മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുമ്പോൾ മലയാളിയുടെ ഹൃദയത്തിലും സാംസ്കാരിക ചരിത്രത്തിലും അതിന് വേറിട്ട ഒരു സ്ഥാനമുണ്ട്. ഇത്രയും നീണ്ട സര്‍ഗ്ഗാത്മക സൗഹൃദങ്ങള്‍ നമുക്കേറെയില്ല. ഉപാധികളില്ലാത്ത സൗഹൃദവും സ്നേഹവും ഇവര്‍ രണ്ടുപേരും നമ്മെ പഠിപ്പിക്കുന്നു

മോഹൻലാലും സത്യൻ അന്തിക്കാടും
കാലത്തിന് ചില നിശ്ചയങ്ങളുണ്ട്. അവയില്‍ ചിലതിനെ പിന്നീട് നിയോഗങ്ങളായി നമ്മള് തിരിച്ചറിയുന്നു. അല്ലെങ്കില്‍, അരനൂറ്റാണ്ടിന് മുന്‍പ്, ആ തിരുവനന്തപുരത്തുകാരനും അന്തിക്കാട്ടുകാരനും മദിരാശിയില്‍വെച്ച് കണ്ടുമുട്ടേണ്ട ഒരു കാരണവുമില്ലായിരുന്നു. കള്ളും കൃഷിയും കമ്യൂണിസവും ഇടകലര്‍ന്ന അന്തിക്കാട്ടെ മരവട്ടിക്കല്‍ സത്യനും അരങ്ങൊഴിഞ്ഞ രാജകാലത്തിന്റെ നിഴലുകള്‍ പുത്തന്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ഇടകലരുന്ന തിരുവനന്തപുരത്തുനിന്നുള്ള മോഹന്‍ലാലും. അത്യന്തം ഭിന്നമായ രണ്ട്ലോകങ്ങള്, രണ്ട് രുചികള്‍, രണ്ട് ഭാഷാശൈലികള്‍. പക്ഷേ, അവരെ ഒന്നിപ്പിക്കുന്ന ഒന്നുണ്ടായിരുന്നു സിനിമ.
'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുഞ്ഞുണ്ണിമാഷിന്റെ ശിക്ഷണത്തില്‍ കവിതയെഴുതിയിട്ടുള്ളതിന്റെ ഒറ്റബലത്തില്‍ സിനിമാമോഹവുമായി മദിരാശിയിലേക്ക് വണ്ടികയറിപ്പോന്നയാളായിരുന്നു സത്യന്. അവിടെ, ചികിത്സകന് കൂടിയായിരുന്ന ഡോ ബാലകൃഷ്ണന്റെ കീഴില്‍ സത്യന് സംവിധാനകല പഠിക്കാന്‍ തുടങ്ങി. ഡോക്ടര്‍ പറയുന്ന തിരക്കഥകള്‍ എഴുതിയെടുത്തുകൊണ്ടായിരുന്നു പഠനത്തിന്റെ ആരംഭം. നല്ല കൈയക്ഷരവും സാമാന്യത്തില്‍ കവിഞ്ഞ ഭാഷാസാഹിത്യബോധവുമുള്ള യുവാവിനെ ഡോക്ടര്‍ക്കും ബോധിച്ചു.
കോടമ്പാക്കം അക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനങ്ങളിലൊന്നായിരുന്നു. എഴുത്തുകാരും സംവിധായകരും അഭിനേതാക്കളും സംഗീതജ്ഞരും സാങ്കേതികവിദഗ്ധരും മദിരാശിയില്‍ ഇടകലര്‍ന്നു. സത്യന് കൂടുതല്‍ പരിചയങ്ങളുണ്ടായി. സിനിമയ്ക്ക് പാട്ടെഴുതാന്‍ അവസരങ്ങള്‍ വന്നു. ഉള്ളിലെ കവിത കെട്ടുപോകാതിരിക്കാനും ജീവിക്കാനുള്ള ചെറിയ വരുമാനത്തിനും പാട്ടെഴുത്ത് സഹായിച്ചു. രവീന്ദ്രന്റെയും എ.ടി. ഉമ്മറിന്റെയും ശ്യാമിന്റെയുമൊക്കെ സംഗീതസംവിധാനത്തില്‍ ആ പാട്ടുകള്‍ അണിഞ്ഞൊരുങ്ങി. അവ ഇന്നും തലമുറകളില്‍നിന്ന് തലമുറകളിലേയ്ക്ക് പാടിക്കൊണ്ടേയിരിക്കുന്നു.
തിരുവനന്തപുരത്ത് മുടവന്‍ മുകളില്‍ 'ഹില്‍വ്യൂ'വില്‍ വിശ്വനാഥന്‍നായരുടെ രണ്ടാമത്തെ മകനായ മോഹന്‍ലാല്‍ സിനിമ മോഹിച്ചായിരുന്നില്ല മദിരാശിയില്‍ എത്തിയത്. സിനിമാമോഹികളായ പ്രിയദര്ശന്, സുരേഷ്കുമാര്‍, അശോക് കുമാര്‍ എന്നീ സൗഹൃദസംഘങ്ങള്ക്കൊപ്പം അലഞ്ഞെത്തിയതായിരുന്നു അയാള്‍. അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം; ഇല്ലെങ്കില്‍ പോവാം എന്നതായിരുന്നു മനോഭാവം. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ അഭിനയിച്ചുതുടങ്ങി. പേരുപറഞ്ഞാല്‍ സിനിമാമേഖലയിലുള്ളവര്‍ക്ക് തിരിച്ചറിയാവുന്ന സ്ഥിതിയിലായി.
സംവിധാനം സ്വപ്നം കണ്ടെത്തിയ സത്യന് ആദ്യത്തെ സംരംഭം പാതിവഴിയില്‍ മുടങ്ങിയതിനുശേഷം അടുത്ത സിനിമയായ 'കുറുക്കന്റെ കല്യാണ'ത്തിന്റെ പണികള്‍ തുടങ്ങിയ സമയമായിരുന്നു. ആ സിനിമയില്‍ ബഹദൂറിന്റെ മകളെ വിവാഹം ചെയ്യുന്നയാളായി അഭിനയിക്കാന്‍ ഒരു ചെറുപ്പക്കാരനെ ആലോചിച്ചപ്പോഴാണ് മോഹന്‍ലാലിന്റെ പേര് ആരോ സത്യനോട് പറയുന്നത്. ഫാസിലിന്റെ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ അയാള്‍ വില്ലനായിരുന്നുവെങ്കിലും കാഴ്ചയില്‍ സാധുപ്രകൃതമാണ്, ലജ്ജാലുവുമാണ്. നവവരനാവാന് പാകംവന്ന പ്രായം, ഉത്തമന്.
രണ്ട് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മോഹന്‍ലാല്‍ വന്നു. രണ്ടാമത്തെ സീന്‍ മാത്രമേ ഷൂട്ട് ചെയ്തുള്ളൂ. പിന്നീട് ചിത്രീകരിക്കാം എന്ന് കരുതി മാറ്റിവെച്ച ആദ്യസീന്‍ എടുക്കാന്‍ മറന്നുപോയി. അന്നവര്‍ അധികം സംസാരിച്ചില്ല, അടുത്തതുമില്ല. വന്നു, പരസ്പരം പരിചയപ്പെട്ടു, പിരിഞ്ഞു.
വി.കെ.എന്നിന്റെ 'പ്രേമവും വിവാഹവും' എന്ന കഥ 'അപ്പുണ്ണി' എന്നപേരില്‍ സിനിമയാക്കാനുള്ള സാഹസിക തീരുമാനം സത്യന് എടുത്തപ്പോള്‍ അമ്മുവിന്റെ കാമുകനായി അയല്ദേശത്തുനിന്ന് വരുന്ന എലിമെന്ററി സ്കൂള്‍ മാസ്റ്റര്‍ മേനോന്റെ വേഷത്തില്‍ മോഹന്‍ലാലിനെ മാത്രമേ സത്യന് സങ്കല്പ്പിക്കാന് സാധിച്ചുള്ളൂ. എന്തുകൊണ്ട് ആ കഥാപാത്രത്തിന് മോഹന്‍ലാല്‍ മനസ്സില്‍ വന്നു എന്ന ചോദ്യത്തിന് ഇന്നും സത്യന് ഉത്തരമില്ല. മേനോന്മാഷായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ സത്യന് അത്യന്തം ലാളിത്യമാര്‍ന്ന തന്റെ സുഹൃത്തിനുള്ളിലെ അപാരമായ അഭിനയത്തിന്റെ സാധ്യതകളെ ആദ്യമായി തൊടുകയായിരുന്നു.
അവിടെനിന്നങ്ങോട്ട് കാലത്തിന്റെ നിശ്ചയത്തെക്കുറിച്ചും നിയോഗങ്ങളെക്കുറിച്ചും നമ്മള് അത്ഭുതത്തോടെ ബോധവാന്മാരാവുന്നു. കണ്ണൂര്‍ ജില്ലയിലെ പാട്യം സ്വദേശി ശ്രീനിവാസന് സത്യനും മോഹന്‍ലാലിനുമൊപ്പം ചേര്‍ന്നപ്പോള്‍ മലയാളസിനിമ സൗഹൃദത്തിന്റെയും അതില്‍നിന്നും വിടരുന്ന സര്‍ഗാത്മകതയുടെയും അദ്ഭുതങ്ങള്‍ക്ക് സാക്ഷിയായി. നാടോടിക്കാറ്റ്, ടി.പി. ബാലഗോപാലന് എം.എ, സന്മനസ്സുള്ളവര്ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്.... സിനിമകള്‍ക്ക് പിറകേ സിനിമകള്‍. സ്വന്തം കുടുംബത്തോടൊപ്പം എന്നതിനെക്കാള്‍ ഈ മൂവര്‍ സംഘം ഒന്നിച്ചുകഴിഞ്ഞു; ഒന്നിച്ച് സ്വപ്നം കണ്ടു; ജോലി ചെയ്തു.
അവരുടെ സൗഹൃദസംഘത്തിലേക്ക് പിന്നെയും പലരും വന്നു: ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്, കെ.പി.എ.സി. ലളിത, ഇന്നസെന്റ്, പറവൂര്‍ ഭരതന്, മാമുക്കോയ, കുതിരവട്ടം പപ്പു, സുകുമാരി, നെടുമുടിവേണു... കാഴ്ചയുടെ അപാരമായ കാലമായിരുന്നു അത്. മലയാളിയുടെ സാംസ്കാരിക ചരിത്രത്തില്‍ ഈ സംഘത്തിന്റെ സിനിമകള്‍ക്ക് മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ അടിവരയുണ്ട്. മലയാളിയുള്ളിടത്തോളം കാലം ആ സിനിമകള്‍ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും, ഇങ്ങനെയൊരു കാലവും ജീവിതവും ഇവിടെയുണ്ടായിരുന്നു എന്ന് ഓര്മ്മിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.
തൂവല്‍ തട്ടിയാല്‍പോലും മുറിയുന്നതാണ് എല്ലാ ആത്മബന്ധങ്ങളുടെയും ഹൃദയം. സത്യന്റെയും ലാലിന്റെയും തുറന്ന ബന്ധത്തില്‍ സംഭവിച്ചതും ഇതുതന്നെ. ഏതോഘട്ടത്തില് ഇരുവരുമറിയാതെ അകല്‍ച്ചയുടെ നേരിയ അലകള്‍ ഓളംവെട്ടിത്തുടങ്ങി. രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു. 'മഴവില്‍ക്കാവടി'യും 'സന്ദേശ'വും 'പൊന്മുട്ടയിടുന്ന താറാവും' 'സസ്നേഹ'വും പോലുള്ള ഹിറ്റ് സിനിമകളുമായി സത്യന് മുന്നോട്ട് പോയപ്പോള്‍ 'ഹിസ് ഹൈനസ് അബ്ദുള്ള'യും 'ഭരത'വും 'കമലദള'വും പോലുള്ള വമ്പന്‍ ഹിറ്റുകളുമായി ലാലും മുന്നോട്ട് കുതിച്ചു.
സത്യന് അന്തിക്കാടിന്റെ ജീവചരിത്രമെഴുതുന്ന സമയത്ത് ഈ കാലത്തെക്കുറിച്ച് രണ്ടുപേരോടും ഞാന്‍ സംസാരിച്ചു. സത്യന് പറഞ്ഞതിങ്ങനെ:
''ഞാന്‍ വിളിക്കുന്ന സമയത്ത് ലാല്‍ വരണം എന്ന് നിര്‍ബന്ധം പിടിക്കരുതായിരുന്നു എന്നെനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വിട്ടുപിരിയാന്‍ പറ്റാത്തത്ര ലാലുമായി അടുത്തുപോയിരുന്നു ഞാന്‍. അയാള്‍ മാഞ്ഞുപോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ശൂന്യമായ വെള്ളത്താള്‍പോലെ കിടന്നു. പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാര്‍ഥ്യത്തിന് മുഖാമുഖം നില്‍ക്കുകയായിരുന്നു ഞാന്‍. ജന്മസിദ്ധമായ വാശിയില്ലെങ്കില്‍ അന്ന് ഞാന്‍ തളര്‍ന്നുപോവുമായിരുന്നു. കാരണം, അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്റെ കരു നഷ്ടപ്പെട്ടുപോയിരുന്നു. എന്നാല്‍, അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓര്‍ത്ത് ഞാന്‍ മനസ്സില്‍ കരഞ്ഞിരുന്നു''.
ലാല്‍ അതിനെക്കുറിച്ച് ഓര്‍ത്തത് ഇങ്ങനെയാണ്:
''ആ നിമിഷം മുതല്‍ ഞങ്ങള്‍ തമ്മിലുള്ള സിനിമാസംരംഭങ്ങള്‍ ഞാന്‍ മറന്നു. സിനിമകള്‍ വരട്ടെ പോവട്ടെ, സത്യേട്ടനുമായുള്ള വ്യക്തിബന്ധം നിലനിര്‍ത്താന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു. നിരന്തരം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. പലയിടത്തുവെച്ചും കണ്ടു. പക്ഷേ, അപ്പോഴൊന്നും സിനിമയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഞാനുമായി പിരിഞ്ഞതിനുശേഷം സത്യേട്ടന് നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി. ഞാനഭിനയിച്ച പല സിനിമകളും വന്‍ വിജയങ്ങളായി. ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ സത്യേട്ടനോട് ചോദിച്ചു: 'നമ്മള് പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് ഒരു നഷ്ടവുമില്ല അല്ലേ സത്യേട്ടാ? നഷ്ടം നമുക്ക് മാത്രമാണ്.
നിങ്ങളോടൊത്തിരിക്കുമ്പോഴുള്ള രസങ്ങള്‍ മുഴുവന്‍ എനിക്ക് നഷ്ടമാവുന്നു.' അതുകേട്ട് സത്യേട്ടന് മങ്ങിയ ചിരിചിരിച്ചു. ആ ചിരിയില്‍ നിറയെ കണ്ണീര്‍ക്കണങ്ങള്‍ എനിക്ക് കാണാമായിരുന്നു''
ഒടുവില്‍ ഇരുവരുടേയും ആത്മസുഹൃത്തായ ഇന്നസെന്റ് 12 വര്‍ഷങ്ങളിലധികം നീണ്ട ഈ അകല്‍ച്ചയെ സ്നേഹത്തിന്റെ രസതന്ത്രംകൊണ്ട് ഇല്ലാതാക്കി രസതന്ത്രം എന്ന സിനിമ പിറന്നു.
സൗഹൃദത്തിന്റെ ഒരു സംസ്കാരംകൂടി പകര്‍ന്നുകൊടുത്തു സത്യന്‍അന്തിക്കാടും മോഹന്‍ലാലും മലയാളികള്‍ക്കും സിനിമാലോകത്തിനും... പിരിഞ്ഞപ്പോഴും അവര്‍ പിണങ്ങിയില്ല;അകന്നപ്പോഴും അവര്‍ വെറുത്തില്ല.സിനിമയ്ക്കായി ഒന്നിക്കുകയല്ല ഇവര്‍ ചെയ്യുന്നത് ഒന്നായിരിക്കുമ്പോള്‍ ഇടയ്ക്കൊരു സിനിമ ചെയ്യുകയാണ്. ഉപാധികളിലൂടെ മാത്രം സൗഹൃദങ്ങള്‍ പുഷ്പിക്കുകയും കൊഴിയുകയും ചെയ്യുന്ന ഇക്കാലത്തും ഒന്നിനും വേണ്ടിയല്ലാതെ അവര്‍ ഒന്നിച്ച് മുന്നേറുന്നു. ലാലിന്റെ ഓപ്പണ്‍ ഡേറ്റുണ്ടായിട്ടും പറ്റിയ കഥ മനസ്സില്‍ വരുമ്പോള്‍ മാത്രം സത്യന് ലാലിനെ സിനിമയിലേക്ക് വിളിക്കുന്നു; സത്യന് വിളിപ്പുറത്തുണ്ടായിട്ടും വിളിക്കുമ്പോള്‍ മാത്രം ലാല്‍ വേഷമിട്ട് ചെല്ലുന്നു. അല്ലാത്ത സമയത്ത് അവര്‍ ആകാശത്തിന് കീഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നു, സിനിമയൊഴിച്ച്. അപ്പോള്‍ ഈ വിശുദ്ധ സൗഹൃദത്തിന്റെ വിളികേള്ക്കാള് സിനിമ ചെവിയോര്‍ത്തിരിക്കുന്നു.
ശങ്കരാടി, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, കെ.പി.എ.സി. ലളിത, സുകുമാരി, പറവൂര്‍ ഭരതന്, കുതിരവട്ടം പപ്പു, മാമുക്കോയ... സത്യന്റെയും ലാലിന്റെയും സംഘത്തിലുള്ള എല്ലാവരും വിടപറഞ്ഞു. സ്നേഹത്തിന്റെ ഒരുപാട് നല്ല ഓര്‍മ്മകളുമായി സത്യന്‍അന്തിക്കാടും മോഹന്‍ലാലും യാത്ര തുടരുകയാണ് പരസ്പരമറിഞ്ഞ്, സ്നേഹത്തോടെ, ഹൃദയപൂര്‍വം.
Content Highlights: A heartwarming tale of the enduring friendship between Malayalam cinema legends Mohanlal and Sathyan Anthikad, spanning decades of creative collaboration and personal bonds.
Published: 21 Sept 2025, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented