നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾ പുരോഗമിക്കവെ, ചിത്രത്തിൽ രാവണനായി വേഷമിടുന്ന കന്നഡ സൂപ്പർ താരം യഷിനെ പ്രശംസിച്ച് സായ് പല്ലവി. ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ ചടങ്ങിലാണ് ചിത്രത്തിൽ സീതയുടെ വേഷത്തിലെത്തുന്ന സായ് പല്ലവി യഷിന്റെ ഈ തീരുമാനത്തെക്കുറിച്ചും അഭിനയ മികവിനെക്കുറിച്ചും സംസാരിച്ചത്.

"രാവണന്റെ വേഷം ചെയ്യാൻ സാധാരണയായി ആരും മുന്നോട്ടുവരാറില്ല. കാരണം, ആ കഥാപാത്രം പ്രേക്ഷകരിൽ ഉണ്ടാക്കുന്നത് വെറുപ്പാണ്. എന്നാൽ യഷ് ആ വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല, ആ കഥാപാത്രത്തിലൂടെ എല്ലാവരുടെയും സ്നേഹം നേടിയെടുക്കുക കൂടിയാണ് ചെയ്തത്," ചടങ്ങിൽ സായ് പല്ലവി പറഞ്ഞു.

ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ യഷ്, ശ്രീരാമന്റെ വേഷത്തിന് പകരം രാവണന്റെ കഥാപാത്രം തിരഞ്ഞെടുത്തതിനെക്കുറിച്ച് മുൻപ് വെളിപ്പെടുത്തിയിരുന്നു. രാമന്റെ നന്മ എടുത്തു കാണിക്കണമെങ്കിൽ രാവണന്റെ വില്ലത്തരത്തിനും അത്രയും കരുത്തുണ്ടായിരിക്കണമെന്ന് യഷ് ചൂണ്ടിക്കാട്ടുന്നു.

"എന്നെക്കാൾ നന്നായി ആ വില്ലത്തരം സ്‌ക്രീനിൽ എത്തിക്കാൻ മറ്റാർക്കും കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. രാവണനെ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നണം, 'ഇവനെ എങ്ങനെ വീഴ്ത്തും?' എന്ന്. പിന്നീട് ഞാൻ ഒരു നല്ല കഥാപാത്രം ചെയ്യുമ്പോഴും അതിനെ വെല്ലാൻ ആരും കാണില്ല," അഭിമുഖത്തിൽ യഷ് വ്യക്തമാക്കി. സിനിമയിൽ സ്വന്തം സ്റ്റാർഡത്തിനോ ഈഗോയ്ക്കോ സ്ഥാനമില്ലെന്നും 'രാമായണം' എന്ന മഹത്തായ പ്രോജക്റ്റാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടു ഭാഗങ്ങളിലായി നിർമ്മിക്കുന്ന 'രാമായണം' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ഏകദേശം 4,000 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യൻ ഇതിഹാസത്തെ, ലോകോത്തര നിലവാരത്തിൽ ആഗോള പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി.

രൺബീർ കപൂർ ശ്രീരാമനായി എത്തുമ്പോൾ സായ് പല്ലവി സീതയായും യഷ് രാവണനായുമെത്തുന്നു. സണ്ണി ഡിയോൾ, രവി ദുബെ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം ഈ വർഷം ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത ദീപാവലിക്കും തിയേറ്ററുകളിലെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi