ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്ലോയുടെ 'വെറോണിക്ക ഡിസൈഡ്സ് ടു ഡൈ' എന്ന പുസ്തകം വായിച്ചിട്ട് ഏറെക്കാലമായി. കഥ നടക്കുന്നത് സ്ലൊവീനിയയുടെ തലസ്ഥാനനഗരമായ ല്യുബ്ല്യാനയിലാണ്. കഥയില്‍ വെറോണിക്ക എന്ന ഇരുപത്തിനാലുകാരി സുന്ദരി, ഉറക്കഗുളികകള്‍ കഴിച്ച് മരിക്കാന്‍ തീരുമാനിക്കുന്നു. മരണത്തിലേക്ക് വഴുതിവീഴുന്നതിനുമുന്‍പ് ഒരു മാസിക വായിക്കാനെടുക്കുന്നു. അതില്‍ 'സ്ലൊവീനിയ എവിടെയാണ്?' എന്ന ഒരു ലേഖനം വായിക്കുന്ന അവള്‍ തന്റെ മരണത്തിനു കാരണം, അതാണെന്ന് വരുത്തിത്തീര്‍ക്കുന്നവണ്ണം ഒരു കത്ത് പത്രാധിപര്‍ക്കെഴുതുന്നു. പിന്നീടവള്‍ കണ്ണുതുറക്കുന്നത് ഒരു ഭ്രാന്താശുപത്രിയിലാണ്. ജീവിതത്തിന്റെ സൗന്ദര്യം മരണത്തിന്റെ മുനമ്പില്‍നിന്നു നോക്കിക്കാണുന്ന, ഉന്മാദവും പ്രണയവും നിറഞ്ഞ കൃതി.

To advertise here,

വര്‍ഷങ്ങള്‍ക്കിപ്പുറം സ്ലൊവീനിയയിലാണ് ഞാന്‍. ആകാശത്തോളം തലയുയര്‍ത്തിനില്‍ക്കുന്ന ല്യുബ്ല്യാന കാസിലിനുമുന്നില്‍ ഒരുനിമിഷം ഞാന്‍ വിസ്മയിച്ചുനിന്നു. കഥകളുറങ്ങുന്ന നഗരം. വൈറ്റ് വൈനും കടല്‍വിഭവങ്ങളും രുചിച്ച് നദിയിലേക്കുനോക്കി ജീവിതം ആഘോഷിക്കുന്ന ജനത. കടുംചുവപ്പന്‍ സ്‌ട്രോബെറിപ്പഴങ്ങള്‍ നിറഞ്ഞ സെന്‍ട്രല്‍ മാര്‍ക്കറ്റ്. ഇവിടെ എവിടെയോ ആകണം ഡോക്ടര്‍ ഇഗോറിന്റെ മനോരോഗാശുപത്രി.

Life is absolutely insane.

Yes, life is insane,

but the great wisdom lies in choosing your insanity wisely.

(Coelho, Veronika Decides to Die).

ഒരു കിഴക്കന്‍ യൂറോപ്പ് യാത്രയിലാണ് ഈ നഗരവുമായി കടുത്ത പ്രണയത്തിലായത്. അതിന്റെ മറ്റൊരു കാരണം, കാടിനെയും പ്രകൃതിയെയും സ്ലൊവീനിയന്‍ ജനത പരിപാലിക്കുന്ന രീതികൂടി കണ്ടതായിരുന്നു. ചെറിയ രാജ്യമാണെങ്കിലും അതിന്റെ അതിര്‍ത്തിക്കുള്ളില്‍ അവര്‍ ആല്‍പൈന്‍ പര്‍വതങ്ങളെയും ഇടതൂര്‍ന്ന വനങ്ങളെയും തീരപ്രദേശത്തെയും സംരക്ഷിച്ചുപോരുന്നു. രാജ്യത്തിന്റെ പകുതിയോളം വനപ്രദേശമാണ്. വനനിബിഡതയുടെ കാര്യത്തില്‍ യൂറോപ്പില്‍ത്തന്നെ മൂന്നാംസ്ഥാനമുണ്ട് സ്ലൊവീനിയക്ക്. പണ്ട്, റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ആ പ്രദേശത്തേക്ക് പിന്നീട് സ്ലാവിക് ഗോത്രങ്ങള്‍ കുടിയേറുകയായിരുന്നു. 1991-ലായിരുന്നു യൂഗോസ്ലാവിയയില്‍നിന്നുള്ള സ്ലൊവീനിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം. 2004-ല്‍ സ്ലൊവീനിയ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാവുകയും ചെയ്തു. തെക്കന്‍-മധ്യ യൂറോപ്പിലെ അഡ്രിയാറ്റിക് കടലും ഓസ്ട്രിയയും ക്രൊയേഷ്യയുമൊക്കെ അതിരിടുന്ന സുന്ദരമായ കുഞ്ഞന്‍ രാജ്യം. ക്രൊയേഷ്യയില്‍നിന്ന് സ്ലൊവീനിയയിലേക്കുള്ള ബസ്യാത്ര പച്ചപുതച്ച പ്രകൃതിയിലൂടെയായിരുന്നു. വന്യമൃഗങ്ങള്‍ക്കു സഞ്ചരിക്കാനായി, റോഡിനുമുകളിലൂടെത്തന്നെ, ആവാസവ്യവസ്ഥയ്ക്ക് ഇണങ്ങുംവിധം മരങ്ങള്‍ നിറഞ്ഞ ഫ്‌ളൈ ഓവറുകള്‍ പണിതിരിക്കുന്നത് കാണാം. പഴയ യൂഗോസ്ലാവിയയുടെ ഭാഗമാണെങ്കിലും സ്ലാവിക് ഭാഷയായ സ്ലോവനാണ് ഇവിടത്തെ സംസാരഭാഷ. ഏതാണ്ട് 140 കി.മീ. സുന്ദരമായ ഹൈവേയില്‍ക്കൂടി യാത്രചെയ്ത് ബസ് സ്ലൊവീനിയയുടെ തലസ്ഥാനമായ ല്യുബ്ല്യാനയിലെത്തി. ഈ നഗരത്തിന്റെ സൗന്ദര്യം, കൂര്‍ത്ത ആഗ്രഭാഗമുള്ള ചിമ്മിനിയോടുകൂടിയ പഴയകാലകെട്ടിടങ്ങളും അവയില്‍നിന്ന് പൂത്തുലഞ്ഞുനില്‍ക്കുന്ന ചെടികളുമാണ്. ദീര്‍ഘശരീരമുള്ള അരോഗദൃഢഗാത്രരായ സ്ത്രീപുരുഷന്മാര്‍. പര്‍വതങ്ങള്‍ കയറുന്നതിലും സൈക്കിളോടിക്കുന്നതിലുമെല്ലാം ഇവര്‍ മുന്‍പന്തിയിലാണ്. ചാറ്റല്‍മഴയുള്ളതിനാല്‍ എല്ലാവരും കോട്ട് ധരിച്ചിട്ടുണ്ട്. ല്യുബ്ല്യാന നഗരത്തെ 2016-ല്‍ യൂറോപ്യന്‍ ഗ്രീന്‍ ക്യാപിറ്റലായി തിരഞ്ഞെടുത്തിട്ടുണ്ട്. സിറ്റിയുടെ ഡൗണ്‍ ടൗണ്‍ ഭാഗത്ത് മറ്റുപല യൂറോപ്യന്‍ രാജ്യങ്ങളിലെയുംപോലെ കാല്‍നടയാത്രക്കാര്‍ക്കുമാത്രമാണ് പ്രവേശനം. നഗരത്തെ പകുത്തുകൊണ്ട് ഒഴുകുന്ന ല്യുബ്ല്യാനിക്ക നദി പത്തുകിലോമീറ്റര്‍പിന്നിട്ട് സാവാനദിയില്‍ ചേരുന്നു. നദിക്കുചുറ്റും ജനജീവിതം ഇരമ്പിയൊഴുകുന്നു.
 

സ്ലൊവീനിയയിലെ ഓള്‍ഡ് ടൗണിന്റെ ഭാഗമാണ് പ്രെസരന്‍ സ്‌ക്വയര്‍. രാജ്യത്തെ പ്രധാന ഉത്സവമായ ല്യുബ്ല്യാന ഡ്രാഗണ്‍ കാര്‍ണിവല്‍ ഇവിടെവെച്ചാണ് നടക്കുന്നത്. ഈ ചത്വരത്തിന്റെ കിഴക്കുഭാഗത്തായി പിച്ചളയില്‍ത്തീര്‍ത്ത ഒരു പ്രതിമ കാണാം. സ്ലൊവീനിയയുടെ ദേശീയകവിയായ ഫ്രാന്‍സ് പ്രെസരന്റെതാണ് ഈ പ്രതിമ. ഒരു വലിയ നൃത്തസംഘം ഡോലക്കുകള്‍ കൊട്ടി നൃത്തംചെയ്തുവരുന്നതുകണ്ട ഞാന്‍ ക്യാമറയെടുത്ത് തയ്യാറായി നിന്നു. സാരിയും അതിനുമുകളില്‍ കോട്ടും ധരിച്ചെത്തിയ സ്ത്രീകള്‍ 'കൃഷ്ണാ' എന്ന് പാടിവരുന്നതുകേട്ട് അതിശയിച്ചുപോയി. അവിടത്തെ ഇസ്‌കോണ്‍ അമ്പലത്തിലെ വിശ്വാസികളാണിവര്‍. പ്രസാദം കൈയില്‍ത്തന്ന് മിണ്ടാന്‍ വന്നത് മാസിയാണ്. കൃഷ്ണനാണ് ഇഷ്ടദൈവമെന്നുപറഞ്ഞ അവള്‍, സംസ്‌കൃതം പഠിക്കാന്‍ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. നാളെ വൈകീട്ട് പ്രാര്‍ഥനയ്ക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചശേഷം മാസി കൂട്ടത്തിലേക്ക് ഓടിമറഞ്ഞു.

1930-കളില്‍ സ്ലൊവീനിയയിലെ ഏറ്റവും പ്രശസ്തനായ ആര്‍ക്കിടെക്ടായിരുന്ന ജോസ് പ്ലെനിക്കാണ് സെന്‍ട്രല്‍ മാര്‍ക്കറ്റ് രൂപകല്പനചെയ്തത്. നഗരത്തിന്റെ ജീവനാഡിയായ നദിയിലേക്ക് തുറക്കുന്ന വമ്പന്‍ ആര്‍ച്ച് സഞ്ചാരികളെ അതിശയിപ്പിക്കുന്നു. പുകയത്തുണക്കിയ പന്നിയിറച്ചിയും സലാമിയും വിവിധ സോസേജുകളുമൊക്കെ തൂക്കിയിട്ടിരിക്കുന്നു.

സ്ലൊവീനിയന്‍ ചീസ് വളരെ പ്രശസ്തമാണെന്ന് പറയേണ്ടതില്ലല്ലോ! ല്യുബ്ല്യാന നഗരത്തിന്റെ ഹൃദയത്തുടിപ്പുതന്നെയാണ് ഈ മാര്‍ക്കറ്റ്. കച്ചവടത്തിനുപരിയായി ജനം ഇവിടെവെച്ചാണ് കണ്ടുമുട്ടുന്നതും സൗഹൃദം പുതുക്കുന്നതുമെല്ലാം.

പൂക്കളുടെ വിത്തുമുതല്‍, ഒരിക്കലും കണ്ടിട്ടില്ലാത്തത്രയും പഴങ്ങളും പച്ചക്കറികളും നിറഞ്ഞ, സുന്ദരമായ മാര്‍ക്കറ്റ്. നിറയെ റസ്റ്ററന്റുകളുമുണ്ട്. മറ്റൊരു പ്രത്യേകതകൂടിയുണ്ട് വെള്ളിയാഴ്ചകളില്‍ രാജ്യത്തിലെ മികച്ച റസ്റ്ററന്റുകളിലെ ഷെഫുകള്‍ ലോകമെമ്പാടുമുള്ള ആഹാരവൈവിധ്യങ്ങള്‍ ഇവിടെവന്നുണ്ടാക്കി, തുറന്ന അടുക്കളയില്‍ വില്‍ക്കും. ഒരു പച്ചക്കറിയെങ്കിലും കൃഷിചെയ്യാത്ത ആരും സ്ലൊവീനിയയില്‍ ഇല്ലെന്നാണ് പറയപ്പെടുന്നത്. സ്ലൊവീനിയന്‍ കാര്‍ഷികോത്പന്നങ്ങള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള പല ആഹാരവിഭവങ്ങളും ഇവിടെ ലഭ്യമാണെന്നത് സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് മനസ്സിലാകും. ബാല്‍ക്കണിയില്‍ തൂക്കിയിടാനുള്ള പൂക്കൂടകളും ഇവിടെ സുലഭം. ശനിയാഴ്ചകളില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശബ്ദമുഖരിതമാകും. ലോകത്തുതന്നെ ഏറ്റവും നല്ല തേന്‍ കിട്ടുന്ന സ്ഥലവും സ്ലൊവീനിയയാണത്രേ. മാദകമായ ഗന്ധം പരത്തുന്ന ഒരു ഓപ്പണ്‍ റസ്റ്ററന്റില്‍ ഞാനും ഇരുന്നു. ആഹാരങ്ങളില്‍ പലതിലും ഹംഗറിയുടെയും ഓസ്ട്രിയയുടെയും ബാള്‍ക്കന്‍ പ്രദേശങ്ങളുടെയും സ്വാധീനം കാണാന്‍ കഴിയും. ഹംഗേറിയന്‍ സ്വാധീനംകൊണ്ടാകാം

'പാപ്രിക്ക' ചട്ട്നി മിക്കയിടത്തുമുണ്ട്. പോര്‍ക്കിറച്ചികൊണ്ടുള്ള 'കുലന്‍' ഇവിടത്തെ പ്രശസ്തമായ വിഭവങ്ങളിലൊന്നാണ്. അധികം പ്രായമില്ലാത്ത പന്നിയുടെ ഇറച്ചികൊണ്ടാണ് ഈ രുചികരമായ വിഭവം തയ്യാറാക്കുന്നത്. കൂടെ വൈറ്റ് വൈനും.
 

'പൊറ്റിക' എന്നപേരിലുള്ള കേക്ക് ഇവിടെ പ്രശസ്തമാണ്. നിറയെ നട്ട്സ് കുത്തിനിറച്ചാണ് ഇത് തയ്യാറാക്കുന്നത്. 'സിവാപ്പി' എന്ന, അരിഞ്ഞ ഇറച്ചിക്കഷണങ്ങള്‍ ഗ്രില്‍ചെയ്ത് ഉരുട്ടിയടുത്തതും ബ്രെഡും ചേര്‍ന്നുള്ള വിഭവം രുചികരമായിത്തോന്നി. ഇതിന് ബാള്‍ക്കന്‍ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. അളവറിയാതെ ഓര്‍ഡര്‍ചെയ്തതിനാല്‍ കഴിച്ചുതീര്‍ക്കാന്‍ പാടുപെടേണ്ടിവന്നു.

സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചപ്പോള്‍മുതല്‍ മൂക്കിനെ ത്രസിപ്പിച്ചിരുന്ന മണം സിവാപ്പിയുടെതായിരുന്നു. കുറച്ചുമാത്രം മസാലയില്‍ പൊരിഞ്ഞുവരുന്ന മാംസത്തിന്റെ ഗന്ധം. റസ്റ്ററന്റുകളുടെ തീന്‍മേശകളിലൊന്നും അവശിഷ്ടങ്ങളില്ല. കുട്ടികള്‍പോലും, കൃത്യമായി, ബാക്കിവരുന്ന പേപ്പറുകളും ഭക്ഷണാവശിഷ്ടങ്ങളും അതത് ബോക്‌സുകളില്‍ നിക്ഷേപിക്കുന്നു. ആ ബോക്‌സുകളും അങ്ങേയറ്റം വൃത്തിയോടുകൂടിയാണ് സൂക്ഷിക്കുന്നത്. മറ്റ് യൂറോപ്യന്‍ നഗരങ്ങള്‍ക്ക് മാതൃകതന്നെയാണ് ഇക്കാര്യത്തില്‍ സ്ലൊവീനിയ.

പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന ല്യുബ്ല്യാന കോട്ട കാര്‍ണിയോള പ്രഭുക്കന്‍മാരുടെ ആസ്ഥാനമായിരുന്നു. ചിലകാലങ്ങളില്‍ ആയുധപ്പുരയായും ഉപയോഗിച്ചിരുന്നത്രേ! 900 വര്‍ഷം പഴക്കമുണ്ട് ല്യുബ്ല്യാന കാസിലിന്. യൂറോപ്പിലെ ധാരാളം കോട്ടകള്‍ കണ്ടിട്ടുള്ളതിനാല്‍ പണം മുടക്കി ടിക്കറ്റെടുക്കാന്‍ മെനക്കെട്ടില്ല. നടന്നും ഫ്യൂണിക്യുലര്‍ ട്രെയിന്‍ വഴിയും കാസിലിനുമുകളിലെത്താം.
 

കോട്ടയ്ക്കു മുകളിലേറിയാല്‍ ല്യുബ്ല്യാനാ നഗരം കണ്‍കുളിര്‍ക്കെ കാണാനാകും. ഏറ്റവും മുകളില്‍ പറക്കുന്ന പതാക, കാസിലിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ദൂരെ നഗരത്തിന്റെ മുഖമുദ്രയായ ല്യുബ്ല്യാനിക്ക നദിക്ക് കുറുകേയുള്ള മൂന്നു പാലങ്ങള്‍ കാണാം. ബുച്ചര്‍ ബ്രിഡ്ജ്, ഡ്രാഗണ്‍ ബ്രിഡ്ജ്, ട്രിപ്പിള്‍ ബ്രിഡ്ജ് എന്നാണ് അവയുടെ പേര്. വീതികുറഞ്ഞ നദിയില്‍ സഞ്ചാരികളെയും വഹിച്ച് മന്ദഗമനം നടത്തുന്ന ബോട്ടുകള്‍. ട്രിപ്പിള്‍ പാലങ്ങള്‍ക്കടിയിലൂടെ ബോട്ടില്‍ പോകുന്ന സഞ്ചാരികള്‍ ആഹ്ലാദത്തോടെ ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. എന്താണ് ല്യുബ്ല്യാനയും ഡ്രാഗണുകളുമായുള്ള ബന്ധം? ല്യുബ്ല്യാനാനഗരത്തിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ജേസനും അനുയായികളും ഒരു ഡ്രാഗണിനെ കൊന്നുവത്രേ! പാലത്തിനുമുകളില്‍ സ്ഥാപിച്ചിട്ടുള്ള നാല് ഡ്രാഗണുകളില്‍ ഒന്ന് ഇതാണെന്നാണ് ഐതിഹ്യം. ഒരു കന്യക പാലം മുറിച്ചുകടന്നാല്‍, പാലത്തിനുമുകളില്‍ പണികഴിപ്പിച്ചിട്ടുള്ള ഡ്രാഗണ്‍ വാല്‍കുലുക്കുമത്രേ! ഏതാണ്ട് ഒരുമണിക്കൂറോളം ഞാന്‍ ആ വാലും നോക്കി നിന്നു. സുന്ദരികള്‍ പലരും പാലത്തില്‍ക്കൂടി കടന്നുപോയി. പാലം പലതവണ കുലുങ്ങി, എന്നാല്‍, കേളനൊട്ട് കുലുക്കവുമില്ല!

ല്യുബ്ല്യാനിക്ക നദിക്ക് കുറുകേയുള്ള നടപ്പാലംപോലെയുള്ള ഒന്നാണ് കശാപ്പുകാരുടെ ഈ പാലം. ബുച്ചര്‍ ബ്രിഡ്ജിന്റെ കൈവരികള്‍ നിറയെ പ്രണയപ്പൂട്ടുകളാണ്. കമിതാക്കള്‍, തങ്ങളുടെ പ്രണയത്തെ അനശ്വരമാക്കാനായി, താഴുകളിട്ടുപൂട്ടി, താക്കോല്‍ ല്യുബ്ല്യാനിക്ക നദിയിലേക്ക് വലിച്ചെറിയുന്നു. പണ്ട് ഇറച്ചിക്കായി കശാപ്പുചെയ്യുന്നവര്‍ താമസിച്ചിരുന്ന സ്ഥലമായതുകൊണ്ടാണ് നടപ്പാലത്തിന് ഇങ്ങനെയൊരു പേരുണ്ടായത്. പക്ഷേ, പാലമാകട്ടെ കാല്പനികമായും ശാശ്വതപ്രണയത്തിന്റെ പ്രതീകമായും പ്രണയികളുടെ സമാഗമസ്ഥലമായും നിലകൊള്ളുന്നു.

രാത്രിയായി... ഇരുള്‍വീണുതുടങ്ങിയ നഗരത്തിലേക്ക് പ്രകാശത്തിന്റെ സ്തംഭങ്ങള്‍പോലെ എല്ലാവിളക്കുകളും ഒരുമിച്ച് കത്തി. പകലിനെക്കാളും രാത്രി സജീവമാകുന്ന ഒരു കുഞ്ഞുസുന്ദരിയെപ്പോലെ തോന്നി ഈ നഗരം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi