എല്ലാ വർഷവും കണ്ണൂർ, കാസർകോട് ജില്ലകളിലെ കാവുകളും ദേവസങ്കേതങ്ങളും തെയ്യാട്ടഉത്സവങ്ങൾക്ക് വേദിയാകാറുണ്ട്. എന്നാൽ, 29 വർഷങ്ങൾക്ക് ശേഷമാണ് തളിപ്പറമ്പിനടുത്തുള്ള തലോറ ഗ്രാമം മലയറാട്ട് എന്ന കളിയാട്ട മഹോത്സവത്തിന് സാക്ഷിയായത്. താന്ത്രികമായും സാംസ്‌കാരികപരമായും കലാപരമായും പ്രാധാന്യം അർഹിക്കുന്ന അനുഷ്ഠാന ഉത്സവമാണ് മലയറാട്ട്. വൈദീകബ്രാഹ്മണപരമ്പരയും മലയരുൾപ്പെടെ തെയ്യംകെട്ടുന്ന ഗോത്രസമുദായങ്ങളും തമ്മിലുള്ള ആരാധനാസമന്വയം. താന്ത്രിക ഉപാസനയുടെ മിശ്ര ധാരകൾ മലയാറാട്ടിൽ കാണാം. ഒരേ ദേവതയെ തന്നെ തന്ത്രത്തിലെ ദക്ഷിണാചാരം എന്ന ബ്രാഹ്മണിക സമ്പ്രദായത്താലും വാമാചാരം എന്ന കൌള സമ്പ്രദായത്താലും മലയറാട്ടിൽ ആരാധിക്കുന്നു.

To advertise here,

പെരുഞ്ചെല്ലൂരിലെ മന്ത്രശാലകൾ
കേരളത്തിലെ അതിപുരാതനമായ മുപ്പത്തിരണ്ട് നമ്പൂതിരി സങ്കേതങ്ങളിൽ ഏറ്റവും പ്രാചീനമാണ് പെരുഞ്ചെല്ലൂർ ഗ്രാമം. മന്ത്രമൂർത്തി ഉപാസനയുള്ള പതിനൊന്ന് ഇല്ലങ്ങളാണ് പെരുഞ്ചെല്ലൂരിലുള്ളത്. ഈ ഇല്ലങ്ങളെ മന്ത്രശാലകൾ എന്നാണ് മാന്ത്രികപാരമ്പര്യങ്ങളിൽ പരാമർശിക്കുന്നത്. പെരുഞ്ചെല്ലൂരിലെ തന്ത്രിമാരായ പുന്തോട്ടത്തിൽ പുടയൂർ, ഇടവലത്ത് പുടയൂർ, ഇരുവേശി പുടയൂർ, നടുവത്ത് പുടയൂർ, എന്നീ നാല് തന്ത്രി കുടുംബങ്ങൾ മന്ത്രമൂർത്തി ഉപാസനയിലൂടെ മാന്ത്രികപാരമ്പര്യത്തെ പിന്തുടരുന്നവരാണ്.

ഇതിന് പുറമെ കുറുമാത്തൂർ, നരിക്കോട്ട് കുന്ദമംഗലത്ത് ഈറ്റിശ്ശേരി, ചെറിയൂര് മുല്ലപ്പള്ളി, ശേഖര പുളിയപ്പടമ്പ്, കാരിശ്ശേരി പറപ്പൂർ, ചെവിട്ടങ്കര പുളിയപ്പടമ്പ്, കണ്ണോത്ത് പാപ്പനോട് എന്നീ ഇല്ലങ്ങളെക്കുടി മന്ത്രശാലകൾ എന്ന് തെയ്യങ്ങളുടെ വാമൊഴികളിൽ പരാമർശിക്കുന്നു. ഈ പതിനൊന്ന് മന്ത്രശാലകളിൽ കണ്ണോത്ത് പാപ്പാനോട് എന്ന ഇല്ലമൊഴികെ മറ്റ് പത്ത് മന്ത്രശാലകളുടേയും അകത്തളങ്ങളിൽ മന്ത്രസ്വരൂപത്തിൽ ആരാധിച്ച് വരുന്ന മൂർത്തികളെ കോലസ്വരൂപത്തിൽ കെട്ടിയാടിക്കുന്ന മാന്ത്രിക ഉപാസനയാണ് മലയറാട്ട്.

മലയറാട്ടിനെ മലയരുടെ ആട്ടം എന്ന് സമാന്യമായി വിവക്ഷിക്കാം. എങ്കിലും മന്ത്രമൂർത്തി ഉപാസനയുമായി ബന്ധപ്പെട്ട അനുഷ്ഠാനമാണിത്. ഒരു തറവാട്ടിൽ പുതുതലമുറ പിറന്നാൽ മന്ത്രമൂർത്തികൾക്കുള്ള വഴിപാടായി മലയറാട്ട് നടത്തണം എന്നാണ് ആചാരം. വിപുലമായ മുന്നൊരുക്കങ്ങളോടെ നടത്തപ്പെടുന്ന ഒരു കളിയാട്ടം ആയതിനാൽ ദീർഘമായ ഒരു കാലയളവ് മലയറാട്ടിന് ഉണ്ടാകാറുണ്ട്.

തളിപ്പറമ്പിനടുത്ത് തലോറയിലുള്ള ഇടവലത്ത് പൂടയൂർ മനയിൽ 29 വർഷങ്ങൾക്ക് ശേഷം അത്തരമൊരു മലയറാട്ട് നടന്നു. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം ഉൾപ്പെടെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും, കർണ്ണാടകത്തിലെ കുടകിലുമായി നാന്നൂറിനടുത്ത് ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള പരമ്പരയാണ് ഇടവലത്ത് പുടയൂർ ഇല്ലം.

മാന്ത്രിക പാരമ്പര്യത്തിന്റെ തുടർച്ചയായതുകൊണ്ട് അതിസങ്കീർണ്ണവും അപൂർവവുമായ ചടങ്ങുകളാണ് മലയറാട്ടിലുള്ളത്. മന്ത്രമൂർത്തികളുടെ വരവിളിയോടെയുള്ള തിടങ്ങൽ തോറ്റവും ബലി മണ്ഡല കർമ്മവും അതിനനുബന്ധമായ കണ്ണേറ് പാട്ട് എന്ന ചടങ്ങോടും കൂടിയാണ് മലയറാട്ടിന്റെ ആരംഭം.

മന്ത്രവാദത്തിന് മഹാദേവനാൽ നിയുക്തരായവർ എന്ന് വിശ്വസിക്കപ്പെടുന്ന മലയ സമുദായത്തിന്റെ മാന്ത്രിക ചടങ്ങുകൾ ആണിവ. തറവാടിനെ ബാധിച്ച കണ്ണേറ് ദോഷങ്ങളെ ഇല്ലാതാക്കുന്നതിനുള്ള പ്രാക്തനക്രിയകൾ. ഇവയ്ക്ക് ശേഷമാണ് അത്യപൂർവ്വമായി മാത്രം നടക്കുന്ന ഉച്ചബലി. മലയറാട്ട് നടക്കുന്ന പത്ത് ഇല്ലങ്ങൾക്ക് പുറമെ പയ്യന്നൂരിനടുത്ത് ഒരു തറവാട്ടിൽ മാത്രമാണ് ഉച്ചബലിയുള്ളത്.

ഉച്ചബലിയും തിരുനിഴൽമാലയും
പന്ത്രാണ്ടാം നൂറ്റാണ്ടിൽ മലയാളത്തിൽ രചിക്കപ്പെട്ട കൃതിയാണ് തിരുനിഴൽമാല. ആറന്മുള തേവർക്ക് ബാധിച്ച ബാധകളെ ഉച്ചാടനം ചെയ്യുന്നതിന് നടത്തിയ മാന്ത്രികകർമ്മങ്ങളുടെ കൂട്ടത്തിലാണ് ഉച്ചബലിയെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്നത്. ഉത്തരകേരളത്തിലെ മലയൻമാർക്കിടയിൽ മാത്രമുള്ള ഒരു അനുഷ്ഠാനം എങ്ങിനെ തിരുവാറന്മുള തേവരുടെ ദോഷം അകറ്റാൻ പ്രയോഗിച്ചു എന്നത് കൗതുകമാണ്.

ഈ താല്പര്യമാണ് ഇന്റോളജിസ്റ്റും ആന്ത്രപോളജിസ്റ്റുമായ അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകൻ റിച്ച് ഫ്രിമാനെ മലയറാട്ടിന് എത്തിച്ചത്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകർക്കും മുഖ്യതാൽപര്യം തിരുനിഴൽമാലയിൽ പരാമർശിക്കുന്ന ഉച്ചബലി തന്നെയായിരുന്നു.

നട്ടുച്ച നേരത്ത് രണ്ട് ഉച്ചബലി തെയ്യങ്ങളും എട്ടോളം കാരാഗണങ്ങളും ചേർന്ന് അരങ്ങിലെത്തും. നരബലിക്ക് ശേഷം പച്ചമാംസം ഭുജിക്കാൻ എത്തുന്ന പിശാചുക്കളാണ് കാരാഗണങ്ങൾ. അവർക്ക് നടുവിൽ ഉച്ചബലി കോലധാരികൾ കൈത്തണ്ടയിൽ എഴുത്താണികൊണ്ട് കുത്തി ചുടു ചോര ചീറ്റിച്ചാണ് ഉച്ചബലി ഉറഞ്ഞാടുന്നത്. ഒടുക്കം മരണ സങ്കൽപ്പത്തിൽ രണ്ട് ഉച്ചബലി തെയ്യങ്ങളും കാരാഗണങ്ങളും നിലത്ത് വീഴും. അവരെ കോടി പുതപ്പിച്ച് കൊണ്ടുപോകുന്നതാണ് ഉച്ചബലിയുടെ ചടങ്ങ്.

ഉച്ചക്കുട്ടിയും അന്തിക്കുട്ടിയും
ഇടവലത്ത് പുടയൂർ മന്ത്രശാലയിൽ കെട്ടിയാടുന്ന മന്ത്രമൂർത്തികളിൽ അഗ്രസ്ഥാനം കുട്ടിശാസ്തനാണ്. പുടയൂർ പാരമ്പര്യത്തിൽ എല്ലാ ഇല്ലങ്ങളിലും കുട്ടിശാസ്തൻ മുഖ്യ മന്ത്രമൂർത്തിയാണ്. ഉത്തര കേരളത്തിലെ ഇല്ലങ്ങളിൽ 18 മാന്ത്രിക പാരമ്പര്യങ്ങളിൽ കുട്ടി ശാസ്തനെ അതിപ്രാധാന്യത്തിൽ ആരാധിക്കുന്നു. കാളകാട് ആണ് കുട്ടിശാസ്തന്റെ ആരൂഢസ്ഥാനം.

ഉച്ചക്കുട്ടി, അന്തിക്കുട്ടി എന്നീ രണ്ട് ശാസ്തൻ തെയ്യങ്ങളെ ഇവിടെ മലയറാട്ടിനോടനുബന്ധിച്ച് കെട്ടിയാടിക്കുന്നു. ഉച്ചപ്രാന്തനെന്നും അന്തിപ്രാന്തനെന്നും ശാസ്തൻ തങ്ങളുടെ മൊഴികളിൽ സ്വയം വിശേഷിപ്പിക്കുന്നു. ഉച്ചക്കുട്ടി ശാസ്തൻ പകൽ വെളിച്ചം മായും മുമ്പും, അന്തിക്കുട്ടിശാസ്തൻ അർധരാത്രിയോട് അടുപ്പിച്ചും കെട്ടിയാടുന്നവയാണ്.

ഭൈരവൻ
മാന്ത്രിക ഉപാസനയിൽ ഏറ്റവും പ്രധാന്യമുള്ള മന്ത്രമൂർത്തിയാണ് ഭൈരവൻ. ഉത്തര കേരളത്തിലെ പതിനെട്ട് മന്ത്രവാദ പാരമ്പര്യങ്ങളിലും ഭൈരവൻ അഗ്രസ്ഥാനത്ത് ഉണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള കിട മത്സരത്തിനൊടുവിൽ ആദി മധ്യാന്തരഹിതനായ മഹാദേവന്റെ ശിരോഭാഗം കണ്ടുവെന്ന് ബ്രഹ്മാവ് കള്ളം പറഞ്ഞെന്നാണ് ഐതിഹ്യം. കോപാകുലനായ മഹാദേവൻ ബ്രഹ്മാവിന്റെ ശിരസ്സറുത്തു.

പിന്നീട് ആ പാപം തീർക്കാനായി ബ്രഹ്മകപാലവുമായി മനുഷ്യലോകത്ത് പന്തീരായിരം സംവത്സരം പരമശിവൻ ഭിക്ഷാടനം നടത്തിയത്രെ. ആ പുരാവൃത്തമാണ് ഭൈരവൻ തെയ്യത്തിന്റെ ഇതിവൃത്തം. ഇടം കയ്യിൽ ബ്രഹ്മകപാലവും വലത് കയ്യിൽ മണിയോട് കൂടിയ ചൂരൽ വടിയും ആണ് ഭൈരവൻ തെയ്യത്തിന് ആയുധം. പൊയ്ക്കണ്ണോട് കൂടിയാണ് രൂപം. ഭൈരവൻ തെയ്യത്തിന്റെ മനോഹരമായ മുഖത്തെഴുത്തും, ഉടയാഭരണങ്ങളും ആകർഷണീയമാണ്.

തീച്ചാമുണ്ഡി
തെയ്യ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെയ്യങ്ങളിൽ ഒന്നാണ് തീച്ചാമുണ്ഡി. നാലാൾ പൊക്കത്തിൽ കൂട്ടിയിട്ട വിറക് ഒരു രാത്രിമുഴുവൻ കത്തിയെരിഞ്ഞ് കനൽ കൂനയായി മാറുമ്പോൾ ആ കനൽ കൂമ്പാരത്തിലേക്ക് കമിഴ്ന്നടിച്ച് ചാടുന്ന തീച്ചാമുണ്ഡി ഒരേ സമയം അത്ഭുതവും ഭയവും ഭക്തിയും ജനിപ്പിക്കുന്നു. ഇടവലത്ത് പുടയൂർ മന്ത്രശാലയിൽ കെട്ടിയാടിയ മന്ത്രമൂർത്തികളിൽ തീച്ചാമുണ്ഡി അതി പ്രാധാന്യമുള്ള മൂർത്തിയാണ്. അത്യുഗ്ര ഭാവത്തിലുള്ള നൃസിംഹ രൂപമാണ് തീച്ചാമുണ്ഡി.

കരുവാൾ ഭഗവതി
മന്ത്രമൂർത്തി ഗണത്തിൽ കരുവാൾ ഭഗവതിക്കുമുണ്ട് പ്രാധാന്യം. പ്രസിദ്ധ മാന്ത്രിക കുടുംബമായ കാട്ടുമാടം ഇല്ലമാണ് കരുവാൾ ഭഗവതിയുടെ ആരൂഢ സ്ഥാനം. കുട്ടിശാസ്തന്റെ സഹോദരിയാണ് കരുവാൾ ഭഗവതി എന്നാണ് തെയ്യത്തിന്റെ പുരാവൃത്തം.

ഉച്ചിട്ട ഭഗവതി
അതിസുന്ദരിയാണ് മന്ത്രമൂർത്തികളിൽ പ്രാധാനിയായ ഉച്ചിട്ട ദേവി. അടിയേരി മഠമാണ് ഉച്ചിട്ടയുടെ ആരൂഢ സ്ഥാനം. ഉത്തര കേരളത്തിലെ 12 വ്യത്യസ്ത മാന്ത്രിക സമ്പ്രദായങ്ങളിൽ ഉച്ചിട്ടയ്ക്ക് വിധാനങ്ങൾ പറയുന്നുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും രക്ഷയാണ് ഉച്ചിട്ടമ്മ. വടക്കിനകത്ത് അച്ചി എന്ന് നാട്ട് മൊഴികളിൽ പറയുന്ന ഉച്ചിട്ട, ഗർഭരക്ഷയ്ക്കായി പ്രത്യേകം ഉപാസിക്കപ്പെടുന്നു. ഇതര ദേവതാ സങ്കൽപ്പങ്ങളെ അപേക്ഷിച്ച് തികച്ചും മാനുഷീകഭാവത്തിൽ, സ്ത്രീശബ്ദത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ.

അഗ്‌നിദേവന്റെ ജ്യോതിസ്സിൽ നിന്നും അടർന്നു വീണ കനൽ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയിൽ ചെന്നുവീണപ്പോൾ പിറന്നതാണ് സുന്ദരിയായ ദേവി. ബ്രഹ്മദേവൻ അവളെ കാമദേവൻ വഴി മഹാദേവന് സമർപ്പിച്ചുവെന്നും, പിന്നീട് ഭൂമിദേവിയുടെ അപേക്ഷപ്രകാരം ആ ദേവി ഭൂമിയിൽ മാനുഷരൂപത്തിൽ കുടിയിരുന്നുമെന്നുമാണ് കഥ. അഗ്‌നിപുത്രി ആയതുകൊണ്ട് തീയിൽ ഇരിക്കുകയും കിടക്കുകയും തീക്കനൽ വാരിക്കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായിട്ടാണ് ഈ തെയ്യം അരങ്ങിലെത്തുന്നത്. ശ്രീകൃഷണ സഹോദരിയായ യോഗമായ ദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയുമുണ്ട്.

കൂവച്ചാൽ ഭഗവതി
ഇടവലത്ത് പുടയൂർ മന്ത്രശാലയുടെ പരദേവതയാണ് ഉഗ്രമൂർത്തിയായ കൂവച്ചാൽ ഭഗവതി.

''വലിച്ചെറിഞ്ഞൂ കാളകാട് പിടിച്ച് കേറ്റി പൂന്തോട്ടം'' എന്ന് ഭഗവതിയുടെ ഉൽപ്പത്തിക്കഥയിൽ സൂചിപ്പിക്കുന്നു. കളകാട്ട് മന്ത്രവാദിയാൽ ഉപേക്ഷിക്കപ്പെട്ട ഭഗവതി അത്യുഗ്രഭാവത്തിലാണ് ആരാധിക്കപ്പെടുന്നത്. പലനാടുകളിൽ, പലപേരുകളിൽ ഉഗ്രമൂർത്തീഭാവത്തിലുള്ള 'രുധിരമഹാകാളിയായ' ഈ ദേവതയെ ആരാധിച്ചുവരുന്നുണ്ട്.

തലോറയിലെ കൂവച്ചാൽ കാവിൽ അധിവസിച്ച ഭഗവതി തലോറ ദേശത്തിന്റെ പരദേവതയായി. എഴുന്നൂറു വർഷങ്ങൾക്ക് മുമ്പ് ഇടവലത്ത് പുടയൂരിലെ മഹാമാന്ത്രികനായ ഒരു പൂർവ്വികൻ ഭഗവതിയെ നിത്യാരാധനയ്ക്കായി കാവിൽ നിന്ന് ഒരു ചൂരൽ വെട്ടി അതിലേക്ക് ആവാഹിച്ച് ഇല്ലത്ത് കുടിയിരുത്തി. ഏതാണ്ട് ഇരുപത്തിയഞ്ച് തലമുറയായി കൂവച്ചാൽ ഭഗവതി ഇടവലത്ത് പുടയൂർ മന്ത്രശാലയുടെ മന്ത്ര തന്ത്ര പാരമ്പര്യത്തേയും തലോറ നാടിനെയും കാത്തുരക്ഷിച്ച് പോരുന്നു.

തായ്പ്പരദേവത
തെയ്യക്കാവുകളിൽ കെട്ടിയാടുന്ന അമ്മ ദൈവങ്ങളിൽ പരമോന്നതസ്ഥാനമാണ് തായ് പരദേവതയ്ക്ക്. കോലത്ത് നാടിന്റെ അമ്മ എന്ന അർത്ഥത്തിൽ കൊലസ്വരൂപത്തിങ്കൽ തായ് എന്ന് മാടായിക്കാവ് ആരൂഢമായ ഈ ദേവതയെ ഭക്തർ വിളിച്ചുപോരുന്നു. മാറ്റായിക്കാവിലച്ചെയെന്നും തിരുവർക്കാട്ട് ഭഗവതിയെന്നും വലിയ തമ്പുരാട്ടിയെന്നും എല്ലാം ഈ ദേവത പരാമർശിക്കപ്പെടുന്നുണ്ട്. ആകാശം മുട്ടുന്ന തിരുമുടി ധരിച്ച് രക്താംബരങ്ങളും രക്തഹാരങ്ങളും ധരിച്ച് ഘട്ഗവും ഖേടകവും ആയുധങ്ങളായി എഴുന്നള്ളുന്ന തായ്പ്പര ദേവത ദാരികവധം കഴിഞ്ഞ് ശാന്തരൂപം പൂണ്ട മഹാകാളിയുടെ ഭാവമാണ്.

ഈ തെയ്യങ്ങൾക്ക് പുറമെ ഊർപ്പഴശി, വേട്ടയ്‌ക്കൊരുമകൻ, മലകിടാരൻ തുടങ്ങിയ തെയ്യങ്ങൾ അടക്കം ആകെ പതിമൂന്ന് തെയ്യങ്ങൾ മൂന്ന് ദിവസങ്ങളിലായി നടന്ന മലയറാട്ടിൽ കെട്ടിയാടി. ഈ തെയ്യങ്ങളിൽ ചിലത് ഉത്തരകേരളത്തിലെ പല കാവുകളിലും കെട്ടിയാടുന്നവ തന്നെയാണ്. എന്നാൽ മാന്ത്രിക പാരമ്പര്യത്തിന്റ ഭാഗമായി ഇവയെല്ലാം ഒരുമിച്ച് ഒരു ബ്രാഹ്മണ തറവാട്ടിൽ നടത്തപ്പെടുന്നു എന്നതാണ് അപൂർവ്വത.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi