സ്ത്രീകേന്ദ്രീകൃത സിനിമകൾ തിയേറ്ററുകളിൽ നേരിടുന്ന ബോക്സ് ഓഫീസ് വെല്ലുവിളികളെക്കുറിച്ചും സിനിമകളിലെ അതിക്രമ രംഗങ്ങളോടുള്ള തൻ്റെ അമർഷത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി രാധിക ആപ്തെ. ബോളിവുഡിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് രാധിക. എന്നാൽ സ്ത്രീകേന്ദ്രീകൃത സിനിമകൾക്ക് ഇന്ന് തിയേറ്ററുകളിൽ നേരിടേണ്ടി വരുന്ന തിരിച്ചടികളെക്കുറിച്ചും പ്രൊജക്റ്റുകൾ തിരഞ്ഞെടുക്കുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മുൻനിര നടിമാരായ ആലിയ ഭട്ടിനും ദീപിക പദുകോണിനും മാത്രമേ ഇന്ന് സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിലൂടെ തിയേറ്ററുകളിൽ ആളുകളെ ആകർഷിക്കാനും മികച്ച ഓപ്പണിങ് നേടാനും സാധിക്കൂ എന്നാണ് രാധിക ചൂണ്ടിക്കാണിക്കുന്നത്.
തന്റെ പുതിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ 'അക്ക'യുടെ (Akka) പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് രാധിക സിനിമാ ഇൻഡസ്ട്രിയിലെ നിലവിലെ അവസ്ഥ വ്യക്തമാക്കിയത്. താൻ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രം തിയേറ്ററിലെത്തിയാൽ, അത് എത്ര മികച്ചതാണെങ്കിൽ പോലും വിജയിക്കാൻ സാധ്യത കുറവാണെന്ന് താരം പറയുന്നു. ആലിയ ഭട്ടിനെയോ ദീപിക പദുകോണിനെയോ പോലെ ആളുകളെ തിയേറ്ററിലേക്ക് ആകർഷിക്കാനുള്ള ബോക്സ് ഓഫീസ് സ്വാധീനം തനിക്കില്ല. അതുകൊണ്ട് തന്നെ സിനിമയുടെ വിജയസാധ്യത മുൻനിർത്തി പുരുഷന്മാർക്ക് പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ താൻ നിർബന്ധിതയാവുകയാണെന്നും രാധിക തുറന്നുപറഞ്ഞു. രാധികയുടെ സമീപകാല ചിത്രങ്ങളായ 'ലസ്റ്റ് സ്റ്റോറീസ് 3', 'മിസിസ് അണ്ടർകവർ', 'മോണിക്ക ഒ മൈ ഡാർലിങ്' തുടങ്ങിയവയെല്ലാം ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു റിലീസ് ചെയ്തിരുന്നത്.
നിലവിൽ തിയേറ്ററുകളിൽ തരംഗമാകുന്ന അക്രമരംഗങ്ങൾ നിറഞ്ഞ സിനിമകളോടും രാധിക ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം സിനിമകൾ തനിക്ക് വ്യക്തിപരമായി അസംബന്ധമായാണ് തോന്നുന്നത്. അമ്പതോളം ആളുകൾ ക്രൂരമായി മർദ്ദിക്കപ്പെടുന്നത് പോപ്പ്കോണും തിന്ന് ആളുകൾ എങ്ങനെയാണ് ആസ്വദിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അത്തരം സിനിമകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും താരം വ്യക്തമാക്കി.
2024-ൽ രാധികയ്ക്കും ഭർത്താവ് ബെനഡിക്ട് ടെയ്‌ലറിനും കുഞ്ഞു പിറന്നതോടെ തന്റെ ജീവിതത്തിലെ മുൻഗണനകൾ മാറിയതായും രാധിക വെളിപ്പെടുത്തി. ദിവസവും പരമാവധി 12 മണിക്കൂർ മാത്രം ജോലി ചെയ്യുകയും ബാക്കി സമയം മകൾക്കൊപ്പം ചെലവഴിക്കുകയുമാണ് ഇപ്പോഴത്തെ പ്രധാന മുൻഗണന. കൂടാതെ, എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോൾ.
രാധിക ആപ്തെയും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ സീരീസാണ് 'അക്ക'. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 30-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Radhika Apte stated that only top stars like Alia Bhatt and Deepika Padukone can guarantee theatrical openings for women-centric films., She admitted to doing male-centric films due to commercial viability constraints., Radhika expressed her aversion to excessive violence in modern cinema., She stars alongside Keerthy Suresh in the upcoming Netflix series 'Akka', releasing on October 30.
Published: 24 Oct 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented