'കെ.ജി.എഫ് 2'-ന്റെ വമ്പൻ വിജയത്തിന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്ന യഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്'. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ അതിലെ ഗ്ലാമറസ്, ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ, ഇത്തരം രംഗങ്ങളിൽ അഭിനയിച്ചതിനോട് ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റിന്റെ പ്രതികരണമെന്തായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

'ആപ് കി അദാലത്' എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കവെയാണ് യഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ക്രീനിലെ അത്തരം രംഗങ്ങൾ കാണുമ്പോൾ ഏതൊരു പങ്കാളിക്കും ചെറിയൊരു അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്ന് യഷ് പറയുന്നു.

"ഏതൊരു പങ്കാളിക്കും ഇത് കണ്ടാൽ അസ്വസ്ഥത തോന്നും, അതിൽ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതിൽ പൂർണ്ണ സന്തോഷം കാണില്ല. എന്നാൽ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മൾ തിരിച്ചറിയണം. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനും എന്റെ സുരക്ഷിത വലയത്തിന് (Comfort Zone) പുറത്തുകടന്നാണ് ഇത് ചെയ്തത്. രാധികയും ഒരു നടിയാണ്; അതിനാൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അവളുടെ ഭർത്താവല്ല, കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നടൻ മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വത അവൾക്കുണ്ട്. എന്നെ അവൾക്ക് പൂർണ്ണ വിശ്വാസമുണ്ട്," - യഷ് പറഞ്ഞു.

ചിത്രം (Toxic: A Fairy Tale for Grown-ups) പ്രധാനമായും പുതിയ തലമുറയെ, പ്രത്യേകിച്ച് ജെൻസിയെ (Gen Z) ഉദ്ദേശിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് യഷ് കൂട്ടിച്ചേർത്തു. മുതിർന്നവരും പുതു തലമുറയും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങളും വെല്ലുവിളികളുമാണ് സിനിമയുടെ കാതൽ. അതിനാൽ കഥയിലെ യാഥാർത്ഥ്യബോധം ചോർന്നുപോകാതിരിക്കാനാണ് ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഒരു ഗാങ്സ്റ്റർ ത്രില്ലറാണ്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് യഷ് എത്തുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ 'കെ.ജി.എഫ് 2'ന് ശേഷം യഷിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi