To advertise here,

മണവാളനും പ്യാരിയും തബല ഭാസ്‌കരനും ലീലാകൃഷ്ണനും അഡ്വ. മുകുന്ദനുണ്ണിയും ചന്ദ്രനും ഓമനക്കുട്ടനും ഉസ്മാനും ഡാൻസ് മാസ്റ്റർ വിക്രമുമെല്ലാം വെറും കഥാപാത്രങ്ങളല്ല., മലയാളികളുടെ ദൈനംദിന സംഭാഷണങ്ങളുടെയും ഓർമകളുടെയും ഭാഗമായ പേരുകളാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണുനനയിച്ചും ഓരോ കഥാപാത്രത്തിനും സ്വന്തം വ്യക്തിത്വം നൽകിയ നടനാണ് സലിംകുമാർ. ചില സന്ദർഭങ്ങളിൽ ആ മുഖഭാവം തന്നെ ധാരാളമായിരുന്നു. ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം സൃഷ്ടിച്ച അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കും അനായാസം സഞ്ചരിച്ചു. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഒരു തലമുറയുടെlതന്നെ പ്രിയതാരമായി മാറിയ സലിംകുമാറിന്റെ അഭിനയ പാരമ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മുമ്പ് സ്റ്റാർ ആന്റ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിൽ മകൻ ചന്തു സലിംകുമാർ പറഞ്ഞ വാക്കുകളിലേക്ക്...

“അച്ഛന്റെ സിനിമകളിലോ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലോ ഞാൻ കൈവെക്കില്ല. അത് മലയാളികൾക്ക് സഹിക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളും അത്രമേൽ ജനങ്ങൾ ഏറ്റെടുത്തവയാണ്. ‘പുലിവാൽ കല്യാണ’ത്തിലെ രംഗങ്ങളൊക്കെ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ വൈറലാവുന്നു. പുതിയ തലമുറയും അദ്ദേഹത്തിന്റെ കോമഡിയെ ഇഷ്ടപ്പെടുന്നു എന്നതിനുള്ള തെളിവാണ് അത്”, ചന്തു പറഞ്ഞു.

അതേസമയം, സലിം കുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരെപ്പോലുള്ള ഹാസ്യ ഇതിഹാസങ്ങൾ സൃഷ്ടിച്ച കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യപ്പെടുമെന്ന ബോധ്യത്തോടെയാണ് താൻ ഓരോ കോമഡി വേഷവും സമീപിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. “ലൗഡ് കഥാപാത്രങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. നന്നായി അഭിനയിച്ച് ഫലിപ്പിക്കുക തന്നെ വേണം. അല്ലെങ്കിൽ പ്രേക്ഷകർക്ക് അത് ബോറടിയാകും. അച്ഛനും ഹരിശ്രീ അശോകൻ ചേട്ടനും ഹനീഫിക്കയും ജഗതി സാറുമെല്ലാം ചെയ്തുവെച്ച ക്യാരക്ടറുകൾ മുന്നിലുണ്ട്. അതുമായി താരതമ്യം ചെയ്യപ്പെടും. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഓരോന്നും ചെയ്യുന്നത്. ‘പൈങ്കിളി’യിൽ അത്തരത്തിലൊരു കഥാപാത്രമായിരുന്നു. അതുകണ്ടിട്ട് സംഭവം കൊള്ളാം എന്നായിരുന്നു അച്ഛൻ പറഞ്ഞത്.”

മലയാള സിനിമയിലെ ശ്രദ്ധേയ യുവതാരങ്ങളിൽ ഒരാളാണ് ചന്തു സലിം കുമാർ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്കി'ൽ സലിം കുമാർ അവതരിപ്പിച്ച മൂസാക്ക എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ചന്തുവാണ്. പിന്നീട് മഞ്ഞുമ്മൽ ബോയ്‌സ്, റേച്ചൽ, നടികർ, പൈങ്കിളി, ലോക... എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി ചന്തു മാറി. സലിംകുമാർ എന്ന വലിയ നടന്റെ മകനെന്ന ലേബൽ മാത്രമല്ല, തന്നിലെ നടനെ ഓരോ സിനിമകൾ കഴിയുന്തോറും മികച്ചതാക്കുന്നുണ്ട് ചന്തു. പഠിച്ചത് അഭിഭാഷകനാവാനാണെങ്കിലും ഇപ്പോൾ സിനിമയാണ് ഇഷ്ടമെന്നും ഇവിടെ കരിയർ ഉറപ്പിക്കാനുള്ള ശ്രമമാണെന്നും ചന്തു പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi