നടി ഐശ്വര്യ റായ്‌യും കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററും ഒട്ടേറെ സിനിമകൾക്കായി കൈകോർത്തിട്ടുണ്ട്. 'ഇരുവർ' എന്ന സിനിമയിലെ 'കണ്ണൈ കട്ടി' എന്ന പാട്ടിലൂടെയാണ് ആദ്യമായി ഇരുവരും ഒരുമിക്കുന്നത്. അതിനുശേഷം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, രാവണൻ തുടങ്ങിയ സിനിമകളിലും ഐശ്വര്യയ്ക്കായി നൃത്തച്ചുവടുകൾ ഒരുക്കിയത് ബൃന്ദ മാസ്റ്ററാണ്. 'പൊന്നിയിൻ സെൽവനി'ലും ബൃന്ദ മാസ്റ്ററുണ്ടായിരുന്നു. പക്ഷേ അതിൽ ഐശ്വര്യയ്ക്കായി അവർ ജോലി ചെയ്തിരുന്നില്ല.

ഐശ്വര്യയ്‌ക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പലപ്പോഴും ബൃന്ദ മാസ്റ്റർ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരുപാട് പ്രശസ്തയായിട്ടും, വിജയിച്ചശേഷവും ഐശ്വര്യ എപ്പോഴും കഠിനാധ്വാനം ചെയ്തിരുന്നുവെന്നും അവർ വെളിപ്പെടുത്തി. എന്നാൽ മണിരത്‌നത്തിന്റെ 'പൊന്നിയിൻ സെൽവൻ: I, പൊന്നിയിൻ സെൽവൻ: II എന്നീ ചിത്രങ്ങളിൽ ഐശ്വര്യയ്ക്ക് ഒരു നൃത്തരംഗം (dance number) ഇല്ലാതിരുന്നതിൽ തനിക്ക് നിരാശ തോന്നിയെന്നും അവർ പറയുന്നു.

''പൊന്നിയിൻ സെൽവൻ രണ്ടുഭാഗങ്ങളിലും ഐശ്വര്യയ്ക്ക് പാട്ടുകളോ നൃത്തമോ ഉണ്ടായിരുന്നില്ല. അതിലെനിക്ക് ഒരുപാട് വിഷമം തോന്നി. അതിനെക്കുറിച്ച് ഞാൻ മണിരത്‌നം സാറിനോട് ചോദിക്കുകയും ചെയ്തു, കാരണം ഐശ്വര്യ അത്ര നല്ല നർത്തകിയാണ്. ഷൂട്ടിങ്ങിനിടെ എനിക്ക് ഐശ്വര്യയെ കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഓരോ സീനിലേക്കും കൃത്യമായി തയ്യാറായിട്ടാണ് അവർ വരാറുള്ളതെന്ന് സെറ്റിലുള്ളവർ എന്നോട് പറഞ്ഞു. തമിഴിലെ ഒരു പീരിയഡ് ഡ്രാമ ആയതിനാൽ, സെറ്റിൽ എത്തുന്നതിനുമുമ്പ് അവർ എപ്പോഴും അവളുടെ ഹോംവർക്ക് ചെയ്യുമായിരുന്നു'', ബൃന്ദ വെളിപ്പെടുത്തുന്നു. സിനിമയിൽ ഐശ്വര്യയ്ക്ക് നൃത്തസീനുകൾ നൽകാത്തത് സംവിധായകൻ മണിരത്‌നം ബോധപൂർവമെടുത്ത തീരുമാനമായിരുന്നു. ആഷിന്റെ കഥാപാത്രത്തിന്റെ ഗൗരവസ്വഭാവം നിലനിർത്തുന്നതിനുവേണ്ടിയാണത് ചെയ്തത്.

ഒടുവിൽ സിനിമയുടെ ചിത്രീകരണശേഷമുള്ള പാർട്ടിയിലാണ് ഐശ്വര്യയും ബൃന്ദയും കണ്ടത്. ''അന്ന് അവർക്കൊപ്പം മകൾ ആരാധ്യയുമുണ്ടായിരുന്നു. ആരാധ്യയ്ക്ക് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഐശ്വര്യ ഇങ്ങനെ പറഞ്ഞു, 'ഒരു നടിയായശേഷമുള്ള എന്റെ ആദ്യത്തെ കൊറിയോഗ്രാഫർ ആണിത്'. എനിക്കത് കേട്ടപ്പോൾ അദ്ഭുതമായി. അപ്പോഴേക്കും വർഷങ്ങൾ കുറേ കഴിഞ്ഞിരുന്നു. എന്നെ ഐശ്വര്യ ചിലപ്പോൾ മറന്നിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. അല്ലെങ്കിൽ ഒരു വ്യക്തിയെന്ന നിലയിൽ അവർക്ക് കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്നും. പക്ഷേ വർഷങ്ങൾക്കുമുമ്പ് ഞാൻ കണ്ട അതേ ഐശ്വര്യയെ ആയിരുന്നു ഞാനന്ന് കണ്ടതും''.

'തഗ്ഗ് ലൈഫ്' എന്ന സിനിമയിലും കോ-കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററായിരുന്നു. 2023-ൽ റിലീസായ 'പൊന്നിയിൻ സെൽവൻ: II'ലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. അതിനുശേഷം അവരുടേതായി സിനിമകളൊന്നും റിലീസായിട്ടില്ലെങ്കിലും ഇന്നും അവരുടെ മൂല്യത്തിന് (brand value) കുറവൊന്നുമില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi