താരപദവിയുടെ തിരക്കുകൾക്കിടയിലും മറ്റുള്ളവരുടെ വികാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നയാളാണ് താനെന്ന് തുറന്നുപറയുകയാണ് രശ്മിക മന്ദാന. ആളുകളെ നിരാശപ്പെടുത്തുമോ എന്ന ഭയമാണ് പലപ്പോഴും 'നോ' പറയുന്നതിൽ നിന്ന് തന്നെ തടയുന്നതെന്നും താരം പറയുന്നു. അടുത്തിടെ വോഗിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

To advertise here,

“മറ്റുള്ളവരുടെ വികാരങ്ങൾക്കാണ് എന്റേതിനേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത്. നോ എന്ന് പറഞ്ഞാൽ അവർ എന്നെ ഇഷ്ടപ്പെടാതിരിക്കുമോ, അവർക്ക് അസ്വസ്ഥതയുണ്ടാകുമോ, ദേഷ്യം വരുമോ എന്നൊക്കെയാണ് എന്റെ മനസ്സ് ആദ്യം ചിന്തിക്കുന്നത്. ഇതേ കരുതൽ എനിക്ക് പ്രേക്ഷകരോടുമുണ്ട്. പുതിയ ലുക്കുകൾ പരീക്ഷിക്കുമ്പോൾ പോലും പ്രേക്ഷകർക്ക് പരിചിതമായ രശ്മികയെ കാണാൻ അവർ ആഗ്രഹിക്കുന്നുണ്ടാകുമോ എന്ന ചിന്ത വരാറുണ്ട്. എന്റെ പ്രേക്ഷകരോട് എനിക്ക് ഒരു ഉത്തരവാദിത്തമുണ്ട്. അവർക്ക് പരിചിതമായ രശ്മികയിൽ നിന്ന് വളരെ വ്യത്യസ്തയായി തോന്നി അവരെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല”, താരം പറയുന്നു. മറ്റുള്ളവരുടെ വിഷമങ്ങൾ സ്വന്തം വിഷമങ്ങളാക്കി മാറ്റുന്ന സ്വഭാവത്തെക്കുറിച്ചും രശ്മിക തുറന്നുപറയുന്നു. “ഒരാളുടെ മാനസികാവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും ഞാൻ ശ്രദ്ധിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നിയാൽ ഞാൻ അവർക്ക് മെസേജ് ചെയ്യും. അവരുടെ ആശങ്കകൾ ഞാൻ എന്റേതാക്കും. അത് അവരിൽ നിന്ന് എടുത്തുകളയണമെന്നാണ് എനിക്ക് തോന്നുന്നത്.”

എന്നാൽ എത്ര വലിയ താരമായാലും എപ്പോഴും ശ്രദ്ധാകേന്ദ്രമാകുന്നത് തനിക്ക് അത്ര സ്വാഭാവികമായി തോന്നുന്നില്ലെന്നും രശ്മിക സമ്മതിക്കുന്നു. “സ്‌പോട്ട്‌ലൈറ്റിന് കീഴിൽ നിൽക്കുന്നത് ചിലപ്പോൾ ആരോ എന്റെ തലയ്ക്ക് തോക്ക് വെച്ചതുപോലെയാണ് തോന്നുന്നത്” എന്നാണ് താരം പറഞ്ഞത്. 

വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചാലും സിനിമാവ്യവസായങ്ങൾ മാറിയാലും തന്റെ വേരുകളെ മറക്കാൻ തയ്യാറല്ലെന്ന് താരം വ്യക്തമാക്കി. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ സജീവമായ രശ്മികയുടെ മാതൃഭാഷ കൊഡവയാണ്. തന്റെ ഉച്ചാരണത്തെക്കുറിച്ച് പല ഭാഗത്തുനിന്നും അഭിപ്രായങ്ങൾ കേൾക്കേണ്ടിവരുന്നുണ്ടെങ്കിലും അതിൽ മാറ്റം വരുത്താൻ താൽപര്യമില്ലെന്നാണ് താരത്തിന്റെ നിലപാട്. “ഞാൻ ദക്ഷിണേന്ത്യയിൽ പഠിക്കുകയും വളരുകയും ചെയ്തതാണ്. അതിന്റെ ഒരു ഉൽപ്പന്നമായിരിക്കും ഞാൻ” എന്നാണ് രശ്മിക പറഞ്ഞത്.

കരിയറിന്റെ തിരക്കുകൾക്കിടയിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയാത്ത വിഷമത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. “ജന്മദിനങ്ങൾ പോലുള്ള പ്രധാനപ്പെട്ട നിമിഷങ്ങൾ നഷ്ടപ്പെടുന്നതിൽ എനിക്ക് വിഷമമുണ്ട്. എന്റെ 14 വയസ്സുള്ള സഹോദരിക്കൊപ്പമുള്ള നിമിഷങ്ങളും അവളുടെ വളർച്ചയും ജീവിതത്തിലെ സാധാരണ കുടുംബനിമിഷങ്ങളുമെല്ലാം പലപ്പോഴും നഷ്ടപ്പെടുന്നുണ്ട്”.

വ്യക്തിജീവിതത്തിൽ, നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം തന്റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ലെന്നാണ് രശ്മിക പറയുന്നത്. “വിജയും ഞാനും അക്ഷരാർത്ഥത്തിൽ ഒരുമിച്ച് വളർന്നവരാണ്. സുഹൃത്തുക്കളിൽ നിന്ന് സഹപ്രവർത്തകരായി, പിന്നീട് ഏറ്റവും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമായി. അവൻ ഒരു കംപ്ലീറ്റ് സോഫ്റ്റിയാണ്. സെറ്റിൽ വളരെ ശ്രദ്ധയോടെയും ലക്ഷ്യബോധത്തോടെയും ഇരിക്കുന്ന വിജയ്, ജോലിക്ക് പുറത്താകുമ്പോൾ നന്മയും കരുണയും നിറഞ്ഞ മറ്റൊരാളാണ്. വിവാഹശേഷവും ജീവിതം വളരെ സാധാരണമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. ഞാൻ വളരെ ലോ മെയിന്റനൻസാണ്. വിജയ് അത് പൂർണമായും സമ്മതിക്കും. തിരക്കേറിയ കരിയറിനിടയിൽ കിട്ടുന്ന ചെറിയ ഇടവേളകൾ പോലും ഞങ്ങൾ ഒരുമിച്ച് ചെലവഴിക്കാൻ ശ്രമിക്കുന്നുണ്ട്. ഹിപ്പിന് പരുക്കേറ്റതിനെ തുടർന്ന് വിശ്രമിക്കേണ്ടിവന്നപ്പോൾ വിജയ്‌ക്കൊപ്പം കൂടുതൽ സമയം ലഭിച്ചു. ഇതുപോലുള്ള സമയം ഇനിയും വേണം, പക്ഷേ അടുത്ത തവണ പരുക്കില്ലാതെ മതിയെന്നാണ് വിജയ് പറഞ്ഞത്,” രശ്മിക കൂട്ടിച്ചേർത്തു.

ഇതിനിടയിലും കരിയറിനോടുള്ള രശ്മികയുടെ സമീപനം വിട്ടുവീഴ്ചയില്ലാത്തതാണ്. മൈസയുടെ ചിത്രീകരണത്തിനിടെ ഹിപ്പിലെ ടെൻഡണിന് പരുക്കേറ്റിട്ടും വേദന സഹിച്ച് താരം ഷൂട്ടിങ് തുടരുകയായിരുന്നു. “വലിയ ശാരീരിക വേദനയുണ്ടാകുമ്പോൾ ഞാൻ ഉറക്കെ ചിരിക്കും. വിചിത്രമായി തോന്നാം, പക്ഷേ അത് എനിക്ക് സഹായമാണ്”.

അതേസമയം, രശ്മികയുടെ ഏറ്റവും പുതിയ ചിത്രം ‘രണബലി’യുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൽ ജയമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം പറയുന്ന ബയോപിക്കിലും രശ്മികയാണ് നായിക. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi