സിനിമയിൽ ഒരു കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കിൽ എന്തും ചെയ്യാൻ തയ്യാറാകുന്ന നടിയെന്ന ധാരണ, ഒരിക്കൽ ചെയ്തതിന്റെ പേരിൽ പിന്നീട് വീണ്ടും വീണ്ടും അതേ അതിരുകൾ പരീക്ഷിക്കപ്പെടുന്ന സാഹചര്യം... സിനിമയിലെ അനാവശ്യമായ നഗ്‌നതയെയും ഇന്റിമേറ്റ് രംഗങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി രാധിക ആപ്‌തെ.

To advertise here,

തന്റെ കരിയറിൽ നേരിട്ട ചില അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് രാധികയുടെ തുറന്നുപറച്ചിൽ. “ഒരു കഥാപാത്രത്തിന് ആവശ്യമായതിനാൽ നഗ്‌നരംഗങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, അതിന്റെ പേരിൽ പിന്നീട് എന്തും ചെയ്യാൻ തയ്യാറാകുമെന്ന ധാരണ ചിലർക്ക് ഉണ്ടായിരുന്നു.”

കരിയറിന്റെ തുടക്കത്തിൽ നാലോ അഞ്ചോ സിനിമകളിൽ പൂർണ നഗ്‌നരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് രാധിക പറയുന്നു. എന്നാൽ അതുകൊണ്ട് പിന്നീട് വരുന്ന എല്ലാ സിനിമകളിലും അത്തരം രംഗങ്ങൾ ചെയ്യാൻ താൻ തയ്യാറാകുമെന്ന് അർഥമില്ലെന്നും താരം വ്യക്തമാക്കി.
“ഇതൊക്കെ രാധിക ചെയ്‌തോളും' എന്ന തരത്തിലുള്ള സമീപനമാണ് പലരിൽനിന്നും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഓരോ രംഗത്തെക്കുറിച്ചും ഞാൻ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഒരു രംഗത്തിൽ നായകനെ ചുംബിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ചോദിച്ചാൽ പോലും, 'കുറച്ച് ചെയ്താൽ പോരേ' എന്ന തരത്തിലുള്ള മറുപടികളാണ് ലഭിച്ചിരുന്നത്. പതിനഞ്ച് സെക്കൻഡ് ഇംപ്രൊവൈസ് ചെയ്ത് ചുംബിച്ചാൽ എന്താണെന്ന തരത്തിലുള്ള നിർദേശങ്ങളും ലഭിച്ചിട്ടുണ്ട്,” താരം വെളിപ്പെടുത്തി. രംഗം ചെയ്യാൻ തയ്യാറാണോ എന്നതിലുപരി അത് കഥയ്ക്ക് ശരിക്കും ആവശ്യമാണോ എന്നതാണ് താൻ ചോദിക്കുന്നതെന്നും രാധികയുടെ വാക്കുകൾ വ്യക്തമാക്കുന്നു.

കരിയറിൽ നേരിട്ട മറ്റൊരു അനുഭവവും രാധിക പങ്കുവച്ചു. “ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അസ്വസ്ഥതയുണ്ടാക്കിയ നിർദേശം. ആക്ഷൻ രംഗത്തിൽ ഷർട്ടിന്റെ ബട്ടണുകൾ ഇടാതിരുന്നാലോ എന്നായിരുന്നു ആദ്യം ചോദിച്ചത്. ആക്ഷൻ രംഗമാണെങ്കിൽ സ്വാഭാവികമായും ഷർട്ട് ഇളകുകയോ മാറുകയോ ചെയ്യില്ലേയെന്ന് ഞാൻ ചോദിച്ചു.” എന്നാൽ പിന്നീട് വന്ന നിർദേശം താരത്തെ കൂടുതൽ ഞെട്ടിച്ചു. ഷർട്ടിന് പകരം ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ആക്ഷൻ രംഗം ചെയ്താലോ എന്നായിരുന്നു ചോദ്യം.

'നിങ്ങൾ എന്നെക്കൊണ്ട് എന്താണ് ചെയ്യിക്കാൻ ശ്രമിക്കുന്നത്?' എന്നായിരുന്നു രാധികയുടെ പ്രതികരണം. കഥാപാത്രത്തിന്റെ സ്വഭാവത്തിനും രംഗത്തിന്റെ ആവശ്യകതയ്ക്കും അപ്പുറത്തേക്ക് ഒരു നടിയുടെ ശരീരത്തെ മാത്രം കേന്ദ്രീകരിക്കുന്ന സമീപനത്തെയാണ് ഇത്തരം അനുഭവങ്ങൾ ചോദ്യം ചെയ്യുന്നത്.

നഗ്‌നരംഗങ്ങളെക്കുറിച്ച് രാധിക നേരത്തെയും തുറന്നുപറഞ്ഞിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ Parched എന്ന ചിത്രത്തിലെ ഒരു നഗ്‌നരംഗം ഓൺലൈനിൽ വ്യാപകമായി ചർച്ചയായപ്പോഴും താരം അതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ആ രംഗം ചിത്രത്തിന്റെ ഭാഗമാണെന്ന് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും അതിനാൽ രംഗം പുറത്തുവന്നതിൽ പ്രത്യേകിച്ച് അസ്വസ്ഥയായില്ലെന്നും അന്ന് രാധിക വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമയിലെ ഒരു രംഗം മാത്രം കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുന്നതിൽ തനിക്ക് അത്ഭുതം തോന്നിയെന്നും താരം പറഞ്ഞിരുന്നു.

'സിനിമ ഈ ഒരു രംഗത്തേക്കാൾ വളരെ വലുതാണ്' എന്ന രാധികയുടെ അന്നത്തെ നിലപാട് തന്നെയാണ് ഇപ്പോഴത്തെ തുറന്നുപറച്ചിലിലും പ്രസക്തമാകുന്നത്. ഒരു നടി ഒരു സിനിമയ്ക്കായി തന്റെ പരിധികൾ മറികടക്കാൻ തയ്യാറാകുന്നു എന്നതുകൊണ്ട്, പിന്നീട് വരുന്ന എല്ലാ സാഹചര്യങ്ങളിലും അതേ സമ്മതം സ്വാഭാവികമായി ലഭിക്കുമെന്ന് കരുതാനാകില്ല. കഥ ആവശ്യപ്പെടുന്ന കാര്യവും അനാവശ്യമായി ആവശ്യപ്പെടുന്ന കാര്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ടെന്ന ചർച്ച കൂടിയാണ് രാധികയുടെ വാക്കുകൾ വീണ്ടും ഉയർത്തുന്നത്.

ഇപ്പോൾ Lust Stories 3 എന്ന ആന്തോളജി ചിത്രത്തിലെ പ്രകടനത്തിലൂടെ രാധിക ആപ്‌തെ വീണ്ടും ശ്രദ്ധ നേടുകയാണ്. സിനിമയിലെ ഇന്റിമസി, സ്ത്രീശരീരത്തിന്റെ ആവിഷ്‌കാരം, അതിരുകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് താരത്തിന്റെ ഈ തുറന്നുപറച്ചിൽ... 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi