
ഇൻസ്റ്റഗ്രാം ഫീഡിലൂടെ വെറുതെ ഒന്ന് വിരലോടിച്ചു നോക്കൂ. മുപ്പത് സെക്കൻഡിന്റെ റീലുകളിൽ ആഡംബര കാറുകൾക്ക് മുന്നിൽ നിന്ന് കൂളിംഗ് ഗ്ലാസ് വെച്ച ചിലർ പ്രത്യക്ഷപ്പെടും. എന്നിട്ട് ആത്മവിശ്വാസത്തോടെ പറയും: 'ഈ മൂന്ന് സ്റ്റോക്കുകളിൽ ഇന്ന് 5,000 രൂപ ഇട്ടാൽ അടുത്ത മാസം നിങ്ങൾക്കൊരു ലക്ഷം രൂപ കയ്യിലിരിക്കും!' അടിയിൽ ട്രെൻഡിങ് ബിജിഎമ്മും കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സും. ഇത് കാണുന്ന ഒരു ശരാശരി ജെൻസി എന്താണ് ചിന്തിക്കുക? 'വാവ്, ഇത്ര ഈസിയായി പണമുണ്ടാക്കാൻ പറ്റുമോ? നാളെത്തന്നെ അക്കൗണ്ട് തുടങ്ങി നോക്കാം!' അങ്ങനെ സ്വന്തം പോക്കറ്റ് മണിയും കഷ്ടപ്പെട്ട് സമ്പാദിച്ച ചെറിയ തുകകളും എടുത്ത് റീലുകാരുടെ വഴിയിലേക്ക് എടുത്തുചാടും. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ആ പണം മുഴുവൻ വട്ടപ്പൂജ്യമായി മാറുന്നതാണ് പലരുടെയും അനുഭവം.
നമ്മുടെ സോഷ്യൽ മീഡിയ ടൈംലൈനുകൾ ഇപ്പോൾ നിയന്ത്രിക്കുന്നത് 'ഫിൻഫ്‌ളുവൻസർമാർ' (Finfluencers) അഥവാ ഫിനാൻസ് ഇൻഫ്‌ളുവൻസർമാരാണ്. സാമ്പത്തിക സാക്ഷരത വളർത്തുക എന്ന നല്ല ഉദ്ദേശ്യത്തോടെ വിരലിലെണ്ണാവുന്ന ചിലർ രംഗത്തുണ്ടെങ്കിലും, ഭൂരിഭാഗം പേരുടെയും ലക്ഷ്യം ലൈക്കുകളും ഷെയറുകളും വ്യൂസും മാത്രമാണ്. അവർക്ക് വേണ്ടത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വമല്ല, മറിച്ച് അവരുടെ പേജിലെ എൻഗേജ്മെന്റും അവർ സ്‌പോൺസർ ചെയ്യുന്ന ആപ്പുകളിൽ നിന്ന് കിട്ടുന്ന കമ്മീഷനുമാണ്. ചുരുക്കിപ്പറഞ്ഞാൽ, അവരുടെ റീലുകളിൽ തെളിയുന്ന 'ക്ലിക്ക്‌ബെയ്റ്റ്' തന്ത്രങ്ങളിൽ നമ്മൾ ചെന്നു വീഴുന്നത് സ്വന്തം വാലറ്റിന് വലിയൊരു ഭീഷണിയാണ്.
എന്തുകൊണ്ടാണ് പെൺകുട്ടികൾ പ്രത്യേകിച്ച് ഇത്തരം ഉപദേശങ്ങളിൽ എളുപ്പത്തിൽ വീണുപോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യം പെട്ടെന്ന് നേടണമെന്നുള്ള അമിതമായ ആഗ്രഹം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. നമ്മുടെ അമ്മമാരുടെയും ചേച്ചിമാരുടെയും കാലത്തെപ്പോലെ ബാങ്കിൽ എഫ്.ഡി ഇട്ട് പലിശ കാത്തിരിക്കാൻ ഇന്നത്തെ തലമുറയ്ക്ക് ക്ഷമയില്ല. ക്രിപ്‌റ്റോ, ഓപ്ഷൻസ് ട്രേഡിംഗ്, പെന്നി സ്റ്റോക്കുകൾ എന്നിവയിലൂടെ ഒറ്റരാത്രികൊണ്ട് പണക്കാരിയാകാമെന്ന വ്യാജ വാഗ്ദാനങ്ങൾ കാണുമ്പോൾ 'എല്ലാവരും ചെയ്യുന്നുണ്ടല്ലോ, എനിക്കും പരീക്ഷിക്കാം' എന്ന തോന്നൽ ഉണ്ടാകുന്നു.
എന്നാൽ ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കയ്‌പേറിയ യാഥാർത്ഥ്യമുണ്ട്. ഇൻസ്റ്റാഗ്രാമിലോ യൂട്യൂബിലോ ഒരു വീഡിയോ വൈറലാകുന്നത് അത് സത്യമായതുകൊണ്ടല്ല, മറിച്ച് അത് ആളുകളെ പെട്ടെന്ന് ആകർഷിക്കുന്നത് കൊണ്ടാണ്. പല ഫിൻഫ്‌ളുവൻസർമാർക്കും സാമ്പത്തിക മേഖലയിൽ യാതൊരു അംഗീകാരമോ സെബിയുടെ (SEBI) രജിസ്‌ട്രേഷനോ പോലുമില്ല. അവർ പ്രൊമോട്ട് ചെയ്യുന്ന ആപ്പുകൾ വഴി നമ്മൾ നിക്ഷേപിക്കുമ്പോൾ അവർക്ക് നല്ലൊരു തുക റെഫറൽ ബോണസായി കിട്ടുന്നുണ്ട്. നമ്മൾ പണം നഷ്ടപ്പെട്ട് നടുറോഡിൽ നിൽക്കുമ്പോൾ അവർ പുതിയൊരു ട്രെൻഡിങ് ഓഡിയോയുമായി അടുത്ത റീൽ ചെയ്യുകയായിരിക്കും.
സാമ്പത്തിക കാര്യങ്ങളിൽ കുറുക്കുവഴികളില്ല എന്നതാണ് ഏറ്റവും വലിയ സത്യം. റീലുകളിലെ മുപ്പത് സെക്കൻഡ് ഫാസ്റ്റ് ഫുഡ് നോളഡ്ജ് കൊണ്ട് പണം വളർത്താൻ നോക്കുന്നത്, യൂട്യൂബിൽ ഒറ്റ വീഡിയോ കണ്ട് ഡ്രൈവിംഗ് പഠിച്ച് ഹൈവേയിൽ കാറോടിക്കാൻ ഇറങ്ങുന്നതുപോലെ അപകടകരമാണ്. സമ്പത്ത് എന്നത് ഒറ്റ ദിവസം കൊണ്ട് ഇന്ദ്രജാലം പോലെ ഉണ്ടാകുന്ന ഒന്നല്ല. അതിന് ചിട്ടയായ അച്ചടക്കവും സമയവും ആവശ്യമുണ്ട്.
നിങ്ങൾ സ്വയം ചോദിക്കുക: സോഷ്യൽ മീഡിയയിൽ ലൈക്ക് ചെയ്യുന്ന ഇൻഫ്‌ളുവൻസർമാരാണോ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഉത്തരവാദികൾ? തീർച്ചയായും അല്ല. ഏതെങ്കിലും ഒരു സ്റ്റോക്കിലോ ഫണ്ടിലോ നിക്ഷേപിക്കുന്നതിന് മുൻപ് സ്വന്തമായി റിസർച്ച് ചെയ്യുക. ഒരു കമ്പനിയുടെ സാമ്പത്തിക അടിത്തറ, ബാലൻസ് ഷീറ്റ്, ചരിത്രം എന്നിവയെക്കുറിച്ച് കൃത്യമായ പഠനം നടത്തുക. ലൈസൻസുള്ള സാമ്പത്തിക വിദഗ്ധരുടെയോ സെബി രജിസ്റ്റേർഡ് ഉപദേശകരുടെയോ സഹായം തേടുക.
ഒരുപെൺകുട്ടിയുടെ ഏറ്റവും വലിയ കരുത്ത് അവളുടെ ആത്മവിശ്വാസവും ചോദ്യം ചെയ്യാനുള്ള കഴിവുമാണ്. ആ കഴിവ് നിങ്ങളുടെ പണത്തിന്റെ കാര്യത്തിലും പ്രയോഗിക്കുക. 'ഇത് എങ്ങനെ പ്രവർത്തിക്കുന്നു? ഇതിലെ റിസ്‌ക് എന്താണ്? ഇവർക്ക് ഇതിലൂടെ എന്ത് ലാഭമാണ് ഉള്ളത്?' എന്നീ ചോദ്യങ്ങൾ നിരന്തരം ചോദിക്കുക. നിങ്ങളുടെ മൊബൈൽ സ്‌ക്രീനിലെ ഒരു മിനിറ്റ് റീൽ കണ്ട് ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ എടുത്തു കളയാതിരിക്കുക. ആഡംബര കാറുകൾക്കും കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സുകൾക്കും അപ്പുറം നിങ്ങളുടെ കഷ്ടപ്പാടിന്റെ മൂല്യം മനസ്സിലാക്കി പക്വതയോടെ പണം വിനിയോഗിക്കുക. കാരണം, ലൈക്കുകൾ നോക്കിയല്ല, വ്യക്തമായ ധാരണയോടെയാണ് സമ്പാദിക്കേണ്ടത്!
ഫിൻഫ്‌ളൂവൻസർമാരുടെ റീലുകൾ കാണുമ്പോൾ വനിതകൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
- സെബി (SEBI) രജിസ്‌ട്രേഷൻ പരിശോധിക്കുക: സാമ്പത്തിക ഉപദേശങ്ങൾ നൽകുന്ന വ്യക്തികൾക്ക് സെബിയുടെ അംഗീകൃത രജിസ്‌ട്രേഷൻ ഉണ്ടോയെന്ന് ഉറപ്പുവരുത്തുക.
- ഒറ്റരാത്രികൊണ്ടുള്ള ലാഭവാഗ്ദാനങ്ങൾ തള്ളിക്കളയുക: 'ചെറിയ തുക നിക്ഷേപിച്ച് ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കാം' തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ തട്ടിപ്പിന്റെ ആദ്യ ലക്ഷണമാണ്.
- സ്‌പോൺസേർഡ് കണ്ടന്റുകൾ തിരിച്ചറിയുക: പല ഫിൻഫ്‌ലൂവൻസർമാരും ചില പ്രത്യേക ആപ്പുകളോ കോയിനുകളോ പ്രൊമോട്ട് ചെയ്യുന്നത് കമ്മീഷനും പരസ്യവരുമാനവും ലക്ഷ്യമിട്ടാണ്.
- ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് (F&O) കെണിയിൽ വീഴാതിരിക്കുക: വലിയ ലാഭം കാണിച്ച് റീലുകളിൽ വരുന്ന ട്രേഡിംഗ് ടിപ്പുകൾ തുടക്കക്കാർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.
- സ്വന്തമായി പഠനം (DIY Research) നടത്തുക: മറ്റൊരാൾ പറഞ്ഞതുകൊണ്ട് മാത്രം പണം നിക്ഷേപിക്കാതെ, കമ്പനിയുടെയോ ഫണ്ടിന്റെയോ അടിസ്ഥാന വിവരങ്ങൾ സ്വയം പരിശോധിക്കുക.
- ഫോമോ (FOMO) ഒഴിവാക്കുക: 'എല്ലാവരും നിക്ഷേപിക്കുന്നു, ഞാൻ മാത്രം പിന്നിലായിപ്പോകുമോ' എന്ന അനാവശ്യമായ ഭയത്തിന്റെ പേരിൽ എടുത്തുചാടി പണം മുടക്കരുത്.
- സ്‌ക്രീൻഷോട്ടുകളിലെ 'ലാഭം' കണ്ട് വഞ്ചിതരാകാതിരിക്കുക: സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഉയർന്ന ലാഭത്തിന്റെ സ്‌ക്രീൻഷോട്ടുകളിൽ പലതും ഡെമോ അക്കൗണ്ടുകളോ വ്യാജമായി നിർമ്മിച്ചവയോ ആകാം.
- പേഴ്‌സണൽ ഡാറ്റയും ഒടിപിയും പങ്കുവെക്കാതിരിക്കുക: ടെലിഗ്രാം ഗ്രൂപ്പുകളിലോ വാട്‌സാപ്പ് ചാനലുകളിലോ ചേർത്ത് 'പ്രത്യേക ടിപ്പുകൾ' നൽകാമെന്ന് പറയുന്നവരുമായി വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ പങ്കുവെക്കരുത്.
- സൗജന്യ അറിവും ഔദ്യോഗിക ഉപദേശവും വേർതിരിക്കുക: പ്രാഥമിക സാമ്പത്തിക അറിവുകൾ നേടാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാമെങ്കിലും, വ്യക്തിഗത പോർട്ട്‌ഫോളിയോ തീരുമാനങ്ങൾക്ക് ലൈസൻസുള്ള ഫിനാൻഷ്യൽ അഡൈ്വസർമാരെ സമീപിക്കുക.
- റിസ്‌ക് എടുക്കാനുള്ള സ്വന്തം ശേഷി മനസ്സിലാക്കുക: മറ്റൊരാളുടെ സാമ്പത്തിക സാഹചര്യമല്ല നിങ്ങളുടേത്; അതിനാൽ സ്വന്തം വരുമാനത്തിനും ബാധ്യതകൾക്കും അനുസരിച്ചുള്ള റിസ്‌ക് മാത്രം എടുക്കുക.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
Published: 24 Aug 2026, 03:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented