വളരെ സാധാരണമായൊരു ചുറ്റുപാടിൽ നിന്നാണ് ബോളിവുഡ് നടൻ പങ്കജ് തൃപാഠി സിനിമയിലേക്കെത്തുന്നത്. അഭിനയരംഗത്ത് തന്റേതായ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് അധികനാൾ വേണ്ടിവന്നില്ല.

To advertise here,

പങ്കജ് ത്രിപാഠി, സാകിർ ഖാൻ, ഡോ. വികാസ് ദിവ്യകീർത്തി എന്നിവർ അടുത്തിടെ കപിൽ ശർമ്മയുടെ നെറ്റ്ഫ്ലിക്സ് കോമഡി ഷോയായ 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ അതിഥികളായി എത്തിയിരുന്നു. എപ്പിസോഡിൽ, ജീവിതത്തെയും വിദ്യാർത്ഥി കാലഘട്ടത്തെയും കുറിച്ച് പങ്കജ് സംസാരിച്ച വാക്കുകയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഷോയിൽ, വിദ്യാർഥിയായിരിക്കെ മറ്റെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ച സദസ്സിലെ ഒരാളോട് പങ്കജ് ത്രിപാഠി പറഞ്ഞതിങ്ങനെയാണ്. "എനിക്കൊരു വിദ്യാർഥി നേതാവാകണമായിരുന്നു, എന്നാൽ പൊലീസ് എന്നെ ക്രൂരമായി തല്ലിയതുകൊണ്ട് അന്ന് തന്നെ ഞാൻ ആ തീരുമാനം മാറ്റി. രണ്ട് വർഷം ഒരു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്, ഉള്ളിയും ഉരുളക്കിഴങ്ങും തൊലിപൊളിക്കലായിരുന്നു പണി. എന്റെ വിധി മറ്റെവിടെയോ ആണെന്നും ഇതല്ലെന്നും എനിക്ക് തോന്നി. ഒടുവിൽ ഞാൻ അഭിനയത്തിലേക്ക് എത്തി, കാര്യങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നു; അത് അതിന്റെ വഴിയേ പോകട്ടെ"

വളർച്ചയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾ സഹായിച്ചുവെന്ന് കരുതുന്നുണ്ടോ എന്ന് നവ്‌ജ്യോത് സിങ് സിദ്ദു ചോദിച്ചപ്പോൾ, പുറത്തുനിന്നുള്ളവർക്ക് പേരുണ്ടാക്കാൻ ഒടിടി സഹായിച്ചു എന്നത് സമ്മതിക്കുന്നുവെന്ന് താരം പറഞ്ഞു. "ഞങ്ങൾ എല്ലാവരും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്, എന്നാൽ ഈ ഡെമോക്രാറ്റിക് സ്പേസിൽ ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചു, സ്ഥാനങ്ങൾ നേടാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തു. ഇന്ത്യയിലെ ഓരോ കുട്ടിക്കും ഈ സാധ്യതയുണ്ട്, തീർച്ചയായും പുതിയ മാധ്യമങ്ങൾ വരുമ്പോൾ പുതിയ അവസരങ്ങൾ തുറക്കപ്പെടുന്നു."

പ്രശസ്തനായതിന് ശേഷം തനിക്ക് രാഷ്ട്രീയത്തിൽ ചേരാൻ ക്ഷണം ലഭിച്ചിരുന്നതായും പങ്കജ് ത്രിപാഠി പറഞ്ഞു. "രാഷ്ട്രീയത്തിൽ ചേരാൻ താൽപ്പര്യമുണ്ടോ എന്ന് ആരോ ഒരിക്കൽ എന്നോട് ചോദിച്ചു, എന്നാൽ എനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞു. എന്റെ അഭിനയ ജോലി നല്ല രീതിയിൽ നടക്കുന്നുണ്ട്, പിന്നെ എന്തിനാണ് അവർ അത് നിർത്തിക്കാൻ നോക്കുന്നത്? അതൊരു വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളെ സേവിക്കുക എന്നത് ഗൗരവമേറിയ ഒരു കാര്യമാണ്. അത് എളുപ്പവുമല്ല."-അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi