1930-കളിൽ ഇന്ത്യൻ സിനിമയിൽ ഒരു ബാലതാരമായെത്തി, പതിയെ നായികാവേഷങ്ങളിലേക്ക് കടന്ന അതിമനോഹരിയായ നടിയായിരുന്നു നൂർ ജഹാൻ. 1942 ലെ 'ഖണ്ഡാൻ' എന്ന ചിത്രത്തോടെ നൂർ ജഹാനൊരു താരമായി. അതുവരെ നായികമാരൊന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള താരപ്പകിട്ടാണ് ഈ ചിത്രം നൂറിനു സമ്മാനിച്ചത്. സ്വന്തമായി പാട്ടുകൾ പാടാനുള്ള കഴിവ് അവരെ വ്യത്യസ്തയാക്കി. ഖണ്ഡാനിന്റെ സംവിധായകനായ ശൗകത് ഹുസൈൻ റിസ്വി നൂറിൽ ആകൃഷ്ടയായിരുന്നു, പിന്നീടിവർ പ്രണയത്തിലായി. എന്നാൽ പ്രണയം സിനിമയെ ബാധിക്കുമെന്ന ഭയത്തിൽ നിർമ്മാതാവ് എതിർപ്പുയർത്തി. ഐജാസ് ഗുലിന്റെ ‘നൂർജഹാൻ: ദ മെലഡി ക്വീൻ’ എന്ന പുസ്തകത്തിൽ, നിർമ്മാതാവ് ദൽസുഖ് എം പഞ്ചോളി, നൂർ ജഹാനെ റി സ്വി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കേസുകൊടുത്തിരുന്നുവെന്ന് പറയുന്നുണ്ട്. കോടതിയിൽ നൂർ ജഹാനെത്തി റിസ്വി തന്റെ സഹോദരനെപ്പോലെയാണെന്ന് പറഞ്ഞ് വിഷയമൊഴിവാക്കി. എന്നാൽ നൂറിന്റെ സഹോദരൻ റിസ്വിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാവശ്യപ്പെട്ട് അവരെ തല്ലി, ഇതോടെ നൂർ റിസ്വിയെ രഹസ്യമായി വിവാഹം ചെയ്തു. പിന്നീട് കുടുംബം റിസ്വി അവളെ ബന്ദിയാക്കി വെച്ചുവെന്ന ആരോപണവുമായെത്തിയിരുന്നു. വൈകാതെ കോടതിയും കേസുമായി ഇരുവരും നഗരം വിട്ടുപോകാൻ നിർബന്ധിതരായി.
അതേസമയം, സിനിമാലോകത്ത് പാടാനും അഭിനയിക്കാനും കഴിവുള്ള നൂറിനെത്തേടി വമ്പൻ അവസരങ്ങൾ വരുന്നുണ്ടായിരുന്നു. പക്ഷേ, ആ സമയത്താണ് ഇന്ത്യ-പാക് വിഭജനം വരുന്നത്. ഇതോടെ ജന്മനാടായ പാകിസ്താനിലേക്ക് അവർ തിരിച്ചുപോയി. ഒരു പുതിയ രാജ്യമെന്ന നിലയിൽ പാകിസ്താൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സമയം, സിനിമയ്ക്ക് വലിയ സാധ്യകതകളോ സൗകര്യങ്ങളോ അവിടെയുണ്ടായിരുന്നില്ല.
Also Read
പല പ്രമുഖരും ഇതു മനസ്സിലാക്കി ഇന്ത്യയിലേക്ക് തിരിച്ചുപോന്നു. എന്നാൽ നൂർ ജഹാൻ മടങ്ങിയില്ല. വെല്ലുവിളി ഏറ്റെടുത്ത അവരും ഭർത്താവും ചേർന്ന് ഇൻഡസ്ട്രി പൂജ്യത്തിൽ നിന്ന് കെട്ടിപ്പൊക്കാൻ തീരുമാനിച്ചു. ഇരുവരുംകൂടി ഒരു പഴയ സ്റ്റുഡിയോ വാങ്ങി വീണ്ടും പണിതുയർത്തി.
മൂന്ന് വർഷത്തിന് ശേഷം, രാജ്യത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്ന ആദ്യ വനിതയായി നൂർ, പാക് സിനിമ ഇൻഡസ്ട്രിയിലെ മുൻനിരക്കാരിൽ ഒരാളും. ഇതിനിടെ, അവർ മൂന്ന് കുട്ടികളുടെ അമ്മയായി. ജോലിയും വ്യക്തിജീവിതവും എങ്ങനെ നന്നായി കൊണ്ടുപോവണമെന്ന് അവർക്കറിയാമായിരുന്നു. സാമ്പത്തികമായി സ്വതന്ത്രയായിരിക്കുകയും സ്വന്തം തീരുമാനങ്ങൾ എടുക്കാൻ ഭർത്താവിന്റെ അനുവാദം തേടാതിരിക്കുകയും ചെയ്ത ഒരു സ്ത്രീയെ അന്നത്തെ വലിയ സമൂഹം അംഗീകരിച്ചിരുന്നില്ല. അവരെ താഴ്ത്തിക്കെട്ടാനും ശ്രമങ്ങളുണ്ടായി. തന്റെ സമകാലികരിൽ നിന്ന് വ്യത്യസ്തമായി, സാമ്പത്തിക കാര്യങ്ങളിൽ നൂർ അതീവ ബുദ്ധിമതിയായിരുന്നു. വീട് തന്റെ പേരിൽ തന്നെയാണെന്നും ഭർത്താവിനൊപ്പം സ്ഥാപിച്ച സ്റ്റുഡിയോയുടെ സഹഉടമ താനാണെന്നും അവർ ഉറപ്പുവരുത്തി.
മറ്റ് ഗായകർക്ക് ലഭിച്ചതിന്റെ പലമടങ്ങായിരുന്നു നൂർ പാടുമ്പോൾ കിട്ടിയിരുന്നത്. ഇതിനിടെ, വിവാഹജീവിതത്തിൽ വിള്ളലുകൾ വന്നു. ഒടുവിൽ വിവാഹമോചനത്തിലുമെത്തി. വൈകാതെ അവർ വീണ്ടും വിവാഹം കഴിച്ചു. 1959-ൽ പാക് സിനിമകളിൽ വലിയ താരമാകാൻ തയ്യാറെടുത്ത യുവതാരം ഇജാസ് ദുറാനിയെ അവർ വിവാഹം കഴിച്ചു. മൂന്ന് പെൺകുട്ടികളുമുണ്ടായി. ഭർത്താവ് അഭിനയം നിർത്താൻ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ സമ്മതിച്ചത് എല്ലാവരെയും ഞെട്ടിച്ചു. മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല അവർ, അതുകൊണ്ടുതന്നെ സിനിമകളിൽ നല്ലൊരു കരിയർ കിട്ടിയതുകൊണ്ട് ഇനി പാട്ടിൽ ശ്രദ്ധിക്കാൻ അവർ തീരുമാനിച്ചിരിക്കാമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. അഭിനയം നിർത്തിയശേഷം, നൂർ ജഹാന്റെ സംഗീത ജീവിതം പുതിയൊരു തലത്തിലെത്തി. ഉറുദു, പഞ്ചാബി ഗാനങ്ങളിലൂടെ പ്രശസ്തയായ അവർ തന്റെ സംഗീതവുമായി ലോകം ചുറ്റിസഞ്ചരിക്കാൻ തുടങ്ങി. വൈകാതെ, ഇജാസുമായുള്ള വിവാഹബന്ധവും അവസാനിച്ചു. ഭർത്താക്കന്മാരില്ലെങ്കിലും തന്റെ സാമ്പത്തിക ഭദ്രതയും കുട്ടികളുമൊത്ത് മരണം വരെ നൂർ ആർഭാടപൂർണമായ ജീവിതം നയിച്ചു. 2000-ത്തിലായിരുന്നു വിടവാങ്ങൽ.
അവസാനത്തെ ആറ് വർഷങ്ങൾ പാകിസ്താൻ, ലണ്ടൻ, അമേരിക്ക എന്നിവിടങ്ങളിലെ ആശുപത്രികളിലായിരുന്നു അവരുടെ ജീവിതം. മക്കളെല്ലാം ഒപ്പം തന്നെയുണ്ടായിരുന്നു. തന്റെ മരണശേഷം സ്വത്തിന്റെ പേരിൽ മക്കൾക്കിടയിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ, മിക്ക ആസ്തികളും വിറ്റ് ആ പണം മക്കൾക്ക് വീതിച്ചുനൽകുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Noor Jehan started her career in pre-Partition India as a child actor and became a major star with the 1942 film Khandaan., She moved to Pakistan during Partition and co-founded a film studio from scratch in Lahore., She became Pakistan's first female film director with the blockbuster film Chan Way., She was a financially independent powerhouse, earning significantly higher than her peers and securing her own wealth., She made a historic, emotional return visit to India in 1982 after decades apart.
Published: 21 Sept 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented