ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ ഇടംകണ്ടെത്തിയ താരമാണ് രാധിക ആപ്‌തെ. കൊമേഴ്‌സ്യൽ ചിത്രങ്ങളിലും മുഖ്യധാരാസിനിമകളിലും ഒരുപോലെ അഭിനയിച്ചിട്ടുണ്ട് താരം. വെട്രി സെൽവൻ, ബദ്‌ലാപൂർ, ഹണ്ടർ, കോൻ കിത്‌നെ പാനി മേം, പാഡ് മാൻ, കബാലി, ലസ്റ്റ് സ്റ്റോറീസ്, അന്ധാധുൻ, ബാസാർ, വിക്രം വേദ, മെറി ക്രിസ്മസ്, രാത് അകേലി ഹെ: ദ ബൻസാൽ മർഡർസ്, സാലി മൊഹബത്ത് തുടങ്ങിയവയാണ് അവരുടെ പ്രധാനചിത്രങ്ങൾ. നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ 'അക്ക'യിലാണ് അവരിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
തെലുഗുവിൽ താൻ നാല് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, അതിൽ ഏറ്റവും മോശം അനുഭവമായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോൾ. അതിൽ രണ്ടെണ്ണത്തിലും നന്ദമൂരി ബാലകൃഷ്ണയായിരുന്നു നായകൻ. തന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷവും തെലുഗുവിലാണെന്ന് പറയുകയാണവർ. ആ കഥാപാത്രത്തിന്, തന്നേക്കാൾ പ്രായത്തിൽ വളരെ മുതിർന്ന, സിനിമയിലെ തന്റെ അമ്മാവനെ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണവർ പറഞ്ഞത്.
'അക്ക' എന്ന പരമ്പരയുടെ പ്രൊമോഷനിടെയാണ് രാധിക ഇത് വെളിപ്പെടുത്തിയത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാധിക നൽകിയ മറുപടിയിങ്ങനെ, ''ഞാൻ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിൽ, എന്റെ അമ്മാവനെ വിവാഹം കഴിക്കേണ്ടി വന്നു. അതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം. ആ കഥാപാത്രവുമായി ബന്ധപ്പെട്ട ഒന്നിനെയും എനിക്ക് ഇഷ്ടപ്പെട്ടില്ല''.
ഉടനെ രാധികയ്‌ക്കൊപ്പമുണ്ടായിരുന്ന നടി കീർത്തി സുരേഷ് ഇതുകേട്ട് അദ്ഭുതപ്പെട്ടു. പിന്നാലെ കാണികളോട് അവർ ഇതിനെക്കുറിച്ച് വിശദീകരിച്ചു, ''അമ്മാവനെ വിവാഹം കഴിക്കുന്നത് തമിഴ്, തെലുങ്ക് സംസ്‌കാരങ്ങളിൽ കണ്ടുവരുന്ന ഒരു പതിവാണ്''.
പിന്നാലെ രാധിക കൂട്ടിച്ചേർത്തു, ''അതെ, പക്ഷേ എന്നെക്കാൾ പ്രായം വളരെ കൂടിയ ഒരു നടനൊപ്പം പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നു. അതൊരു കടുത്ത പുരുഷാധിപത്യമുള്ള സാഹചര്യവും ഇടവുമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതായിരുന്നു ഏറ്റവും പ്രയാസകരമായ കാര്യം. അതിനിടയിൽ ഞാൻ മരിക്കുകയും വേണം. അദ്ദേഹം എന്നെ തോളിലൂടെ പിന്നിലേക്ക് എറിയുകയും, തുടർന്ന് ആക്ഷൻരംഗങ്ങൾ ചെയ്യുകയും വേണം. ഇതിനെല്ലാമിടയിലും ഞാൻ ആലോചിച്ചതിതാണ്, 'ഞാൻ എപ്പോഴാണ് മരിക്കാൻ പോകുന്നത്?' എന്ന്''.
സിനിമയുടെ പേര് രാധിക വെളിപ്പെടുത്തിയില്ല. 2014-ൽ റിലീസായ 'ലെജൻഡ്' എന്ന സിനിമയിലാണ് ഈ രംഗങ്ങളുള്ളത്. സിനിമ റിലീസ് ചെയ്യുമ്പോൾ
നന്ദമൂരി ബാലകൃഷ്ണയ്ക്ക് 54 വയസ്സായിരുന്നു, രാധികയ്ക്ക് 29 വയസ്സും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Radhika Apte described her Telugu cinema experience as her worst., She had to play a role where she married her uncle and act in romantic scenes with an older actor, Nandamuri Balakrishna
Published: 03 Nov 2026, 05:45 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented