ഐശ്വര്യ റായ് എന്ന പേര് ഒരു ബ്രാൻഡ് പോലെയാണ്. സിനിമകളുണ്ടെങ്കിലും ഇല്ലെങ്കിലും ആ പേരിന് കിട്ടുന്ന വിലയും പ്രതിഫലവും അത്രയ്ക്കുണ്ട്. 'പൊന്നിയിൻ സെൽവനി'ലാണ് ആഷ് അവസാനമായി അഭിനയിച്ചത്. രണ്ടുവർഷം കഴിഞ്ഞു അവരുടേതായി ഒരു സിനിമ പുറത്തിറങ്ങിയിട്ട്.

പക്ഷേ ഐശ്വര്യയുടെ ആസ്തി ദിനംപ്രതി വളർന്നുകൊണ്ടേയിരിക്കുകയാണ്. ഫോർബ്‌സിന്റെ കണക്കുകൾ പ്രകാരം 900 കോടിയാണ് അവരുടെ ആസ്തി. ഇന്ത്യയിലെ ഏറ്റവും ധനികരായ നടിമാരിൽ രണ്ടാം സ്ഥാനത്താണവർ.

1992-ൽ ഒരു മാഗസിൻ ഷൂട്ടിനായി അവർക്ക് കിട്ടിയത് 1500 രൂപയായിരുന്നു. ആ കരാറിന്റെ കോപ്പി ഈയിടയ്ക്ക് വൈറലായിരുന്നു. അതിനുപിന്നാലെ അന്നത്തെ ഫോട്ടോഗ്രാഫർ ഐശ്വര്യയുടെ ആ ഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. ഇന്ന് കോടികളാണ് ആഷിന്റെ പ്രതിഫലം.

സിനിമയിലെ അഭിനയത്തിന് 10 കോടിയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിന് അവർക്ക് ലഭിക്കുന്നത് ഏഴുകോടി രൂപ വരെയാണ്. ലോറിയൽ, നക്ഷത്ര, ലോഞ്ചീൻ വാച്ച്, ലക്‌സ്, ലാക്‌മെ തുടങ്ങിയവയുടെ അംബാസഡർ കൂടിയായിരുന്നു ആഷ്. അതിനൊപ്പം ഫാഷൻ ഷോ, ഇവന്റുകൾ എന്നിവയ്ക്കും വലിയ പ്രതിഫലമാണ് അവർക്ക് ലഭിക്കുന്നത്. കാൻ ഫെസ്റ്റിവലിലെത്തുന്നതിനും പ്രതിഫലമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 2025-ൽ ലാക്‌മെ ഫാഷൻ വീക്കിൽ പങ്കെടുത്തതിന് രണ്ടുകോടിയാണ് ഐശ്വര്യയുടെ പോക്കറ്റിലെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓരോ വർഷവും ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിൽനിന്ന് മാത്രം 90 കോടി വരെയാണ് അവർക്ക് കിട്ടുന്നത്. സിനിമയിൽ അഭിനയിക്കാത്ത സമയത്തും ഐശ്വര്യയുടെ ആസ്തി കൂടുന്നതിങ്ങനെയാണ്.

ജുഹുവിലെ ആഡംബര ബംഗ്ലാവിലാണ് അവർ താമസിക്കുന്നത്. അതിന് ഏകദേശം 100 കോടിയിലധികം വില കണക്കാക്കപ്പെടുന്നു. ബാന്ദ്ര-കുർള കോംപ്ലക്‌സിൽ 2016-ൽ ആഷ് ഒരു ഫ്‌ളാറ്റ് വാങ്ങിയത് 21 കോടിക്കാണ്. ദുബായിലെ ജമൈറ ഗോൾഫ് എസ്റ്റേറ്റിൽ അവർക്കൊരു ആഡംബരഫ്‌ളാറ്റുണ്ട്. അതിന് 16 കോടിയാണ് വില. വർളിയിലെ സ്‌കൈലാർക്ക് ടവേഴ്‌സിൽ കോടികൾ വിലമതിക്കുന്ന മറ്റൊരു ഫ്‌ളാറ്റുമുണ്ട്. ഓഡി A8L, റോൾസ് റോയ്‌സ്, മെഴ്‌സിഡസ് ബെൻസ് S350d കൂപ്പെ, ലെക്‌സസ്, ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി തുടങ്ങിയവയാണ് ഐശ്വര്യയുടെ വാഹനങ്ങൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi