നിതേഷ് തിവാരിയുടെ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിലെ സംഗീതത്തെച്ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം സ്വന്തം സംഗീതസങ്കൽപ്പങ്ങളിൽ വിശ്വസിക്കണമെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു റഹ്‌മാന്റെ പ്രതികരണം. ''എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നുണ്ടെങ്കിൽ പോയി ഐസ്‌ക്രീം വിറ്റോളൂ'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

To advertise here,

''ഞാൻ തന്നെയാണ് എന്റെ ആദ്യ വിമർശകൻ. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്ക് ഇഷ്ടമാണെന്നല്ല. ഒരു ദിവസംകൊണ്ട് ഞങ്ങൾ ഒന്നും തീരുമാനിക്കാറില്ല. ചിലപ്പോൾ മാസങ്ങളോളം അതിനൊപ്പം ജീവിക്കും. അതിനു പിന്നിൽ ഒരു ചിന്താപ്രക്രിയയുണ്ട്. ചിലപ്പോൾ ഒരു കാര്യത്തെ അതേപടി നിലനിർത്താൻ അനുവദിക്കണം. അച്ചാർ പോലെ, ചില ഈണങ്ങൾ പഴകുന്തോറും കൂടുതൽ മികച്ചതാകും'' എന്ന് സ്‌ക്രീനു നൽകിയ അഭിമുഖത്തിൽ റഹ്‌മാൻ പറഞ്ഞു.

ഒരു സംഗീതസൃഷ്ടിയുടെ ഒരു വശം മാത്രം കണ്ട് അതിനെ വിലയിരുത്തുന്നവരുണ്ടെന്നും അതിനു പിന്നിലെ വിശാലമായ ആശയം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും റഹ്‌മാൻ ചൂണ്ടിക്കാട്ടി. കുറച്ചുസമയം നൽകുമ്പോൾ ഒരു സംഗീതസൃഷ്ടിക്കു പിന്നിലെ ആശയം ശ്രോതാക്കൾക്ക് പിന്നീട് മനസ്സിലായേക്കാം. അപ്പോൾ താൻ അത്തരത്തിൽ ചെയ്തത് എന്തുകൊണ്ടാണെന്ന് അവർ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്ക് എത്രത്തോളം പ്രാധാന്യം നൽകണമെന്ന കാര്യത്തിലും പരിധിയുണ്ടെന്ന് റഹ്‌മാൻ പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കാതെ ഒരു ഘട്ടത്തിൽ വിമർശനങ്ങളെ മറികടന്ന് മുന്നോട്ടുപോകാൻ സംഗീതസംവിധായകൻ പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് ഉദാഹരണമായാണ് സ്റ്റീവ് ജോബ്സിന്റെ ഐസ്‌ക്രീം പരാമർശം റഹ്‌മാൻ ഉദ്ധരിച്ചത്.

റഹ്‌മാൻ സംഗീതസംവിധാനം നിർവഹിച്ച രാമായണയിലെ 'മംഗൾ രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് സംഗീതത്തെച്ചൊല്ലിയുള്ള ചർച്ചകൾ ശക്തമായത്. അരിജിത് സിങ്ങും ശ്രേയ ഘോഷാലും ആലപിച്ച ഗാനത്തിന്റെ വരികൾ കുമാർ വിശ്വാസിന്റേതാണ്. ശ്രീരാമന്റെയും സീതാദേവിയുടെയും വിവാഹം പശ്ചാത്തലമാക്കുന്ന ഗാനത്തിലെ സംഗീതാവിഷ്‌കാരമാണ് ചിലരെ വിമർശനത്തിന് പ്രേരിപ്പിച്ചത്.

ഗാനത്തിൽ ഖവാലിയുടെ സ്വാധീനമുണ്ടെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നു. ഇതിഹാസത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമായ രീതിയിലാണോ സംഗീതം ഒരുക്കിയിരിക്കുന്നതെന്ന ചോദ്യവും ചിലർ ഉന്നയിച്ചു. സനാതന ധർമത്തിന്റെ സംഗീതപാരമ്പര്യവുമായി കൂടുതൽ ചേർന്നുനിൽക്കുന്ന ശൈലിയാണ് വേണ്ടിയിരുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, 'രാവണ താണ്ഡവ്' രംഗത്തിലെ ഇലക്ട്രോണിക് സംഗീതാവിഷ്‌കാരത്തിന് പ്രതീക്ഷിച്ച ഊർജമില്ലെന്ന വിമർശനവും ഉയർന്നു. ഗാനത്തിലെ വരികൾക്കും വേണ്ടത്ര വൈകാരിക ആഴമില്ലെന്ന അഭിപ്രായങ്ങളുണ്ടായി.

ഓസ്‌കർ പുരസ്‌കാര ജേതാവായ ഹാൻസ് സിമ്മറുമായി സഹകരിച്ച് രാമായണയുടെ സംഗീതം ഒരുക്കുന്നതിനെക്കുറിച്ചും റഹ്‌മാൻ സംസാരിച്ചു. ''രാമായണയുമായി ഹാൻസ് സിമ്മറിന്റെ പേര് ബന്ധപ്പെടുന്നത് പുതിയൊരു വിഭാഗം പ്രേക്ഷകരിൽ കൗതുകമുണ്ടാക്കും,'' എന്നായിരുന്നു റഹ്‌മാന്റെ വാക്കുകൾ.
ചിത്രത്തിനായി ഒരുക്കേണ്ട സംഗീതത്തിന്റെ വ്യാപ്തിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ''ഏകദേശം പത്ത് സിനിമകൾക്കു വേണ്ടിവരുന്ന ജോലിക്കു തുല്യമായിരിക്കും ഇത്,'' എന്നായിരുന്നു റഹ്‌മാന്റെ വിശേഷണം. ചിത്രത്തിന് പശ്ചാത്തലസംഗീതവും ഗാനങ്ങളുമുണ്ട്. കൂടാതെ അഞ്ച് ഭാഷകളിലും ഹോളിവുഡ് പതിപ്പ്, ഇന്ത്യൻ പതിപ്പ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകൾക്കുമായുള്ള സംഗീതപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയാണ് നിർമിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. രണ്ടാം ഭാഗം 2027-ൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi