ല്ലായ്മകളും പോരായ്മകളുമൊന്നും മിന്നുമണിയെന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍ക്ക് അതിര് വരച്ചില്ല. അവള്‍ ബാറ്റും ബോളും കൈയിലെടുത്ത് സ്വപ്‌നങ്ങള്‍ക്ക് പിറകേ നടന്നു. ആണ്‍കുട്ടികള്‍ കൈയടക്കിയിരുന്ന വയനാട്ടിലെ കൊയ്ത്തുപാടങ്ങളിലും മൈതാനങ്ങളിലും മിന്നുമണിയുമെത്തി. അവരോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍. 
ക്രിക്കറ്റ് താരമാവുകയെന്ന മിന്നുവിന്റെ ആഗ്രഹം ആദ്യമൊന്നും ആരും അംഗീകരിച്ചില്ല. 'പെണ്‍കുട്ടിയല്ലേ, ക്രിക്കറ്റിന്റെ പിറകേ പോയിട്ട്...' ചോദ്യങ്ങളായി, വിമര്‍ശനങ്ങളായി. സ്വന്തം വീട്ടില്‍നിന്നടക്കം എതിര്‍പ്പുകളായി. പക്ഷേ, മിന്നു പിന്മാറിയില്ല. പിന്തുണയുടെ ബലമില്ലാതെ ആത്മവിശ്വാസംമാത്രം കൈമുതലാക്കി അവള്‍ ക്രിക്കറ്റിന്റെ ക്രീസിലേക്കുതന്നെയിറങ്ങി. എതിര്‍പ്പുകള്‍ കൂടി. എന്നിട്ടും മിന്നു മോഹം ഉപേക്ഷിച്ചില്ല.
വര്‍ഷങ്ങള്‍ക്കിപ്പുറം മിന്നുമണി കേരളത്തിന്റെ അഭിമാനമാണ്. ഇന്ത്യയുടെ ഓള്‍ റൗണ്ടറാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സീനിയര്‍ ടീമില്‍ ഇടംനേടുന്ന ആദ്യമലയാളി എന്ന പട്ടം മിന്നുമണിക്ക് സ്വന്തമാണ്. ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനമാണ് മിന്നു മണി പുറത്തെടുത്തത്.  വയനാട്ടിലെ സാധാരണവീട്ടില്‍ നിന്ന് ലോകക്രിക്കറ്റ് വേദിവരെ എത്തിയ ആ നേട്ടങ്ങള്‍ക്ക് പിന്നില്‍ പോരാട്ടങ്ങളുടെ കഥതന്നെയുണ്ട്. 

ക്രീസിലെ തിളക്കം...

To advertise here,

ക്രിക്കറ്റില്‍ എന്താകും ഭാവിയെന്ന് വിമര്‍ശിച്ചവര്‍ക്ക് ആദ്യ മറുപടിയായി മിന്നു കേരളാടീം അംഗമായി. പിന്നീടങ്ങോട്ട് വിവിധ മത്സരങ്ങള്‍, ക്യാമ്പുകള്‍... തുടര്‍ന്ന്, വനിതാ പ്രീമിയര്‍ ലീഗിലെ വിലപിടിപ്പുള്ള താരമായി. മുപ്പതുലക്ഷം രൂപയ്ക്കാണ് മിന്നുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ഒപ്പം വനിതാ ഐ.പി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി എന്ന പദവിയുമായി മിന്നുമണി ഡല്‍ഹിയിലെത്തി. തൊട്ടുപിന്നാലെ, ഇന്ത്യന്‍ ടീമംഗമെന്ന സ്വപ്‌നനേട്ടം.
മാനന്തവാടി ചോയിമൂല എന്ന ഗ്രാമത്തിലെ ഓടിട്ട കുഞ്ഞുവീട്ടിലാണ് മിന്നു വളര്‍ന്നത്. കുറിച്യസമുദായത്തില്‍പ്പെട്ട കുടുംബം. അച്ഛനും അമ്മയും സഹോദരി മിമിതയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂലിപ്പണിയില്‍നിന്നുള്ള വരുമാനമാണ്. 

''അന്ന് അവള്‍ പറഞ്ഞ ക്രിക്കറ്റോ അതിലെ ഭാവിയോ ഞങ്ങള്‍ക്കറിയില്ലായിരുന്നു. അതുകൊണ്ട് എതിര്‍ത്തു. ഇന്നവളിലൂടെ ഞങ്ങളറിയപ്പെടുന്നു. ഓരോ മത്സരത്തിലും നേട്ടങ്ങളുമായി അവള്‍ വീട്ടില്‍ വരും. ക്രിക്കറ്റിനെക്കുറിച്ചൊക്കെ ഞങ്ങളെ പറഞ്ഞുമനസ്സിലാക്കും. പതിയെ ഞങ്ങള്‍ക്കും കാര്യങ്ങള്‍ മനസ്സിലായി. പിന്നെ, ഞങ്ങള്‍ അവളോടൊപ്പം നിന്നു,''

സന്തോഷച്ചിരിയോടെ മിന്നുവിന്റെ അച്ഛന്‍ എടപ്പടി മാവുംകണ്ടി മണിയും അമ്മ വസന്തയും പറഞ്ഞു.
''തുടക്കകാലം കഷ്ടപ്പാടായിരുന്നു. മിന്നുവിനെ മത്സരങ്ങള്‍ക്കും പരിശീലനത്തിനുമൊക്കെ അയക്കാനായി സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ക്ക് അവളില്‍ വലിയ പ്രതീക്ഷയായി. കൂലിപ്പണിയെടുത്തും കടം വാങ്ങിയുമെല്ലാം അവളെ മത്സരത്തിനയച്ചു. അവളുടെ വിജയത്തില്‍  കഷ്ടപ്പാടുകളെല്ലാം ഞങ്ങള്‍ മറക്കും. ഇപ്പോള്‍ കുടുംബത്തിന്റെ ആശ്രയമാണ് മിന്നു. വീടൊക്കെ പുതുക്കിപ്പണിതു. ട്രൈബല്‍ വകുപ്പില്‍നിന്ന് മൂന്നുലക്ഷം രൂപ കിട്ടി. അവളിപ്പോള്‍ ഞങ്ങള്‍ക്ക് തണലാണ്,'' അച്ഛന്റെ മുഖത്ത് അഭിമാനം നിറഞ്ഞു.


 
ആദ്യം ട്രാക്കില്‍ പിന്നെ ക്രിക്കറ്റില്‍...

''ഇന്ത്യന്‍ ടീം അംഗമാവുക എന്നത് വലിയ സ്വപ്‌നമായിരുന്നു. എന്റെയും എന്നെ പിന്തുണച്ചവരുടെയും പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം'' ഇന്ത്യന്‍ ടീമംഗമായി തിരഞ്ഞെടുത്ത വിവരം അറിഞ്ഞപ്പോഴുള്ള മിന്നുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.  ജൂലായ് രണ്ടിനാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്ത വിവരം മിന്നുമണി അറിയുന്നത്. തന്നെ വളര്‍ത്തിയെടുത്ത ക്രിക്കറ്റ് അസോസിയേഷന്റെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ക്യാമ്പിലായിരുന്നു മിന്നു. വിവരമറിഞ്ഞതും ക്യാമ്പില്‍ ആഘോഷം തുടങ്ങി. ഇന്ത്യന്‍ താരത്തിനായുള്ള കൈയടികള്‍ അവിടെയുയര്‍ന്നു. 

നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒരുപാടുപേരുണ്ടെന്ന് മിന്നു. കായികാധ്യാപിക കെ.എം. എല്‍സമ്മ, പരിശീലകന്‍ ഷാനവാസ്, വയനാട് ക്രിക്കറ്റ് അസോസിയേഷന്‍, അസോസിയേഷന്‍ സെക്രട്ടറി നാസിര്‍ മച്ചാന്‍ തുടങ്ങി നിരവധി പേര്‍. എല്‍സമ്മ ടീച്ചറും മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് മിന്നുമണിയുടെ ജീവിതത്തിലെ ടേണിങ് പോയിന്റ്. 
ക്രിക്കറ്റിനോടാണ് താത്പര്യമെങ്കിലും മിന്നു ആദ്യം ട്രാക്കിലെത്തിയത് ഓട്ടത്തിലായിരുന്നു. പക്ഷേ, കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആ സമയത്താണ് സ്‌കൂളില്‍ ത്രോ ബോള്‍ തുടങ്ങുന്നത്. അതിലും മികച്ച പ്രകടനം കാഴ്ചവെച്ചു. സംസ്ഥാനതലത്തിലും ദേശീയതലത്തിലുമെത്തി. മത്സരത്തിന്റെ ചെലവ് സ്വയം വഹിക്കണമെന്നതിനാല്‍ പിന്‍വാങ്ങി. പിന്നീടാണ് മിന്നു ക്രിക്കറ്റ് സെലക്ഷന് എത്തുന്നത്. 
ആദ്യശ്രമത്തില്‍തന്നെ വയനാട് ക്രിക്കറ്റ് അസോസിയേഷനില്‍ എത്തി. തുടര്‍ന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ തൊടുപുഴ, വയനാട്, തിരുവനന്തപുരം അക്കാദമികളില്‍ റെഗുലര്‍ പരിശീലനം.
  
വിമര്‍ശനങ്ങളുണ്ടാകും തളരരുത്... 

വഴുതക്കാട് വിമന്‍സ് കോളേജിലായിരുന്നു ബിരുദം. ഇതിനിടെ ഏഷ്യാകപ്പ് മത്സരം. ചലഞ്ചേഴ്‌സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യാ ബ്ലൂവിനുവേണ്ടി സീനിയര്‍ വിഭാഗത്തില്‍ മത്സരത്തിനിറങ്ങി. പിന്നെ ഡല്‍ഹി ക്യാപിറ്റല്‍സില്‍. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്‌കാരം എന്നിവ തേടിയെത്തി.
'' കായിക ഇനങ്ങളില്‍ കഴിവുള്ളവര്‍ ആദിവാസി വിഭാഗങ്ങളിലുണ്ട്. പലര്‍ക്കും ഉയരങ്ങളിലെത്താനുള്ള സാഹചര്യങ്ങള്‍ ഇല്ല. സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് പരിശ്രമിക്കണം. നിങ്ങളുടെ ആഗ്രഹങ്ങളെ ആദ്യം അംഗീകരിച്ചില്ലെന്ന് വരാം, വിമര്‍ശനങ്ങളുണ്ടാവാം, സ്വയംവിശ്വസിക്കണം. വിമര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു.'' മിന്നു പറഞ്ഞു.