
ഭരത്, ഗോപിക എന്നിവർ 'ഫോർ ദ പീപ്പിൾ' സിനിമയിൽ
ജനപ്രിയഗാനങ്ങളുടെ മായാമയൂരമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ജീവിതയാത്രയിലെ ഏത് സന്ദർഭത്തിനോടും ചേർത്തുവയ്ക്കാവുന്ന ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. പ്രമദവനം, വെണ്ണിലാ ചന്ദനക്കിണ്ണം, വികാരനൗകയുമായ്, വേളിക്ക് വെളുപ്പാൻകാലം, ആകാശഗോപുരം എന്നിങ്ങനെ തുടങ്ങി ഹൃദയത്തിലെന്നും തുടിക്കുന്ന എത്രയെത്ര ഗാനങ്ങൾ. ഹൃദയരാഗങ്ങളുടെ ശില്പിയെന്ന് വിശേഷിപ്പിക്കുമ്പോഴും ഏതെങ്കിലും പ്രത്യേകവിഭാഗത്തിലുള്ള പാട്ടുകൾമാത്രമല്ല അദ്ദേഹം ചെയ്തതെന്ന് കാണാം. ചില പാട്ടുകൾ കേട്ടാൽ ഇത് കൈതപ്രത്തിന്റെതുതന്നെയോ എന്ന് നാം അദ്ഭുതപ്പെടും.
വിസ്മയകരമാണ് ആ രചനാശൈലി. കണ്ണീർപ്പൂവിന്റെ കവിളിൽ തലോടിയ തൂലികയാൽ, ലജ്ജാവതിയുടെ കടക്കണ്ണിൽ താഴമ്പൂ തിരയും. ചന്ദ്രകാന്തംകൊണ്ട് നാലുകെട്ട് പണിയുന്ന മനസ്സോടെ, രാക്ഷസിയെ കരളിൽ താമസിക്കാൻ ക്ഷണിക്കും. ക്ലാസിക്കലും സെമിക്ലാസിക്കലും മാത്രമല്ല, ഫാസ്റ്റ് നമ്പറുകളും തനിക്ക് വഴങ്ങുമെന്ന് എത്രയോ പാട്ടുകളിലൂടെ കൈതപ്രം തെളിയിച്ചിട്ടുണ്ട്.
അല്പം പിറകോട്ട് പോകാം. പാട്ടെഴുത്തിന്റെ തുടക്കത്തിൽത്തന്നെ, ഏത് താളത്തിലും വരികളൊപ്പിച്ചെഴുതാനുള്ള കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് കൈതപ്രം. 'എന്നെന്നും കണ്ണേട്ടന്റെ' സിനിമയിൽത്തന്നെ, 'പൂവട്ടക തട്ടിച്ചിന്നി...' എന്ന ഗാനം കേൾക്കൂ. ചടുലമായ താളത്തോടെയാണ് ഗാനം തുടങ്ങുന്നത്. അനുപല്ലവിയിലെത്തുമ്പോഴേക്കും ഒന്ന് താഴും. വീണ്ടും മുകളിലേക്ക്. മനോഹരമായ ഒരു പൂമലയിലൂടെ കയറിയിറങ്ങിപ്പോകുന്ന സുഖം വരികൾ സമ്മാനിക്കുന്നു. ഗാനഗന്ധർവന്റെ സ്വരവും ജെറി അമൽദേവിന്റെ ഈണവും ചേർന്നപ്പോൾ ഫാസ്റ്റ് നമ്പറല്ല, മനോഹരമായൊരു മെലഡിയായിത്തീർന്നു പാട്ട്.
1991-ൽ 'അഭിമന്യു'വിലെ 'രാമായണക്കാറ്റ്...' വന്നു. മറുനാട്ടിലെ കഥയായതുകൊണ്ടാകാം ഗൃഹാതുരത്വമുണർത്തുന്ന വരികൾ കോർത്തിടുകയായിരുന്നു കൈതപ്രം. ബോംബെ തെരുവിൽ രാഖിബന്ധനങ്ങളും ബംഗരാമേളങ്ങളും നിറഞ്ഞു. രവീന്ദ്രൻമാഷിന്റെ മാന്ത്രികസംഗീതവും എം.ജി. ശ്രീകുമാറിന്റെയും ചിത്രയുടെയും ആലാപനവും ചേർന്നപ്പോൾ, പാട്ട് സൂപ്പർഹിറ്റായി.
അതേവർഷംതന്നെ കൈതപ്രവും രവീന്ദ്രനും വീണ്ടുമൊന്നിച്ചു; 'വിഷ്ണുലോക'ത്തിലെ 'കസ്തൂരി, എന്റെ കസ്തൂരി'യിലൂടെ. സർക്കസ് തമ്പിലെ ശങ്കുണ്ണിയുടെയും കുമാരി കസ്തൂരിയുടെയും ആട്ടത്തിന് നാടോടിപ്പാട്ടിന്റെ ചേല് നൽകുന്ന വരികൾ. രവീന്ദ്രന്റെ സംഗീതമാണോ കൈതപ്രത്തിന്റെ വരികളാണോ മികച്ചതെന്ന സംശയം ഇന്നും ബാക്കിനിൽക്കുന്നു. 'എന്റെ സൂര്യപുത്രിക്ക്' സിനിമയിലെ 'രാക്കോലം വന്നതാണേ' എന്ന ഗാനവും കൈതപ്രത്തിന്റെ വേറിട്ട രചനയായിരുന്നു. അക്കാലത്ത് കാമ്പസുകളേറ്റെടുത്ത പാട്ടുകൂടിയായിരുന്നു ഇത്.
പ്രണയവും വിരഹവും വാത്സല്യവുമെല്ലാം മുറ്റിനിൽക്കുന്ന വരികൾ പിറക്കുന്ന അതേ തൂലികയിലാണ്, അടിപൊളി ഫാസ്റ്റ് നമ്പറുകളും ഇതൾ വിരിയുന്നതെന്നതാണ് കൗതുകം. കഥാസന്ദർഭത്തിനനുസരിച്ച്, ഈണങ്ങൾക്കനുസരിച്ച് വാക്കുകളൊഴുകിയെത്തുകയാണ്. രാമായണക്കാറ്റോ, അതെന്തു കാറ്റെന്ന് സംശയിക്കാതെ, നമ്മളാ വരികളാസ്വദിക്കുന്നു. പാട്ടിലേക്കാഴ്ന്നിറങ്ങുന്നു. പലപ്പോഴും ഈണത്തിനൊപ്പിച്ച് എഴുതിയതായിരിക്കും. അല്ലെങ്കിൽ, വരികളായിരിക്കും ആദ്യമൊരുങ്ങുന്നത്. രണ്ടായാലും അത് പാട്ടിൽതീർക്കുന്ന ഇന്ദ്രജാലം ഒന്ന് വേറെതന്നെ.
രണ്ടായിരത്തിന്റെ തുടക്കത്തിലാണ് സൂപ്പർഹിറ്റായ 'തെങ്കാശിപ്പട്ടണം' വരുന്നത്. 'കടമിഴിയിൽ കമലദള'വും 'കാത്തിരുന്നൊരു ചക്കരക്കുട'വും കൈതപ്രത്തിന്റെ രചനകളായിരുന്നു. രണ്ട് ഗാനവും സിനിമയ്ക്കൊപ്പം ഹിറ്റായി. 'സത്യം ശിവം സുന്ദരം' സിനിമയിലെ 'അവ്വാ... ഹവ്വാ'യും 'കല്യാണരാമനി'ലെ 'കൈ തുടി താളം തട്ടി'യും കൈതപ്രത്തിന്റെ വേറിട്ട രചനകൾതന്നെ.
ലജ്ജാവതിയും രാക്ഷസിയും
കാവ്യഭംഗിയുള്ള വരികൾകൊണ്ട് ഏത് ഫാസ്റ്റ് നമ്പറും ജനപ്രിയമാക്കാം എന്ന് തെളിയിക്കുകയായിരുന്നു 'ലജ്ജാവതിയേ...' എന്ന പാട്ടിലൂടെ കൈതപ്രം. റാപ് ട്രാക്കുകളെ അടിസ്ഥാനമാക്കിയുള്ള കമ്പോസിങ്, വ്യത്യസ്തമായ ഓർക്കസ്‌ട്രേഷൻ, ജാസി ഗിഫ്റ്റിന്റെ പുതുമയുള്ള ശബ്ദം. എല്ലാംകൂടി ലജ്ജാവതിയെ സൂപ്പർഹിറ്റാക്കി.
ഒറ്റദിവസംകൊണ്ടാണ് ഈ സിനിമയിലെ എല്ലാ പാട്ടുകളും കൈതപ്രം എഴുതിയത്. തീർത്തും അനായാസമായ രചന. താഴംപൂവും താമരത്താരും തേനും മാരിവില്ലുമെല്ലാം വരികളിൽ തുടിച്ചുനിന്നു. താളത്തിനൊത്ത് ഒപ്പിച്ചുവെച്ച വെറും വരികൾ മാത്രമായിരുന്നില്ല ലജ്ജാവതിയെന്ന് കേട്ടുനോക്കിയാൽ മനസ്സിലാകും. മലയാളികളുടെ 'ലജ്ജാവതി' എന്ന സങ്കല്പത്തെത്തന്നെ അടിമുടി മാറ്റിക്കളഞ്ഞു ഈ പാട്ട്. പ്രണയമില്ലെങ്കിൽ മനുഷ്യന് ജീവിക്കാൻകഴിയില്ലെന്ന് ഒരിക്കൽ കൈതപ്രം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മനസ്സുനിറയെ പ്രണയമാണ്. അല്ലെങ്കിൽ ഇത്തരം വരികളെഴുതാൻ കഴിയില്ലല്ലോ.
യുവത്വത്തിന്റെ ആഘോഷമായിരുന്നു 'നമ്മൾ' എന്ന സിനിമ. അതിലെ 'എൻകരളിൽ താമസിച്ചാൽ മാപ്പുതരാം രാക്ഷസി' കൈതപ്രത്തിന്റെ റേഞ്ച് എന്താണെന്ന് കാട്ടിത്തന്നു. കോളേജ് കാമ്പസിലെ ആഘോഷമാണ് പശ്ചാത്തലം. ഫെസ്റ്റിവൽ മൂഡിലുള്ള സിറ്റുവേഷൻ, അതിന്റെ ആവേശം ഓരോ വരിയിലും അദ്ദേഹം കൊണ്ടുവന്നു.
'രാക്ഷസി..' പാട്ട് അക്കാലത്തുണ്ടാക്കിയ ഓളം ചെറുതല്ല. അഫ്‌സലും ഫ്രാങ്കോയും ചേർന്ന് പാടിയ ആ ഗാനം യൂത്തിന്റെ ആഘോഷമായിത്തീർന്നു. പാട്ടിനെക്കുറിച്ചും വരികളെക്കുറിച്ചും അന്നുതന്നെ വിമർശനങ്ങൾ വന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വരികളാണ് എന്നതായിരുന്നു അതിൽ പ്രധാനം. പൊളിറ്റിക്കൽ കറക്ട്‌നെസ് അത്രയധികം ചർച്ചയാകാത്ത സമയമായതുകൊണ്ടോ എന്തോ പാട്ട്, പാട്ടിന്റെ വഴിക്ക് പോയി.
ഇനിയുമുണ്ട് പാട്ടുകളേറെ. 'ചെന്തെങ്ങിൽ പൊന്നിളനീരുണ്ട്...' എന്ന പോക്കിരിരാജയിലെ പാട്ട് നോക്കൂ. ഇളനീരും തേൻമാവും ചെന്തെങ്ങും മാമ്പഴവും തുടങ്ങി തനിനാടൻ വാക്കുകളാൽ സമൃദ്ധമാണ്. ജാസി ഗിഫ്റ്റിന്റെ സംഗീതം പാട്ടിനെ ഒരേസമയം ക്ലാസിക്കും അടിപൊളിയുമാക്കിത്തീർക്കുന്നു. ജാസി ഗിഫ്റ്റും കൈതപ്രവും ഒന്നിച്ച മറ്റ് പല പാട്ടുകളും ഇത്തരം ഫാസ്റ്റ് നമ്പറുകളായിരുന്നു.
'നരനി'ലെ 'വേൽമുരുകാ ഹരോ ഹര'യും 'ബെൻ ജോൺസണി'ലെ 'സോനാ സോന'യുമെല്ലാം കൈതപ്രത്തിന്റെ രചനയിൽ വിരിഞ്ഞ സൂപ്പർഹിറ്റുകളാണ്. മുരുകനെ പാടിപ്പുകഴ്ത്തുന്ന 'വേൽമുരുകാ' എത്ര പെട്ടെന്നാണ് ആസ്വാദകർ ഏറ്റെടുത്തത്. സ്വന്തം നാടായ തിരുവണ്ണൂരിനെയും അവിടത്തെ സുബ്രഹ്മണ്യസ്വാമിയെയുമാണ് വരികളിലേക്ക് കൈതപ്രം കൊണ്ടുവന്നത്. ഇന്നും ഈ പാട്ടില്ലാതെ ഗാനമേളകൾ പൂർത്തിയാകാറില്ല. അടിപൊളി പാട്ടുകളുടെ പ്ലേലിസ്റ്റിലും വേൽമുരുകൻതന്നെ ഒന്നാമത്.
എങ്ങനെ ഇത്തരം വ്യത്യസ്തമായ പാട്ടുകളെഴുതാൻ കഴിയുന്നു എന്ന് ചോദിച്ചാൽ ഒരു ചിരിയോടെ കൈതപ്രം ഉത്തരം നൽകും. ''സിനിമയിലെ മാറ്റങ്ങളെ അതിജീവിക്കുക എന്നതാണ് പാട്ടെഴുത്തുകാരന്റെ വെല്ലുവിളി. ചില വിപ്ലവങ്ങൾ നടക്കുമ്പോൾ നമ്മളും അതിനൊപ്പം ചേരുകയാണ് വേണ്ടത്. അല്ലെങ്കിൽ പാതിവഴിയിൽ നിന്നുപോകും. സിറ്റുവേഷന് അനുസരിച്ചുള്ള വരികൾ എഴുതാൻ സാധിക്കുന്നത് ഭാഗ്യമാണ്. അതെല്ലാം പുതുതലമുറ ആഘോഷിക്കുന്നുണ്ടെന്ന് അറിയുമ്പോൾ സന്തോഷം.''
2003-ൽ പുറത്തിറങ്ങിയ 'സ്വപ്നക്കൂടി'ലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. കമൽ സംവിധാനംചെയ്ത സിനിമ തിയേറ്ററുകളിലും സൂപ്പർ ഹിറ്റായി. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ സിനിമയിലെ ആകർഷണം ഗാനങ്ങളായിരുന്നു. 'മറക്കാം എല്ലാം മറക്കാം', 'മലർക്കിളിയിണയുടെ', 'മായാസന്ധ്യേ' തുടങ്ങിയ ഗാനങ്ങൾ എല്ലാമുണ്ടായിരുന്നെങ്കിലും മറ്റ് രണ്ട് പാട്ടുകളാണ് കൂടുതൽ ഹിറ്റായത്.
കൈതപ്രത്തിന്റെ രചനകളിൽ വേറിട്ടുനിന്ന രണ്ട് ഗാനങ്ങൾ. 'കറുപ്പിനഴക്... ഓ വെളുപ്പിനഴക്', 'ഇഷ്ടമല്ലെടാ... എനിക്കിഷ്ടമല്ലെടാ' എന്നീ പാട്ടുകൾ യുവതലമുറയുടെ ചുണ്ടിൽ ഇപ്പോഴുമുണ്ട്. സൗഹൃദത്തിന്റെ ആവേശം മുറ്റിയ പാട്ടായിരുന്നു ആദ്യത്തെത്. പ്രണയിനിയുടെ കുറുമ്പും വാശിയുമെല്ലാം നിറഞ്ഞതായിരുന്നു മറ്റൊന്ന്. രണ്ടിനും ഒന്നിനൊന്ന് മെച്ചപ്പെട്ട വരികൾ. സംഗീതം നൽകിയ മോഹൻ സിതാരയ്ക്ക് അധികം വിഷമിക്കേണ്ടിവന്നില്ലെന്ന് പറയുന്നു സംവിധായകൻ കമൽ.
യുവതലമുറയുടെ ഹൃദയത്തുടിപ്പുകൾ തിരിച്ചറിയാനുള്ള കഴിവ് കൈതപ്രത്തിനുണ്ട്. മാറ്റങ്ങളോട് ചേർന്നുനിൽക്കാനുള്ള മനസ്സുള്ളതുകൊണ്ടുതന്നെ ജനറേഷൻ ഗ്യാപ് ബാധിക്കുന്നേയില്ല. 2022-ൽ ഹൃദയം സിനിമയ്ക്കുവേണ്ടി വരികളെഴുതുമ്പോൾ എഴുപത്തിമൂന്നുവയസ്സിന്റെ നിറവിലായിരുന്നു അദ്ദേഹം. പ്രായം വെറും അക്കമാണെന്ന് പറയാറുണ്ട് ചിലരെക്കുറിച്ച്. കൈതപ്രത്തിന് പ്രായം എന്നത് തന്റെ തൂലികകൊണ്ടെഴുതുന്ന അക്ഷരം മാത്രമാകുന്നു. കാലമെത്ര കടന്നുപോയാലും ഋതുക്കൾ മാറിവന്നാലും ആ തൂലിക എഴുതിക്കൊണ്ടേയിരിക്കുന്നു, നാമത് ഹൃദയപൂർവം ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Kaithapram`s versatility through his upbeat tracks like Lajjavathiye, Rakshasi, showcasing his mastery beyond melodies
Published: 14 Aug 2025, 04:31 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented