കുറച്ചുദിവസം മുമ്പാണ് തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. പ്രെഗ്നൻസി കിറ്റുമായി ഇരിക്കുന്ന മകൾ ദുവയുടെ ചിത്രം പങ്കുവെച്ചാണ് രണ്ടാമത്തെ കുഞ്ഞിന്റെ വരവ് താരങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്.

To advertise here,

അറ്റ്‌ലിയുടെ 'റാക്ക', ഷാരൂഖ് ഖാൻ നായകനാവുന്ന 'കിങ്' എന്നീ ചിത്രങ്ങളിലാണിപ്പോൾ ദീപിക അഭിനയിക്കുന്നത്. ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നതോടെ ആ ബിഗ്ബജറ്റ് ചിത്രങ്ങളുടെ ഭാവി എന്താവുമെന്ന ആശങ്കയിലായിരുന്നു ആരാധകർ. ദീപികയുടെ റോൾ വെട്ടിച്ചുരുക്കുകയോ പകരം മറ്റൊരാളെ കൊണ്ടുവരികയോ ചെയ്യുമെന്നും വാർത്തകളുണ്ടായിരുന്നു.

പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി അണിയറപ്രവർത്തകർ രംഗത്തെത്തി. ഗർഭകാലത്തും ദീപികയുടെ രംഗങ്ങൾ ചിത്രീകരിക്കുമെന്നാണ് അവർ പറഞ്ഞത്. അതിനാവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ആക്ഷൻരംഗങ്ങളിൽ ദീപികയ്ക്ക് പകരം ഒരു ബോഡി ഡബിൾ എത്തുമെന്നാണ് പുതിയ വാർത്തകൾ. തിരക്കഥയിലും ദീപികയുടെ കഥാപാത്രത്തിലും വലിയ മാറ്റങ്ങളൊന്നുമില്ലെന്നും ആക്ഷൻസീനുകൾ കുറച്ചിട്ടില്ലെന്നും പ്രൊഡക്ഷൻ ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ടനുസരിച്ച് ആക്ഷൻരംഗങ്ങളും മറ്റും ബോഡി ഡബിൾ ഉപയോഗിച്ച് പൂർത്തിയാക്കും. അതേസമയം മറ്റു സീനുകൾ ദീപികയെ വെച്ച് ചിത്രീകരിക്കുകയും ചെയ്യും.

ദീപികയുടെ കഥാപാത്രം സിനിമയുടെ അവിഭാജ്യഘടകമായി തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗർഭിണിയാണെങ്കിലും അവരുടെ കഥാപാത്രം ഇപ്പോഴും വളരെ നിർണായകമാണെന്നും അതിൽ മാറ്റമില്ലെന്നും അവർ പറയുന്നു. ''ദീപികയ്ക്ക് ഒരു മികച്ച എൻട്രിയും അല്ലു അർജുനൊപ്പം ഒരു വലിയ ആക്ഷൻ സീനുമുണ്ട്. ഇനി അതെല്ലാം ചിത്രീകരിക്കുന്നത് ഒരു ബോഡി ഡബിളിനെ വെച്ചായിരിക്കും. ദീപികയുടെ വേഷം അതേപടി തുടരുന്നു, ഒന്നുപോലും കളയാതെ. റാക്കയിലെ ഒരു പ്രധാന കഥാപാത്രമാണ് അവർ, ഗർഭധാരണം കാരണം ഒന്നും മാറുന്നില്ല''.

ഷാരൂഖിനൊപ്പം ദീപിക അഭിനയിക്കുന്ന 'കിങ്' ഡിസംബറിലാണ് റിലീസാവുക. 'റാക്ക' റിലീസാവുന്നത് 2027-ലും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi