കുറേപ്പേരുമുണ്ട്. ട്രെയിനിലെ കാറ്റൊക്കെയടിച്ച് സുഖിച്ചിരിക്കുമ്പോഴാണ് കുഞ്ഞിപ്പുഴു എന്ന പാട്ട് മനസ്സില്‍ വരുന്നത്. ഇല്ലില്ലം കാവില്‍ എന്ന പാട്ടിന്റെ ട്യൂണില്‍.
ചെല്ലപ്പന്‍ ചേട്ടാ,
ചായക്കടേലെന്തുണ്ട് തിന്നാന്‍
ഉച്ചക്കത്തെ ചോറും ചാറും ഉരുട്ടി
പൊരിച്ചൊരു കിടിലന്‍ ബോണ്ട തരാം
തങ്കംപോലുള്ളൊരു ബോണ്ട പൊളിച്ച
പ്പോള്‍ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു
തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു
മന്‍സൂര്‍ ഉടനെ ഇത് റെക്കോര്‍ഡ് ചെയ്ത് അവന്റെ കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. അവരുടെ പൊട്ടിച്ചിരിയില്‍നിന്ന് സംഭവം ക്ലിക്കായെന്ന് മനസ്സിലായി. പിന്നെ കോമഡി സര്‍ക്കസില്‍ മത്സരിക്കുമ്പോഴാണ് ഈ പാട്ട് ആദ്യമായി അവതരിപ്പിക്കുന്നത്. ഒരു പെണ്ണുകാണല്‍ ചടങ്ങായിരുന്നു. അമ്പിളി എന്ന കുട്ടിയാണെന്റെ പെയര്‍. ഈ പാട്ടുകേട്ട് അമ്പിളി, 'ഛീ, നിര്‍ത്തെടാ, നീയും നിന്റെ ഒരു കുഞ്ഞിപ്പുഴുവും' എന്നുപറഞ്ഞ് ഓടിക്കുന്നിടത്താണ് സ്‌കിറ്റ് അവസാനിക്കുന്നത്. ഒരെപ്പിസോഡില്‍ ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയുടെ രണ്ട് വരികള്‍ പാടിയിരുന്നു. പക്ഷേ, ആരും അത്ര ശ്രദ്ധിച്ചില്ലത്.
അതിനുശേഷം ഫ്‌ളവേഴ്‌സില്‍ നാടോടിക്കാറ്റ് എന്ന പരിപാടിയില്‍ മിമിക്രി ചെയ്യാന്‍ അവസരം കിട്ടി. നടി പ്രിയങ്കയുടെ ഭര്‍ത്താവ് അനൂപാണ് പരിപാടിയുടെ ഗ്രൂമര്‍. അനൂപേട്ടന്‍ പറഞ്ഞു, 'സുധീറേ, ആ ലളിതഗാനം നമുക്കിതിലെടുക്കാ'മെന്ന്. കുറച്ചുകൂടി വരികളൊക്കെ എഴുതി ഭംഗിയാക്കി.
സുര സുധ രാജിത നീലകളെ
വിക്രീളിത ശോഷിത സുമീതാ...
അഷ്ട സ്ത്രീതാ പ്രിതന്തം
ദിഷ്ടത മാത്രയെ
നിര്‍മല സ്‌നേഹത്തിന്‍
യദുകുല കാംബോജി
ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സുള്ള
തത്തേ തത്തമ്മേ തത്തക്കുട്ടീ...
Content Highlights: actor sudheer paravur
Published: 11 Jul 2023, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented