ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ചിത്രങ്ങളുടെ മുഖമാണ് യഷ്, 4,000 കോടി രൂപയുടെ അതിഭീമ ബജറ്റിലൊരുങ്ങുന്ന 'രാമായണ', ഏകദേശം 500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്സ്'. ഈ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനൊപ്പം അവയുടെ സഹനിർമ്മാതാവ് കൂടിയാണദ്ദേഹം. പാൻ ഇന്ത്യൻ താരമെന്ന നിലയിലേക്ക് ഉയർന്നുവന്ന യഷിന്റെ ജീവിതത്തിന് (Untold Story) ഒരു വമ്പൻ സിനിമയോളം തന്നെ കൗതുകവും ട്വിസ്റ്റുമുണ്ടെന്നതാണ് സത്യം. കോടികളുടെ ബോക്സ് ഓഫീസ് വിജയങ്ങൾക്കും 'റോക്കിങ് സ്റ്റാർ' പ്രതിച്ഛായയ്ക്കും മുമ്പ്, കൈയിൽ പണമൊന്നുമില്ലാതെ, സിനിമാമോഹവുമായി നടന്നിരുന്ന ഒരു സാധാരണ യുവാവായിരുന്നു അദ്ദേഹം.
സർക്കാർ ബസ് ഡ്രൈവറായ അരുൺ കുമാറിന്റെയും വീട്ടമ്മയായ പുഷ്പയുടെയും മകനായി, ഹാസനിലെ ഒരു സർക്കാർ ആശുപത്രിയിലാണ് യഷ് ജനിച്ചത്. നവീൻ കുമാർ ഗൗഡ എന്നായിരുന്നു ആദ്യപേര്. കുടുംബത്തിന് സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല, പക്ഷേ, മകൻ ജീവിതത്തിൽ വല്ലതും നേടുമെന്ന് മാതാപിതാക്കൾക്ക് അന്നേ അടിയുറച്ചൊരു വിശ്വാസമുണ്ടായിരുന്നു.
വർഷങ്ങൾക്കിപ്പുറം, യഷ് ബോക്സ് ഓഫീസിനെ അടക്കിഭരിക്കുന്ന ഒരു ശക്തിയായി മാറി. യഷ് ജനിക്കുമ്പോൾ അച്ഛൻ തൊഴിൽരഹിതനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. യഷിന്റെ ബാല്യകാലത്ത് മൈസൂരിൽ പ്രതിദിനം 14 രൂപ ദിവസക്കൂലി വാങ്ങിയാണ് കുടുംബം അദ്ദേഹത്തെ വളർത്തിയതെന്ന് പിതാവും ഓർമിച്ചു. ദാരിദ്ര്യമുള്ള ഒരു കുടുംബത്തിൽ നിന്ന് സിനിമാ താരമാകുക എന്നത് എളുപ്പമുള്ള ലക്ഷ്യമായിരുന്നില്ല.
മൈസൂരിൽ പ്ലസ്ടു വരെ പഠിച്ചശേഷം, സഹസംവിധായകനാവാൻ യഷ് ബെംഗളൂരുവിലേക്ക് വണ്ടി കയറി. എന്നാൽ ആദ്യ അവസരം തന്നെ നഷ്ടമായി. കയ്യിൽ വെറും 300 രൂപ മാത്രമുള്ളപ്പോഴും, സ്വപ്നമുപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാൻ തയ്യാറായില്ല യഷ്. അവിടെത്തന്നെ പിടിച്ചുനിന്നു. നാടകത്തിലൂടെ പതിയെ അഭിനയം തുടങ്ങി. ഒരു ട്രൂപ്പിൽ ചേർന്ന അദ്ദേഹം, ദിവസക്കൂലിയായി 50 രൂപ വാങ്ങി ബാക്ക്സ്റ്റേജ് ജോലികൾ ചെയ്തു. ചായ വിളമ്പുക, കലാകാരന്മാർ പോയ ശേഷം ആ സ്ഥലം വൃത്തിയാക്കുക തുടങ്ങിയ പണികളായിരുന്നു. ഒടുവിൽ 2004-ൽ ഒരു നാടകത്തിൽ അദ്ദേഹത്തിന് ആദ്യമായി പ്രധാന വേഷം ലഭിച്ചു.
അതേ വർഷം തന്നെ 'ഉത്തരായണ' എന്ന പരമ്പരയിലൂടെ യഷ് ടെലിവിഷൻ രംഗത്തും അരങ്ങേറി. അവിടെവെച്ചാണ് പിന്നീട് തന്റെ ജീവിതസഖിയായി മാറിയ രാധിക പണ്ഡിറ്റിനെ കണ്ടുമുട്ടുന്നത്. പതിയെ സിനിമകളിൽ നിന്ന് അവസരങ്ങൾ വന്നു. തുടക്കത്തിൽ തന്നെ താൻ എങ്ങനെയുള്ള നടനാകണമെന്ന കാര്യത്തിൽ യഷിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്രൊജക്ടുകളിൽ ഒപ്പിടും മുൻപ് തിരക്കഥ വായിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. ആ കാലത്ത് അതൊരു അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. 2007-ൽ 'ജമ്പട ഹുഡുഗി' എന്ന ചിത്രത്തിലൂടെ യഷ് സിനിമാരംഗത്തേക്ക് കടന്നുവന്നു. ആ കാലയളവിലാണ് അദ്ദേഹം 'യഷ്' എന്ന സ്ക്രീൻ നെയിം സ്വീകരിച്ചത്. പിന്നീട് ഓരോ ചിത്രങ്ങളിലൂടെയും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന നടനിലേക്കുള്ള മാറ്റത്തിന്റെ പാതയിലായിരുന്നു.
അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ, 'മോഗിന മനസു' (2008) എന്ന ചിത്രത്തിൽ മറ്റൊരു നടന് പകരം അഭിനയിക്കാൻ യഷിന് അവസരം ലഭിച്ചു. രാധിക പണ്ഡിറ്റിനൊപ്പമുള്ള അദ്ദേഹത്തിന്റെ വേഷം ചെറുതായിരുന്നെങ്കിലും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ ആ സ്ക്രീൻ പ്രെസൻസിന് കഴിഞ്ഞു. ഈ ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് നേടി. അതൊരു വഴിത്തിരിവായിരുന്നു, ഒറ്റ രാത്രികൊണ്ട് ജീവിതം മാറിയില്ലെങ്കിലും പിന്നീട് യഷ് ശരിയായ പാതയിൽ തന്നെ സഞ്ചരിച്ചു. പിന്നീട് വന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അധ്യായങ്ങളാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yash started his career working backstage in a theatre group for Rs 50 a day., Rose to pan-India stardom with the massive success of K.G.F: Chapter 1 and Chapter 2., Currently co-producing and starring in upcoming blockbuster projects like Ramayana and Toxic.
Published: 14 Aug 2026, 01:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented