പ്രായംകടന്ന പകല്‍ പുതയ്ക്കാന്‍ കരിമ്പടം നിവര്‍ത്തുമ്പോഴേക്കും അണിയറയില്‍ വേഷക്കാരുടെ കണ്‍പുരികങ്ങള്‍ മഷികൊണ്ട് കറുത്തുകഴിയും. നിവര്‍ന്നുജ്വലിക്കുന്ന നിലവിളക്കിന്റെ മുന്‍പില്‍നിന്ന് മദ്ദളത്തിന്റെ മന്ദ്രമധുരധ്വാനം പൊങ്ങിത്തുടങ്ങുമ്പോള്‍, രാത്രിയുടെ പ്രഥമയാമത്തിന്റെ തൃതീയാംശം ബാക്കിയുണ്ടാവും. കിഴക്ക് പുലരിച്ചെന്തിരശ്ശീല നീട്ടിപ്പിടിക്കുമ്പോഴേ, പന്തലില്‍ കളി അവസാനിക്കൂ...

To advertise here,

(കെ.പി.എസ്.മേനോന്‍രചിച്ച 'കഥകളിരംഗം' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ വള്ളത്തോള്‍ കുറിച്ച വരികള്‍).

ഇരുട്ട് കരിമ്പടം നിവര്‍ത്തിത്തുടങ്ങിയതേയുള്ളൂ. ചെണ്ടയും മദ്ദളവും ചേങ്ങിലയും ഇലത്താളവും ചേര്‍ന്ന കേളികൊട്ട് ഉയര്‍ന്നുതുടങ്ങി. പിന്നെ ശുദ്ധമദ്ദളത്തിന്റെ മുഴക്കംകേട്ടു. ആട്ടവിളക്കിലെ തിരിപോലെ നിലാവ് തെളിഞ്ഞു. ചെമ്പട, ചമ്പ, പഞ്ചാരി, അടന്തയില്‍ തോടയം കേള്‍ക്കായി.

വന്ദനശ്ലോകത്തിന്റെ മിഴിവ്. പുറപ്പാടിന് പിന്നാലെ ത്രിപുടതാളത്തില്‍ നിലപ്പദംപാടുന്നുണ്ട്. അഷ്ടപദിയുടെ എട്ടുചരണങ്ങളില്‍ മോഹന മധ്യമാവതിയുടെ തലോടലേറ്റ മേളപ്പദത്തിന്റെ സുന്ദര സ്മൃതിനാദം. കളി തുടങ്ങുകയാണ്. 'ആഴിപ്പൂമകളോടു ചാടുഭണിതം ചൊല്ലി'ക്കൊണ്ടിരുന്നിടത്തുനിന്ന് ഓടിച്ചെന്ന് കുചേലനെ ആശ്ലേഷിക്കുന്ന സതീര്‍ഥ്യനെപ്പോലെ പമ്പയുടെ ഓളങ്ങള്‍ കരയെ

പുണര്‍ന്നു. അരങ്ങില്‍ ഉത്തരനും കാമുകിമാരും ശൃംഗാരകേളികളിലാണ്. കഥകളി കാണുകയെന്നാല്‍ തികവുറ്റ സൗന്ദര്യത്തെ കാണുകയെന്നുകൂടിയാണ് അര്‍ഥം. ജലത്തിലെ നിഴലിലും പൂഴിപ്പരപ്പിലെ അരങ്ങിലും പമ്പ, സൗന്ദര്യത്തെ ദര്‍ശിക്കുന്നു. ആ സൗന്ദര്യലഹരിയറിഞ്ഞതുകൊണ്ടാവാം ഈ ഗ്രാമത്തിന്, അയിരൂരിന്, കഥകളിഗ്രാമമെന്ന പേരുവന്നത്.

ഒരു കലയെ സ്വന്തംപേരില്‍ പതിപ്പിച്ച ഇന്ത്യയിലെ ഏകഗ്രാമം. പത്തനംതിട്ടയില്‍നിന്ന് കോഴഞ്ചേരി കടന്ന് മേലുകര വഴി ചെറുകോല്‍പ്പുഴയിലേക്ക്. അവിടെ പമ്പയ്ക്ക്

കുറുകെയുള്ളപാലത്തിനോരത്ത് അയിരൂര്‍ കഥകളിഗ്രാമം എന്നെഴുതിയ ബോര്‍ഡ്. താഴെ സമൃദ്ധമായൊഴുകുന്ന പമ്പ. തീരത്ത് പുരാതനമായ ഓര്‍ത്തഡോക്‌സ് പഴയപള്ളി. തലമുറകള്‍ ഉറങ്ങുന്ന കല്ലറകള്‍. കഥകളി ഗ്രാമത്തിന്റെ കാഴ്ചകള്‍ തുടങ്ങുന്നത് ഇവിടെനിന്നാണ്. ഗ്രാമത്തിന്റെ സിരാകേന്ദ്രമായ ചെറുകോല്‍പ്പുഴ, ജലോത്സവങ്ങളുടെയും പള്ളിയോടങ്ങളുടെയും നാടാണ്. വള്ളപ്പുരയില്‍ നൗകകളും തുഴകളും വിശ്രമിക്കുന്നു. നദിയിലേക്ക് മുഖംനോക്കി ചട്ടമ്പിസ്വാമിയുടെ സ്മാരകം.

അയിരൂരിന്റെ കലാസമ്പന്നമായ ചരിത്രത്തിലെ പ്രസക്തമായ ഏടാണ് കഥകളിഗ്രാമം എന്ന പേരിലേക്കുള്ള ചുവടുമാറ്റം. വള്ളംകളിക്കും വഞ്ചിപ്പാട്ടിനുമൊപ്പം കഥകളിയോഗവും കളിഭ്രാന്തും നിറഞ്ഞ പഴയകാലം. തെക്കന്‍, വടക്കന്‍ ചിട്ടവ്യത്യാസങ്ങള്‍ നിലനില്‍ക്കവേ നിളയ്ക്കപ്പുറമിപ്പുറംനിന്ന് സുഭദ്രയും പാഞ്ചാലിയും കുന്തിയും നളനും ബകനും രൗദ്രഭീമനും കുചേലബ്രാഹ്മണനും കര്‍ണനുമൊക്കെ പമ്പാതീരത്തെത്തി. അയിരൂരുകാര്‍ പമ്പയുടെ പഞ്ചാരമണല്‍ത്തട്ടിലും തിരുവാറന്മുളയപ്പനുമുന്നിലും കാതങ്ങള്‍ നടന്ന് ശ്രീവല്ലഭനുമുന്നിലും കഥകളി കണ്ടു. കെ.പി.എസ്. മേനോന്‍ 'കഥകളിരംഗ'

ത്തില്‍ കുറിച്ചതുപോലെ ''കാടുതോടു കുണ്ടുകുഴി കല്ലുകരടുകാഞ്ഞിരക്കുറ്റി മുള്ളു മുരടു മൂര്‍ക്കന്‍ പാമ്പ് ഇവയെയൊന്നും കൂസാതെ കൂരിരുട്ടത്ത് തപ്പിത്തടഞ്ഞ് കളിസ്ഥലത്തേക്ക് വെമ്പി.'' രംഗസ്ഥനായ നടനില്‍ കളിപ്രേമികള്‍ പ്രപഞ്ചത്തെത്തന്നെയും കണ്ടുശീലിച്ചു. പക്ഷേ, കാലം പുഴയെക്കാള്‍ വേഗത്തിലൊഴുകിയപ്പോള്‍ പഴയ ആസ്വാദകര്‍ അരങ്ങൊഴിഞ്ഞു. അന്യംനിന്നു

പോകേണ്ടതല്ല കളിയാസ്വാദനവും നാടിന്റെ കഥകളിപ്പെരുമയും എന്ന ബോധ്യത്തില്‍ അയിരൂരില്‍ കഥകളി ക്ലബ് പിറന്നു. പേരുമാറ്റം എന്ന വന്‍വിപ്ലവത്തിന്റെ വഴികള്‍ അവിടെ തുറക്കുകയായി.

1987-ല്‍ അയിരൂരിന്റെ ഒരു കോണില്‍ തുടങ്ങിയ ആസ്വാദകസംഘം 1995-ല്‍ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബായി. കഥകളിക്കായി ക്ലബ്ബ് പലതും ചെയ്തു. കഥകളിഗ്രാമത്തില്‍നിന്ന് റാന്നിയിലേക്കുള്ള റോഡിനരികിലാണ് ക്ലബ്. പത്തനംതിട്ട ജില്ലയിലെ ഒരേയൊരു കഥകളി ക്ലബ്ബ് കൂടിയാണിത്. കഥകളിഗ്രാമത്തിലേക്കുള്ള അയിരൂരിന്റെ പരിണാമത്തില്‍ ക്ലബ്ബ് നിര്‍ണായക പങ്കുവഹിച്ചു.

കെട്ടിയാടാന്‍ മാത്രമല്ല ആസ്വദിക്കാനുമുള്ള ജ്ഞാനം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. കഥകളിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്‌കൂളുകളില്‍ കഥകളിക്ലാസുകള്‍ നടത്തുന്നുണ്ട്. അതിനായി കുട്ടികളെ ഹസ്തമുദ്രയും പദങ്ങളും ചുവടുകളും ചിട്ടവട്ടങ്ങളും പഠിപ്പിക്കുന്നു. കളരികള്‍ സംഘടിപ്പിക്കുന്നു. കഥകളിക്കോപ്പ് നിര്‍മാണ യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരടി മുതല്‍ ഒരാള്‍പ്പൊക്കം വരെയുള്ള കഥകളി ശില്പങ്ങള്‍ ഇവിടെ ലഭ്യമാണ്

എല്ലാവര്‍ഷവും ജനുവരിയില്‍ പമ്പാതീരത്ത് കഥകളിമേളയും നടത്തിവരുന്നു. ആ നാളുകളില്‍ പകല്‍, വിദ്യാര്‍ഥികള്‍ക്കായി കഥകളി അരങ്ങേറും. പമ്പാതീരം കളിവിളക്കിന്റെ പ്രഭയില്‍ തുടുക്കുന്ന കഥകളിരാവുകളില്‍ മേജര്‍സെറ്റ് കഥകളി കാണാന്‍ തീരത്ത് കളിക്കമ്പക്കാരെത്തും. വേരറ്റ് പോകേണ്ടിയിരുന്നിടത്തുനിന്ന് കഥകളി അയിരൂരില്‍ വേരോടി വളര്‍ന്നു. ആ പുനരുജ്ജീവനവും ക്ലബ്ബിന്റെ പരിശ്രമങ്ങളും വഴി കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ അയിരൂര്‍ 'കഥകളി ഗ്രാമം' എന്ന പുതിയ പേര് നേടി. ക്ലബ്ബിനോട് ചേര്‍ന്ന് പരിശീലനക്കളരിയും ഉണ്ട്. വിവിധ വാദ്യോപകരണങ്ങളും നൃത്തരൂപങ്ങളും കഥകളിയും ഇവിടെ പരിശീലിപ്പിക്കുന്നു.

''ആശാനില്‍നിന്ന് കച്ചയും മിഴുക്കും വാങ്ങി കളരിയഭ്യാസമാരംഭിക്കുന്ന ബാലന്മാര്‍. ചുവടുതെറ്റുമ്പോള്‍ കണങ്കാലില്‍ ഏല്‍ക്കുന്ന പ്രഹരങ്ങള്‍''ചിട്ടയൊത്ത പരിശീലനത്തിന്റെ നാളുകളെപ്പറ്റി കഥകളിയാചാര്യന്മാര്‍ കുറിച്ച വാക്കുകള്‍ ഇവിടെ നില്‍ക്കുമ്പോള്‍ ആരും ഓര്‍ത്തുപോകും. ഉരലിന്മേല്‍ കൊട്ടി പീഠത്തിലിരുന്ന് പാടുകയും ആടിക്കുകയും ചെയ്ത ഗുരുക്കന്മാരെപ്പറ്റി ഒളപ്പമണ്ണ എഴുതിയിട്ടുണ്ട്. ഇവിടെയും തനിമയോടെ ചിട്ടകള്‍ ആവര്‍ത്തിക്കപ്പെടുന്നു.

രാമചരിതത്തെ രംഗത്തെത്തിക്കാനുള്ള കൊട്ടാരക്കര തമ്പുരാന്റെ മോഹത്തില്‍ പിറന്ന 'രാമനാട്ട'ത്തെ വെട്ടത്തുതമ്പുരാന്‍ ഒരു നാട്യകലയായി സംസ്‌കരിച്ചു. കൊട്ടാരക്കരയില്‍നിന്ന് രാമനാട്ടം തുഞ്ചന്റെ നാട്ടില്‍ എത്തുകയായിരുന്നു. വാചികാഭിനയം ആംഗികാഭിനയത്തിന് വഴിമാറി. അവിടെനിന്ന് തെക്കോട്ടുള്ള തിരിച്ചു പോക്കില്‍ കല വീണ്ടും വളര്‍ന്നു. അങ്ങനെയാണ് കഥകളിയെന്ന മഹാസാമ്രാജ്യത്തിന്റെ പിറവി. നടനും സദസ്സിലെ ആസ്വാദകനും അവിടെ സമ്രാട്ടുകളാണ്. കിര്‍മീരവധവും കല്യാണസൗഗന്ധികവും ഉള്‍പ്പെടെയുള്ള ആട്ടക്കഥകളിലൂടെ കോട്ടയം തമ്പുരാന്‍ അരങ്ങിനെ രസഭരിതമാക്കി. കപ്ലിങ്ങാടനും കല്ലടിക്കോടന്‍ ശൈലിയും വരുത്തിയ പരിഷ്‌കാരങ്ങളുടെ സത്തയറിഞ്ഞ് അരങ്ങില്‍ അദ്ഭുതങ്ങള്‍ വിരിഞ്ഞു. ഈ വൈവിധ്യങ്ങളുടെ ചരിത്രം പകര്‍ന്നുതരുന്നുണ്ട് കഥകളി ഗ്രാമവും ക്ലബ്ബും.

ഹസ്തലക്ഷണദീപികയിലെ മുദ്രകളാണ് കഥകളിയുടെ ലിപി. അവ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ക്ലബ്ബിന്റെ ചുമരിലുണ്ട്. കഥകളിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ചമയങ്ങളുടെയും ഉടയാടകളുടെയും ശേഖരവും ഇവിടെ സൂക്ഷിക്കുന്നു. കേശഭാരം കിരീടം, കൃഷ്ണമുടി, കഴുത്താരം, കൊരലാരം, തോള്‍പൂട്ട്, പടിയരഞ്ഞാണം, ചിലങ്ക. അരങ്ങില്‍ കുട്ടിക്കാട്ടാളന്മാരും ചെറുവാനരന്മാരും തമാശകഥാപാത്രങ്ങളും അണിയുന്ന മുഖപടമായ മരമോന്ത. വക്കമരത്തിന്റെ ചതച്ച നാരിലെ നീര് മാറ്റി ചായത്തില്‍മുക്കിയ മുടികള്‍. കുമിള്‍മരത്തിന്റെ തടിയും ഇലവുമരത്തിന്റെ തടിയും വേരുംകൂടി ചേരുന്ന ഭാഗവും ചേര്‍ത്തുണ്ടാക്കിയ കഥകളിക്കിരീടങ്ങള്‍ ഏതേതോ അരങ്ങുകളുടെ കഥപറയുന്നു. കരിവണ്ടിന്റെ തോടാണ് പണ്ട് കിരീടങ്ങളുടെ വശങ്ങളില്‍ പതിപ്പിച്ചിരുന്നത്. ചുട്ടികുത്തിനുള്ള ചായങ്ങളിലുമുണ്ട് വൈവിധ്യം. മനയോല പൊടിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് മഞ്ഞനിറം. ഇതിലേക്ക് കട്ടനീലം കലര്‍ത്തിയാല്‍ പച്ചയാകും. കണ്ണ് ചുവപ്പിക്കാന്‍ ചുണ്ടയ്ക്കയുണ്ട്.

പാതയോരങ്ങളിലൂടെയുള്ള യാത്രയില്‍ പുഴയും ഗ്രാമവും കഥകളിയറിവുകളുടെ നിഘണ്ടുവായി മുന്നില്‍ താളുകള്‍ തുറന്നു.നിലാവ് കളിവിളക്ക് കൊളുത്തിയ സന്ധ്യയില്‍ പമ്പയും തീരവും സന്താനഗോപാലത്തിലെ ബ്രാഹ്മണനും അര്‍ജുനനുമായി. അരങ്ങില്‍ കൃഷ്ണന്‍നായരാശാനും കലാമണ്ഡലം ഗോപിയും തീര്‍ത്ത ചാരുത ഭൂമിയില്‍ പുഴയും തീരവും ആവര്‍ത്തിക്കുകയാണ്. ഇവിടെ പ്രകൃതി രംഗസ്ഥനായൊരു നടനായി സര്‍ഗാത്മകതയുടെ പരദേവതയ്ക്കുമുന്‍പില്‍ കൈകൂപ്പിനില്‍ക്കുന്നു. കാലം കൊളുത്തിവെച്ച ആട്ടവിളക്കിനുമുന്നില്‍ വേഷം ആടിത്തീര്‍ക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi