വര്‍ണങ്ങള്‍ വിസ്മയം തീര്‍ക്കുന്ന ചിത്രകല. അവിടെ മനോഹരമായ കാന്‍വാസുകളില്‍ വ്യത്യസ്തങ്ങളായ പെയിന്റിങ് തീര്‍ക്കുകയാണ് കണ്ണുപ്രിയ എന്ന അധ്യാപിക. ജീവിതം പലയാവര്‍ത്തി ദിശമാറി സഞ്ചരിച്ചപ്പോഴും കുഞ്ഞുന്നാളില്‍ ഉറങ്ങിക്കിടന്ന തന്റെ സര്‍ഗാത്മകതയെ അവള്‍ പതിയെ പുറത്തെടുത്തു. കടുത്ത പരീക്ഷണങ്ങളിലും മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ വര ആയുധമാക്കി. സമയമോ കാലമോ തടസമാകാതെ കാന്‍വാസില്‍ മാത്രം ശ്രദ്ധിച്ചു. അതിനായി എല്ലാ അറിവുകളും ആര്‍ജിച്ചു. ഇന്ന് മ്യൂറലും മധുബാനിയും കലംകാരിയും ഉള്‍പ്പെടെ നിരവധി ചിത്രകലകള്‍ കൈമുതലുള്ള, അമ്പതോളം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണവര്‍. കടന്നുവന്ന വഴികളും പെയിന്റിങ്ങിലേക്കുള്ള കടന്നുവരവും ഒരു ചിത്രം വരയ്ക്കുന്ന ശ്രദ്ധയോടെ അവർ ഓര്‍ത്തെടുത്തു…

To advertise here,

''ചെറുപ്പം തൊട്ട് കലാപരമായ കാര്യങ്ങള്‍ ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു. ഹിന്ദുവിന്റെ യങ് വേള്‍ഡ് മാഗസിനില്‍ കാര്‍ട്ടൂന്‍ കോര്‍ണര്‍ വരാന്‍ ഞാന്‍ കാത്തിരിക്കും. കിട്ടിയപാടെ നിറംപിടിപ്പിച്ച് ബുക്കില്‍ ഒട്ടിച്ച് വയ്ക്കും. ഓണക്കാലമായാല്‍ മുത്തശ്ശിയ്‌ക്കൊപ്പം ഓണത്തപ്പനെ ഒരുക്കും. അതിനായി പേപ്പര്‍ പൂക്കളുണ്ടാക്കും. ബാക്കിവരുന്ന കളിമണ്ണുകൊണ്ട് പഴങ്ങളും പച്ചക്കറികളും പക്ഷികളും നിര്‍മ്മിച്ച് ഷോ പീസുകളാക്കി വീട് നിറയ്ക്കും. മുത്തുകള്‍ കോര്‍ത്ത് പലതരം ആഭരണങ്ങളും രാമച്ചത്തിന്റെ വേരും തേങ്ങാനാരും ചിരട്ടയും ഉപയോഗിച്ച് കിളിക്കൂടും മണ്‍കിളികളും...അങ്ങനെ എന്നാല്‍ കഴിയുള്ള ചെറിയ ക്രാഫ്റ്റുകളെല്ലാം ഉണ്ടാക്കും.
ഏകദേശം ആറ് വര്‍ഷത്തോളം സംഗീതവും പഠിച്ചു. പതിമൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ മരണശേഷം ഞാന്‍ വളരെ ഒതുങ്ങിപ്പോയി. വരയും ക്രാഫ്റ്റുമെല്ലാം പതിയെ വിട്ട് പഠനത്തിലേക്ക് വഴിമാറി. എങ്കിലും അമ്മയുടെയോ ചേട്ടന്റെ പിറന്നാളിന് എന്റെ കൈകൊണ്ടുണ്ടാക്കിയ എന്തെങ്കിലുമൊന്ന് ഞാന്‍ അവര്‍ക്ക് സമ്മാനിക്കുമായിരുന്നു.''

വെല്ലുവിളികളും വരയും
ജീവിതം കഠിനപരീക്ഷണങ്ങളില്‍ കൂടി കടന്നുപോയപ്പോഴെല്ലാം മനസ്സില്‍ നിന്നിറങ്ങിപ്പോകാതെ നിന്നത് ചായങ്ങളും ചിത്രങ്ങളുമാണ്. ''പ്ലസ്ടു കഴിഞ്ഞ് ബിഫാം പഠിച്ചു. അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി എന്നുപറയാം. പാതിവഴിയില്‍ ഉപേക്ഷിച്ച പാട്ട് വീണ്ടും ആരംഭിച്ചു. കോളേജിനെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തു. സിംഗിള്‍ മദര്‍ (പ്രമീള കൃഷ്ണന്‍) ആയതുകൊണ്ടുതന്നെ എന്നെ കുറിച്ചുള്ള അമിത ആശങ്ക അമ്മയ്ക്കുണ്ടായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ, വിവാഹം കഴിഞ്ഞു. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ അമ്മയുമായി.
പ്രസവസശേഷം ശാരീരിക പ്രശ്‌നങ്ങള്‍ എന്നെ വല്ലാതെ അലട്ടി. പാന്‍ക്രിയാസ് പണി മുടക്കി. പിത്താശയം നീക്കം ചെയ്യേണ്ടി വന്നു. അതിനുശേഷം ഒരുപാട് ബുദ്ധിമുട്ടി. രണ്ട്മാസം കൂടുമ്പോള്‍ ആശുപത്രിവാസം. ശാരീരികമായി ഒരുപാട് ക്ഷീണിച്ചു. ഇതിനിടയില്‍ കുഞ്ഞിനെ പോലും ശരിക്കും നോക്കാന്‍ പറ്റാത്ത
അവസ്ഥ വന്നു. മനസ്സിന്റെ താളം നഷ്ടപ്പെട്ടപോലെ വിഷാദത്തിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ ഞാന്‍ കടന്നുപോയി''
ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടു മനസ്സിനെ ശാന്തമാക്കിയില്ലെങ്കില്‍ കൈവിട്ടുപോകുമെന്നെനിക്ക് തോന്നി.

ഫാര്‍മസി പഠിച്ചതിനാലും സയന്‍സ് വിഷയങ്ങളോടുള്ള താല്പര്യവും അതിലേക്ക് ആകര്‍ഷിച്ചെങ്കിലും ദിവസേനയുള്ള പോക്കുവരവ് എന്റെ ശാരീരിക ശേഷി അനുവദിച്ചില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ എന്റെ സഹോദരന്‍ ഒരു ക്വില്ലിങ് സെറ്റ് കൈയില്‍ തന്നിട്ട് ഇതൊന്നു ശ്രമിച്ച് നോക്കാന്‍ പറഞ്ഞു. ചെറുപ്പം മുതലേ ക്രാഫ്റ്റിനോടുള്ള താല്പര്യം അറിഞ്ഞിട്ടാകാം ചേട്ടന്‍ അങ്ങനെ ചെയ്തത്. എന്തോ, ക്വില്ലിങ് അറിയില്ലെങ്കിലും ഗൂഗിളില്‍ നോക്കി പൂക്കളുണ്ടാക്കി. പിന്നെ എന്റെ ശ്രദ്ധ മുഴുവന്‍ അതിലായി ക്വില്ലിങ് കൊണ്ടുള്ള ആഭരണങ്ങള്‍, ഗ്രീറ്റിങ് കാര്‍ഡ്, തത്ത തുടങ്ങി എന്നെ കൊണ്ടാകുന്നതെല്ലാം ഉണ്ടാക്കി.

2014 കാലഘട്ടത്തിൽ ക്വില്ലിങ് ഗ്രീറ്റിങ് കാര്‍ഡിന് ആവശ്യക്കാരും ഏറെയായിരുന്നു. പക്ഷേ ഇതിലൊന്നിലും തന്നെ എനിക്ക് എന്റേതായ ഒരിടം കണ്ടെത്താനും മനസ്സിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താനും സാധിച്ചില്ല. അതിനിടയിലാണ്‌ പെയിന്റിങ്ങിനോടുള്ള ആ പഴയ ഇഷ്ടം ഞാന്‍ തിരിച്ചറിഞ്ഞതും മധുബാനി പെയിന്റിങ് പഠിക്കാന്‍ തീരുമാനിക്കുന്നതും. പതിയെ ആ പാഷനെ ഞാന്‍ പ്രൊഫഷനാക്കി മാറ്റുകയായിരുന്നു.

ചായക്കൂട്ടിലേക്ക്…
പേരുപോലെതന്നെ വ്യത്യസ്തമാണ് കണ്ണുപ്രിയയുടെ വരകളും. പെയിന്റിങ്ങിനോടുള്ള താല്പര്യം അവരെ കൊണ്ടെത്തിച്ചത് വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങളിലേക്കാണ്. കലംകാരി, പട്ടചിത്ര, പിച്വായ്, വാര്‍ലി, മധുബാനി, കേരള മ്യൂറല്‍ പെയിന്റിങ്... തുടങ്ങി വ്യത്യസ്തമായ ചിത്രകലാരീതികള്‍ വശമുള്ള, അതിലെ പുതിയ രീതികളെക്കുറിച്ച് പര്യവേഷണം ചെയ്യുന്ന കലാകാരി കൂടിയാണവര്‍.

''ആകര്‍ഷണീയമായ വരയും വര്‍ണ്ണങ്ങളും മധുബാനി പെയിന്റിങ്ങിലേക്കാണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. ഉത്തരേന്ത്യയിലെ ഒരു ഗുരുവില്‍ നിന്നും മധുബാനി പഠിച്ചെടുത്തു. തുടക്കക്കാര്‍ക്ക് ഏറ്റവും നന്നായി പഠിച്ചെടുക്കാന്‍ കഴിയുന്ന ഒന്നാണ് മധുബാനി. ചെറിയ ത്രികോണങ്ങളും ചതുരങ്ങളും വളവുകളുമുള്ള മനോഹരമായ വരകള്‍. വരച്ച് വരച്ച് നമുക്ക് സ്വയം ആത്മവിശ്വാസം വര്‍ധിക്കും. എനിക്കും അങ്ങനെയായിരുന്നു. മധുബാനി പരിചിതമായതോടെ മ്യൂറല്‍ പെയിന്റിങ്ങിലേക്ക് കടന്നു. അതിനായി ഓണ്‍ലൈന്‍ കോഴ്‌സെടുത്തു. ഒപ്പം ആഭരണനിര്‍മാണവും മധുബാനിയും. പെയിന്റിങ്ങ് കണ്ട് അടുത്തറിയാവുന്ന നിരവധി ആളുകള്‍ ആവശ്യക്കാരായെത്തി. ഇതേസമയം എന്റെ അസുഖം പതിയെ പതിയെ എന്നില്‍ നിന്നും വിട്ടുമാറാന്‍ തുടങ്ങി. ഇപ്പോള്‍ ഫാബ്രിക് പെയിന്റിങ്ങും പോട്ടറി പെയിന്റിങ്ങും തുടങ്ങി ആവശ്യക്കാരുടെ ഓര്‍ഡറുകള്‍ അനുസരിച്ച് പെയിന്റിങ്ങുകള്‍ കസ്റ്റമേഴ്‌സ് ചെയ്ത് കൊടുക്കാറുണ്ട്.
 

വ്യത്യസ്ത സംസ്‌കാരങ്ങളെക്കുറിച്ച് അറിയാനുള്ള ആഗ്രഹം നേരത്തെ തന്നെ എനിക്കുണ്ടായിരുന്നു.  ഗോത്രവര്‍ഗക്കാരുടെ രീതികളും കലാരൂപങ്ങളുമൊക്കെ പഠിക്കാന്‍ ഇടയ്ക്ക് ശ്രമിച്ചിരുന്നു. ഇതൊക്കെ ആയിരിക്കാം ഒരു പക്ഷേ ഇത്രയും വ്യത്യസ്തമായ പെയിന്റിങ് രീതികളിലേക്ക് എന്നെ ആകര്‍ഷിച്ചത്.

മ്യൂറലും മധുബാനിയും ഒഴികെ ബാക്കിയുള്ള പെയിന്റിങ്ങുകളെല്ലാം ഞാന്‍ സ്വന്തമായി പഠിച്ചെടുത്തതാണ്. അഞ്ച് അടി നീളമുള്ള മൃദംഗവാദ്യ ഗണപതിയും എട്ട് അടി വീതിയുള്ള അനന്തശയനവും ഉള്‍പ്പെടെയുള്ള പെയിന്റുങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.''

മധുബാനി മുതൽ പട്ടചിത്ര വരെ

ബീഹാറിലെ മിഥില മേഖലയിലാണ് മധുബാനിയുടെ ഉത്ഭവം. മിഥിലയിലെ വിവിധ സമുദായങ്ങളില്‍പെട്ട സ്ത്രീകളാണ് പരമ്പരാഗതമായി പെയിന്റിങ് ചെയ്തുപോന്നത്. മിഥില പെയിന്റിങ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. ജ്യാമിതീയ രൂപങ്ങള്‍ കൊണ്ടലങ്കരിച്ച പെയിന്റിങ്ങാണ് മധുബാനി. ഇതില്‍ മുഖം വരയ്ക്കുന്നതിനും മറ്റും പ്രത്യേക അളവുകളുണ്ട്. മധുബാനിയ്ക്ക് അഞ്ച് വ്യത്യസ്ത ശൈലികളുണ്ട്. കച്ച്‌നി, ഭര്‍ണി, താന്ത്രിക്, ഗോദ്‌ന, കോഹ്ബര്‍.

രാജസ്ഥാനിന്റെ പാരമ്പരഗതമായ കലാരൂപമാണ് പിച്വായ് പെയിന്റിങ്. പിച്വായ് ചിത്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന പ്രധാന പ്രതിരൂപം ശ്രീനാഥ്ജിയാണ്. 700 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കൃഷ്ണ രൂപം ശ്രീനാഥ്ജി ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്ന പ്രധാന ദേവനാണ്. ആചാരങ്ങളും ആരാധനയും കാണിക്കുന്ന നിരവധിചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ആന്ധ്രാപ്രദേശിൽ ഏകദേശം 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസിച്ച പുരാതന കലാരൂപമാണ് കലംകാരി. മഹാരാഷ്ട്രയിലെ വാര്‍ലി ചിത്രരചനാ പാരമ്പര്യം നാടോടി ചിത്രശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്രങ്ങളില്‍ ഒന്നാണ് വാര്‍ലി.

ഒഡീഷയിലെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ കലാരൂപങ്ങളില്‍ ഒന്നാണ് പട്ടചിത്ര ശൈലിയിലുള്ള ചിത്രരചന.

അക്കാദമി എന്ന സ്വപ്‌നം
 

 

തൊഴിലിനപ്പുറം കണ്ണുപ്രിയ എന്ന അധ്യാപിക എഡിഎച്ച്ഡി കുട്ടികളുടെ തെറാപ്പിസ്റ്റും മെന്ററും കൂടിയാണ്.
''വരയില്‍ സജീവമായിരിക്കുന്ന സമയത്താണ് മോളുടെ സ്‌കൂളില്‍ നിന്നും കുട്ടികള്‍ക്കായൊരു ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ വിളിക്കുന്നത്. അധ്യാപകരംഗത്തേക്കുള്ള ജീവിതത്തിന്റെ തുടക്കം. കുട്ടികള്‍ക്ക് പെട്ടെന്ന് വരയ്ക്കാനും മനസിലാക്കാനും കഴിയുന്ന മധുബാനി പെയിന്റിങ് തിരഞ്ഞെടുത്ത് ഞാന്‍ ക്ലാസെടുത്തു. അതിനുശേഷം പല സ്‌കൂളില്‍ നിന്നും വിളിച്ചു. ക്ലാസിലുണ്ടായിരുന്ന ഒരു കുട്ടിയുടെ രക്ഷകര്‍ത്താവ് വിളിച്ച് വിശദമായ ക്ലാസെടുത്ത് കൊടുക്കാമോ എന്നു ചോദിച്ചു, ആ ചോദ്യമാണ് ഓണ്‍ലൈന്‍ സമ്മര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കാരണം. തുടക്കത്തില്‍ സംശയം തോന്നിയെങ്കിലും വർക് ഷോപ്പ് എടുത്തുളള പരിചയം പഠിപ്പിക്കാന്‍ ധൈര്യം തന്നു. രണ്ട് കുട്ടികളെ മാത്രം വെച്ച് ഒരു വര്‍ഷം ക്ലാസെടുത്തു. പിന്നെ അത് വാരാന്ത്യ ക്ലാസുകളായി. ഇന്ന് കാനഡ, അമേരിക്ക, ദുബായ് തുടങ്ങി വിവിധയിടങ്ങളിൽ നിന്നായി അമ്പതിലധികം കുട്ടികളും മുതിര്‍ന്നവരും പഠിക്കുന്ന ഒരു അക്കാദമി എനിക്കുണ്ട്, ദിതി ആര്‍ട്ട് അക്കാദമി.

നാല് വയസ്സുമുതലുള്ള കുട്ടികളാണ് ക്ലാസിലുള്ളത്. ഏഴ് വയസ്സുമുതലുള്ള കുട്ടികള്‍ക്ക് മധുബാനി പരിശീലിപ്പിക്കുന്നുണ്ട്. താത്പര്യം കാണിക്കുന്ന കുട്ടികളെ എട്ടുവയസ്സുമുതല്‍ മ്യൂറല്‍ പഠിപ്പിക്കും. സംസ്‌കൃതം വാക്കുകളാണ് വരകളില്‍ പ്രധാനം. അത് കുട്ടികള്‍ക്ക് മനസിലാകണമെങ്കില്‍ കുറഞ്ഞത് എട്ട് വയസ്സെങ്കിലുമാകണം.
മധുബാനി പെയിന്റുകള്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം നൽകും. ഒരുപാട് രക്ഷിതാക്കള്‍ കുട്ടികളുടെ ഏകാഗ്രതയും ശ്രദ്ധയും വര്‍ധിച്ചെന്ന് പറഞ്ഞ് വിളിക്കാറുണ്ട്. അതുപോലെതന്നെ പ്രായമുള്ളവരും മാനസികപിരിമുറുക്കങ്ങളും ശാരീരിക അസ്വസ്ഥകളും മാറാന്‍ പെയിന്റിങ് സഹായിച്ചതായി പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം എഡിഎച്ച്ഡി ഉള്ള കുട്ടികളെയും ഞാന്‍ പെയിന്റിങ് പഠിപ്പിക്കുന്നുണ്ട്. വരയ്ക്കുക എന്നതിനപ്പുറത്തേക്ക് ഒരു മണിക്കൂറെങ്കിലും കുട്ടികളെ ഒരേ കാര്യത്തില്‍  പിടിച്ചിരുത്തുന്നത്, മാതാപിതാക്കളെ സംബന്ധിച്ച് പോസീവിറ്റായ കാര്യമായിരുന്നു. പെയിന്റിങ് ക്ലാസ് കഴിഞ്ഞ് ഒരുപാട് രക്ഷിതാക്കള്‍ കുട്ടികള്‍ നന്നായി ഉറങ്ങാറുണ്ടെന്നും ഭാഷ മെച്ചപ്പെട്ടെന്നും പറയാറുണ്ട്. തമിഴ്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ക്ലാസെടുക്കാറുള്ളത്. ഇതിനിടയിൽ വര, ഒരുപാട് അംഗീകാരങ്ങളും സന്തോഷവും എനിക്ക് നേടിത്തന്നു.''

 

താങ്ങായ കുടുംബം
 

 


ജനിച്ചതും വളര്‍ന്നതുമെല്ലാം പാലക്കാടാണ്. ഇപ്പോള്‍ സ്ഥിരതാമസം കോയമ്പത്തൂരാണ്. ഭര്‍ത്താവ് രാജീവ്, മക്കള്‍ ജനനി, ഹരിണി. അസുഖകാലഘട്ടങ്ങളിലും വരയിലുമെല്ലാം ഭര്‍ത്താവ് എല്ലാപിന്തുണയും തന്നു കൂടെ നിന്നു. മക്കളാണ് എന്റെ ഏറ്റവും വലിയ കരുത്ത്. വരയ്ക്കുമ്പോളും ക്ലാസ് എടുക്കുമ്പോഴും എന്നെ ശല്യപ്പെടുത്താതെ അവര്‍ സ്വന്തം കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്യാറുണ്ട്.

തുടരുന്ന വരകള്‍
നിറമുള്ള ചിത്രങ്ങള്‍ ആനന്ദത്തോടെ വരച്ചിടുന്ന അധ്യാപികയുടെ സ്വപ്‌നങ്ങളും വിചിത്രമാണ്. 
'ഇന്ത്യയില്‍ നൂറില്‍പരം തനതായ ചിത്രകലാരൂപങ്ങളുണ്ട്. കാലിഘട്ട്, പദ്, മിനിയേച്ചര്‍, സൗറ, ബംഗാളി തുടങ്ങിയ പെയിന്റിങ് രീതികളെക്കുറിച്ച് ഗവേഷണം നടത്തണമെന്നും അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും ആഗ്രഹമുണ്ട്. അതിന്റെ പുറകിലാണ് ഞാന്‍. കൂടാതെ, അമ്പലങ്ങളുടെ വാസ്തുശില്പകലയെക്കുറിച്ച് പഠിക്കണമെന്നുള്ളത് വലിയ ആഗ്രഹമാണ്. ഒപ്പം സ്വന്തമായൊരു ആര്‍ട്ട് ഗാലറിയും എക്‌സിബിഷനും.''
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi