തീയേറ്ററിൽ ചിരിയുടെ ഭൂകമ്പം സൃഷ്ടിച്ച സലിംകുമാർ, ജീവിതത്തിൽ മതിമറന്ന് ചിരിച്ച നിമിഷങ്ങൾ ഏറെയുണ്ട്. ഒരിക്കലൊരു അഭിമുഖത്തിൽ അദ്ദേഹം അതേ കുറിച്ച് വിശദീകരിച്ചു.

To advertise here,

''ജീവിതത്തിലെ ചിരിനിമിഷങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്, പലതിന്റേയും അലകുംപിടിയും മാറ്റി അവയെയെല്ലാം സിനിമയിലേക്ക് കയറ്റിവിട്ടിട്ടുണ്ട്. എന്നാൽ സിനിമയിലേക്ക് കൊടുത്തിട്ടില്ലാത്തൊരു സംഭവം പറയാം''-ജീവിതം സമ്മാനിച്ച ചിരിയോർമ്മകളിലേക്ക് സലിം കുമാർ കടന്നു.

''മൈക്കിൾ ജാക്സൺ മരിച്ചവാർത്ത ലോകം കേട്ടുകൊണ്ടിരിക്കുന്ന സമയം. തൃശ്ശൂരിലെ ഒരു ലൊക്കേഷനിലിരുന്ന് ഞാനും ആ വാർത്തകേട്ടു.

അൽപ്പസമയത്തിനുള്ളിൽ ചിലർ എന്നെ വിളിച്ചു മൈക്കിൾ ജാക്സന്റെ മരണവാർത്ത അറിയിച്ചു. ഞാനറിഞ്ഞെന്ന് പറഞ്ഞിട്ടും വിളിച്ചവരെല്ലാം ആ വിഷയത്തിലൂന്നി തന്നെ സംസാരിച്ചുകൊണ്ടിരുന്നു. മൈക്കിൾ ജാക്സനെ കുറിച്ചുള്ള അവരുടെ അറിവുകളെല്ലാം അവർ കെട്ടഴിച്ചുതുടങ്ങി. ഇതെല്ലാം ഇവരെന്തിനാണ് എന്നോട് പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഞാൻ കുറച്ചുസമയം കേട്ടിരിന്നു. പിന്നീട് വന്ന പല കോളുകളിലേയും വിഷയം മൈക്കിൾ ജാക്സൻ തന്നെയായിരുന്നു.

മരണവാർത്ത പരന്ന് ഒരുമണിക്കൂറിനുള്ളിൽ ചാനലിൽ നിന്നൊരു റിപ്പോർട്ടർ വിളിച്ചു. അനുശോചനം ലൈവായി വേണമെന്നായിരുന്നു അയാളുടെ ആവശ്യം.

‘ദി ദെ ന്തു കഥ, ഞാനും മൈക്കിൾ ജാക്സനും തമ്മിൽ എന്താണ് ബന്ധം...?’ എത്ര ആലോചിച്ചിട്ടും എനിക്കൊരുപിടിയും കിട്ടിയില്ല. അനുശോചനത്തിനായി വരുന്ന ചാനലുകാരുടെ എണ്ണം കൂടുതലായപ്പോൾ മൈക്കിൾ ജാക്സനുമായുള്ള എന്റെ ബന്ധം ഞാൻ തിരിച്ചറിഞ്ഞു.

മൈക്കിൾ ജാക്സന്റെ രൂപത്തിൽ കേരളീയർ കണ്ട ഏകമലയാളി ഞാനാണ്‌, ‘ചതിക്കാത്ത ചന്തു’വിലെ ഡാൻസ്‌മാസ്റ്ററുടെ കഥാപാത്രം. മൈക്കിൾ ജാക്സനുമായി അടുപ്പമുള്ളവരിൽ നിന്നൊന്നും കമന്റുകളെടുക്കാൻ കഴിയാത്ത മലയാളിമാധ്യമപ്രവർത്തകർ എന്നെ വളഞ്ഞിട്ടുപിടികൂടുകയായിരുന്നു. ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി. ചാനലുകാർ തിരക്കുകൂട്ടി ഞങ്ങൾക്ക് സലിം കുമാറേട്ടന്റെ അനുശോചനം കൂടിയേതീരു. അത്ഭുതം മാറ്റിവച്ച്, മാറി ഒഴുക്കിനൊപ്പം നീന്താൻ തീരുമാനിച്ചു.

അണപൊട്ടുന്ന ദു:ഖത്തോടെ ഞാൻ ചാനൽ ക്യാമറയ്ക്കുമിന്നിൽ നെഞ്ചുപൊട്ടി സംസാരിച്ചു. അടുത്തദിവസം പുറത്തുവന്ന ഇംഗീഷ് പത്രത്തിൽ എന്റെയും പ്രഭുദേവയുടേയും അനുശോചനകുറിപ്പുകൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു’’.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi