സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കാത്ത കുട്ടിക്കാലം. ചെറുതല്ലാത്ത ആ സ്വപ്നങ്ങൾക്കുപിറകേയായിരുന്നു പിന്നീടുള്ള യാത്രകൾ. എല്ലാ സ്വപ്നങ്ങളും സാധിച്ചെടുക്കുക അത്ര എളുപ്പമല്ലെന്ന് പറയുന്നവർക്കൊക്കെയും ഒരു തിരുത്താണ് കോഴിക്കോട്, വടകര, എടച്ചേരി സ്വദേശി അമൽ മനോജിന്റെ ജീവിതം. നടത്തിയെടുക്കുമെന്ന ഉറപ്പിന്മേൽ തുടർന്ന ജീവിതയാത്ര. അതിന്റെ തെളിവെന്നോണം ഇന്ന് അമൽ ലോകവേദികളിൽ ഇന്ത്യയുടെ മുഖമാണ്. വടകരയിൽ നിന്ന് ആഗോളതലത്തിലെ ശ്രദ്ധേയ സാന്നിധ്യമായുള്ള വളർച്ച. അതിന് കൈമുതലായത് നിശ്ചയദാർഢ്യവും.

To advertise here,

2019-ൽ ഇന്ത്യ-ചൈന യൂത്ത് ഡെലിഗേഷനിൽ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ യൂത്ത് അംബാസഡറായി ശ്രദ്ധനേടിക്കൊണ്ട് തുടക്കം. പിന്നീട് ജി-20, വൈ-20 ഉച്ചകോടികളിലും സാന്നിധ്യമറിയിച്ചു. യു.എൻ വേൾഡ് ഫുഡ് ഫോറത്തിന്റെ ഏഷ്യ-പസഫിക് പ്രതിനിധിയാണ് അമൽ ഇപ്പോൾ. അമൽ മനോജ് എന്ന 25-കാരൻ സ്വപ്നങ്ങളെ സാധ്യമാക്കിയ ആ യാത്രയുടെ വിശദാംശങ്ങളറിയാം.

കേരളം - ചൈന

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിലും മോണോആക്ടിലും നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ പ്രതിഭകൂടിയാണ് അമൽ. നാഷണൽ സർവീസ് സ്‌കീമിലൂടെ നേതൃപാടവം വളർത്തിയെടുത്തു. 2018-ൽ മികച്ച എൻ.എസ്.എസ് വോളണ്ടിയർ ലീഡർക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. റിപ്പബ്ലിക് ഡേ പരേഡ് സെലക്ഷനിൽ തുടങ്ങി, സ്‌കൂളും ജില്ലയും കടന്ന് സൗത്ത് ഇന്ത്യയും താണ്ടി അമൽ എത്തിയത് 2017-ലെ നാഷണൽ യൂത്ത് ഫെസ്റ്റിവലിലാണ്. ''പതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത ആ വേദിയിൽ പത്ത് ദിവസത്തെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട നാല് പേരിൽ ഒരാളായിരുന്നു ഞാൻ. അങ്ങനെയാണ് 2019-ലെ ഇന്ത്യ-ചൈന യൂത്ത് ഡെലിഗേഷൻ പ്രോഗ്രാമിൽ എൻ.എസ്.എസ്സിന്റെ യൂത്ത് അംബാസഡറായി ചൈനയിലേക്ക് വണ്ടി കയറുന്നത്.''

ഇന്ത്യൻ, ചൈനീസ് സർക്കാരുകളുടെ പൂർണ സ്പോൺസർഷിപ്പോടുകൂടിയുള്ള ആ വിദേശ യാത്ര ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നെന്ന് അമൽ. ചൈനയിലെ പ്രധാന നഗരങ്ങൾ സന്ദർശിച്ചും അവിടുത്തെ വികസന മാതൃകകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചും അമൽ ആ യാത്രയെ അർഥവത്താക്കി.

അന്താരാഷ്ട്ര വേദികൾ

ചൈനീസ് ഡെലിഗേഷന് ശേഷം കോപ്പ് സമ്മിറ്റുകളിലും മറ്റ് അന്താരാഷ്ട്ര വേദികളിലും സജീവമായ അമലിനെ തേടിയെത്തിയത് വലിയ ഉത്തരവാദിത്തങ്ങളായിരുന്നു. ''2023-ൽ ഇന്ത്യ ജി-20 ഹോസ്റ്റ് ചെയ്തപ്പോൾ വൈ-20 (Y20) യൂത്ത് എൻഗേജ്മെന്റ് ഗ്രൂപ്പിന്റെ നെഗോസിയേഷനുകൾക്ക് നേതൃത്വം നൽകാൻ എനിക്കുകഴിഞ്ഞു.'' അങ്ങനെ അമലിന്റെ നേതൃപാടവം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടു.

''ചൈനാ ഡെലിഗേഷന് ശേഷം കോപ്പ് സമ്മിറ്റിലും ബ്രിക്സിലും ഡെലിഗേറ്റ് ആയി പോയിരുന്നു. അതിനുമുമ്പ് കുറച്ചു ഫോറിൻ ഡെലിഗേഷൻ ചെയ്തിരുന്നു. അങ്ങനെയാണ് ജി-20യിൽ ഇന്ത്യയുടെ യൂത്ത് അംബാസഡർ എന്ന ടാഗിൽ എത്തിപ്പെടുന്നത്.''

ഉച്ചകോടിയിൽ

ബ്രിക്സ് (BRICS) ഉച്ചകോടിയിലും യൂത്തിന്റെ പ്രതിനിധിയായി അമൽ സജീവമായി. ലോകനേതാക്കൾ പങ്കെടുത്ത ആഗോള വേദികളിലെ ഇടപെടലുകൾ യു.എൻ. ജനറൽ അസംബ്ലിയിൽ നിന്നുള്ള ഓഫറുകൾക്കു വരെ വഴിയൊരുക്കി. നിലവിൽ യു.എൻ വേൾഡ് ഫുഡ് ഫോറത്തിന്റെയും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെയും (FAO) ഏഷ്യ-പസഫിക് യൂത്ത് അംബാസഡറായി അഞ്ച് പേരടങ്ങുന്ന സമിതിയെയാണ് അമൽ നയിക്കുന്നത്. ''കഴിഞ്ഞ വർഷമാണ് ഞാൻ യു.എൻ-ൽ ഇന്ത്യയുടെ പ്രതിനിധിയായി പോകുന്നത്. തുടർന്ന് ഐക്യരാഷ്ട്രസഭ ആഭ്യന്തരമായി നടത്തിയ തിരഞ്ഞെടുപ്പിലൂടെ ഏഷ്യൻ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തു. ഓരോ വർഷവും ഏഷ്യയിൽ നിന്ന് ഒരാളെയാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കുന്നത്. ഏകദേശം അഞ്ചു വർഷത്തേക്കാണ് 'യൂത്ത് അംബാസഡർ' എന്ന പദവി ലഭിക്കുന്നത്. ഓണററി പൊസിഷൻ ആയതുകൊണ്ട് സ്ഥിരപ്പെടുത്തിയാൽ മാത്രമേ തുടരാനാകൂ. വർഷം മുഴുവൻ ലഭിക്കുന്ന സ്റ്റൈപ്പൻഡിന് പകരം, പങ്കെടുക്കുന്ന പരിപാടികളുടെ സ്വഭാവത്തിനനുസരിച്ച് അലവൻസുകൾ ലഭിക്കും. ഇത്തരം വേദികളിൽ പങ്കെടുത്തതുകൊണ്ട് മാത്രമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത്.'' വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, മുതിർന്ന നയതന്ത്രജ്ഞർ എന്നിവരുമായി അടുത്ത സൗഹൃദം പുലർത്താൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമായി അമൽ കാണുന്നത്.

പ്രധാനമന്ത്രിക്കു മുന്നിൽ

ഓട്ടൻതുള്ളൽ, മോണോ ആക്ട്, നാടകം, സംഗീതം... അമലിന്റെ അഭിരുചിയുടെ മേഖലകൾ പലതാണ്. ഡൽഹിയിലെ പഠനകാലത്തെ മറക്കാനാകാത്ത ഒരനുഭവം അമൽ പങ്കുവെച്ചു. ''ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ, എന്റെ ഇഷ്ട കലയായ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ പരിപാടികളിൽ മുൻപും പങ്കെടുത്തിട്ടുള്ളതുകൊണ്ട് അവർ എന്നെ ക്ഷണിക്കുകയായിരുന്നു. കോവിഡ് സമയമായതുകൊണ്ട് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പെർഫോമൻസിന് മുന്നോടിയായി ഏകദേശം ഒരു മാസത്തോളം പി.എം. ഹൗസിന്റെ കോമ്പൗണ്ടിൽ തന്നെയാണ് ക്വാറന്റൈനിൽ കഴിഞ്ഞത്. അവിടെ മറ്റാരും ഇല്ലാത്തതുകൊണ്ട് സ്വന്തമായി മേക്കപ്പ് ചെയ്താണ് ഞാൻ പരിപാടി അവതരിപ്പിച്ചത്. പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കാനും കഴിഞ്ഞു.''

ഡൽഹിയിലെ പഠനകാലം

ഡൽഹിയിലെ പഠനകാലം തുറന്നുകൊടുത്ത പാതകൾ വലുതായിരുന്നെന്ന് അമൽ. ''അവിടുത്തെ സാംസ്‌കാരികവൈവിധ്യം ജീവിതത്തെ സ്വാധീനിച്ചു. ഇന്ത്യയെ അടുത്തറിയാൻ അതുവഴി സാധിച്ചു. ആളുകളുമായുള്ള ഇടപഴകലുകളും പബ്ലിക് സ്പീക്കിങ്ങുമൊക്കെ എനിക്ക് താത്പര്യമുള്ള കാര്യങ്ങളാണ്. എന്നാൽ അതിനുള്ള ആത്മവിശ്വാസം പെട്ടെന്ന് ഒരു ദിവസം കൊണ്ട് നേടിയെടുത്തതല്ല. നല്ല രീതിയിൽ സഭാകമ്പം ഉണ്ടായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ കലോത്സവ വേദികളിൽ നിന്നും ലഭിച്ച തുടർച്ചയായ പരിശീലനവും പ്രയത്നവും കൊണ്ടാണ് വലിയ വേദികളിൽ ധൈര്യത്തോടെ സംസാരിക്കാൻ കഴിഞ്ഞത്, കിട്ടുന്ന ചെറിയ അവസരങ്ങൾ പോലും പരമാവധി പ്രയോജനപ്പെടുത്തിയാണ് ഞാൻ എന്നെ മാറ്റിയെടുത്തത്.''

ഒരുനാൾ ഞാനും

ഈ വിജയയാത്രയ്ക്ക് പിന്നിലെ ഏറ്റവും വലിയ കരുത്ത് കുടുംബത്തിന്റെ പിന്തുണയാണെന്നും അമൽ. ''അമ്മ നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. എന്റെ തീരുമാനങ്ങൾക്കും നിലപാടുകൾക്കും അച്ഛനും അമ്മയും ഒരിക്കലും വിലക്കേർപ്പെടുത്തിയില്ല. സ്‌കൂൾ കാലഘട്ടത്തിൽ പത്രങ്ങളിൽ വിദേശ പ്രതിനിധികളുടെ ചിത്രങ്ങൾ കാണുമ്പോൾ, 'ഒരു ദിവസം ഞാനും ഇതുപോലെ ഒരു വേദിയിലെത്തും' എന്ന് പറയുമായിരുന്നു. അന്നൊക്കെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇതൊന്നും പ്രായോഗികമല്ലെന്ന് പറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്ര വേദികളിലേക്ക് പോകുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോഴും പലരും സംശയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ, സ്വപ്നങ്ങൾ മുറുകെപ്പിടിക്കാൻ കരുത്തായത് കുടുംബം നൽകിയ പിന്തുണയാണ്.''

പഠനം മാത്രം പോരാ

''നമ്മുടെ പാഷൻ ഫോളോ ചെയ്യുക, സ്വന്തം കഴിവുകളിൽ വിശ്വസിക്കുക ഇതൊക്കെയാണ് ഏറ്റവും പ്രധാനം. പഠനം മാത്രമാണ് എല്ലാം എന്ന് ചിന്തിക്കരുത്, മറ്റ് സ്‌കില്ലുകളും ഹോബികളും ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.'' അമൽ പറയുന്നു.

എടച്ചേരിയിലെ 'കൈയാമ്പ്ര' വീട്ടിൽ മനോജിന്റെയും ലീനയുടെയും മകനാണ് അമൽ. ശ്രുതി ലക്ഷ്മിയാണ് സഹോദരി.

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് മാത്തമാറ്റിക്സിൽ ബിരുദവും തുടർന്ന് ഐ.ഐ.എം.സി. യിൽ നിന്ന് ജേർണലിസവും പൂർത്തിയാക്കിയ അമൽ, നിലവിൽ ഇഗ്നോയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ്. ഇതിനിടയിൽ സിവിൽ സർവീസ് ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പുകളും. ഭാവിയിൽ സിവിൽ സർവീസിലൂടെ ഇന്ത്യൻ പബ്ലിക് അഡ്മിനിസ്ട്രേഷന്റെയും പോളിസി മേക്കിങ്ങിന്റെയും ഭാഗമാകാനും ക്യാബിനറ്റ് റാങ്ക് ലെവലിൽ രാജ്യസേവനം ചെയ്യാനുമാണ് ആഗ്രഹം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi