നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിൽ ശ്രീരാമനാവുന്നത് റൺബീർ കപൂറാണ്. സീതയാവുന്നത് സായ് പല്ലവിയും രാവണനായെത്തുന്നത് യഷുമാണ്. ലോസ് ഏഞ്ചൽസിൽ വെച്ച് ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ അണിയറപ്രവർത്തകർ അടുത്തിടെ സംഘടിപ്പിച്ചിരുന്നു. അതിനുശേഷം ലോകമെമ്പാടും ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ നടത്തുകയാണ് താരങ്ങളായ റൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ. ഇതിനിടയിൽ, 'രാമായണ'ത്തിൽ താൻ രാവണനായി വേഷമിടുന്നതിനെക്കുറിച്ച് തന്റെ മകൻ യഥാർവ് പ്രതികരിച്ച കാര്യത്തെക്കുറിച്ച് യഷ് വെളിപ്പെടുത്തുകയാണ്.
ടെലിവിഷൻ അവതാരകയായ സുമ കനകലയുടെ യൂട്യൂബ് ചാനലിൽ നടന്ന ഒരു സംഭാഷണത്തിനിടെയാണ് യഷ് ഇതിനെക്കുറിച്ച് സംസാരിച്ചത്. താൻ രാവണനായി വേഷമിടുന്നതിൽ തന്റെ മകൻ അതൃപ്തി പ്രകടിപ്പിച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തി. തന്റെ മക്കൾ മുത്തശ്ശീമുത്തശ്ശന്മാരിൽ നിന്ന് രാമായണ കഥകൾ കേട്ടാണ് വളർന്നതെന്നും താരം പറയുന്നു. ''ഒരു മകനെ സംബന്ധിച്ചിടത്തോളം അച്ഛനാണ് അവന്റെ ഹീറോ. രാമായണ കഥ അവന് അറിയാവുന്നതുകൊണ്ട് അവൻ എന്നോട് ചോദിച്ചു, 'അച്ഛൻ രാവണനാണോ?! അച്ഛനെങ്ങനെ രാവണനാകാൻ പറ്റും? അച്ഛൻ രാമനല്ലേ?' അപ്പോൾ ഞാൻ പറഞ്ഞു, 'അതെ, ജീവിതത്തിൽ ഞാൻ രാമനാണ്, പക്ഷേ സിനിമയിൽ ഞാൻ രാവണനായി അഭിനയിക്കുകയാണ്.' അപ്പോൾ അവൻ ചോദിച്ചു, 'എങ്കിൽ അച്ഛൻ വില്ലനാണല്ലേ?' പിന്നാലെ സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും അവന് മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ചിത്രങ്ങളും മറ്റും കാണിച്ചുകൊടുത്തു''.
സിനിമ കാണുമ്പോൾ ആരെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന് മകൻ ചോദിച്ചപ്പോൾ, അതൊരു സങ്കീർണ്ണമായ ചോദ്യമാണെന്ന് തനിക്ക് തോന്നിയെന്ന് യാഷ് പറഞ്ഞു. ''എന്റെ ആരാധകർക്കും ഇതേ സംശയം തോന്നാം. 'എന്തുകൊണ്ടാണ് യഷ് ഈ വേഷം ചെയ്യുന്നത്?' എന്ന് അവർ ചിന്തിച്ചേക്കാം. പ്രത്യേകിച്ചും 'സീതാപഹരണം' പോലുള്ള രംഗങ്ങളിൽ, എന്നെ ഒട്ടും ഇഷ്ടപ്പെടില്ല. അപ്പോൾ ഞാൻ എന്റെ മകനോട് വളരെ വ്യക്തമായി പറഞ്ഞു, 'ഈ കഥ കേൾക്കുമ്പോൾ, എല്ലാവരും മാതൃകയാക്കേണ്ടത് ശ്രീരാമനെയാണ്'. രാവണൻ കാണാൻ ആകർഷകനോ, ഗംഭീരനോ, അല്ലെങ്കിൽ ശക്തനോ ആയിരിക്കാം. എന്നാൽ ആത്യന്തികമായി വിജയിക്കണമെങ്കിൽ, ശ്രീരാമന്റെ സത്ത എന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. എങ്കിലും, ഈ സിനിമയിൽ നിങ്ങൾക്ക് എന്നെ പിന്തുണയ്ക്കാം. പക്ഷേ, അതിനെ വ്യക്തിപരമായി എടുക്കരുത്''.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് 'രാമായണ' തിയേറ്ററിലെത്തുന്നത്. 4000 കോടി രൂപയാണ് രണ്ട് ഭാഗങ്ങൾക്കുമായി ചെലവ് കണക്കാക്കുന്നത്. ആദ്യഭാഗം നവംബർ 5-ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലിക്കായിരിക്കും റിലീസാവുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yash shares his son's reaction to him playing the antagonist Ravana in Nitesh Tiwari's Ramayana., Yash explained to his son that while he is Rama in real life, he plays Ravana in the movie
Published: 03 Nov 2026, 04:15 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented