
അപ്രതീക്ഷിതമായ തിരിച്ചടികള്‍ ജീവിതത്തിന്റെ മുഖച്ഛായ മാറ്റാറുണ്ട്. ആലപ്പുഴ കൈനകരി കുട്ടമംഗലം ചെറുകായല്‍ച്ചിറ തുരുത്തിലെ ഷൈലമ്മ അന്നാട്ടിലെ പുരുഷന്മാരുടെ മുഖച്ഛായ തന്നെ മാറ്റിയെടുത്തു. തുരുത്തിലെ വനിതാ ബാര്‍ബര്‍ ആണ് ഷൈലമ്മ. പുരുഷന്മാരുടെ മുടി നല്ല സ്റ്റൈലായി വെട്ടിക്കൊടുക്കുന്നതില്‍ മിടുക്കിയാണിവര്‍. അങ്കണവാടി ഹെല്‍പ്പറായിരുന്ന ഷൈലമ്മ കോവിഡ്കാലത്ത് ജീവിതം മുന്നോട്ടോടിക്കാന്‍ കരുതലായൊന്നും കൈവശമില്ലാതെ വന്നതോടെയാണ് വീടിന്റെ ചുമരില്‍ 'ഹെവന്‍ സലൂണ്‍' ബോര്‍ഡ് തൂക്കിയത്. വരുമാനം നിലയ്ക്കുമെന്ന സാഹചര്യത്തില്‍ അറിയാവുന്ന ഏക തൊഴിലായ മുടിവെട്ട് ഷൈലമ്മ തിരഞ്ഞെടുക്കുകയായിരുന്നു. വീടിന്റെ ഉമ്മറം തന്നെ ബാര്‍ബര്‍ ഷോപ്പാക്കി. പ്രതിസന്ധികളോട് മല്ലിടാന്‍ ഇഷ്ടതൊഴില്‍ തുണയായതിന്റെ സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞുനില്‍ക്കുന്നു.
ആണുങ്ങളുടെ മുടിവെട്ടാന്‍ നാണമില്ലേ...
2015-ല്‍ ഞാന്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പാസായിട്ടുണ്ടായിരുന്നു. പക്ഷേ, വരുമാനമാര്‍ഗമാക്കി മാറ്റാനുള്ള സാഹചര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഞാന്‍ ശ്രമിച്ചതുമില്ല. സ്ത്രീകളുടെ ഹെയര്‍ കട്ടിങ് ആണ് കാര്യമായി പഠിച്ചിരുന്നത്. പഠിച്ച കോഴ്‌സുകൊണ്ട് ഉപകാരമുണ്ടായത് കൊറോണക്കാലത്താണ്. പുറത്തു പോയി മുടിവെട്ടാന്‍ പറ്റാത്ത കാലമായിരുന്നല്ലോ അത്. എനിക്ക് രണ്ട് ആണ്‍പിള്ളേരാണ്. അവരുടെ മുടി വെട്ടിക്കൊടുത്താണ് തുടക്കം. നന്നായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ സന്തോഷവും ആത്മവിശ്വാസവുമുണ്ടായി. പിന്നീട് മക്കളുടെ കൂട്ടുകാരും മുടി വെട്ടിത്തരണമെന്ന ആവശ്യവുമായെത്തി. ഈ തുരുത്തില്‍ നാല്പതില്‍ താഴെ കുടുംബങ്ങളേയുള്ളൂ. ഞാന്‍ മുടിവെട്ടുന്നുണ്ടെന്ന് കേട്ടറിഞ്ഞ് കൂടുതലാളുകള്‍ വന്നു. വയസ്സായവര്‍ക്കും ചെറിയ കുട്ടികള്‍ക്കും വീടുകളില്‍ ചെന്ന് മുടി വെട്ടിക്കൊടുക്കും. തുടക്കത്തില്‍ വീടിന്റെ മുറ്റത്ത് കസേരയിട്ടാണ് മുടി വെട്ടിയിരുന്നത്. എല്ലാവരും അറിഞ്ഞു തുടങ്ങിയതോടെ വീടിന്റെ സിറ്റൗട്ട് ബാര്‍ബര്‍ ഷോപ്പാക്കി മാറ്റി.
ഇവിടെ അടുത്തെങ്ങും ബാര്‍ബര്‍ ഷോപ്പുകളില്ല. ഒരു മണിക്കൂറോളം ബോട്ടില്‍ സഞ്ചരിച്ച് ആലപ്പുഴയിലെത്തിവേണം മുടിവെട്ടാന്‍. കൊറോണസമയത്ത് മറ്റ് വഴികളൊന്നുമില്ലാത്തതുകൊണ്ടായിരുന്നു ആളുകള്‍ മുടിവെട്ടാന്‍ എന്റെയടുത്തേക്കെത്തിയത്. കൊറോണ മാറിയിട്ടും അവരുടെ വരവില്‍ മാറ്റമൊന്നുമുണ്ടായില്ല. ചെറിയ വരുമാനമാര്‍ഗമാണല്ലോ... മുടിവെട്ട് തുടരാമെന്ന് തീരുമാനിച്ചു. ഭര്‍ത്താവ് പാപ്പച്ചനും മക്കളും പിന്തുണ തന്നു.ആണുങ്ങളുടെ മുടിവെട്ടാന്‍ നാണമില്ലേയെന്ന് ചോദിച്ച് ചിലരൊക്കെ കളിയാക്കിയിരുന്നു. ഇഷ്ടമുള്ള തൊഴിലായതുകൊണ്ട് അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി ചെയ്യുന്നുണ്ട്.വൈകുന്നേരം അങ്കണവാടിയില്‍ നിന്ന് എത്തിയശേഷവും അവധിദിവസങ്ങളിലുമാണ് മുടിവെട്ടിക്കൊടുക്കുന്നത്.
സ്റ്റൈലേതായാലും പൈസ പ്രശ്‌നമല്ല
എന്റെ മക്കളെ നല്ല സ്‌റ്റൈലാക്കി വിടാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. ഇവിടേക്ക് മുടിവെട്ടാന്‍ എത്തുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണ്. മക്കളെപ്പോലെ അവരെയും നല്ല ഭംഗിയാക്കി വിടുന്നത് സന്തോഷമുള്ള കാര്യമാണ്. പുറത്തുപോകുമ്പോള്‍ ഞാന്‍ ആണ്‍കുട്ടികളുടെ ഹെയര്‍സ്‌റ്റൈലുകള്‍ നന്നായി ശ്രദ്ധിക്കും. ആ സ്‌റ്റൈലുകളെല്ലാം ഞാന്‍ മക്കളില്‍ പരീക്ഷിക്കും. പിന്നെ പുതിയ സ്‌റ്റൈലുകളെല്ലാം യൂട്യൂബില്‍ നോക്കി പഠിക്കും. എങ്ങനെ വെട്ടാന്‍ പറഞ്ഞാലും ഞാന്‍ വെട്ടും. സ്‌റ്റൈലേതായാലും മുടി വെട്ടിന് 100 രൂപയേ ഞാന്‍ വാങ്ങിക്കുകയുള്ളൂ. അതിനെക്കാളെല്ലാം ഇഷ്ടമുള്ള ജോലി ചെയ്യാന്‍ പറ്റുന്നതിലുള്ള സന്തോഷമാണെനിക്ക്. ഒരിക്കല്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി ഒരു സ്വയം തൊഴില്‍ പരിശീലന ക്ലാസ് നടന്നിരുന്നു. അതില്‍ പങ്കെടുത്തപ്പോഴാണ് ആത്മവിശ്വാസം കിട്ടിയത്.
തുടര്‍ന്ന് സ്വയം തൊഴില്‍ തുടങ്ങാന്‍ ചെറിയ ലോണെടുത്തു. കട്ടിങ് മെഷീനടക്കമുള്ള സാധനങ്ങള്‍ അതുവഴി വാങ്ങി. കടങ്ങള്‍ ഇനിയും വീട്ടിത്തീര്‍ ന്നിട്ടില്ല. മൂത്തമകനെ നേവി കോഴ്‌സ് പഠിപ്പിച്ചത് ലോണെടുത്താണ്.അങ്കണവാടിയിലെ വരുമാനം കൊണ്ട്നിലവില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്.ഭര്‍ത്താവിന് കൃഷിയാണ്. സ്ഥിരവരുമാനമുള്ള ജോലിയല്ല. മൂത്തമകന്‍ ഇപ്പോള്‍ ഹൗസ്‌ബോട്ടില്‍ താത്കാലികമായി ജോലിക്ക് പോകുന്നുണ്ട്.പുറത്തുപോയി ഷോപ്പ് നടത്താനുള്ള സാമ്പത്തികാവസ്ഥ ഇപ്പോഴില്ല. ഇവിടെത്തന്നെ നിന്ന് ഷോപ്പ് ഒന്നുകൂടി വിപുലമാക്കണമെന്നുണ്ട്. ഹെയര്‍കട്ടിങ്ങിനുപുറമേ ഫേഷ്യല്‍, മസാജിങ് ട്രീറ്റ്‌മെന്റ് എന്നിവകൂടി തുടങ്ങണമെന്നാണ് ആഗ്രഹം.
Content Highlights: women barber shylamma alappuzha island after covid 19 her life
Published: 24 Jul 2023, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented