ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മുതൽ ഇന്ത്യൻ അമ്മമാരുടെ ഉള്ളിൽ ഒരു സൂപ്പർ വുമൺ ഉണരും. കുട്ടിയുടെ ഡയപ്പർ ബ്രാൻഡ് മുതൽ ഹയർ എഡ്യൂക്കേഷൻ ഫണ്ട് വരെ എല്ലാം പെർഫെക്റ്റ് ആയിരിക്കണം എന്ന നിർബന്ധബുദ്ധിയാണത്. പക്ഷേ, ഈ 'അമ്മപ്പാസ'ത്തിനിടയിൽ മിക്കവരും മറന്നുപോകുന്ന ഒരു ലളിത സമവാക്യമുണ്ട്- നിങ്ങളുടെ സ്വന്തം സാമ്പത്തിക സുരക്ഷിതത്വം.

To advertise here,

മക്കളുടെ ഭാവിക്കായി സ്വന്തം സ്വപ്നങ്ങളും സമ്പാദ്യവും പണയം വെക്കുന്നതാണ് യഥാർത്ഥ മാതൃത്വം എന്നൊരു തെറ്റായ ചിന്താഗതി നമ്മുടെ സമൂഹത്തിൽ പണ്ടേയുണ്ട്. എന്നാൽ പുതിയ കാലത്തെ മില്ലേനിയൽ, ജെൻസി അമ്മമാർ മനസ്സിലാക്കേണ്ടത്, ത്യാഗം മാത്രമല്ല, സാമ്പത്തിക സ്വയംപര്യാപ്തതയുമാണ് യഥാർത്ഥ സ്ത്രീശക്തിയെന്നാണ്.

ഇന്ത്യൻ അമ്മമാർക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഏറ്റവും വലിയ സാമ്പത്തിക അബദ്ധം, മക്കളുടെ വിദ്യാഭ്യാസത്തിനും കല്യാണത്തിനുമായി തങ്ങളുടെ സമ്പാദ്യത്തിന്റെ നൂറു ശതമാനവും മാറ്റിവെക്കുകയും സ്വന്തം റിട്ടയർമെന്റ് പ്ലാനിങ് പൂർണ്ണമായി അവഗണിക്കുകയും ചെയ്യുക എന്നതാണ്. 'മക്കളുണ്ടല്ലോ വരുംകാലത്ത് നോക്കാൻ' എന്ന പഴയ ചിന്താഗതി ഇന്നത്തെ ന്യൂക്ലിയർ കുടുംബ വ്യവസ്ഥിതിയിൽ പ്രായോഗികമല്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ലോണുകൾ ലഭ്യമാണ്, എന്നാൽ നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിന് ആരും ലോൺ തരില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം. പ്രസവത്തോടെ ജോലി രാജിവെക്കുന്നതും, സ്വന്തം പേരിൽ ഒരു ബാങ്ക് അക്കൗണ്ടോ നിക്ഷേപങ്ങളോ ഇല്ലാതെ കുടുംബത്തിലെ പുരുഷന്മാരെ മാത്രം സാമ്പത്തിക കാര്യങ്ങൾ ഏൽപ്പിക്കുന്നതും മറ്റൊരു പ്രധാന തെറ്റാണ്. സാമ്പത്തിക കാര്യങ്ങളിലുള്ള ഈ അജ്ഞത പലപ്പോഴും അപ്രതീക്ഷിത പ്രതിസന്ധികളിൽ സ്ത്രീകളെ തളർത്തിക്കളയും.

എന്തുകൊണ്ടാണ് അമ്മമാർ എല്ലാം ത്യജിക്കാൻ നിർബന്ധിതരാകുന്നത്?
ഒരു സ്ത്രീ അമ്മയാകുന്ന നിമിഷം മുതൽ സ്വന്തം സാമ്പത്തിക ഭദ്രത പോലും മറന്ന് മക്കൾക്കായി സർവ്വതും ത്യജിക്കാൻ തുനിയുന്നത് പെട്ടെന്നൊരു ദിവസം സംഭവിക്കുന്നതല്ല. അതിന് പിന്നിൽ തലമുറകളായി കൈമാറിവന്ന പലവിധ സാമൂഹിക, മാനസിക സാഹചര്യങ്ങളുണ്ട്:

1. 'ത്യാഗനിധിയായ അമ്മ' എന്ന മിത്ത്: നമ്മുടെ സിനിമകളും സീരിയലുകളും എപ്പോഴും ആഘോഷിക്കുന്നത് സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച് മക്കൾക്ക് വേണ്ടി ഉരുകിത്തീരുന്ന അമ്മമാരെയാണ്. ഇങ്ങനെ ചെയ്യാത്ത സ്ത്രീകളിൽ ഈ അമ്മമാതൃകകൾ ഒരുതരം കുറ്റബോധം ഉണ്ടാക്കുന്നു.

2. കുടുംബത്തിൽ നിന്നുള്ള പരോക്ഷ സമ്മർദ്ദം: 'ഇപ്പോൾ സമ്പാദിച്ചില്ലെങ്കിലും കുഴപ്പമില്ല, കുട്ടിയുടെ കാര്യം നോക്കൂ, സമ്പാദിക്കലെല്ലാം പിന്നെയാകാം ' തുടങ്ങിയ ഉപദേശങ്ങൾ സ്ത്രീകളുടെ സാമ്പത്തിക വളർച്ചയ്ക്ക് പലപ്പോഴും തടസ്സമാകാറുണ്ട്.

3. മക്കളിലൂടെയുള്ള സ്വപ്നസാക്ഷാത്കാരം: തനിക്ക് കിട്ടാതെ പോയ മികച്ച സാഹചര്യങ്ങൾ മക്കൾക്ക് നൽകാൻ വേണ്ടി സ്വന്തം റിട്ടയർമെന്റ് ഫണ്ടോ സ്വർണ്ണമോ പോലും അമ്മമാർ സന്തോഷത്തോടെ ദാനം ചെയ്യുന്നു.

4. സാമ്പത്തിക സാക്ഷരതയുടെ കുറവ്: പണപ്പെരുപ്പത്തെക്കുറിച്ചോ പ്രായമാകുമ്പോൾ വരാവുന്ന ചികിത്സാ ചിലവുകളെക്കുറിച്ചോ കൃത്യമായ ധാരണയില്ലാത്തതുകൊണ്ട് ഉള്ള സമ്പാദ്യം മുഴുവൻ കുട്ടികൾക്കായി ചിലവഴിക്കുന്നത് തെറ്റാണെന്ന് പലരും ചിന്തിക്കാറില്ല.

ഈ സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കാം?

കുട്ടികളോടുള്ള ഉത്തരവാദിത്തം മറക്കാതെ തന്നെ സ്വന്തം സാമ്പത്തിക സ്വാതന്ത്ര്യം വീണ്ടെടുക്കാൻ അമ്മമാർക്ക് ചില പ്രായോഗിക ചുവടുവെപ്പുകൾ നടത്താം:

1. 'മോം ഗിൽറ്റ് അഥവ അമ്മക്കുറ്റബോധം' മാറ്റിവെക്കുക: സ്വന്തം ആവശ്യങ്ങൾക്കും ഭാവിക്കും വേണ്ടി പണം മാറ്റിവെക്കുന്നത് സ്വാർത്ഥതയല്ല, മറിച്ച് ദീർഘവീക്ഷണമുള്ള മാതൃത്വമാണെന്ന് സ്വയം ബോധ്യപ്പെടുത്തുക.

2. സാമ്പത്തിക ആസൂത്രണം വികേന്ദ്രീകരിക്കുക : ലഭിക്കുന്ന വരുമാനത്തിൽ നിന്ന് കുട്ടികളുടെ ഭാവി ഫണ്ടിനൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ സ്വന്തം പേരിൽ ഒരു മ്യൂച്വൽ ഫണ്ട് എസ്ഐപി വഴിയോ ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റ് വഴിയോ ചിട്ടി വഴിയോ റിട്ടയർമെന്റ് നിക്ഷേപം ഉറപ്പാക്കുക.

3. കരിയർ ബ്രേക്കുകളെ മറികടക്കുക: കുട്ടികളുടെ സംരക്ഷണത്തിനായി ജോലി രാജിവെക്കേണ്ടി വന്നാലും ഫ്രീലാൻസിങ്, റിമോട്ട് വർക്കുകൾ എന്നിവയിലൂടെ ചെറിയ വരുമാനമെങ്കിലും നിലനിർത്താൻ ശ്രമിക്കുക.

4. സാമ്പത്തിക സാക്ഷരത സ്വന്തമാക്കുക: ബാങ്കിങ്, ഇൻഷുറൻസ്, ടാക്‌സ് പ്ലാനിംഗ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്വയം പഠിക്കുകയും സ്വന്തമായി നിക്ഷേപതീരുമാനങ്ങളെടുക്കാൻ പ്രാപ്തയാകുകയും ചെയ്യുക.

5. കുട്ടികളെ പണത്തിന്റെ മൂല്യം പഠിപ്പിക്കുക: മക്കളുടെ ആഗ്രഹങ്ങൾക്ക് അതിരുകളുണ്ടെന്നും മാതാപിതാക്കളുടെ സമ്പാദ്യത്തിന് പരിധികളുണ്ടെന്നും അവർ ചെറുപ്പത്തിലേ മനസ്സിലാക്കട്ടെ.

പങ്കാളികൾക്കും പലതുണ്ട് ചെയ്യാൻ
സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിലും അമ്മമാരുടെ മേലുള്ള മാനസികസമ്മർദ്ദം കുറയ്ക്കുന്നതിലും പങ്കാളികൾക്കും വലിയൊരു പങ്കുവഹിക്കാനുണ്ട്. സാമ്പത്തിക ഭദ്രത എന്നത് ഒരു വ്യക്തിഗത കാര്യമല്ല, മറിച്ച് ഒരു ടീം വർക്ക് ആണ്.

1. സംയുക്ത തീരുമാനങ്ങൾ: വീട്ടുചിലവുകൾ മുതൽ വലിയ നിക്ഷേപങ്ങൾ വരെ പങ്കാളിയുമായി ഒരുമിച്ച് ഇരുന്ന് പ്ലാൻ ചെയ്യുക. ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുക.

2. കെയർ വർക്കുകൾ പങ്കിടുക: കുട്ടികളെ നോക്കുന്നതിലും വീട്ടുജോലികളിലും പുരുഷന്മാർ പങ്കാളിയാകണം. ഇത് സ്ത്രീകൾക്ക് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ സ്വന്തം സാമ്പത്തികകാര്യങ്ങൾ പഠിക്കാനോ ഉള്ള സമയം നൽകും.

3. അവരുടെ പേരിൽ നിക്ഷേപങ്ങൾ ആരംഭിക്കുക: പങ്കാളിക്ക് സ്വന്തമായി വരുമാനമില്ലാത്ത സാഹചര്യമാണെങ്കിൽ പോലും, കുടുംബ ബഡ്ജറ്റിൽ നിന്ന് ഒരു തുക അവരുടെ പേരിൽ മാത്രം (SIP അല്ലെങ്കിൽ PPF വഴി) നിക്ഷേപിക്കാൻ മുൻകൈ എടുക്കുക.

4. പിന്തുണ നൽകുക: 'നീ നിന്റെ കരിയർ നോക്കൂ, കുട്ടിയുടെ കാര്യം ഞാൻ നോക്കിക്കോളാം' എന്നൊരു ഉറപ്പ് പങ്കാളിയിൽ നിന്ന് ഉണ്ടാകുന്നത് വലിയ ആശ്വാസമാണ്. കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ വരുന്ന കുറ്റപ്പെടുത്തലുകളിൽ അവർക്ക് പ്രതിരോധം തീർക്കുക.

കുട്ടികൾക്ക് നമ്മൾ നൽകേണ്ട ഏറ്റവും വലിയ സമ്മാനം, പ്രായമാകുമ്പോൾ നമ്മൾ അവർക്കൊരു സാമ്പത്തിക ബാധ്യതയാകില്ല എന്ന ഉറപ്പാണ്. നിങ്ങൾ സാമ്പത്തികമായി സ്വതന്ത്രയും ശക്തയുമാകുമ്പോൾ, അത് കണ്ടുവളരുന്ന നിങ്ങളുടെ മക്കൾക്കും പണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള മികച്ച പാഠമായി മാറും. അതുകൊണ്ട് അമ്മമാരേ, മക്കൾക്കായി ജീവിക്കുന്നതിനൊപ്പം നിങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കായും നിക്ഷേപിച്ചു തുടങ്ങൂ; കാരണം നിങ്ങളുടെ ഭാവി നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. അതിന് കൂട്ടുനിൽക്കേണ്ടത് പങ്കാളിയുടെ കൂടി കടമയാണ്.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi