അഭിനയത്തിന്റെ തിരക്കുകൾക്കിടയിലും നടി ഷീല ചിത്രകലയെ ചേർത്തുപിടിച്ചു. ജീവിതം സമ്മാനിച്ച ആക്സിക സന്തോഷങ്ങളെക്കുറിച്ച് വിവരിക്കുകയാണ് താരം

ഷീല / ഫോട്ടോ: പി.ജയേഷ്
അറുപതുകളുടെ ആദ്യപകുതിമുതൽ രണ്ടുപതിറ്റാണ്ടുകാലം മലയാളസിനിമയുടെ നായികാഭാവുകത്വം നിർണയിച്ചത് ഷീലയുടെ കഥാപാത്രങ്ങളായിരുന്നു. വെളുത്ത തിരശ്ശീലയ്ക്ക് പിന്നിലവതരിപ്പിച്ച കറുത്തമ്മയും ഉമ്മാച്ചുവും അടക്കമുള്ള നിരവധി കഥാപാത്രങ്ങൾ കാലങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകമനസ്സിൽ മായാതെനിൽക്കുന്നു. നായികാസങ്കല്പങ്ങളിൽ വന്ന മാറ്റവും സിനിമയുടെ സാങ്കേതികപരിണാമവും പുതിയൊരു ചലച്ചിത്രഭാഷ്യം സൃഷ്ടിക്കുന്ന കാലത്ത് പഴയ ഓർമ്മകളിലേക്ക് സഞ്ചരിക്കുകയാണ് ഷീല. തിരക്കേറിയ സിനിമാജീവിതത്തിൽനിന്ന് അകന്നെങ്കിലും ജന്മസിദ്ധമായിക്കിട്ടിയ ചിത്രകലയെ ചേർത്തുപിടിക്കുന്നു അവർ. വെള്ളിത്തിരയ്ക്ക് പുറത്തുള്ള ജീവിതത്തെക്കൂടി ഓർത്തെടുക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഷീലാമ്മ. നിറച്ചാർത്തുകളിലൂടെ സംസാരിക്കുന്ന, ഷീല വരച്ച ചിത്രങ്ങൾ.
ഷീലയെന്ന ചിത്രകാരിയെക്കുറിച്ച് ഒരുപക്ഷേ, മലയാളികൾ അധികമൊന്നും കേട്ടിരിക്കില്ല. എങ്ങനെയാണ് ചിത്രകലയോട് താത്പര്യം ജനിക്കുന്നത്?
ചിത്രംവര ചെറുപ്പംമുതൽക്കേ എന്റെ ആത്മാവിൽ ഇഴുകിച്ചേർന്നതാണ്. അഭിനയംപോലെ ഒരു തൊഴിലായി ഞാനതിനെ സ്വീകരിച്ചിട്ടില്ല. യോഗചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ഫീലില്ലേ, അതുപോലെയാണ് ഓരോ ചിത്രവും പൂർത്തിയാക്കുമ്പോൾ കിട്ടുന്ന മാനസികസംതൃപ്തി. പ്രൊഫഷണലായി ചിത്രകല പഠിച്ചിട്ടില്ല, ചെറുപ്പത്തിൽ ചെറുതായി വരയ്ക്കുമായിരുന്നു.
ലോകത്തെ നോക്കിക്കാണുന്ന ഏകാകിനിയായ ഒരു സ്ത്രീ-പല ചിത്രങ്ങളിലും ഈ തീം കടന്നുവരുന്നത് കാണാം.
എവിടെപ്പോയാലും സമൂഹത്തെ ഞാൻ നിരീക്ഷിക്കുമായിരുന്നു. വഴിയിലൂടെ നടന്നുനീങ്ങുന്ന പെൺകിടാങ്ങളുടെ ഭാവചലനങ്ങളും വസ്ത്രധാരണരീതിയമൊക്കെ വീക്ഷിച്ചിരുന്നു. ചെറുപ്പംമുതൽക്കേ ഇതൊക്കെ എന്നിൽ കൗതുകമുണർത്തിയിരുന്നു. അഭിനയത്തിനെത്തുന്നതിനുമുൻപേ പെയിന്റിങ്ങിനോട് കമ്പമുണ്ട്. അന്ന് വാട്ടർകളറോ അക്രിലിക്കോ ഒന്നും മേടിക്കാനുള്ള സാഹചര്യമില്ലായിരുന്നു. സ്ലേറ്റിൽമാത്രമായിരുന്നു പടംവര. പിന്നെ, നോട്ടുബുക്കിൽ കളർപെൻസിലുപയോഗിച്ച് വരച്ചുതുടങ്ങി. പതിമ്മൂന്നുവയസ്സുവരെ ഇത് തുടർന്നു.
ഷൂട്ടിങ്ങിന് ആദ്യമായിപ്പോകുന്ന സമയത്തെല്ലാം എന്റെ സഹോദരിമാരുടെയും കൂട്ടുകാരുടെയുമെല്ലാം നോട്ടുബുക്സും കളർപെൻസിലുമെല്ലാം കൊണ്ടുപോകുമായിരുന്നു. രാവിലെ ഏഴുമണിക്കൊക്കെ ആദ്യഷോട്ടെടുക്കാൻ പോകേണ്ടിവരും. ഞങ്ങളഭിനയിക്കേണ്ട ചെറിയ സീനൊക്കെ ആദ്യമേ ഷൂട്ട് ചെയ്യും. അതിനുശേഷമായിരിക്കും നസീർ സാറിന്റെയും മധു സാറിന്റെയുമൊക്കെ ഷോട്ടെടുക്കുക. ഉച്ചകഴിഞ്ഞായിരിക്കും ഞങ്ങളുടെ മറ്റ് സീനൊക്കെ എടുക്കാനുണ്ടാവുക. അപ്പോൾ സേതുമാധവൻ സാറും കൊട്ടാരക്കര സാറുമൊക്കെ പറയും.
''ആ... ഇപ്പോ ഷീലയ്ക്ക് പോയിരുന്ന് വരയ്ക്കാം കേട്ടോ.''
ഞാനന്ന് കൊച്ചുകുട്ടിയായിരുന്നല്ലോ. ഇന്നത്തെപ്പോലെ ടെലിവിഷനൊന്നും ഇല്ലാത്ത കാലം. മൊബൈലുമില്ല. നേരംപോക്കിനായി മറ്റ് വിനോദങ്ങളുമില്ല. വിശ്രമത്തിനാകട്ടെ, കാരവാനുമില്ല. അങ്ങനെ ഒഴിവുകിട്ടുന്ന സമയത്തായിരുന്നു ഷൂട്ടിങ് ലൊക്കേഷനിലിരുന്ന് വരച്ചിരുന്നത്.
നായികയായി വേഷമിടുമ്പോഴാണോ ഒരു ചിത്രം വരക്കുമ്പോഴാണോ കൂടുതൽ സംതൃപ്തി ലഭിക്കുന്നത്?
രണ്ടരപ്പതിറ്റാണ്ടോളം സിനിമയിൽനിന്ന് മാറിനിൽക്കാതെ ഞാനഭിനയിച്ചിട്ടുണ്ട്. എന്നാൽ, അതിൽനിന്നെല്ലാമുപരിയായി ഒരു ചിത്രം വരയ്ക്കുമ്പോഴാണ് കൂടുതൽ സംതൃപ്തിവരുന്നത്. അഭിനേത്രിക്ക് പിന്നിൽ പലയാളുകളുമുണ്ട്. സിനിമയെന്നത് ഒരു സംവിധായകന്റെ കലയാണ്. തിരക്കഥാകൃത്തും ക്യാമറാമാനുമെല്ലാം ചേരുന്ന വലിയൊരു സംഘമാണ് അതിന് പിന്നിലുള്ളത്. അവരുടെ നിർദേശങ്ങളനുസരിച്ച് നമ്മളഭിനയിക്കണം. അതിനിടെ അഭിനയിച്ചത് ശരിയായില്ലെന്ന് ബോധ്യം വന്നാൽ ''അയ്യോ സാറേ, നമുക്ക് ഒരു ടെയ്ക്കുകൂടി എടുക്കാം'' എന്ന് പറഞ്ഞ് വീണ്ടും ഷൂട്ട്‌ചെയ്യിക്കാനും സാധിക്കും.
എന്നാൽ, ചിത്രംവര അങ്ങനെയല്ല. സ്വന്തം സൃഷ്ടിയാണത്. രാത്രിയിൽ ഒരു ചിത്രം വരച്ചുപൂർത്തിയായാലും കിടക്കുമ്പോൾ എവിടെയൊക്കെയോ അപൂർണത തോന്നും. രാവിലെയെഴുന്നേറ്റ് സ്വന്തം സൃഷ്ടിയെ വീണ്ടും തേച്ചുമിനുക്കണമെന്ന ചിന്ത മനസ്സിലുണ്ടാകും. അങ്ങനെ പൂർത്തിയാകുന്ന ഓരോ ചിത്രവും അഭിനയത്തെക്കാൾ സംതൃപ്തി നൽകുന്നു.
പ്രകൃതിയെ വരയ്ക്കാനാണോ കൂടുതലിഷ്ടം?
മനുഷ്യരെ വരയ്ക്കുന്നതിനെക്കാളിഷ്ടം പ്രകൃതിയെ വരയ്ക്കുന്നതാണ്. മകൻ പഠിച്ചിരുന്നത് ഊട്ടിയിലായിരുന്നു. അങ്ങനെ കുറേക്കാലം ഞാൻ ഊട്ടിയിൽ താമസിച്ചു. അവിടെയിരുന്നാണ് ഞാൻ കൂടുതൽ ചിത്രങ്ങൾ വരച്ചത്. നേരത്തേ ഞാൻ പറഞ്ഞിരുന്നല്ലോ, എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം കുങ്കുമം വിൽക്കുന്ന സ്ത്രീയുടെതാണെന്ന്. ആ ചിത്രമെല്ലാം ഊട്ടിയിലിരുന്നാണ് വരച്ചത്. മകന് ആറോ ഏഴോ വയസ്സുള്ളപ്പോൾ വരച്ച ചിത്രമാണത്.
ഊട്ടി മലനിരകളിൽ കുന്താ എന്നൊരു സ്ഥലമുണ്ട്. അവിടെയൊരു ചിത്രകലാമാസ്റ്ററുണ്ടായിരുന്നു. തഞ്ചാവൂർ പെയിന്റിങ് അതിസുന്ദരമായി അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിൽനിന്ന് തഞ്ചാവൂർ പെയിന്റിങ്ങിന്റെ ബാലപാഠങ്ങളഭ്യസിച്ചു. ഇപ്പോഴൊക്കെ എല്ലാം കംപ്യൂട്ടറിൽ വരയ്ക്കാമെന്ന നിലയിലായിരിക്കുന്നു. ചെറിയൊരു ഔട്ട്ലൈൻ കിട്ടിയാൽ എന്റെ കൊച്ചുമോൾവരെ കംപ്യൂട്ടറിൽ വരയ്ക്കും. ചിത്രകലയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷേ, പ്രകൃതിയെ വരയ്ക്കാൻ നമ്മുടെ മനസ്സിലൊരു സങ്കല്പമുണ്ടാവണം. ഒരു നിരീക്ഷണമുണ്ടാവണം.
എങ്ങനെ മറക്കും ഞാൻ…
ചിത്രകലയിൽനിന്നുകിട്ടുന്ന മുഴുവൻ പണവും കാൻസർ രോഗികൾക്കായി മാറ്റിവയ്ക്കുകയാണ് ഷീല. അതുപറയുമ്പോൾ നേരിയ വിഷാദം അവരിൽ ഉടലെടുക്കുന്നത് കാണാമായിരുന്നു.
‘ജീവിതത്തിൽ കാൻസർ എന്നൊരു വാക്ക് ആദ്യമായി കേൾക്കുന്നത് സത്യൻ സാറിൽനിന്നാണ്. അദ്ദേഹത്തിനൊപ്പം ഒരുപാട് പടത്തിൽ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. റിയലിസ്റ്റിക് വേഷങ്ങൾ ചെയ്തത് സത്യൻ മാഷിന് ഒപ്പമായിരുന്നു. പ്രേമവും യൗവനവും അഭിനയിച്ചത് നസീർ സാറിനൊപ്പവും. ഇവ രണ്ടും കലർന്ന് അഭിനയിച്ചത് മധു സാറിനൊപ്പവും. സത്യൻ സാറിനൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് അർബുദം പിടിപെട്ടിരുന്നുവെന്ന കാര്യം ആർക്കും അറിയില്ലായിരുന്നു.
കോടമ്പാക്കത്തുവെച്ച് ഒരു സീൻ ഷൂട്ട് ചെയ്യുകയാണ്. കുളക്കടവിൽ വെള്ളമുണ്ടും നേര്യതും ഉടുത്ത് ഞാനിരിക്കുന്നു. എന്റെ മടിയിൽ തലവെച്ച് സത്യൻ സാർ കിടക്കുന്നു. സീൻ ഷൂട്ടുചെയ്തശേഷം അദ്ദേഹം എഴുന്നേറ്റപ്പോൾ എന്റെ മുണ്ടിൽ രക്തം പടർന്നിരിക്കുന്നു. ഞാനാകെ ഭയന്നുപോയി.
അപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്, സത്യൻ സാറിന്റെ മൂക്കിൽനിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു. സേതുമാധവൻ സാറും എം.ഒ. ജോസഫുമെല്ലാം ഓടിയെത്തി. എല്ലാവരും പരിഭ്രാന്തരായി. ഡോക്ടറിന്റെ അടുത്തുപോകാമെന്ന് സേതുമാധവൻ സാർ പറയുന്നു. വേണ്ട തനിയെ ഡ്രൈവുചെയ്ത് പോയ്ക്കോളാമെന്ന് അദ്ദേഹവും. സത്യൻ സാറിന് അന്നൊരു വൈറ്റ് ഫിയറ്റ് കാർ ഉണ്ട്. ആരെയും ഒപ്പംകൂട്ടാതെ അദ്ദേഹം തന്നെത്താൻ ഡ്രൈവ് ചെയ്ത് ചെന്നൈയിലെ കെ.ജി ഹോസ്പിറ്റലിലേക്ക് പോയി. അത്രയ്ക്കും ആത്മധൈര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
ഒരു മലയാളിയുടേതായിരുന്നു കെ.ജി ഹോസ്പിറ്റൽ. അദ്ദേഹം എങ്ങോട്ടാണ് പോയതെന്നുപോലും ഷൂട്ടിങ് സെറ്റിലെ മറ്റാർക്കും അറിയില്ലായിരുന്നു. രണ്ടുമണിക്കൂർ കഴിഞ്ഞശേഷമാണ് തിരിച്ചെത്തുന്നത്. രക്തം മുഴുവൻ മാറ്റി വേറെ രക്തം ഇൻജക്ട് ചെയ്യണം. കാരണം, അദ്ദേഹത്തിന് ബ്ലഡ് കാൻസർ ആയിരുന്നു. അന്നാണ് ജീവിതത്തിൽ ആദ്യമായി കാൻസർ എന്ന വാക്ക് ഞാൻ കേൾക്കുന്നത്. കാലം കടന്നുപോകുംതോറും പലരും കാൻസർമൂലം മരണപ്പെട്ടുകൊണ്ടിരുന്നു. അവസാനം വിധിവൈപരീതമെന്നപോൽ എന്റെ സഹോദരനെയും അർബുദം പിടികൂടി.
പീറ്റർ എന്നായിരുന്നു സഹോദരന്റെ പേര്. ബ്ലഡ് കാൻസർ വന്നാൽ നാലാമത്തെ ഘട്ടത്തിലേ കണ്ടുപിടിക്കാനാകൂ. കീമോയും മറ്റ് ചികിത്സകളെല്ലാം നൽകിയിട്ടും എന്റെ സഹോദരനെ രക്ഷിക്കാനായില്ല. അവൻ മരിച്ചിട്ട് ഇപ്പോൾ നാലുമാസം പിന്നിട്ടിരിക്കുന്നു.
ഇതെല്ലാം എന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചു. കാൻസർമൂലം ബുദ്ധിമുട്ടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. സത്യൻ സാർ മുതൽ എന്റെ സ്വന്തം സഹോദരൻവരെ. എന്നാൽ, നിർധനരായ എത്രയെത്ര പേർ അർബുദംമൂലം വലയുന്നു. അവർക്ക് എന്നാൽക്കഴിയുന്ന ചെറിയ സഹായം ആകട്ടെയെന്ന ചിന്തയാലാണ് ചിത്രം വിറ്റുകിട്ടുന്ന പണം കാൻസർ രോഗികൾക്കായി നീക്കിവയ്ക്കാൻ തീരുമാനിച്ചത്. നമ്മുടെ കൂടെയുള്ളവർക്ക് രോഗം വന്നപ്പോൾമാത്രം നമ്മിൽ ഉണ്ടാവുന്ന തിരിച്ചറിവ്.
നിഷ്‌കളങ്കയായ ഗ്രാമീണ യുവതിയായി ഒരുപാടുതവണ വേഷമിട്ടിട്ടുണ്ട്. ജീവിതത്തിൽ എപ്പോഴെങ്കിലും അങ്ങനെയായിരിക്കണമെന്ന് തോന്നിയിട്ടുണ്ടോ? താരപരിവേഷം അതിനനുവദിച്ചിരുന്നോ?
ചെന്നൈയിൽ എനിക്ക് ഭയങ്കര പ്രൈവസിയായിരുന്നു. എവിടെവേണമെങ്കിലും കറങ്ങിനടക്കാം എവിടെവേണമെങ്കിലും പോകാം. എന്നാൽ, 'ചന്ദ്രമുഖി' എന്നൊരു പടത്തിൽ ഞാൻ ചെറിയൊരു വേഷത്തിൽ അഭിനയിക്കുകയുണ്ടായി. പിന്നെ എവിടെപ്പോയാലും ആളുകൾ കൂടാൻതുടങ്ങി. 'ചന്ദ്രമുഖിയിൽ നടിച്ചത് നീ താനെ' എന്നായി ചോദ്യം. ഞാൻ അഭിനയിച്ച സിനിമകളിലെ നാട്ടുമ്പുറത്തുകാരിയും നിഷ്‌കളങ്കയുമായ പെൺകുട്ടിയെപ്പോലെ ജീവിക്കാനായിരുന്നു ഇഷ്ടം. അഭിനേത്രിയായതോടെ അതിന് സാധിക്കാതെവന്നു. എനിക്കൊരു മീൻകടയിൽ പോയി മീൻവാങ്ങാൻ ഒക്കുമോ?
മാളിലൂടെ കറങ്ങിനടക്കാൻ ഒക്കുമോ? ഒരു മാർക്കറ്റിൽപ്പോയി വിലപേശി സാധനങ്ങൾ വാങ്ങാൻ കഴിയുമോ? ആയിരം രൂപയുടെ സാധനം എണ്ണൂറു രൂപയ്ക്ക് വേണമെന്നൊക്കെ പറയാൻ പറ്റ്വോ? ഇങ്ങനെയൊരു സാധാരണ പെണ്ണായി അലഞ്ഞുനടക്കണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എവിടെത്തിരിഞ്ഞാലും എല്ലാരും വന്ന് ഫോട്ടോയെടുപ്പ് തുടരും. ഫോട്ടോ എടുക്കുന്നത് കുറ്റമായി പറയുകയല്ല കെട്ടോ. ആ സമയം നമ്മൾ അലേർട്ടാകും. മുൻപ് അഭിനയിച്ച നിഷ്‌കളങ്കയായ പെൺകുട്ടികളുടെ ജീവിതം തിരശ്ശീലയിൽ മാത്രമല്ല, ജീവിതത്തിലും വേണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ടായിരുന്നു. ഒരുപരിധിവരെ താരപരിവേഷം സ്വകാര്യതയെ ഇല്ലാതാക്കും.
ഊട്ടിയിലായിരുന്ന കാലത്ത് എന്നെ ആർക്കും അറിയില്ലായിരുന്നു. തെരുവുകളിലൂടെ വൈകുന്നേരങ്ങളിൽ കറങ്ങിനടക്കും. മാർക്കറ്റിൽപ്പോയി മുട്ടയും ഇറച്ചിയും വാങ്ങിക്കും. വൈകീട്ട് ചന്തയിൽ പോയി പച്ചക്കറികൾ വിലപേശിവാങ്ങും. ഒരു പെണ്ണെന്ന നിലയിൽ ശരിക്കും ജീവിതം ആസ്വദിച്ചത് അന്നായിരുന്നു. അതുമാത്രമല്ല, അന്ന് ഒരുപാട് ഫോട്ടോയും എടുത്തിരുന്നു. അവിടെക്കണ്ട പൂക്കാരിപ്പെണ്ണിനെയും കൈനോട്ടക്കാരനെയുമെല്ലാം ഞാൻ പിന്നീട് വരയ്ക്കുകയുണ്ടായി. ഊട്ടിയിൽ പച്ചക്കറി വിറ്റിരുന്ന ഒരു പെണ്ണിനെയാണ് കുങ്കുമം വിൽക്കുന്ന സ്ത്രീയായി സങ്കല്പിച്ചുകൊണ്ട് വരച്ചത്.
എഴുത്തിന്റെ വഴിയേ വായനയുടെയും
ഞാൻ ചെറുപ്പംമുതൽക്കേ ചെറുതായി എഴുതുമായിരുന്നു. ഒരുപാട് കഥകളൊക്കെ അന്ന് എഴുതിയിട്ടുണ്ട്. 'കുയിലിന്റെ കൂട്' എന്നപേരിൽ ഒരു നോവലെഴുതി. കുയിൽ കൂടുകെട്ടില്ലല്ലോ. കാക്കയുടെ കൂട്ടിലാണ് അത് മുട്ടയിടുന്നത്. വിരിഞ്ഞുകഴിയുമ്പോൾ കുയിൽ വന്ന് കൊത്തി താഴെയിടുകയാണ് പതിവ്. ലതാ മങ്കേഷ്‌കറിനെ ബേസ് ചെയ്‌തെഴുതിയ കഥയാണ് കുയിലിന്റെ കൂട്. ലതാമങ്കേഷ്‌കർ കല്യാണം കഴിച്ചിട്ടില്ലല്ലോ. പക്ഷേ, അവർക്കൊരു കുട്ടിയുണ്ടെന്നു കരുതുക. അങ്ങനെയൊരു കഥയാണിത്. അക്കാലത്ത് ഞാൻ ഒരുപാട് വായിക്കുമായിരുന്നു. മൊബൈൽഫോൺ വന്നതോടുകൂടി വായന മരിച്ചെന്നു പറയുന്നതാകും ശരി.
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരി കെ.ആർ. മീരയാണ്. മീരയുടെ 'ഖബർ' എന്ന നോവൽ ആസ്വദിച്ച് വായിക്കുകയുണ്ടായി. വല്ലാത്തൊരു ഫാന്റസിയുടെ ലോകമാണ് ഖബർ തരുന്നത്. ;ആരാച്ചാരും;മികച്ച നോവലാണ്. അവർ ആ പുസ്തകം എഴുതാൻ വേണ്ടി എത്ര കഷ്ടപ്പെട്ടിരിക്കും, എത്രമാത്രം റഫറൻസ് ചെയ്തിരിക്കണം. കൊൽക്കത്തയിലൊക്കെ പോയി ഒരുപാട് റിസർച്ച് ചെയ്താണ് കെ.ആർ. മീര, ;ആരാച്ചാർ; പൂർത്തിയാക്കിയത്. ഞാനൊക്കെ പണ്ട് എഴുതിയതുപോലെ മുറിയിൽ അടച്ചിരുന്ന് ഞൊടിയിടയിൽ എഴുതുന്നതല്ല. ;ആരാച്ചാരി;ലെ ചേതനാ ഗൃദ്ധാമല്ലിക്ക് എന്ന കഥാപാത്രം ഇന്നും എന്റെ മനസ്സിലുണ്ട്. കെ.ആർ. മീരയെന്ന എഴുത്തുകാരിയുടെ ഫാനാണ് ഞാൻ.
അറുപതുകളിലാണല്ലോ സിനിമയിലേക്ക് എത്തുന്നത്. ഉറൂബിന്റെ ഉമ്മാച്ചുവായും തകഴിയുടെ കറുത്തമ്മയായും വേഷമിടാൻ ഭാഗ്യമുണ്ടായി…
അതിനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഉറൂബിന്റെ ‘ഉമ്മാച്ചു’ വായിച്ചിട്ടുണ്ട്. അന്നൊക്കെ സംവിധായകർക്കും നിർമാതാക്കൾക്കുമൊക്കെ നോവൽ വായിക്കാനുള്ള സമയമുണ്ടായിരുന്നു. ആ നോവലുകളൊക്കെ വായിച്ചിട്ടാണ് സിനിമകൾ നിർമിക്കുന്നതുപോലും. അതിലൊക്കെ അഭിനയിക്കാനുള്ള ഭാഗ്യം അക്കാലത്തെ അഭിനേതാക്കൾക്ക് സാധിച്ചു. തകഴിയുടെ ‘ചെമ്മീൻ’, ‘കള്ളിച്ചെല്ലമ്മ’, തുടങ്ങിയ സൃഷ്ടികളൊക്കെ അത്തരത്തിലുള്ളതാണല്ലോ. എം.ടി.യുടെ രണ്ട് ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കാൻ സാധിച്ചുള്ളൂ.
എന്റെ സിനിമാപരീക്ഷണങ്ങൾ
ഇരുന്നൂറ് പടങ്ങളിൽ അഭിനയിച്ച ശേഷമാണ് ഞാൻ സംവിധായികയുടെ വേഷം അണിയുന്നത്. ഭാസ്‌കരൻ മാഷിന്റെയും സേതുമാധവൻ സാറിന്റെയുമൊക്കെ കൂടെ വർക്ക് ചെയ്യുമ്പോൾ നമ്മളും എല്ലാകാര്യവും പഠിക്കും. മലയാളസിനിമ കണ്ടിട്ടുള്ള വിഖ്യാതരായ ഈ സംവിധായകരുടെ ടെക്നിക്‌സ് ഒക്കെ ഞാൻ നേരിൽക്കണ്ട് മനസ്സിലാക്കുകയുണ്ടായി. എവിടെയാണ് ക്ലോസ് അപ്പ് വയ്‌ക്കേണ്ടത്, എവിടെയാണ് ലോങ് ഷോട്ട് വയ്‌ക്കേണ്ടത്, എവിടെയാണ് സ്റ്റോറി പറയേണ്ടത് എന്ന രീതിയൊക്കെ ഇവരിൽനിന്നാണ് മനസ്സിലാക്കുന്നത്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ സേതുമാധവൻ സാറായിരുന്നു. അദ്ദേഹം വളരെ വൃത്തിയായി കഥ പറയും. ഭാസ്‌കരൻ മാഷ് കുറച്ചുകൂടി കൊമേഷ്യലാണ്. 'ഉമ്മാച്ചു', പിന്നെ എന്റെ ആദ്യത്തെ പടമായ 'ഭാഗ്യജാതകം' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് പി. ഭാസ്‌കരൻ ആയിരുന്നു. സിനിമയിലെ എന്റെ ആദ്യത്തെ ഗുരു അത് ഭാസ്‌കരൻ മാഷാണ്. ഇവരിൽനിന്നെല്ലാം ഊർജം ഉൾക്കൊണ്ടാണ് 'യക്ഷഗാനം' എന്ന സിനിമ പിറവിയെടുക്കുന്നത്. ഞാൻ സംവിധാനം ചെയ്ത രണ്ട് സിനിമകളായിരുന്നു ‘യക്ഷഗാന’വും ‘ശിഖരങ്ങളും’. ഒരുപക്ഷേ, പുതുതലമുറ ‘യക്ഷഗാനം’ എന്ന ചിത്രം കണ്ടിട്ടില്ലെങ്കിലും അതിലെ 'നിശീഥിനീ ഞാനൊരു രാപ്പാടി' എന്ന ഗാനം മൂളാതിരിക്കില്ല. ജയൻ നായകനായി എത്തിയ സിനിമയായിരുന്നു 'ശിഖരങ്ങൾ'. നസീർ സാറിന്റെ പടത്തിൽ പ്രേമരംഗങ്ങളായിരുന്നുവെങ്കിൽ ജയന്റെ പടങ്ങളിൽ സംഘട്ടനങ്ങൾക്കായിരുന്നു പ്രാധാന്യം. ശിഖരങ്ങളിലാകട്ടെ സംഘട്ടനമില്ലായിരുന്നു. കൂടാതെ അക്കാലത്ത് 'നിനൈവുകളെ നീങ്കൈവിടു' എന്നൊരു ടെലിഫിലിമും ഞാൻ ചെയ്യുകയുണ്ടായി. മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരവും അതിലൂടെ ലഭിച്ചു. അതിൽ മുഖ്യവേഷം ചെയ്തത് ജയഭാരതിയാണ്. അങ്ങനെ മൂന്ന് പടങ്ങൾ ചെയ്തു. ഇനിയും ചില സ്വപ്‌നങ്ങൾ ബാക്കിയുണ്ട്.
സാങ്കേതികവിദ്യ വളർന്ന ഇക്കാലത്ത് സംവിധാനം കുറച്ചുകൂടി എളുപ്പമാണെന്ന് തോന്നിയിട്ടുണ്ടോ? ഷീലയിൽനിന്ന് ഒരു സിനിമ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?
ഇപ്പോൾ എനിക്കൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കഥയും തിരക്കഥയും വൺലൈനും ആർട്ടിസ്റ്റുകളുടെ ഷെഡ്യൂളും വരെ എഴുതിവെച്ചിട്ടുണ്ട്. എല്ലാത്തിനും ഒരു നിമിത്തം ഉണ്ടാവുമല്ലോ. ഇതുവരെയും സിനിമയാക്കാത്ത ഒരു കഥയാണത്. ആരും പറയാത്തൊരു കഥ. പുതിയകാലത്തെ ടെക്‌നിക്കലായിട്ടുള്ള കാര്യങ്ങളെല്ലാം എന്റെ മകൻ നോക്കും. മകൻ ഒരുപാട് ഷോട്ട്ഫിലിമുകളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, കഥയിൽ എനിക്കുള്ള അറിവ് അവനില്ല. ആ സിനിമ ചെയ്യണമെന്നുണ്ട്. ചെയ്‌തേ പറ്റൂ എന്നൊന്നുമില്ല. നടന്നാൽ നടക്കട്ടെ. നമുക്ക് വിധിച്ചിട്ടുണ്ടെങ്കിൽ ചെയ്യാം.
Content Highlights: explore the life and art of sheela, a legendary actress and talented painter
Published: 20 Jun 2025, 05:19 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented