എത്ര തെയ്യങ്ങളുണ്ടെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമറിയാതെ ഏതൊരാളും കൈമലര്‍ത്തും. കേവലമനുഷ്യന്റെ സങ്കടങ്ങള്‍ കേള്‍ക്കാനും അനുഗ്രഹം ചൊരിയാനും മണ്ണിലിറങ്ങുന്ന ദൈവങ്ങളായ തെയ്യങ്ങളെത്രയെന്ന് ആരറിയാന്‍. ചിറക്കല്‍ തമ്പുരാന്റെ മുന്‍പില്‍ തെയ്യങ്ങളുടെ കുലപതിയായ മണക്കാടന്‍ ഗുരുക്കള്‍ കെട്ടിയാടിയത് ഒന്നുകുറേനാല്പത് (മുപ്പത്തിയൊമ്പത്) തെയ്യങ്ങളാണ്. എന്നാല്‍, ഓരോ തെയ്യക്കാവിലുമായി അതിലുമേറെ ദൈവക്കരുക്കളെ കണ്ടുമുട്ടാനാകും.

To advertise here,

രാമായണകഥകളിലെ വീരനായ വായുപുത്രന്‍ ഹനുമാനും അക്കൂട്ടത്തില്‍പ്പെടും. കണ്ണൂര്‍ കാങ്കോലിലെ നാട്ടിടവഴിയിലേക്ക് നീളുന്ന പുലര്‍കാല യാത്ര. വടശ്ശേരി പെരിങ്ങോട്ടില്ലത്തിന്റെ മുറ്റത്ത് തെയ്യരൂപത്തില്‍ ഭക്തരെ കാണാന്‍ അവതരിക്കുന്നചിരഞ്ജീവിയായ ഹനുമാനെ കാണാനാണ്.

ചക്കരമാങ്ങകളും പഴുത്തടക്കകളും പൊഴിയുന്ന പെരിങ്ങോട്ടില്ലത്തിന്റെ മുറ്റം. പുലരും മുമ്പ് ചുടലഭദ്ര, ധൂമഭഗവതി, അഗ്‌നിഘണ്ടാകര്‍ണന്‍ എന്നീ തെയ്യങ്ങളെ ദര്‍ശിക്കാന്‍ വന്ന ജനക്കൂട്ടം മടങ്ങിത്തുടങ്ങി. തറവാട്ടുമുറ്റത്ത് അഗ്‌നിയില്‍ മുങ്ങിയെഴുന്നേറ്റ ഘണ്ടാകര്‍ണന്‍ ഭീമാകാരമായ പന്തങ്ങളും നീളന്‍മുടിയും അഴിച്ചുവെച്ച് സൗമ്യസ്വരൂപനായി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു.

അണിയറയില്‍ തെയ്യക്കാര്‍ ഹനുമാന്‍ തെയ്യത്തിന്റെ മുടിയും ആഭരണങ്ങളും മുഖത്തെഴുത്തുമായി ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. കുരുത്തോലകളില്‍ വിരിയുന്ന ആഭരണങ്ങളും മുടിയും ഉടയാടകളും. കല പ്രകൃതിയില്‍ ഇഴചേരുന്നു.

മനസ്സില്‍ തെളിഞ്ഞ രൂപം

രാമായണകഥയുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ അടിസ്ഥാനമാക്കി ഉത്സവം നടക്കുന്ന തലശ്ശേരി ആണ്ടല്ലൂര്‍ക്കാവില്‍ മറ്റൊരു പേരില്‍ ഹനുമാന്‍ തെയ്യത്തെ കെട്ടിയാടുന്നുണ്ട്. ബപ്പൂരന്‍ എന്നപേരില്‍. അതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ വേഷത്തില്‍ കിരീടം ധരിച്ചും ഗദയേന്തിയുമൊക്കെയാണ് പെരിങ്ങോട്ടില്ലത്ത് ഹനുമാന്‍തെയ്യം കെട്ടിയാടപ്പെടുന്നത്.

തറവാടുമുറ്റത്തുനിന്ന് അല്പം മാറി മെടഞ്ഞ ഓലയില്‍ തീര്‍ത്ത അണിയറയില്‍ ഹനുമാന്‍തെയ്യത്തിന്റെ മുഖത്തെഴുത്ത് തുടങ്ങി. അഞ്ജനം (മഷി)നോക്കി പ്രശ്‌നപരിഹാരം പറയുന്നതില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ് പെരിങ്ങോട്ടില്ലം. നൂറ്റാണ്ടുകളായി തുടരുന്ന ഈ പാരമ്പര്യത്തില്‍ വിശ്വാസമര്‍പ്പിച്ച് ഒട്ടേറെ പേരാണ് ഇവിടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിനായി എത്തുന്നത്.

ഇവിടത്തെ കാരണവരായ നാരായണന്‍നമ്പൂതിരിയുടെ മനസ്സില്‍തെളിഞ്ഞ ആഞ്ജനേയരൂപമാണ് ഹനുമാന്‍തെയ്യമായി കെട്ടിയാടുന്നത്. ഒരുവര്‍ഷം ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയശേഷമാണ് രൂപം തീരുമാനിച്ചത്. 17 തെയ്യങ്ങള്‍ കളിയാട്ടത്തിന് അരങ്ങിലെത്തുന്ന ഇല്ലത്ത് അവയ്‌ക്കൊപ്പം ഹനുമാന്‍തെയ്യത്തെ കെട്ടിയാടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആദ്യദിനം രാത്രി ഹനുമാന്‍തെയ്യത്തിന്റെ വെള്ളാട്ടം അരങ്ങിലെത്തും. മറ്റു തെയ്യങ്ങളെക്കാള്‍ ഹനുമാന്‍തെയ്യത്തിന് ഇല്ലത്തിനകത്ത് പ്രവേശിക്കാനും സഞ്ചരിക്കാനുമൊക്കെയുള്ള അധിക സ്വാതന്ത്ര്യവുമുണ്ട്. 

അരങ്ങിലെ തെയ്യം

ഹനുമാന്‍കണ്ണിട്ടു മുഖത്തെഴുത്ത് പൂര്‍ത്തിയാക്കിയ കോലക്കാരന്‍ മെല്ലെ വേഷങ്ങളണിഞ്ഞ് തുടങ്ങി. കഥകളിയുടെ കിരീടത്തിനു സമാനമായി വട്ടക്കിരീടം, ഓലക്കാതും താടിമീശയും തണ്ടയും നഖവും അരച്ചമയവം ഉടയാടയും പഞ്ഞികൊണ്ടുള്ള വാലും...

വേഷം പൂര്‍ത്തിയായി, കോലക്കാരനില്‍ ഹനുമാന്‍തെയ്യം വിരിഞ്ഞു. സാധാരണയായി തെയ്യങ്ങളുടെ വേഷം പൂര്‍ത്തിയായാല്‍ മുടിവയ്ക്കുന്നതും അവസാനമിനുക്കുപണികള്‍ ചെയ്യുന്നതും ക്ഷേത്രനടയില്‍വെച്ചാണ്. എന്നാല്‍, ഹനുമാന്‍തെയ്യം പൂര്‍ണമായും അണിയറയിലാണ് കെട്ടി പൂര്‍ത്തിയാക്കുക. മെല്ലെ പട്ട് മറയാക്കി അണിയറയില്‍നിന്ന് തെയ്യം തറവാട്ടുമുറ്റത്തേക്ക് ചുവടുവെച്ചു, ചെണ്ടമേളം മുറുകി. വിണ്ണില്‍നിന്ന് പുറപ്പെട്ട ശക്തി കോലക്കാരന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു. 

നാലുദിക്കിലും വരവറിയിച്ച് തെയ്യം നൃത്തം തുടങ്ങി. തറവാട്ടുകാരണവരുടെ കൈയില്‍നിന്ന് ആയുധമായ ഗദ ഏറ്റുവാങ്ങി, ആഗമനകഥ ചൊല്ലിപ്പാടി തന്റെ കരുത്തുകാട്ടി.

പ്രതിസന്ധികളെ പരിഹരിക്കുന്നവന്‍ എന്നാണ് ഹനുമാന്‍ അറിയപ്പെടുന്നത്. തൊഴുകൈയോടെ ജനക്കൂട്ടം തെയ്യത്തെ കണ്‍കുളിര്‍ക്കെ കണ്ടു. തെയ്യം മെല്ലെ ഇല്ലത്തിന്റെ അകത്തളങ്ങളിലേക്കും പുറംവഴികളിലേക്കും സഞ്ചരിച്ചു. ഇല്ലത്തെ ഊഞ്ഞാലില്‍ കുട്ടികള്‍ക്കൊപ്പമിരുന്നും കുശലം ചോദിച്ചുമെല്ലാം കൂട്ടത്തിലൊരാളെപ്പോലെ മനുഷ്യരില്‍ അലിഞ്ഞു. ഘണ്ടാകര്‍ണന്‍ തെയ്യത്തിനൊപ്പം മുറ്റത്ത് നൃത്തമാടി. ശേഷം ഭക്തരുടെ സങ്കടങ്ങള്‍ കേട്ടു, ഭസ്മം പ്രസാദമായി നല്‍കി.

മണ്ണിലിറങ്ങുന്ന ഈ ദൈവങ്ങളോട് മനുഷ്യര്‍ അവരുടെ മനസ്സില്‍ കൂട്ടിവെച്ച സങ്കടങ്ങളെല്ലാം പറയും. എല്ലാം കേട്ടുകഴിഞ്ഞ് തെയ്യം പറയുന്ന മറുമൊഴി എല്ലാ വിഷമങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി മാറും. കണ്ണീര്‍ തുടച്ചുകൊണ്ട് ആ കുറിയും വാങ്ങി അവര്‍ തെയ്യക്കാവുകളില്‍നിന്ന് വീട്ടിലേക്ക് മടങ്ങും.