"വൈ ദിസ് കൊലവെറി ഡി..." - വരികളുടെ അർത്ഥം പോലും കൃത്യമായി അറിയാതെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ ഏറ്റുപാടിയ ആ ഗാനം പിറന്നിട്ട് 15 വർഷം തികയുന്നു. പ്രണയനൈരാശ്യവും തമിഴ് ചുവയുള്ള ഇംഗ്ലീഷ് വാക്കുകളും മനസ്സിൽ നിന്നും മായാത്ത ഈണവും ഒത്തുചേർന്നപ്പോൾ പിറന്നത് ഇന്ത്യൻ സംഗീത ചരിത്രത്തിലെ തന്നെ വൈറൽ പാട്ടുകളിലൊന്നായിരുന്നു.

To advertise here,

2011 നവംബർ 16-ന് പുറത്തിറങ്ങിയ ഈ ഗാനം ഒറ്റരാത്രികൊണ്ടാണ് ഇന്റർനെറ്റ് ലോകം കീഴടക്കിയത്. ഫേസ്ബുക്ക് ടൈംലൈനുകളിലും യൂട്യൂബ് പ്ലേലിസ്റ്റുകളിലും നിറഞ്ഞുനിന്ന ഈ പാട്ട്, ഒരിക്കൽ പോലും തമിഴ് പാട്ടുകൾ കേൾക്കാത്തവരെപ്പോലും താളം പിടിക്കാൻ പ്രേരിപ്പിച്ചു. തികച്ചും അവിചാരിതമായി ഒരു സ്റ്റുഡിയോ സെഷനിൽ പിറന്ന പാട്ടായിരുന്നു ഇതെന്നതാണ് ഏറ്റവും രസകരമായ കാര്യം.

ഐശ്വര്യ ആർ സംവിധാനം ചെയ്ത '3' എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ഒരുക്കിയത്. അന്ന് വെറും 21 വയസ്സ് മാത്രമുണ്ടായിരുന്ന അനിരുദ്ധ് രവിചന്ദറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ഇന്ന് സംഗീത ലോകത്ത് 15 വർഷം പിന്നിടുകയാണ് താരം. 

പ്രണയപരാജയം നേരിട്ട നായകന്റെ മാനസികാവസ്ഥയാണ് ഗാനത്തിൽ ആവിഷ്കരിച്ചിരുന്നത്. പാട്ടിന്റെ പിറവിയെക്കുറിച്ചുള്ള കഥയും പാട്ടുപോലെ തന്നെ രസകരമാണ്. അനിരുദ്ധ് വെറും അഞ്ച് മിനിറ്റ് കൊണ്ടാണ് ഈണം തയ്യാറാക്കിയത്. ഈണം കേട്ടയുടൻ ധനുഷ് തന്റെ മനസ്സിലേക്ക് സ്വാഭാവികമായി വന്ന വാക്കുകൾ പാടിത്തുടങ്ങി. "വൈ ദിസ് കൊലവെറി ഡി?" എന്ന വിഖ്യാതമായ വരി അങ്ങനെ പിറന്നു.

വരികളും ഞൊടിയിടയിലാണ് എഴുതിത്തീർത്തത്. വെറും ആറ് മിനിറ്റ് കൊണ്ടാണ് താൻ ഈ പാട്ട് എഴുതിയതെന്ന് ധനുഷ് മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. "എല്ലാത്തരം പ്രേക്ഷകർക്കും മനസ്സിലാകുന്ന ലളിതമായ വാക്കുകളാണ് ഞാൻ ഉപയോഗിച്ചത്. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന, എന്നാൽ സാധാരണയായി പാട്ടുകളിൽ ഉൾപ്പെടുത്താത്ത ഇംഗ്ലീഷ് വാക്കുകളാണ്," ധനുഷ് പറഞ്ഞു.

ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, സാധാരണക്കാരായ തമിഴ് പ്രേക്ഷകരിലേക്ക് എത്താനായി തമിഴ് ചുവ നൽകിയാണ് താൻ അത് പാടിയതെന്ന് അദ്ദേഹം വിശദീകരിച്ചു. വ്യാകരണ നിയമങ്ങളൊന്നുമില്ലാതെ 'വൈറ്റ് സ്കിൻ ഗേൾ', 'ബ്ലാക്ക് ഹാർട്ട്' തുടങ്ങിയ പ്രയോഗങ്ങളിലൂടെ എത്തിയ ഗാനം, പ്രണയപരാജയത്തെക്കുറിച്ചുള്ള പാട്ടുകളെ വിശേഷിപ്പിക്കുന്ന 'സൂപ്പ് സോങ്' എന്നാണ് പിന്നീട് അറിയപ്പെട്ടത്.

തുടക്കത്തിൽ ഈ ഗാനം പുറത്തിറക്കാൻ അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നില്ല. എന്നാൽ, ധനുഷിന് പരിചയമുള്ള ആരോ പാട്ടിന്റെ ഒരു റഫ് പതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തു. നിമിഷനേരം കൊണ്ട് അത് ആളുകൾക്കിടയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പാട്ട് പൂർത്തിയാക്കി ഔദ്യോഗികമായി പുറത്തിറക്കാൻ ടീം നിർബന്ധിതരായി.

ധനുഷിന്റെ നിർബന്ധപ്രകാരം അനിരുദ്ധ് ഉടനെ പാട്ടിന്റെ പണികൾ പൂർത്തിയാക്കി. 2011 നവംബർ 16-ന് സോണി മ്യൂസിക് യൂട്യൂബിലൂടെ ഗാനം പുറത്തിറക്കി. 'വൈറൽ' എന്ന വാക്ക് ഇന്നത്തെപ്പോലെ പ്രചാരമില്ലാത്ത ആ കാലത്ത്, ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ് അത് കണ്ടത്.

വലിയ സെറ്റുകളോ ആഡംബര വസ്ത്രങ്ങളോ സങ്കീർണ്ണമായ നൃത്തച്ചുവടുകളോ ഇല്ലാഞ്ഞിട്ടും വീഡിയോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു. ഒരു കൂട്ടം സുഹൃത്തുക്കൾ റെക്കോർഡിങ് സ്റ്റുഡിയോയിലിരുന്ന് തമാശകൾ പങ്കുവെച്ച് പാട്ട് പാടുന്ന ദൃശ്യങ്ങളായിരുന്നു അത്. ധനുഷ് മൈക്കിന് മുന്നിൽ പാടുന്നതും, അനിരുദ്ധ് കീബോർഡ് വായിക്കുന്നതും, ഐശ്വര്യയും ശ്രുതി ഹാസനും ഒപ്പമിരുന്ന് ആസ്വദിക്കുന്നതുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു. സ്ക്രീനിൽ വരികൾ തെളിഞ്ഞുവന്നത് എല്ലാവർക്കും ഒപ്പം പാടാനും സഹായകമായി.

തമിഴ് സിനിമയുടെ അതിരുകൾ ഭേദിച്ച 'കൊലവെറി'ക്ക് ലോകമെമ്പാടും നിരവധി കവർ പതിപ്പുകളും പാരഡികളും ഇറങ്ങി. പാട്ടിനെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തി. ചിലർ പാട്ടിന്റെ വരികളെയും സംഗീതത്തെയും ആലാപനത്തെയും വിമർശിച്ചു. എന്നാൽ അപ്പോഴേക്കും പാട്ട് ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. വിമർശനങ്ങളൊന്നും ജനപ്രീതിയെ തെല്ലും ബാധിച്ചില്ല.

അനിരുദ്ധ് രവിചന്ദർ എന്ന സംഗീത സംവിധായകന് ഇതിലും മികച്ചൊരു തുടക്കം ലഭിക്കാനില്ലായിരുന്നു. '3' തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ രാജ്യം മുഴുവൻ സംസാരിക്കുന്ന പേരായി അനിരുദ്ധ് മാറി. ചിത്രത്തിലെ മറ്റ് ഗാനങ്ങളും എഴുതിയ ധനുഷിന്, ഗായകനായും ഗാനരചയിതാവായും പുത്തൻ മേൽവിലാസം ലഭിച്ചു. സിനിമയ്ക്ക് ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, 'കൊലവെറി ഡി' എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi