മറ്റൊരു താരവിവാഹത്തിന് ഒരുങ്ങുകയാണ് തമിഴ് സിനിമാ ലോകം. പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും തമ്മിലുള്ള വിവാഹം അടുത്തമാസമാണ് നടക്കുക. നവംബർ പത്തിനും പതിനൊന്നിനും യൂറോപ്യൻ രാജ്യമായ ഗ്രീസിൽ വെച്ചാണ് ഇരുവരുടെയും വിവാഹം. നവംബർ 21-ന് വിവാഹ റിസപ്ഷനും നടക്കും.
ചെന്നൈയിൽ നടക്കുന്ന റിസപ്ഷനിൽ പ്രമുഖരുടെ വൻനിര തന്നെയെത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷണിക്കപ്പെട്ട അതിഥികളിലൊരാൾ. കാവ്യയുടെ അച്ഛനും സൺ ടി.വി. ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരനും അമ്മ കാവേരി മാരനും അനിരുദ്ധിന്റെ രക്ഷിതാക്കളായ രവി രാഘവേന്ദ്രയും ലക്ഷ്മി രവിചന്ദറും ചേർന്നാണ് പ്രധാനമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചത്.
കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ദ് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
ഇതിനുപുറമെ സിനിമാ ലോകത്തുനിന്നും വമ്പൻ താരനിരയെത്തുമെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർസ്റ്റാർ രജനികാന്താണ് അതിലൊരാൾ. കഴിഞ്ഞയാഴ്ച അനിരുദ്ധിന്റെ വീട്ടിൽനടന്ന നവരാത്രി പൂജയിൽ രജനിയടക്കമുള്ളവർ പങ്കെടുത്തിരുന്നു. ശിവകാർത്തികേയൻ, സംവിധായകൻ നെൽസൺ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.
35-കാരനായ അനിരുദ്ധ് നിരവധി സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. ധനുഷും ശ്രുതി ഹാസനും അഭിനയിച്ച ‘3’-ന് സംഗീതമൊരുക്കിയാണ് അനിരുദ്ധിന്റെ സിനിമാ ലോകത്തേക്കുള്ള പ്രവേശനം. ജയിലർ, ലിയോ, ഡി.സി., കൂലി, ഇന്ത്യൻ-2, ജയിലർ-2 അടക്കമുള്ള വമ്പൻ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് അനിരുദ്ധാണ്. സൺ ടി.വി.യുടെ എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനം വഹിക്കുന്ന കാവ്യ ഐ.പി.എൽ. ടീം സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.എ. ആണ്. ഐ.പി.എൽ. മത്സരങ്ങൾക്ക് കാവ്യ ഗാലറിയിലെത്താറുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 27 Oct 2026, 11:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented