ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ കേന്ദ്രകഥാപാത്രമാകുന്ന 'കിങ്ങി'നായി (King) കാത്തിരിക്കുകയാണ് സിനിമാലോകം. ആരാധകർക്ക് ആവേശമായി പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു കയ്യിൽ തോക്കും വായിൽ റോസാപ്പൂവുമായി തീജ്വാലകൾക്കിടയിലൂടെ നടന്നുവരുന്ന ഷാരൂഖിന്റെ മാസ് ലുക്കാണ് പോസ്റ്ററിലുള്ളത്. 2026 ക്രിസ്മസ് റിലീസായി ഡിസംബർ 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

തന്റെ 60-ാം വയസ്സിലും മാസ് ആക്ഷനൊപ്പം പ്രണയനായകന്റെ പരിവേഷം കൂടി തിരിച്ചുപിടിക്കുകയാണ് താരം ഈ ചിത്രത്തിലൂടെ. "ഇന്ന് വീണ്ടും ഓർത്തു... ഞാൻ കൊലയാളിയല്ല, കാമുകനാണ്" ('ആജ് ഫിർ യാദ് ആയാ... ഖാത്തിൽ നഹി... ആഷിഖ് ഹൂൺ...') എന്ന അടിക്കുറിപ്പോടെയാണ് SRK പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 1999-ൽ പുറത്തിറങ്ങിയ തന്റെ ഹിറ്റ് ചിത്രം 'ബാദ്ഷാ'യിലെ പ്രശസ്തമായ ഗാനവരികളെ ഓർമ്മിപ്പിക്കുന്നതാണ് ഈ ക്യാപ്ഷൻ.

'പത്താൻ' എന്ന ഹിറ്റിന് ശേഷം സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കിങ്ങി'നുണ്ട്. ഷാറൂഖിനൊപ്പം മകൾ സുഹാന ഖാൻ ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. 2023-ൽ 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് സുഹാന അഭിനയരംഗത്തേക്ക് കടന്നുവന്നത്.

ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി എന്നിവർക്കൊപ്പം ജയ്ദീപ് അഹ്ലാവത്, രാഘവ് ജൂയൽ, സൗരഭ് ശുക്ല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബർ 2-ന് ഷാരൂഖിന്റെ 60-ാം ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നരച്ച മുടിയും മാസ് ലുക്കുമായി എത്തിയ ഷാരൂഖിന്റെ ഫസ്റ്റ് ലുക്കും "പേടിയല്ല, ഭീതിയാണ് ഞാൻ" ('ഡർ നഹി, ദെഹ്ശത് ഹൂൺ') എന്ന സംഭാഷണവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ചിത്രത്തിന്റെ ട്രെയിലർ റിലീസ് വൈകുന്നതിനെക്കുറിച്ച് അടുത്തിടെ നടന്ന 'AskSRK' സെഷനിൽ ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് രസകരമായ മറുപടിയും നൽകിയിരുന്നു. "കാത്തിരിപ്പിച്ചു വിഷമിപ്പിക്കുകയല്ല, മനസ്സിന് തൃപ്തി നൽകുന്ന മികച്ചൊരു സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിസംബർ 24-ന് മുൻപായി എല്ലാം നിങ്ങളുടെ മുന്നിലെത്തും" എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi