മലബാറുകാര്‍ക്ക് തെയ്യമെന്നാല്‍ വീട്ടുമുറ്റത്തെ ഉത്സവമാണെങ്കില്‍ കൊച്ചിക്കാരനായ എനിക്ക് മനുഷ്യരൂപമാര്‍ന്ന ദൈവകരുക്കളെ ദര്‍ശിക്കാനുള്ള തീര്‍ത്ഥയാത്രയാണ്. ''എന്റെയും നിന്റെയും ചോരയുടെ നിറം ഒന്നാണ്, ദൈവസന്നിധിയില്‍ ചെന്നാല്‍ നാമെല്ലാം ഒന്നല്ലെ, പിന്നെന്തിനീ തീണ്ടല്‍?''എന്ന് വിളിച്ചോതി കേരളീയ സാമൂഹ്യ വ്യവസ്ഥിതിയുടെ ഉച്ചനീചത്വ മനഃസ്ഥിതിയിലേക്ക് ഇടിത്തീപോലെ വെട്ടിയിറങ്ങിയ ഒരു കീഴ്ജാതിക്കാരന്റെ ചങ്കുറ്റത്തിന്റെ മൂര്‍ത്തരൂപമാണ് പൊട്ടന്‍ തെയ്യം. ഇടനാമ്പ് പൊട്ടി, പച്ചപുതച്ചു നില്‍ക്കുന്ന കരനെല്‍പ്പാടത്തിനിടയിലൂടെ വിസ്തൃതമായ കാസര്‍ഗോഡന്‍ ഭൂപ്രകൃതി ആസ്വദിച്ച് ഞാന്‍ നീലേശ്വരം, ശ്രീ ഒഴിഞ്ഞവളപ്പ് കാവിലെത്തി. കൊച്ചിയില്‍നിന്നും തെയ്യം കാണാനായി വന്നതെന്ന് അറിഞ്ഞപ്പോള്‍ തറവാട്ടംഗങ്ങള്‍ അദ്ഭുതത്തോടെ അവലും മലരും ശര്‍ക്കരയും ഞാലിപ്പൂവന്‍ പഴവും ചായയും തന്ന് സത്കരിച്ച് ഇരുത്തി. കോലധാരികള്‍ ആറുമണിയോടുകൂടി എത്തുമെന്ന് അറിയിച്ചു.
പൊട്ടന്‍തെയ്യത്തിന്റെ പള്ളിയറ 'മാടം' അല്ലെങ്കില്‍ 'മാടം സര്‍വ്വജ്ഞ പീഠം' എന്ന് അറിയപ്പെടുന്നു. കൃഷിയിടങ്ങളെയും നാടിനെയും കാത്തരുളുന്ന
അൂര്‍ത്തരൂപങ്ങളായ ദൈവസങ്കല്പങ്ങളെ തെയ്യാട്ട ദിനങ്ങളില്‍, തങ്ങളിലൊരുവനായ കോലധാരിയിലും, പണിയായുധത്തിലും ദര്‍ശിച്ചാരാധിക്കുന്ന അനുഷ്ഠാനമാണ് തെയ്യമെന്ന് പറയാം. സന്ധ്യയായി, ശുഭ്രവസ്ത്രധാരികളായ വ്രതമെടുത്തിരിക്കുന്ന തറവാട്ടംഗങ്ങള്‍ പള്ളിയറകളില്‍ നിന്നും തെയ്യങ്ങളുടെ അയുധങ്ങള്‍ ഒരോന്നായി പുറത്തെടുത്ത് നടുത്തളത്തില്‍ വെച്ചു. ഇതിനും ഒരു ഐതിഹ്യം കല്‍പ്പിച്ചുവരുന്നു. നീലേശ്വരം കുറുമ്പാട്ട് കുറുപ്പ് തറവാട്ടിലെ പെണ്‍കുട്ടിയെ കണ്ണന്‍ എന്ന കാലിച്ചെറുക്കന്‍ പ്രണയിക്കുകയും ഇതറിഞ്ഞ കുറുപ്പ് അവനെ വകവരുത്താന്‍ തിരുമാനിക്കുകയും ചെയ്തു. കാര്യമറിഞ്ഞ കണ്ണന്‍ ജീവഭയത്താല്‍ മംഗലാപുരത്തേക്ക് നാടുവിട്ടു. അവിടെവെച്ച് പരദേവതയായ വിഷ്ണുമൂര്‍ത്തിയുടെ ദര്‍ശനം ലഭിച്ച കണ്ണന്‍ തിരികെ നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ അവന് അഭയം നല്‍കിയത് മൂലപ്പള്ളി കൊല്ലംകൊട്ടില്‍ തറവാട്ടിലെ കൊല്ലന്മാരാണത്രെ. അങ്ങനെ നീലേശ്വരം ഭാഗത്തെ തെയ്യാട്ടക്കാവുകളിലും തറവാടുകളിലും ആയുധം നിര്‍മിക്കാനുള്ള അവകാശം ഇവര്‍ക്ക് ലഭിച്ചു. തെയ്യാട്ടവുമായി ബന്ധപ്പെട്ട ഓരോ പ്രവര്‍ത്തിയും പ്രദേശത്തെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോരാട്ടത്തിന്റെ കഥയുമായാണ് ബന്ധപ്പെട്ടുകിടക്കുന്നു.
രാത്രി എട്ടുമണിയോടെ 'തിടങ്ങല്‍' ചടങ്ങ് അരംഭിച്ചു, തെയ്യം തുടങ്ങുന്നതിന് ഔപചാരികമായ അനുവാദം നല്‍കുന്നതാണ് തിടങ്ങല്‍. പൊട്ടന്‍തെയ്യത്തെ തെയ്യാട്ടക്കാവിലേക്ക് വിളിച്ചുവരുത്തുന്ന 'വരവിളിക്ക്' ശേഷം പത്ത് മണിയോടെ തോറ്റം പാട്ട് ആരംഭിച്ചു. മറ്റ് തെയ്യങ്ങള്‍ക്ക് ''പൊലിക..പൊലിക ദൈവമെ'' എന്ന് തുടങ്ങുമ്പോള്‍ പൊട്ടന്‍ തോറ്റം തുടങ്ങുന്നത് ''വാഴുക വാഴുക ജനമെ'' എന്നാണ്. തോറ്റം തുടങ്ങിയതിന് പിന്നാലെ കൂട്ടിവെച്ച മേലേരിക്ക് തീകൊടുത്തു. കോലധാരി വിനീത് പണിക്കരും സംഘവും പൊട്ടന്‍ തെയ്യത്തിന്റെ നടയില്‍ രണ്ട് സംഘമായി ഇരുന്നാണ് തോറ്റം പാടുന്നത്.
കൂട്ടിവെച്ച മേലേരി കത്തി കനലായി കഴിഞ്ഞു, ഇനിയാണ് പൊട്ടന്‍തെയ്യത്തിന്റെ പുറപ്പാട്. കുരുത്തോല ചീന്തിയെടുത്ത് ഈര്‍ക്കില്‍ കളഞ്ഞ് അഗ്രംമുറിച്ച് ഭംഗിയില്‍ കോലധാരിയുടെ അരയ്ക്ക് കെട്ടുകയാണ്. ഇതിനെ 'ഒലിയുടുപ്പ്' എന്നാണ് പറയുന്നത്. തലയില്‍ മറ്റു തെയ്യങ്ങള്‍ക്കുള്ളപോലുള്ള 'മുടി' എന്നറിയപ്പെടുന്ന കിരീടമല്ല പകരം കുരുത്തോല കൊണ്ടുള്ള കെട്ടാണുള്ളത്, ഇതിനെ 'തല ഒലി' എന്നും 'കൊയ്യോല' എന്നും പറയുന്നു. ചെവികള്‍ക്ക് ഓലകൊണ്ടുള്ള പൊയ്ക്കാതും വെച്ചു കെട്ടി. പൊട്ടന്‍തെയ്യത്തിന് വിശദമായ മുഖത്തെഴുത്തിന് പകരം മുഖപ്പാളയാണ് ധരിക്കുന്നത്. കഴുത്തില്‍ 'ചെക്കിപ്പൂ' കൊണ്ടുള്ള മാലയും അരയില്‍ മുരിക്ക് കൊണ്ടുള്ള അരവളയും, ചൂരല്‍വളയത്തിന് ചുവന്നപട്ട് പൊതിഞ്ഞ് അതിന് മീതെ കവടിപിടിപ്പിച്ച 'വിരുത്' എന്നറിയപ്പെടുന്ന ചമയവും ധരിപ്പിച്ചു.
കൈത്തണ്ടയില്‍ കുരുത്തോലകൊണ്ട് ഭംഗിയായി നിര്‍മിച്ചിരിക്കുന്ന ആവരണത്തിന് 'നഖം' എന്നാണ് പറയുന്നത്, ചെക്കിപ്പൂകൊണ്ടുള്ള കൈവളയും കാലില്‍ 'വെള്ളോട്ട് ചിലമ്പും' ധരിപ്പിച്ചതോടുകൂതി പൊട്ടന്‍തെയ്യം പുറപ്പാടിന് തയ്യാറായി. പിന്നണിയിലെ തോറ്റത്തിന്റെ അകമ്പടിയില്‍ ചെണ്ടമേളത്തിന്റെ താളത്തില്‍ എതാനും ചുവടുകള്‍ വെച്ച ശേഷം കോലധാരി പത്മാസനത്തില്‍ ഇരുന്നു 'മുഖപൂജ' അരംഭിച്ചു. എതാനും നേരം നീണ്ടുനിന്ന ആട്ടത്തിന് ശേഷം പുലമാരുതന്‍ തിരിച്ച് പള്ളിയറയുടെ നടയില്‍ ചെന്ന് വീണ്ടും പത്മാസനത്തില്‍ ഇരുന്ന് മുഖപാളയഴിച്ചു. തുടര്‍ന്ന് പൊട്ടന്‍തെയ്യം എന്ന് ഖ്യാതിപൂണ്ട പുലപ്പൊട്ടന്റെ മുഖപുജ ആരംഭിച്ചു. പിന്നണിയില്‍ തോറ്റം ഉചസ്ഥായിയിലെത്തി.
അരിയിട്ടുറിയിട്ട് പൊട്ടന്റെ ആയുധമായ ഇരുമ്പ് വളയങ്ങള്‍ ഘടിപ്പിച്ച കിങ്ങിണിക്കത്തിയും, കുരുത്തോലകൊണ്ട് അലംകൃതമായ മാടികോലുമേന്തിയതോടെ മനുഷ്യജന്മമായ കോലധാരി പോട്ടന്‍തെയ്യമായി, ഉറഞ്ഞാടിത്തുടങ്ങി. കനലിന്റെ ചൂടും ബ്രാഹ്മമുഹൂര്‍ത്തതിന്റെ തണുപ്പും, പൊട്ടന്‍തെയ്യത്തിന്റെ മാന്ത്രികച്ചുവടുകളുമെല്ലാം ഒത്തുചേര്‍ന്നതോടെ കാവും പരിസരവും അവര്‍ണ്ണനീയമായ അനുഭൂതിയിലേക്കുയര്‍ന്നു. പൊട്ടന്‍തെയ്യാട്ടം അതിന്റെ പാരമ്യത്തിലെത്തി. ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി പുലപ്പൊട്ടന്‍ എരിയുന്ന കനലിലേക്ക് കിടന്നത് പൊടുന്നനെയാണ്, സഹായികള്‍ വലിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ''കുളിരണ്, കുളിരണ്...വല്ലാതെ കുളിരണ്'' എന്നുപറഞ്ഞ് കത്തുന്ന കനലില്‍ കിടന്നതേയുള്ളു. നിരവധി തവണ ഇതാവര്‍ത്തിച്ചു. കനലില്‍ക്കിടന്ന് തെയ്യം ജനങ്ങള്‍ക്കും, തറവാട്ടംഗങ്ങള്‍ക്കും അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു. ജനപഥത്തില്‍ നിന്നുയര്‍ന്നുവന്ന് ജാതിവ്യവസ്ഥയെ ചോദ്യം ചെയത് ദൈവരൂപമായി മാറിയ പൊട്ടന്‍തെയ്യം എന്റെ മനസ് കീഴടക്കിയിരുന്നു.
''നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ
നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ
പെരിയോന്റെ കോയിക്കല്‍ എല്ലാരും ചെന്നാല്‍
അവിടേക്ക് നുങ്കളും നാങ്കളുമൊക്കും
പിന്നെന്തിനി ചൊവറ് കുലം പിശക്ന്ന''
കനല്‍ശോഭയാല്‍ തിളങ്ങിനിന്ന കാവും, തറവാട്ട് വളപ്പും വിട്ട് ഞാന്‍ അടുത്ത തീവണ്ടി പിടിക്കാനായി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടക്കുമ്പോഴും മനസ്സില്‍ തോറ്റം ഉയരുകയായിരുന്നു.
Content Highlights: the rituals associated with pottan theyyam in malabar
Published: 17 May 2025, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented