ബോളിവുഡിലെ പ്രമുഖ താരത്തിന്റെ മകനായി സിനിമയിലെത്തുന്നത് പുറത്തുനിന്ന് നോക്കുമ്പോൾ അവസരങ്ങളുടെ വാതിൽ എളുപ്പത്തിൽ തുറക്കുന്നതുപോലെ തോന്നാം. എന്നാൽ ആ വാതിലിലൂടെ അകത്തുകയറിയ ശേഷം സ്വന്തം ഇടം കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് പറയുകയാണ് നടൻ തുഷാർ കപൂർ. നടൻ ജിതേന്ദ്രയുടെ മകനെന്ന മേൽവിലാസം ആദ്യ അവസരങ്ങൾ നേടാൻ സഹായിച്ചെങ്കിലും അതിനൊപ്പം വലിയ പ്രതീക്ഷകളും നിരന്തരമായ വിലയിരുത്തലുകളും ഉണ്ടായിരുന്നുവെന്ന് തുഷാർ പറയുന്നു.

To advertise here,

ദി ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാകുടുംബത്തിൽ നിന്നെത്തിയതിന്റെ അനുഭവം തുഷാർ പങ്കുവച്ചത്. താരത്തിന്റെ മകനായി എത്തുമ്പോൾ സിനിമാ മേഖലയ്ക്കുള്ളിൽ തന്നെ പ്രതീക്ഷകൾ വളരെ കൂടുതലായിരിക്കുമെന്നും, എത്ര നന്നായി ചെയ്താലും നേട്ടങ്ങളെക്കാൾ പോരായ്മകളായിരിക്കും പലപ്പോഴും ചർച്ച ചെയ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

''സിനിമാകുടുംബത്തിൽ നിന്നുള്ള ഒരാളാകുമ്പോൾ, പ്രത്യേകിച്ച് പ്രശസ്തനായ ഒരു താരത്തിന്റെ മകനാകുമ്പോൾ, പ്രതീക്ഷകൾ വളരെ കൂടുതലായിരിക്കും. സിനിമാ മേഖലയിലും ട്രേഡിലും എത്ര ചെയ്താലും ഗ്ലാസ് പകുതി നിറഞ്ഞിരിക്കുന്നതിനേക്കാൾ പകുതി കാലിയായാണ് പലരും കാണുന്നത്. അതുകൊണ്ട് ഓരോ ഘട്ടത്തിലും സ്വയം മറികടക്കേണ്ടിവരും,'' തുഷാർ പറഞ്ഞു.

താരപുത്രനെന്ന പേരിനൊപ്പം വരുന്ന സമ്മർദങ്ങളെ അവഗണിക്കാൻ തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. “വീഴ്ചയ്ക്കായി കാത്തുനിൽക്കുന്നവരും ഏറെയുണ്ടായിരുന്നു. ആദ്യകാലത്ത് താരപുത്രനെന്ന നിലയിൽ വരുന്ന ബഹളങ്ങളെയും വിമർശനങ്ങളെയും അവഗണിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതൊരു റെഡ് കാർപെറ്റ് ആയിരുന്നില്ല. ഞാൻ വീഴുന്നത് കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.

എങ്കിലും സിനിമാകുടുംബത്തിൽ ജനിച്ചതിന്റെ ഒരു വലിയ നേട്ടമെന്നത് ആദ്യത്തെ അവസരം വേഗത്തിൽ ലഭിക്കുമെന്നതാണെന്ന് തുഷാർ സമ്മതിക്കുന്നു. “ഒരു അഗ്‌നിപഥം പോലെയാണ് അത്. സിനിമാകുടുംബത്തിൽ നിന്നെത്തുമ്പോൾ ആദ്യ സിനിമ ലഭിക്കുന്നത് കുറച്ചുകൂടി എളുപ്പമാണ്. ആദ്യ ബ്രേക്ക് ലഭിക്കും. എന്നാൽ ആ സിനിമ പൂർത്തിയാക്കുന്നതും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതും അത് വിജയിക്കുന്നതുമൊന്നും നമ്മുടെ കൈയിലല്ല,” തുഷാർ വ്യക്തമാക്കി.

ആദ്യ സിനിമ ലഭിക്കുന്നതിലെ ഈ സൗകര്യം മാത്രമാണ് താരപുത്രന്മാർക്ക് ലഭിക്കുന്ന പ്രധാന നേട്ടമെന്നും അതിനൊപ്പം നിരവധി വെല്ലുവിളികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നടൻ ജിതേന്ദ്രയുടെയും ശോഭ കപൂറിന്റെയും മകനായ തുഷാർ 2001ൽ പുറത്തിറങ്ങിയ Mujhe Kucch Kehna Hai എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കരീന കപൂറായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും 2006ൽ പുറത്തിറങ്ങിയ Golmaal ആണ് തുഷാറിന്റെ കരിയറിൽ നിർണായകമായ വഴിത്തിരിവായത്. ചിത്രത്തിലെ നിശബ്ദ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട് Golmaal ഫ്രാഞ്ചൈസിയുടെ ഭാഗമായി അദ്ദേഹം ശ്രദ്ധേയനായി. ഇപ്പോൾ Golmaal 5ന്റെ തിരക്കിലാണ് താരം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi