ദുൽഖർ സൽമാന്റെ നായികയായി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച സാത്വിക വീരവല്ലിയാണ് ഇപ്പോൾ സിനിമാപ്രേമികളുടെ ശ്രദ്ധാകേന്ദ്രം. പവൻ സദിനേനി സംവിധാനം ചെയ്ത 'ആകാശംലോ ഒക താര' മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോൾ ചിത്രത്തിലെ സാത്വികയുടെ പ്രകടനത്തിനും കൈയടി ലഭിക്കുകയാണ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. എന്നാൽ സിനിമയിലേക്കുള്ള സാത്വികയുടെ വരവ് അത്ര എളുപ്പമായിരുന്നില്ല. അമേരിക്കയിലെ മികച്ച ജോലി, രണ്ട് എൻജിനീയറിങ് ബിരുദങ്ങൾ, സുരക്ഷിതമായ കരിയർ... ഇതെല്ലാം ഉപേക്ഷിച്ചാണ് അഭിനയമെന്ന തന്റെ സ്വപ്നത്തിന് പിന്നാലെ സാത്വിക ഇറങ്ങിത്തിരിച്ചത്.
അമേരിക്കയിൽ ജനിച്ചുവളർന്ന സാത്വികയ്ക്ക് രണ്ട് എൻജിനീയറിങ് ബിരുദങ്ങളുണ്ട്. ഇല്ലിനോയി സർവകലാശാലയിൽനിന്ന് ഡിസൈൻ ആൻഡ് ഹ്യൂമൻ ഫാക്ടേഴ്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ താരം പിന്നീട് വാൻഡർബിൽറ്റ് സർവകലാശാലയിൽനിന്ന് എൻജിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. സിനിമയിലെത്തുന്നതിനുമുൻപ് ഒറാക്കിൾ സെർണറിൽ സീനിയർ കൺസൾട്ടന്റായും ഇന്ററോപ്പറബിലിറ്റി പ്രോജക്ട് മാനേജറായും ജോലി ചെയ്തിരുന്നു. സോഫ്റ്റ്വെയർ, ഹെൽത്ത് കെയർ ടെക്നോളജി മേഖലകളിലായി നാലുവർഷത്തോളം പ്രവൃത്തിപരിചയവുമുണ്ട്. മികച്ച ശമ്പളവും സുരക്ഷിതമായ ജോലിയും ഉണ്ടായിരുന്നിട്ടും സിനിമയോടുള്ള ഇഷ്ടം സാത്വികയെ മറ്റൊരു വഴിയിലേക്ക് നയിക്കുകയായിരുന്നു. ഒടുവിൽ ജോലി രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങാനും അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിക്കാനും തീരുമാനിച്ചു.
Also Read
'ആകാശംലോ ഒക താര'യുടെ പ്രീ-റിലീസ് ചടങ്ങിൽ സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് സാത്വിക മനസ്സുതുറന്നിരുന്നു. ഒറാക്കിളിലെ ജോലി രാജിവെച്ചപ്പോൾ വലിയ ആശങ്കയുണ്ടായിരുന്നുവെന്നാണ് താരം പറഞ്ഞത്. “ഒറാക്കിളിലെ ജോലി രാജിവെച്ചപ്പോൾ പെട്ടെന്ന് പേടി തോന്നി. നാലുവർഷത്തെ പ്രവൃത്തിപരിചയവും രണ്ട് എൻജിനീയറിങ് ബിരുദങ്ങളുമുണ്ട്. ഇതെല്ലാം ഉപേക്ഷിച്ച് എന്തിനാണ് പോകുന്നത്? എന്റെ തീരുമാനം തെറ്റായിപ്പോയാൽ എന്തുചെയ്യും? എന്നൊക്കെ ചിന്തിച്ചു,” സാത്വിക പറഞ്ഞു.
എന്നാൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെ ആ ആശങ്കകളെല്ലാം മാറി. സെറ്റിൽ എല്ലാവരും കുടുംബാംഗങ്ങളെപ്പോലെയാണ് തന്നെ പരിഗണിച്ചതെന്നും താരം കൂട്ടിച്ചേർത്തു. നൂറുകണക്കിന് ആളുകളുടെ അധ്വാനവും സ്നേഹവും ഒത്തുചേർന്നൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സാത്വിക വ്യക്തമാക്കി.
പവൻ സദിനേനി സംവിധാനം ചെയ്ത 'ആകാശംലോ ഒക താര'യാണ് സാത്വികയുടെ അരങ്ങേറ്റ ചിത്രം. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. ശ്രുതി ഹാസൻ, രുഹാനി ശർമ, സ്വാസിക വിജയ്, മുരളി ശർമ, കോട്ട ജയറാം, രാജ്കുമാർ കസിറെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലൈറ്റ്ബോക്സ് മീഡിയയുടെ ബാനറിൽ സന്ദീപ് ഗുന്നവും രമ്യ ഗുന്നവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗീത ആർട്സും സ്വപ്ന സിനിമയുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
അല്ലു അർജുനോടുള്ള ആരാധനയും സാത്വിക നേരത്തേ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രത്തിനായി തന്നെ വിശ്വസിച്ച സംവിധായകനും അണിയറപ്രവർത്തകർക്കും താരം നന്ദിയും അറിയിച്ചിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സാത്വിക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 21 Nov 2026, 12:37 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented