
പാവൂര്‍ കോടി തറവാട്ടില്‍ മരിച്ച ചിലരുടെ ആത്മാക്കള്‍ മോക്ഷമില്ലാതെ അലയുന്നുവെന്ന് പഞ്ചുരുളിയുടെ അരുളപ്പാടുണ്ടാായി. താംബൂലപ്രശ്‌നത്തില്‍ ഭൂതക്കോലം പറഞ്ഞത് ശരിയാണെന്ന് പ്രശ്‌നക്കാരനും വിധിച്ചു. പഞ്ചുരുളിയുടെ കൈവശം ആത്മാക്കളുണ്ടത്രേ, അവയെ കുടിയിരുത്തണം. കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകണം. അതിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോത്രസംസ്‌കാരത്തിന്റെ പാരമ്പര്യം പേറുന്ന ഭൂതക്കോലങ്ങള്‍ പഞ്ചുരുളിയും കല്ലുരുട്ടിയും ഗുളികനുമെല്ലാമായി തുളുനാടിന്റെ മായികപ്രപഞ്ചത്തില്‍ ഒളിമങ്ങാതെ ഇന്നും കെട്ടിയാടുന്നു. ഭൂതക്കോലം കെട്ടിയാടുന്ന നിമിഷത്തില്‍ യഥാര്‍ഥ ദൈവാത്മാവ് കോലധാരിയിലേക്ക് ആവാഹിക്കപ്പെടുമെന്നും അപ്പോള്‍ അവര്‍ക്ക് ഭാവി പ്രവചിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. പാരി (തോറ്റം) ഉയരുമ്പോള്‍ ദേവരും ഞാനേ... ദൈവവും ഞാനേ... എന്ന് കല്പിച്ച് പഞ്ചുരുളി ദേശക്കാര്‍ക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയുന്നു. ''ഞാന്‍ ക്ഷമിച്ചേക്കും. പക്ഷേ, എനിക്ക് പിന്നാലെയെത്തുന്ന ഗുളികന്‍ ക്ഷമിക്കണമെന്നില്ല''- കാന്താര സിനിമയിലെ പഞ്ചുരുളിയുടെ ഈ വാക്കുകള്‍ മനസ്സില്‍ മായാതെ കിടന്നു. മിത്തുകളും ഐതിഹ്യങ്ങളും ഉറങ്ങുന്ന തുളുദേശത്ത് നാഗദേവത്തറകള്‍ ഇല്ലാത്ത വീടുകള്‍ കുറവാണ്.

തുളുനാട്ടിലെ നല്‍ക്കതായ സമുദായത്തില്‍പ്പെടുന്ന മരിക്കാപ്പു അയിത്തപ്പ മൂന്നുപതിറ്റാണ്ടായി പഞ്ചുരുളിക്കോലം കെട്ടിയാടുന്നു. കഴിഞ്ഞതവണ ഭണ്ഡാരി കുടുംബത്തില്‍ കെട്ടിയാടിയ പഞ്ചുരുളിക്കോലം പറഞ്ഞ ആത്മാക്കളുടെ കഥ മനസ്സിലെത്തി. അക്കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു. പഞ്ചുരുളിയായി മാറുമ്പോള്‍ ഉറയുന്ന രണ്ടുവരി തോറ്റം തുളുവില്‍ ചൊല്ലാമോയെന്ന് ചോദിച്ചു. തോറ്റം മനസ്സില്‍ ഉരുവംകൊള്ളുന്നതാണെന്നും കോലധാരിയാകുന്നതിനുമുന്‍പേ വരുന്നതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇരുട്ടിന് കനംവെച്ചുതുടങ്ങി, തുളുനാടന്‍ മണ്ണില്‍നിന്ന് തണുത്തകാറ്റ് വീശിയെത്തി. ദേവസ്ഥാനത്തിന് അഭിമുഖമായി നിശ്ചേഷ്ടനായി അയിത്തപ്പ ഇരുന്നു. ആ മുഖത്ത് ഭാവഭേദങ്ങള്‍ മിന്നിമറഞ്ഞു. ദേവതകളെ മനസ്സിലേക്ക് ആവാഹിക്കുന്നതായിരിക്കുമോ? പതിഞ്ഞ താളത്തില്‍ നാഗസ്വരവും വാദ്യവും ഉയര്‍ന്നു. ഭണ്ഡാരി തറവാട്ടംഗങ്ങള്‍ ദേവസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. അവര്‍ ആകുലതകളും വ്യാകുലതകളും പഞ്ചുരുളിയോട് പറയും. ദൈവം അവര്‍ക്ക് പ്രതിവിധി കല്പിച്ചുനല്‍കും. തുളുനാട്ടില്‍ ഇപ്പോഴും മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ബിര്‍മന ഭണ്ഡാരിയുടെ കാലശേഷം പാവൂര്‍ ഭണ്ഡാരി തറവാട്ടില്‍ കേശവ ഭണ്ഡാരിയും മേധന ഭണ്ഡാരിയുമാണ് മുതിര്‍ന്ന കാരണവന്മാര്‍.
പഞ്ചുരുളിയുടെ മുഖത്തെഴുത്തിനുള്ള സമയമായി. ദേവസ്ഥാനത്തിനുചുറ്റും പ്രാര്‍ഥനയോടെ ഏവരും കൈകൂപ്പിനിന്നു. നാഗസ്വരത്തിനൊപ്പം തുളുനാടന്‍ വാദ്യോപകരണമായ താസെയും ഡോളവും ശബ്ദമുഖരിതമായി. പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങി വന്യമായ താളമുയര്‍ന്നപ്പോള്‍ കിരീടമണിഞ്ഞ് മുഖത്ത് ചായംപൂശി കുരുത്തോലകൊണ്ട് കാല്‍പ്പാദങ്ങള്‍ക്കുമീതേ വേഷം ചമച്ച് പഞ്ചുരുളി വരവായി. ആദ്യം ദേവസ്ഥാനത്തിനുചുറ്റും വലംവെച്ചു. ഭണ്ഡാരികുടുംബത്തിലെ മൂത്ത കാരണവര്‍ അരിയും ദക്ഷിണയും നല്‍കി. ദക്ഷിണ ഏറ്റുവാങ്ങിയശേഷം ദേവസ്ഥാനത്തിനുമുന്‍പില്‍ പ്രാര്‍ഥിച്ചു. ദേശത്തെ എല്ലാ ദൈവങ്ങളെയും പ്രാര്‍ഥിച്ചു. തുളുനാട്ടിലെ പതിനാറ് ജാതിവിഭാഗത്തില്‍പ്പെടുന്നവരെയും വണങ്ങി. കോലം കെട്ടിയാടാന്‍ അനുവാദം ചോദിച്ചു. പതിഞ്ഞ താളത്തില്‍ തുടങ്ങിയ വാദ്യഘോഷങ്ങള്‍ പൊടുന്നനെ ദ്രുതതാളം കൈവരിച്ചു.

മലയിറങ്ങി വന്ന ദൈവം
തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍ ഇന്ന് അനായാസം ലഭ്യമാകുമെങ്കിലും ഭൂതക്കോലങ്ങളുടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. തുളുഭാഷയിലാണ് ഭൂതത്തോറ്റങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കോലം ആടിക്കഴിഞ്ഞ് അവസാനം മൊഴിയുന്ന ഭാഷയും തുളുവിലാണ്. നാടും കാടും അതിരുതീര്‍ക്കാതിരുന്ന കാലത്ത് മഴയെയും ഇടിമിന്നലിനെയും വരെ ആരാധിച്ചിരുന്ന മനുഷ്യര്‍, വന്യമൃഗങ്ങള്‍ക്കും അതേസ്ഥാനം കല്പിച്ചുപോന്നിരുന്നു. പുലിയും നരിയും നാഗവും പന്നിയുമെല്ലാം അവിടെ തെയ്യക്കോലങ്ങളായി അവതരിച്ചു. തുളുനാട്ടിലും കാസര്‍കോടിന്റെ ചില പ്രദേശങ്ങളിലുമാണ് പഞ്ചുരുളി കെട്ടിയാടാറ്. കുപ്പേ പഞ്ചുരുളി, അണ്ണപ്പ പഞ്ചുരുളി, വര്‍ണാറ പഞ്ചുരുളി, മലാറ പഞ്ചുരുളി എന്നീ കോലങ്ങളാണുള്ളത്.

വന്യമായ താളത്തില്‍ നാഗസ്വരമുയര്‍ന്നു. താസെയുടെ ശബ്ദം നടുക്കുമാറുയര്‍ന്നു. പഞ്ചുരുളി ഇരുകൈകളിലും തീനാളങ്ങള്‍ ഏറ്റുവാങ്ങി, അലറിവിളിച്ച് നാഗത്തറയിലെത്തി തൊഴുതു. പഞ്ചുരുളിയുടെ പിന്നാലെ കല്ലുരുട്ടിയെത്തി. ചേലചുറ്റി മുഖത്ത് ചായംതേച്ച് കല്ലുരുട്ടി ദേവസ്ഥാനത്തെ വലംവെച്ചു. ഉഗ്രരൂപിണിയാണ് കല്ലുരുട്ടി. അയിത്തപ്പയുടെ ഭാര്യാസഹോദരനാണ് കല്ലുരുട്ടിയായി വരുന്നത്. നാലുദിക്കുകളെയും വന്ദിച്ചു. വന്യമായ രീതിയില്‍ കല്ലുരുട്ടി പകര്‍ന്നാടി. പഞ്ചുരുളിയുടെ സഹോദരി വേഷത്തില്‍ ചിലപ്പോള്‍ എത്തുന്ന ഭൂതക്കോലമാണത്.
തോറ്റങ്ങളാല്‍ മുഖരിതമായ ആട്ടത്തിനൊടുവില്‍ വരാഹ (പന്നി) വേഷത്തില്‍ പഞ്ചുരുളിയും കല്ലുരുട്ടിയും ഒരുമിച്ചെത്തി. മനോഹരവും നിഗൂഢവുമായി പകര്‍ന്നാടുന്ന കോലങ്ങള്‍ മൂന്ന് ലോകങ്ങളുടെ കഥപറഞ്ഞു. കൃഷിഭൂമിയുടെ മണ്ഡലമായ ഗ്രാമ്യം. തരിശുഭൂമിയും വനങ്ങളും ഉള്‍പ്പെടുന്ന ജംഗലയും ആരണ്യവും. ആത്മാക്കളും ദൈവങ്ങളും വസിക്കുന്ന ഭൂതലോകം. ഈ മൂന്ന് ലോകങ്ങളും തമ്മിലുള്ള ധാര്‍മികമായ ബന്ധത്തെ വിവരിക്കുന്ന ഐതിഹ്യം തോറ്റമായുയര്‍ന്നു. പാടനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന പഴയ തുളുവിലെ പാരായണങ്ങളിലൂടെ ഓരോ കോലപ്രതിഷ്ഠയുടെയും ഉദ്ഭവവും ഐതിഹ്യവും എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ പഞ്ചുരുളി വിവരിച്ചുകൊണ്ടിരുന്നു.
ആടിയുറഞ്ഞെത്തുന്ന കോലങ്ങള്‍ കൈകൂപ്പിനിന്ന ഭക്തരിലേക്ക് ഇറങ്ങിച്ചെന്ന് അവരെ അനുഗ്രഹിക്കുന്നു. നേരം പുലരാന്‍ ഇനി നാഴികകള്‍ മാത്രം ബാക്കി. പഞ്ചുരുളിയും കല്ലുരുട്ടിയും ദേവസ്ഥാനത്തിന് മുന്നില്‍നിന്നു. അവരോട് ആകുലതകള്‍ ഓരോന്നായി പറയുന്ന കുടുംബാംഗങ്ങള്‍. പ്രതിവിധികള്‍ ഓരോന്നായി ദൈവം അവര്‍ക്ക് നല്‍കി.
രോഗവും മൃത്യുവും അസ്ഥിരമാക്കിയ ഭൗതികലോകത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന അദൃശ്യമായ ലോകത്തെ ദേവതകളത്രേ അവര്‍. തിരിച്ചുപോരാന്‍ സമയമായിരിക്കുന്നു. ഏവരെയും അനുഗ്രഹിക്കുകയായിരുന്നു കോലങ്ങള്‍. നിഗൂഢതനിറഞ്ഞ പഞ്ചുരുളിയിലെ ആചാരങ്ങളെക്കുറിച്ച് അന്നാട്ടുകാര്‍ക്കുപോലും കാര്യമായ അറിവില്ലായിരുന്നു. 'വേണ്ടത് മാത്രം എടുക്കുക' -അതു പറഞ്ഞ് ഞങ്ങളെ യാത്രയാക്കിയ പഞ്ചുരുളി, അയിത്തപ്പ എന്ന മനുഷ്യനായിരുന്നോ, അതോ തുളുനാട്ടിലെ മണ്ണിലുറഞ്ഞാടിയ ദൈവമോ?
Content Highlights: panchuruli, thettam, kerala art and culture
Published: 22 May 2023, 07:51 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented