ബാലതാരമായിട്ടാണ് ഹരീഷ് കുമാർ എന്ന താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നായകനായും തിളങ്ങി. കരിയറിൽ ഉന്നതിയിൽ നിൽക്കുമ്പോൾ തന്നെ ചില പ്രത്യേകകാരണങ്ങളാൽ സിനിമ വിടേണ്ടി വന്നു താരത്തിന്.

To advertise here,

നാലുവയസ്സുള്ളപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. എട്ടുവയസ്സുള്ളപ്പോൾ മികച്ച ബാലതാരത്തിനുള്ള ആന്ധ്രാ പ്രദേശ് സർക്കാരിന്റെ നന്തി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട് ഹരീഷ്. അതിനൊപ്പം തന്നെ പല ഭാഷകളിലും നിറഞ്ഞുനിന്നു. തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിൽ ബാലതാരമായി അഭിനയിച്ചു. 50-ലേറെ ചിത്രങ്ങളിലാണ് കുട്ടിത്താരമായി പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ക്രിക്കറ്റാവാൻ ആയിരുന്നു ഹരീഷിന് താത്പര്യം. എന്നാൽ, അച്ഛന്റെ ഇഷ്ടമായിരുന്നു സിനിമാതാരമാവുകയെന്നത്.

''തുടക്കത്തിൽ എനിക്ക് ഒരു ക്രിക്കറ്റ് താരമാകാനായിരുന്നു ആഗ്രഹം. സിനിമകളോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പലപ്പോഴും സിനിമകളിൽ അഭിനയിക്കാൻ ഞാൻ വിസമ്മതിക്കുമായിരുന്നു. എന്നാൽ, ഞാൻ അഭിനയിക്കണമെന്ന് ആഗ്രഹിച്ചത് എന്റെ പിതാവാണ്. 'നിനക്ക് വളരെ മനോഹരമായ കണ്ണുകളും മുഖവുമാണുള്ളത്. ക്രിക്കറ്റ് കളിച്ചാൽ നിനക്ക് പരിക്കേറ്റേക്കാം' എന്ന് അദ്ദേഹം പലപ്പോഴും എന്നോട് പറയുമായിരുന്നു'', ഹരീഷ് ഒരിക്കൽ പറഞ്ഞതിങ്ങനെ.

ആദ്യമായി നായകനാവുന്നത് മലയാളസിനിമയായ 'ഡെയ്‌സി'യിലാണ്. അതിലെ പ്രദീപ് മേനോൻ എന്ന കഥാപാത്രമാവുമ്പോൾ, ഹരീഷിന് പ്രായം വെറും 13 വയസ്സാണ്. ഊട്ടിയിൽ പഠിക്കുന്ന കുഴപ്പക്കാരനായ കഥാപാത്രത്തെ ഹരീഷ് മനോഹരമാക്കി. സിനിമയിലെ നായികയും നായകനും അതിലെ പാട്ടുകളുമെല്ലാം അക്കാലത്തെ യുവപ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചു. പിന്നാലെ തമിഴിൽ 'പൂക്കൾ വിടും ദൂത്' എന്ന ചിത്രത്തിലും നായകനായി. തെലുഗുവിൽ 'പ്രേംഖൈദി' എന്ന ചിത്രത്തിലും അരങ്ങേറ്റം കുറിച്ചു. ആ ചിത്രം ബോക്‌സോഫീസിൽ വിജയിച്ചപ്പോൾ, ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചു. ചിത്രത്തിൽ ഹരീഷിന്റെ നായികയായത് കരിഷ്മ കപൂറാണ്. കരിഷ്മയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നുവത്. അന്ന് കരിഷ്മയ്ക്ക് 16 വയസ്സ്, ഹരീഷിന് 15-ഉം. ആ ചിത്രവും ഹിറ്റായി.

മൂന്നുവർഷത്തിനുള്ളിൽ നാലുഭാഷകളിലാണ് ഹരീഷ് അഭിനയിച്ചത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എൻ.ടി.രാമറാവു, രജനീകാന്ത്, കമൽഹാസൻ, രേഖ, നാനാ പടേക്കർ, ശിവാജി ഗണേശൻ, ചിരഞ്ജീവി, ഗോവിന്ദ, മിഥുൻ ചക്രവർത്തി, ധർമേന്ദ്ര തുടങ്ങിയ പ്രശസ്തതാരങ്ങൾക്കൊപ്പം സ്‌ക്രീൻസ്‌പേസ് പങ്കിട്ടു. 15 വയസ്സായപ്പോൾ തന്നെ തിരക്കുള്ള താരമായി. 200-ലേറെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.

പക്ഷേ, തന്റെ 20-കളിൽ തന്നെ സിനിമ വിടേണ്ടിവന്നു അദ്ദേഹത്തിന്. നടുവിനേറ്റ ഗുരുതരമായ പരിക്കായിരുന്നു കാരണം. അങ്ങനെ ഏകദേശം പൂർണമായി തന്നെ കിടപ്പിലാവുകയും ചെയ്തു.

2021-ൽ 'ഹിന്ദുസ്ഥാൻ ടൈംസി'നോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി, ''നടുവിന് ഗുരുതരമായ പരിക്കേറ്റ് ഞാൻ കിടപ്പിലായി. അതാണ് സിനിമാരംഗം വിടാൻ എന്നെ പ്രേരിപ്പിച്ചത്''. നട്ടെല്ലിലെ ഡിസ്‌കിന് ഗുരുതരമായ തകരാർ സംഭവിച്ച ഹരീഷിന്, നട്ടെല്ലിന്റെ L3, L5 കശേരുക്കളെ ബാധിക്കുന്ന സങ്കീർണതകളും ഉണ്ടായിരുന്നു. ആ അവസ്ഥ എത്രത്തോളം ഗുരുതരമായിരുന്നു എന്ന് ഓർത്തെടുത്ത് അദ്ദേഹം പറഞ്ഞു, ''സ്ഥിതി എത്രത്തോളം മോശമായിരുന്നുവെന്ന് വെച്ചാൽ, എനിക്ക് വാഷ്‌റൂമിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ചെറുപ്പത്തിൽ ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വളരെ അശ്രദ്ധനായിരുന്നു; എപ്പോഴാണ് ഈ പരിക്കേറ്റതെന്ന് പോലും ഞാൻ അറിഞ്ഞില്ല''.

പരിക്കിനെത്തുടർന്ന് അദ്ദേഹം ഏകദേശം രണ്ട് വർഷത്തോളം കിടപ്പിലായി. ഈ കാലയളവിൽ, പൂർണ്ണമായും ആരോഗ്യ വീണ്ടെടുക്കലിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. എങ്കിലും, താൻ സിനിമാരംഗം വിട്ടതിന് പരിക്ക് മാത്രമായിരുന്നില്ല കാരണമെന്ന് ഹരീഷ് സൂചിപ്പിച്ചു. ''ഞാൻ സിനിമാരംഗം വിട്ടതിന് വളരെ വ്യക്തിപരമായ ഒരു കാരണമുണ്ട്, അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല'', അദ്ദേഹം പറഞ്ഞു.

പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചുവെങ്കിലും, അത് വിജയിച്ചില്ല. അതിൽ തനിക്ക് സങ്കടമില്ലെന്ന് പറയുകയാണ് ഹരീഷ്. ''കുട്ടിക്കാലത്ത് തന്നെ ഞാൻ അഭിനയരംഗത്തെത്തി, കൗമാരപ്രായത്തിൽ തന്നെ നായകനുമായി. ഞാൻ അമിതവേഗത്തിൽ ഓടുകയായിരുന്നു എന്ന് തോന്നുന്നു, അതുകൊണ്ടാകാം ജീവിതം എന്നെ അല്പം സാവധാനത്തിലാക്കിയത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi