ഇളംനിലാവും നേർത്ത വേനൽമഴയുടെ ഈറനും പടർന്ന രാവുകളിലാണ് തെക്കൻ കേരളത്തിലെ ഉത്സവപ്പറമ്പുകൾക്ക് മിഴിവേറുന്നത്. അമ്മദൈവങ്ങൾ വാഴുന്ന കോവിലുകളിൽ ദേവീ ഉപാസന ഉത്സവനാളുകളിൽ അനുഷ്ഠാനകലയുടെ രൂപമേന്തും. കേരളത്തിൽ കാളീപൂജ പ്രാചീന ഗോത്രസംസ്‌കാരത്തിന്റെ ഭാഗമാണ്. നിഗ്രഹാനുഗ്രഹശക്തിയായ കാളി. അതിവൃഷ്ടിയും മഹാരോഗങ്ങളും ഒഴിവാക്കാനും സമൃദ്ധിയും ഫലപുഷ്ടിയും വന്നുചേരാനും അമ്മദൈവങ്ങൾക്കുമുന്നിൽ കണ്ണീരണിഞ്ഞുപ്രാർഥിച്ച ആദിമർ. കൊറ്റവൈ എന്നൊരു സമരദേവത പോലുമുണ്ടായിരുന്നു അവർക്ക്.

To advertise here,

ദേവതാരാധനാപരമായ അനുഷ്ഠാനങ്ങളിൽ കലയ്ക്കും പ്രാധാന്യമുണ്ട്. ഭഗവതി, ദേവി, ചാമുണ്ഡി, രക്തേശ്വരി, ഭദ്രകാളി, ചുടലകാളി, പോതി, തണ്ണീർഭഗവതി തുടങ്ങിയ സങ്കല്പങ്ങളോടൊപ്പമൊക്കെയും ഇത്തരം അനുഷ്ഠാനങ്ങൾ അരങ്ങേറുന്നു. തെയ്യം, തിറ, മുടിയേറ്റ്, മുടിപ്പേച്ച്, പടയണി, കാളിയൂട്ട്, ഭഗവതിയാട്ട്, കളമെഴുത്തുംപാട്ടും തുടങ്ങിയവയൊക്കെയും ഇതിലുൾപ്പെടുന്നു. കാളി-ദാരിക യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ് ഇവയിലേറെയും.

കേരളത്തിന്റെ നാടോടിവിജ്ഞാനീയത്തിൽ പ്രസക്തമായ സ്ഥാനമാണ് മുടിയേറ്റിനുള്ളത്. വേദേതര ദ്രാവിഡസംസ്‌കാരധാരയിലെ ഏറ്റവും പ്രാചീനമായ കലാരൂപങ്ങളിൽ ഒന്ന്. പ്രകൃത്യാരാധനയ്ക്ക് പ്രാധാന്യംകൊടുക്കുന്ന ദ്രാവിഡ ആചാരരീതികളുടെ സത്തയ്‌ക്കൊത്താണ് മുടിയേറ്റ് കെട്ടിയാടപ്പെടുന്നത്. പ്രകൃതിയുടെ താളവും വർണവും ഇവിടെ കലയിൽ സമന്വയിക്കുന്നു.

കോലത്തുനാടിന് തെയ്യം എന്നതുപോലെയാണ് മധ്യതിരുവിതാംകൂറിന് മുടിയേറ്റ്. മുടിയേറ്റിന്റെ വകഭേദമാണ് മുടിപ്പേച്ച്. ചെങ്ങന്നൂരിലെ പേരിശ്ശേരി, കൊല്ലം ജില്ലയിലെ പട്ടാഴി, മണ്ണടി, പത്തനംതിട്ട അടൂരിലെ പന്നിവിഴ എന്നിവിടങ്ങളിലെ ഭഗവതീക്ഷേത്രങ്ങളിലാണ് പ്രധാനമായും മുടിപ്പേച്ച് അരങ്ങേറുന്നത്. കാലങ്ങളോളം പഴക്കമുള്ള ഈ അനുഷ്ഠാനകലാരൂപം തികഞ്ഞ ചിട്ടവട്ടങ്ങളോടെയും ആചാരാനുഷ്ഠാനങ്ങളോടെയും എല്ലാവർഷവും കൊണ്ടാടുന്നു. അടൂരിലെ പന്നിവിഴ പീഠികയിൽ ഭഗവതീക്ഷേത്രത്തിൽ കുംഭത്തിൽ നടത്തപ്പെടുന്ന തിരുമുടി ഉത്സവത്തിന്റെ ഭാഗമായാണ് മുടിപ്പേച്ച് അരങ്ങേറുന്നത്. ദാരികനിഗ്രഹം പ്രമേയമാക്കിയ അനുഷ്ഠാനകലയ്ക്ക് ക്ഷേത്രാചാരങ്ങളിൽ സവിശേഷസ്ഥാനമാണുള്ളത്.

നാടോടി നാടകം

 പുരാതനമായ നാടോടിനാടകങ്ങളുടെ വിഭാഗത്തിലാണ് മുടിയേറ്റുൾപ്പെടുന്നത്. നാടോടിനാടകങ്ങൾക്ക് പ്രത്യേകം കെട്ടിയുണ്ടാക്കിയ രംഗവേദികൾ ഉണ്ടായിരിക്കില്ല. കോമരംതുള്ളൽ, തെയ്യം, ദൈവം തുള്ളൽ എന്നിവയിലെല്ലാമെന്നപോലെ മുടിയേറ്റിലും അരങ്ങ് അപ്രസക്തമാണ്. നാലുവശവും തുറസ്സായ രംഗവേദിയിൽ കളിവിളക്കിനു മുന്നിലാണ് മുടിയേറ്റ് അരങ്ങേറുക.

തെയ്യം, തിറ, കാളിയൂട്ട്, കോതാമൂരിയാട്ടം, മലയിക്കൂത്ത്, ചിമ്മാനക്കളി, പാനേങ്കളി, തീയാട്ട് തുടങ്ങിയവയിലെല്ലാമെന്നപോല മുടിയേറ്റിലും നാടകീയത നിറഞ്ഞുനിൽക്കുന്നു. പരമശിവൻ, ഭദ്രകാളി, ദാരികൻ, നാരദൻ, ദാനവേന്ദ്രൻ, കൂളി, കോയിമ്പടാര് എന്നിവരാണ് മുടിയേറ്റിലെ കഥാപാത്രങ്ങൾ. വൃശ്ചികം മുതൽ മേടം വരെയുള്ള മാസങ്ങളിലാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ മുടിയേറ്റ് അരങ്ങേറുന്നത്.

മുടിയേറ്റും മുടിപ്പേച്ചും

ശിവനാരദസംവാദം, ദാരികന്റെ പുറപ്പാടും തിരനോട്ടവും, കാളിയുടെ രംഗപ്രവേശം, കാളിയുടെ തിരനോട്ടം, കോയിമ്പടാരുടെ രംഗപ്രവേശം, കാളിദാരിക പോരുവിളി, ദാനവേന്ദ്രന്റെ തിരനോട്ടവും ആട്ടവും, കൂളിയുടെ രംഗപ്രവേശം, കാളിദാരികയുദ്ധം, കാളിദാരിക വാക്തർക്കം, ദാരികവധം, കാളിയുടെ അനുഗ്രഹം എന്നിങ്ങനെയാണ് മുടിയേറ്റിന്റെ രംഗങ്ങൾ. മുഖത്തെഴുത്ത്, മുഖത്തുതേപ്പ്, മുടി, ഉടുത്തുകെട്ട്, ആഭരണങ്ങൾ എന്നിവയാണ് മുടിയേറ്റിന്റെ ചമയങ്ങൾ. ഉടുത്തുകെട്ടിന് ചാക്യാർകൂത്തിനോടും കഥകളിയോടും സാമ്യമുണ്ട്. ചെണ്ട, വീക്കൻചെണ്ട, ചേങ്ങില, ഇലത്താളം എന്നിവയാണ് മുടിയേറ്റിന്റെ വാദ്യങ്ങൾ.

ഇതിവൃത്തം ഒന്നുതന്നെയെങ്കിലും മുടിയേറ്റിൽനിന്ന് വ്യത്യസ്തമാണ് മുടിപ്പേച്ച്. മുടിപ്പേച്ചിൽ ഭദ്രകാളിയും ദാരികനും മാത്രമേ രംഗത്തുള്ളൂ. മുടിപ്പുരയിൽ സൂക്ഷിക്കുന്ന മുടിയണിഞ്ഞ് കാളി ദാരികനെ നിഗ്രഹിക്കുന്നു. മരവും കരടിവാദ്യവുമാണ് മേളങ്ങൾ. അരിമാവുകൊണ്ട് ദേവിയുടെ മുഖത്ത് വെളുത്ത വളയങ്ങൾ ചുട്ടികുത്തും. വസൂരിക്കലയായാണ് ഇത് സങ്കല്പിക്കുന്നത്. ചില ചമയങ്ങളിൽ ദേവിക്ക് ദംഷ്ട്രകളുണ്ടാകും. ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങളാണ് ചമയത്തിനുള്ള കൂട്ടുകൾ. മനയോലയാണ് പച്ചനിറത്തിനായി ഉപയോഗിക്കുന്നത്.

വ്രതശുദ്ധിയോടെ

മുടിപ്പേച്ച് കലാകാരൻമാർക്കും മേളക്കാർക്കും ചുട്ടി ചമയം കലാകാരൻമാർക്കും ചിട്ടയോടെയുള്ള വ്രതാനുഷ്ഠാനമുണ്ട്. ഇരുപത്തേഴുദിവസം നീണ്ടുനിൽക്കുന്ന വ്രതം. കുംഭത്തിരുവാതിരയ്ക്കായി അവർ മകരത്തിലേ നോമ്പ് നോറ്റുതുടങ്ങും. വർഷങ്ങളോളം നീളുന്ന പരിശീലനം മുടിപ്പേച്ച് ഹൃദിസ്ഥമാക്കാൻ ആവശ്യമുണ്ട്. ഈ മേഖലയിലെ കലാകാരൻമാരിൽ പലർക്കും ഗുരുക്കൻമാർ അവരുടെ പൂർവികർതന്നെയാണ്.

പഴമയിൽ വേരോട്ടമുള്ള ഈ അനുഷ്ഠാനകലയിലേക്ക് പുതുതലമുറ മടിയില്ലാതെ വന്നുചേരുന്നുണ്ടെന്ന് മുടിയേറ്റ് ചമയം കലാകാരൻ പട്ടാഴി അറപ്പുഴയ്ക്കൽ പ്രദീപ് പറയുന്നു. ഇരുപത്തിനാല് വർഷമായി അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിക്കുന്നു.

മുടിപ്പേച്ചിന്റെ ചടങ്ങുകൾ

നെല്ലും അരിയും പൂക്കുലയും വാളും പട്ട് വിരിച്ച പീഠവും കത്തിച്ച നിലവിളക്കുകളും അഷ്ടദളക്കളവും നിറയുന്ന ഗുരുതിപ്പുര. പഞ്ചവർണപ്പൊടികളാൽ തീർത്ത കളത്തിലാണ് പീഠം. രംഗത്ത് പന്തവും വാളും ഏന്തിയ കാളിയും ദാരികനും. കച്ച ഞൊറിഞ്ഞുടുത്ത് നെഞ്ചാരവും തോൾവളയും അണിഞ്ഞാണ് ദേവി അരങ്ങിലെത്തുക.

കാളിയിൽനിന്നും ദാരികനിൽനിന്നും പന്തവും വാളും തിരികെവാങ്ങിക്കഴിഞ്ഞാൽ പിന്നെ പാടിത്തുള്ളലാണ്. ശേഷം മുടിയെടുത്ത് പുറപ്പാട്. മുടിയേന്തിയ കാളി പീഠത്തിലേറി ദാരികനെ തിരയും. തന്റെ വരവറിയിച്ച് ദാരികൻ താളംചവിട്ടി അരങ്ങിൽനിന്ന് മാറും. ദേവി കോപിഷ്ഠയായി എഴുന്നേറ്റ് തൂണിൽ ചൂരൽകൊണ്ടടിച്ച് ദാരികനിഗ്രഹം പൂർത്തിയാക്കും. അഷ്ടദളക്കളം കാളി ചുവടുകളാൽ മായ്ച്ചുകഴിഞ്ഞാൽപ്പിന്നെ ഗുരുതിതർപ്പണത്തിനുള്ള നേരമായി. പന്തങ്ങളിൽ തെള്ളിപ്പൊടി വിതറി തീയാളിക്കും. ദേവിയെ കിഴക്കോട്ടുതിരിച്ചിരുത്തി കരപറച്ചിലോടെ പിന്നെ മുടിയേന്തി പുറത്തേക്കെഴുന്നള്ളത്താണ്. തീവെട്ടികളുടെയും രക്തവർണമാർന്ന തീപ്പന്തങ്ങളുടെയും അകമ്പടിയോടെ രൗദ്രയായ കാളി അമ്പലത്തിന് വലംവയ്ക്കും. താളമേളങ്ങൾ മുറുകും. ഭക്തി ഉന്മാദത്തിന്റെ പാരമ്യത്തിലെത്തുന്ന കാഴ്ച.

ഇരുട്ടിലെ അരങ്ങ്

കുംഭത്തിലെ രാത്രി പുലർച്ചയോടടുക്കുന്ന നേരത്താണ് മുടിപ്പേച്ച് അരങ്ങേറുക. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തിൽ പ്രകൃതി നിശ്ചലമാകുന്ന രാവ്. മേളവാദ്യങ്ങളുടെ താളത്തിൽ ക്ഷേത്രാങ്കണം മുഖരിതമാകുന്ന നേരം. അത്താഴപൂജയും ഗുരുതിപൂജയും കളമെഴുത്തുപാട്ടും മാടനൂട്ടും കഴിഞ്ഞ് പരിവാരസഹിതം ഭഗവതി ക്ഷേത്രത്തിൽ നിന്ന് മൂലസ്ഥാനത്തെ എതിരേല്പ് മണ്ഡപത്തിലേക്ക് എഴുന്നള്ളി മൂലദേവതയേയും ഭൂതഗണങ്ങളേയും കാളികൂളികളേയും എതിരേറ്റ് കൊണ്ടുവരും. വാഴപ്പിണ്ടിയിൽ കുരുത്തോലകൾ നാട്ടി ഗോപുരമാതൃകയിൽ നിർമിച്ച് വശങ്ങളിൽ തീപ്പന്തങ്ങൾ നീട്ടിയ ആൾപ്പിണ്ടികളുടെ അകമ്പടിയോടെ എഴുന്നള്ളത്ത് മടങ്ങിയെത്തിയശേഷം ദാരികനും കാളിയും ഗുരുതിപ്പുരയിലെത്തും. പഞ്ചവർണപ്പൊടികളിൽ വിരിയുന്ന ധൂളീശില്പംകണക്കുള്ള അഷ്ടദളക്കളം ഗുരുതിപ്പുരയിലുണ്ടാകും. കുരുത്തോലകൾ തോരണങ്ങളായുലയുന്ന ഗുരുതിപ്പുരയ്ക്കുള്ളിൽ വർണങ്ങളുടെ, മേളങ്ങളുടെ വിശാലമായ അരങ്ങൊരുങ്ങും. ഊരിപ്പിടിച്ച പടവാളുപോലെ ചിലങ്കകൾ ശബ്ദിക്കും. ആകാശത്ത് ദേവന്മാരും സപ്തർഷികളുമെല്ലാം സാക്ഷികളായി ഉണ്ടാകുമെന്നാണ് വിശ്വാസമെന്ന് ക്ഷേത്ര ഊരാഴ്മ ഇടമനമഠം ജി.ശ്രീനാരായണൻ പണ്ടാരത്തിൽ പറയുന്നു.

നിറങ്ങളും വെളിച്ചവുമാണ് മുടിപ്പേച്ചിന്റെ അരങ്ങിലെ ചമയക്കാർ. ആൾപ്പിണ്ടികൾ, എഴുന്നുനിൽക്കുന്ന തീവെട്ടികൾ... ചടങ്ങിന്റെ ഓരോ ഘട്ടത്തിലും വെളിച്ചം അകമ്പടിയേകും. പേച്ച് എന്നാൽ പേശൽ എന്നാണ്. ദിഗ്വിജയിയായി സ്വയം അഹങ്കരിക്കുന്ന ദാരികനെ സംഹാരരുദ്രയായ കാളി സംഹരിക്കുന്ന കാഴ്ച. ഇതര കാളിനാടകങ്ങളോളം ദൈർഘ്യം മുടിപ്പേച്ചിനില്ല.

വിശ്വാസികൾക്ക് ഈ അനുഷ്ഠാനകല ചിട്ടവട്ടങ്ങളോടെ പൂർത്തിയാക്കേണ്ട ഉപാസനതന്നെയാണ്. ആചാരങ്ങളുമായി ബന്ധപ്പെട്ട സ്വകാര്യത മുൻനിർത്തി പലയിടത്തും ചിത്രങ്ങൾ പകർത്തുന്നതിനും മറ്റും വിലക്കുണ്ട്. മറ്റ് അനുഷ്ഠാനകലകളെ അപേക്ഷിച്ച് മുടിപ്പേച്ചിന്റെ ഖ്യാതി പുറംലോകത്തെത്താത്തതിന് ഇതുമൊരു കാരണമാണ്.

മാന്ത്രികയാഥാർഥ്യം

കുംഭമാസരാത്രിയിൽ മുടിപ്പേച്ചരങ്ങേറുന്ന ക്ഷേത്രാങ്കണത്തിനുമുകളിൽ ആകാശം കരിനീലജലവിതാനംപോലെ നിറഞ്ഞുനിന്നു. ചൂട്ടിന്റെ തരികൾപോലെ ആകാശത്ത് മേഘപടലങ്ങൾക്കിടയിൽ നക്ഷത്രങ്ങളും ഭൂമിയിൽ മരത്തലപ്പുകളിൽ, പുൽനാമ്പുകളിൽ മിന്നാമിനുങ്ങുകളും. മുടിപ്പേച്ചും എഴുന്നള്ളത്തും കഴിഞ്ഞു. വർഷത്തിലൊരിക്കൽമാത്രം പുറത്തെടുക്കുന്ന തിരുമുടി കണ്ടുതൊഴാൻ ഭക്തർക്കിനി ഒരുപകലിന്റെ പകുതി ബാക്കിയുണ്ട്. തിരുമുടിയെന്നാൽ ദേവിയുടെ കിരീടം എന്നാണർഥം.

രാവ് പുലർന്നുതുടങ്ങി. ആരവങ്ങളൊഴിഞ്ഞ ക്ഷേത്രാങ്കണത്തിനു പിന്നിൽ തലേദിവസം താളമേളങ്ങളോടെ ആനയിച്ചുകൊണ്ടുവന്ന ഇരട്ടക്കാള തലയുയർത്തിനിൽക്കുന്നുണ്ട്, തന്റെ വേഷഭാവാദികൾ സദസ്യർ ആസ്വദിക്കുന്നുണ്ടോ എന്നറിയാൻ രംഗസ്ഥനായ നടൻ ഉറ്റുനോക്കുംപോലെ.

ഉത്സവങ്ങളുടെ താളമറിഞ്ഞ മണ്ണ് പുരാവൃത്തങ്ങളെ ഓർമ്മിപ്പിച്ചു. പ്രാചീനപുരാവൃത്തങ്ങളിൽനിന്ന് വായ്മൊഴിയായി പകർന്നുകിട്ടിയൊരു കഥയുണ്ട്. ആരിയർനാട്ടിൽ പിറന്ന അഗ്രശാലയമ്മ കോലത്തുനാട്ടിൽ പോയൊരു കഥ. ചന്ദനം, കുങ്കുമം, കുളിർവേങ്ങ തുടങ്ങിയ മരങ്ങൾകൊണ്ടുണ്ടാക്കിയ മരക്കലം എന്ന ജലയാനത്തിലേറിയായിരുന്നു യാത്ര. ഓർക്കടലും പാൽക്കടലും കടന്ന് ചെന്താമരക്കടലിൽ എത്തിയപ്പോൾ ചെന്താമരത്തണ്ടിൽ തടഞ്ഞ് കപ്പൽ നിന്നുപോയി. ഒടുവിൽ വജ്രംകൊണ്ട് ചെന്താമരത്തണ്ടറുത്ത് യാത്ര തുടർന്നു.

വിശ്വസാഹിത്യത്തെ തോൽപ്പിക്കുന്ന നമ്മുടെ പുരാവൃത്തങ്ങളെ ഓർമ്മിപ്പിക്കും ഓരോ ഉത്സവപ്പറമ്പും. ദുർദേവതകളെ സമുദ്രത്തിൽ താഴ്ത്തിയ മലക്കാരിയും മലയിൽ വാഴുന്ന ചിക്കമ്മയും ഏഴുതരം പൂക്കളിൽനിന്നുരുവായ പൂക്കാരി മഗതെയ്യവും കരിമ്പനയിൽ പിറന്ന പടക്കെത്തി ഭഗവതിയും... ഏതുഭാഷയിലുണ്ട് നമ്മുടെ പുരാവൃത്തത്തെ വെല്ലുന്ന മാന്ത്രികയാഥാർഥ്യങ്ങൾ.

കടപ്പാട്
ഡോ.എം.വി.വിഷ്ണുനമ്പൂതിരി
(പുരാവൃത്ത പഠനം)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi