
തെയ്യത്താളമുള്ള നാടാണ് വടക്കേ മലബാര്‍. ക്ഷേത്രങ്ങളിലും കാവുകളിലും ദൈവമുറഞ്ഞാടുന്ന കാലമാണിത്. തീചാമുണ്ഡിയും മുച്ചിലോട്ട് ഭഗവതിയും കതിവനൂര്‍ വീരനുമെല്ലാം വാദ്യമേളങ്ങളുടെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ നാട്ടുമണ്ണിലിറങ്ങി, ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന നാളുകള്‍! തെയ്യങ്ങളുടെ എണ്ണമെടുത്താല്‍, അഞ്ഞൂറിലധികമെന്നാകും ഉത്തരം. പക്ഷേ, കെട്ടിയാടുന്ന തെയ്യങ്ങളുടെ എണ്ണം നൂറോളം വരും. അമ്മത്തെയ്യങ്ങളാണ് ഭൂരിഭാഗവും. ഈ തെയ്യവേഷങ്ങളണിഞ്ഞ് എത്തുന്നതാകട്ടെ, പുരുഷന്മാരും. ഇതില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍മാത്രം കെട്ടിയാടുന്ന ഒരു തെയ്യമുണ്ട് ഉത്തരകേരളത്തില്‍. കണ്ണൂരിലെ പഴയങ്ങാടിയിലുള്ള ചെറുകുന്ന് തെക്കുമ്പാട് കൂലോം തായക്കാവ് ക്ഷേത്രത്തില്‍ അരങ്ങേറുന്ന ദേവക്കൂത്ത്.
പല തലമുറകളില്‍പ്പെട്ട സ്ത്രീകള്‍ കെട്ടിയാടിവന്ന തെയ്യം ഇപ്പോളവതരിപ്പിക്കുന്നത് അംബുജാക്ഷിയാണ്. ആദ്യമായി തെയ്യവേഷമണിഞ്ഞ സ്ത്രീയുടെ പേര് ചിരുത. ഏറ്റവും കൂടുതല്‍ തവണ ദേവക്കൂത്താടിയതും ചിരുതയാണ്. അതിനുശേഷം ഏറ്റവും കൂടുതല്‍ കാലം ഈ തെയ്യമവതരിപ്പിച്ചത് ലക്ഷ്മിയമ്മയാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന ഈ തെയ്യം പതിന്നാലുവര്‍ഷത്തിനിടയില്‍ ഏഴുതവണയാണ് ലക്ഷ്മിയമ്മ കെട്ടിയാടിയത്. ലക്ഷ്മിയമ്മയ്ക്കിപ്പോള്‍ വയസ്സ് എഴുപത്തിരണ്ട് കഴിഞ്ഞു. ദേവക്കൂത്തവതരിപ്പിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന, ഏറ്റവും പ്രായമുള്ള സ്ത്രീയും ലക്ഷ്മിയമ്മതന്നെ. 2010-ല്‍ ലക്ഷ്മിയമ്മ തെയ്യവേഷമഴിച്ചപ്പോള്‍ ബന്ധു അംബുജാക്ഷി പിന്തുടര്‍ച്ചാവകാശിയായി. പോസ്റ്റോഫീസ് ജീവനക്കാരിയായ അംബുജാക്ഷി 2012-ല്‍ ആണ് ആദ്യമായി ദേവക്കൂത്തവതരിപ്പിക്കുന്നത്. ഇതുവരെ ആറുതവണ അവര്‍ തെയ്യമാടി.

ലക്ഷ്മിയമ്മയുടെ ഭര്‍ത്താവ് കാട്ടൂപ്പറമ്പ് കേളുപ്പണിക്കരും അംബുജാക്ഷിയുടെ ഭര്‍ത്താവ് കണ്ണന്‍ പണിക്കരും നാട്ടിലെ അറിയപ്പെടുന്ന തെയ്യക്കലാകാരന്മാരാണ്. അംബുജാക്ഷിയുടെ മകനും അതേ വഴിയിലുണ്ട്. തെയ്യവേഷം കെട്ടാനുള്ള നിയോഗം തനിക്ക് വന്നുചേര്‍ന്ന കഥപറഞ്ഞ് ലക്ഷ്മിയമ്മ സംസാരം തുടങ്ങി.
അവിചാരിതമായി കിട്ടിയ വേഷം
ലക്ഷ്മിയമ്മ: നാല്പത്തിയെട്ടാമത്തെ വയസ്സിലാണ് ഞാനാദ്യമായി തെയ്യം കെട്ടുന്നത്. പണ്ട് ഒന്നാംഅവകാശികള്‍ക്കാണ് ദേവക്കൂത്ത് തെയ്യം കെട്ടാന്‍ അവകാശമുണ്ടായിരുന്നത്. ഞങ്ങള്‍ രണ്ടാംഅവകാശികളായിരുന്നു. അങ്ങനെ, ഒരിക്കല്‍ എന്തോ കാരണത്താല്‍, ഒന്നാംഅവകാശിക്ക് ക്ഷേത്രത്തിലെത്താന്‍ സാധിച്ചില്ല. അന്നേരം എന്റെ ഭര്‍ത്താവും ക്ഷേത്രത്തിലുണ്ട്. കൂടിയാലോചനകള്‍ക്കുശേഷം രണ്ടാംഅവകാശി തെയ്യം കെട്ടട്ടെയെന്ന് ക്ഷേത്രാധികൃതര്‍ തീരുമാനിച്ചു.
ഭര്‍ത്താവ് വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍, ഞാനാകെ വിഷമിച്ചു. മത്സ്യമാംസാദികളുപേക്ഷിച്ച്, ശരീരശുദ്ധിയോടെ, നാല്പത്തിയൊന്നുദിവസം വ്രതമെടുക്കണം. അതിനുമുന്‍പ് ഒരിക്കലും ഞാന്‍ ദേവക്കൂത്ത് കണ്ടിട്ടില്ല. ഇന്നത്തെപ്പോലെ റോഡൊന്നും അന്നില്ലല്ലോ. വഞ്ചിയില്‍ കയറി കുറെ ദൂരം സഞ്ചരിച്ചാലാണ് അക്കരെയെത്തുക. കുട്ടികളുള്ളതുകൊണ്ട് തെയ്യം കാണാന്‍ പോകുന്നതിനെപ്പറ്റി ചിന്തിക്കാനാവില്ലായിരുന്നു. വേഷമണിയാമെന്ന് സമ്മതിച്ചെങ്കിലും മുദ്രകളോ ശ്ലോകങ്ങളോ ഒന്നും അറിയുകയുമില്ല. ഇനി പിന്മാറാന്‍ പറ്റില്ല. രണ്ടും കല്പിച്ച് തെയ്യം കെട്ടാന്‍ തീരുമാനിച്ചു. ഭര്‍ത്താവ് മുദ്രകളും ശ്ലോകങ്ങളും പഠിപ്പിച്ചുതന്നു. പാടാന്‍ എനിക്കിഷ്ടമായിരുന്നു. ഒരിക്കല്‍ കോഴിക്കോട് ആകാശവാണിയില്‍ തോറ്റംപാട്ടും കോതാമൂരിപ്പാട്ടുമെല്ലാം പാടിയിട്ടുണ്ട്. അങ്ങനെ, എല്ലാം കൃത്യമായി മനസ്സിലാക്കി. തെറ്റുമോയെന്നായിരുന്നു പേടി. പക്ഷേ, നന്നായി അവതരിപ്പിക്കാന്‍ പറ്റി. പിന്നീടിങ്ങോട്ട് പൂര്‍ണതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് തെയ്യം കെട്ടിയത്.

എനിക്കുമുന്‍പ് തെയ്യം കെട്ടിയ സ്ത്രീകളെല്ലാം പലതരം അസുഖങ്ങളാല്‍, വല്ലാതെ ബുദ്ധിമുട്ടിയവരായിരുന്നു. ചിരുതയ്ക്ക് വയ്യാതായപ്പോള്‍, അവരുടെ മകന്റെ ഭാര്യയായ നളിനിയാണ് വേഷമണിഞ്ഞത്. പേടിയും അസുഖങ്ങളും കാരണം നളിനിക്ക് അധികകാലം തെയ്യമാടാന്‍ പറ്റിയില്ല. പിന്നീട്, നളിനിയുടെ മകള്‍ മാണി വന്നു. അസുഖങ്ങളാല്‍, അവരും കുറച്ചുകാലമേ കെട്ടിയുള്ളൂ. അവസാനവര്‍ഷം തെയ്യമാടുന്നതിനിടയില്‍ എനിക്ക് കാലിന് കടുത്ത വേദനയുണ്ടായി. ആരോഗ്യത്തോടെയും സംതൃപ്തിയോടെയും ചെയ്യേണ്ട ഒന്നായതുകൊണ്ട്, ഇനി തെയ്യം കെട്ടേണ്ടയെന്ന് സ്വയം തീരുമാനിച്ചു. ഇനി, ആര് തെയ്യം കെട്ടും? പിന്തുടര്‍ച്ചാവകാശിയെ കണ്ടെത്തണം. ബന്ധത്തിലുള്ള പല സ്ത്രീകളോടും അഭ്യര്‍ഥിച്ചു. ആരും തയ്യാറായില്ല. അവസാനമാണ് അംബുജാക്ഷിയോട് ചോദിക്കുന്നത്. ഞാന്‍ കൂടെനില്‍ക്കുകയാണേല്‍, കെട്ടാന്‍ തയ്യാറാണെന്നാണ് അവള്‍ പറഞ്ഞത്.
ലക്ഷ്മിയമ്മ ദേവക്കൂത്തവതരിപ്പിക്കുന്നത് ഞാന്‍ ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.
അംബുജാക്ഷി: അന്‍പത്തൊന്നാംവയസ്സിലാണ് ഞാന്‍ തെയ്യം കെട്ടുന്നത്. തെയ്യ പാരമ്പര്യമുള്ള വീട്ടിലാണ് ജനിച്ചത്. അച്ഛനും സഹോദരങ്ങളുമെല്ലാം തെയ്യം കെട്ടുന്നവരാണ്. ലക്ഷ്മിയമ്മ ദേവക്കൂത്തവതരിപ്പിക്കുന്നത് ഞാന്‍ ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ. ബാക്കിയെല്ലാവരും കാണാന്‍ പോകുമ്പോഴും ഞാന്‍ വീട്ടില്‍ത്തന്നെ കഴിയുകയാണ് പതിവ്. ഭര്‍ത്താവിന്റെ അമ്മയെ നോക്കലും മറ്റ് കാര്യങ്ങളുമായി എപ്പോഴും തിരക്കിലായിരിക്കും. ലക്ഷ്മിയമ്മ വന്നുപറഞ്ഞപ്പോള്‍, ആദ്യം എനിക്കും നല്ല പേടിയുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം ചില തെയ്യങ്ങള്‍ കാണാന്‍ പോയിട്ടുണ്ടെന്നല്ലാതെ, മറ്റ് കാര്യങ്ങളൊന്നുമറിയില്ല. ''നീ തെയ്യം കെട്ടണം, ലക്ഷ്മിയമ്മയ്ക്ക് വയ്യാതായില്ലേ?'' എന്ന് അദ്ദേഹവും പറഞ്ഞു. അവര്‍ രണ്ടുപേരും കൂടെയുണ്ടായിരുന്നതുകൊണ്ട് തെയ്യം കെട്ടാമെന്ന് ഞാനും തീരുമാനിച്ചു. വരുംവരായ്കകളെപ്പറ്റിയൊന്നും അന്നേരം ആലോചിച്ചില്ല.
ലക്ഷ്മിയമ്മ: ചെറിയ പേടിയുണ്ടായിരുന്നെങ്കിലും നന്നായിത്തന്നെയാണ് ഇവള്‍ ചെയ്തത്. അന്നത്തെ പേടിയൊന്നും ഇപ്പോഴില്ല. ഞാന്‍ തെയ്യം കെട്ടുന്ന കാലത്ത് എങ്ങനെയാണ് ഇത് കളിക്കേണ്ടത്, ഒരുക്കമെങ്ങനെയാണ് എന്നൊന്നുമറിയില്ലല്ലോ. ദേവക്കൂത്തുണ്ടെന്ന കാര്യം മാത്രമേ അറിയൂ. പണ്ട് ഇന്നത്തെപ്പോലുള്ള ആടയാഭരണങ്ങളോ വേഷങ്ങളോ ഇല്ല. ചെറിയൊരു ചടങ്ങായിട്ടാണ് ഈ തെയ്യമവതരിപ്പിച്ചിരുന്നത്. തെയ്യം കെട്ടാന്‍ തുടങ്ങിയതിനുശേഷം നാട്ടുകാരില്‍നിന്ന് ലഭിക്കുന്ന ആദരവും തെയ്യത്തെപ്പറ്റി അറിയാന്‍ വിദ്യാര്‍ഥികള്‍ തന്നെ സമീപിക്കുന്നതിന്റെ സന്തോഷവും പങ്കുവയ്ക്കാന്‍ മറന്നില്ല, അംബുജാക്ഷി.
അംബുജാക്ഷി: മുന്‍പ് നാട്ടിലെ സാധാരണക്കാരില്‍ ഒരാളായിരുന്നു ഞാന്‍. ഇപ്പോള്‍ എല്ലാവരും സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് കാണുന്നത്. ചിലര്‍ ഭക്തിയോടെ വണങ്ങും. വേറൊരു സംഭവമുണ്ടായി. ഒരുദിവസം ഗള്‍ഫില്‍നിന്ന് ഒരാളെന്നെ വിളിച്ചു. കോഴിക്കോട്ടുകാരനാണ്. അവിടെ ഒരമ്പലത്തില്‍ തെയ്യം നടത്താറുണ്ട്. തെയ്യം കെട്ടുന്നത് പുരുഷന്മാരാണ്. അവിടെ വന്ന് തെയ്യം അവതരിപ്പിക്കാമോ എന്ന് അയാള്‍ ചോദിച്ചു. പൈസ എത്ര വേണമെങ്കിലും തരാമെന്നും പറഞ്ഞു. അതെങ്ങനെ ശരിയാകും? എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും ചെയ്യേണ്ട ഒന്നല്ലേ അത്. ഇവിടത്തെ ക്ഷേത്രത്തിലല്ലാതെ മറ്റെവിടെയും പോയി ചെയ്യേണ്ട ഒന്നല്ല. മറ്റൊരു ക്ഷേത്രത്തില്‍ പോയവതരിപ്പിച്ചാല്‍, ദേവിയുടെ മഹത്ത്വം നഷ്ടമാകുമെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ഈയിടെയായി ധാരാളം വിദ്യാര്‍ഥികള്‍ തെയ്യത്തെപ്പറ്റി അറിയാന്‍ ഇവിടെ വരാറുണ്ട്. ചില കോളേജുകളില്‍ പോയിസംസാരിക്കാനും അവസരമുണ്ടായി. വരുംവര്‍ഷങ്ങളിലും തെയ്യം കെട്ടാനുള്ള ആരോഗ്യമുണ്ടാകണേ എന്നുമാത്രമാണ് പ്രാര്‍ഥന.
Content Highlights: Life story of theyyam performers Lekshmi Amma and Ambujakshi
Published: 22 May 2023, 06:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented