നവംബർ 10,11 തീയതികളിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും (Anirudh Ravichander and Kavya Maran Wedding) തമ്മിലുള്ള വിവാഹം. ഗ്രീസിൽവെച്ച് നടക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ വളരെ അടുപ്പമുള്ളവർ മാത്രമാണ് പങ്കെടുക്കുക. അതിനായി അനിരുദ്ധിന്റെ ബന്ധു കൂടിയായ രജനീകാന്ത്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തുടങ്ങിയവർ ഗ്രീസിലേക്ക് പോയിരുന്നു. അവർ ഗ്രീസിലേക്ക് യാത്ര തിരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ വൈറലായിരുന്നു.

To advertise here,

2025 നവംബറിലാണ് ന്യൂയോർക്ക് സിറ്റിയിലൂടെ അനിരുദ്ധും കാവ്യയും നടന്നുപോകുന്ന ചിത്രങ്ങൾ പുറത്തുവന്നത്. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതും. അതിനോട് ഇരുവരും പ്രതികരിച്ചതേയില്ല. അതിനിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് തമാശയോടെയാണ് അനിരുദ്ധ് പ്രതികരിച്ചത്, ''വിവാഹമോ, ചിൽ ഔട്ട് ഗയ്‌സ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തൂ...''

നേരത്തെയും അനിരുദ്ധിനെ ചുറ്റിപ്പറ്റി കുറേ പ്രണയവാർത്തകൾ പുറത്തുവന്നിരുന്നു. അങ്ങനെയൊന്നായി കാവ്യയുമായുള്ള പ്രണയവാർത്തകളും പലരും തള്ളിക്കളഞ്ഞിരുന്നു. പിന്നാലെയാണ് വിവാഹവാർത്തകൾ പുറത്തുവരുന്നത്. 2013-ലാണ് അനിരുദ്ധ് സംഗീതസംവിധാനത്തിലേക്ക് കടക്കുന്നത്. '3' എന്ന സിനിമയിലെ 'വൈ ദിസ് കൊലവെരി ഡി' എന്ന ഒറ്റ പാട്ടിലൂടെ തന്നെ അനിരുദ്ധ് തന്റെ വരവറിയിച്ചു. അതിനുശേഷം മാരി, നാനും റൗഡി താൻ, വേതാളം, റെമോ, പേട്ട, മാസ്റ്റർ, ഡോൺ, വിക്രം, ജയിലർ, ജവാൻ, ലിയോ, കൂലി, വേട്ടൈയാൻ, ജനനായകൻ, ജയിലർ 2, ഡിസി തുടങ്ങിയ ചിത്രങ്ങളിലൂടെ ഒന്നാം നിരയിലേക്കുയർന്നു.

പ്രശസ്തിയിലേക്കുയരുമ്പോഴും അനിരുദ്ധിന്റെ സ്വകാര്യജീവിതം പലപ്പോഴും വിവാദങ്ങളിൽപെട്ടു. 2012-ൽ ഗായികയും നടിയുമായ ആൻഡ്രിയ ജറമിയയും അനിരുദ്ധും തമ്മിൽ ലിപ് ലോക്ക് ചെയ്യുന്നൊരു ചിത്രം പുറത്തുവന്നു. തമിഴ് സിനിമാമേഖലയിൽ വൻ കോളിളക്കങ്ങളാണ് അത് സൃഷ്ടിച്ചത്. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ആളുകൾ അറിയുന്നതും.

ഈ ചിത്രങ്ങൾ പുറത്തുവരുമ്പോൾ അനിരുദ്ധിന് ഏകദേശം 22 വയസ്സും ആൻഡ്രിയയ്ക്ക് 27 വയസ്സുമായിരുന്നു. ആ ചുംബനചിത്രങ്ങൾക്കൊപ്പം തന്നെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും അന്ന് ചർച്ചയായി. പിന്നീട് ഇരുതാരങ്ങളും ഈ സംഭവത്തെക്കുറിച്ച് തുറന്നുസംസാരിച്ചിരുന്നു. തങ്ങളുടെ മുൻകാല ബന്ധത്തെക്കുറിച്ച് തനിക്ക് ലജ്ജയില്ലെന്ന് ആൻഡ്രിയ പറഞ്ഞു. ഒടുവിൽ അവർക്ക് ഉപേക്ഷിക്കേണ്ടിവന്ന ഒരു 'മനോഹരമായ ബന്ധം' എന്നാണ് താരം അതിനെ വിശേഷിപ്പിച്ചത്.

അതേസമയം സ്വകാര്യ ഡാറ്റ ചോർച്ചയിലും അത് ചെലുത്തിയ സ്വാധീനത്തിലും അനിരുദ്ധ് നിരാശ പ്രകടിപ്പിക്കുകയാണ് ചെയ്തത്. ''സ്ത്രീകളെ ചുംബിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന ആളല്ല ഞാൻ. എന്റെ മാതാപിതാക്കൾ എന്നെ ചില മൂല്യങ്ങൾ വെച്ചുകൊണ്ടാണ് വളർത്തിയത്, ഊഹാപോഹങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും മുന്നിൽ അവർ എന്നെ പിന്തുണച്ചു'', എന്നും അനിരുദ്ധ് തുറന്നുപറഞ്ഞു. അധികം വൈകാതെ ആ ബന്ധം പിരിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും കുടുംബത്തിന്റെ എതിർപ്പുമാണ് വേർപിരിയലിലെത്തിച്ചതെന്നും പറയപ്പെടുന്നു.

പിന്നാലെ നടി ശ്രുതി ഹാസനുമായി ബന്ധപ്പെട്ടും അനിരുദ്ധിന്റെ പേര് ഉയർന്നുകേട്ടു. ഇരുവരും ഒരുമിച്ച് 'യെന്നമോ യേതോ' എന്ന പാട്ടുപാടിയശേഷമാണ് ഈ വാർത്ത പുറത്തുവന്നത്. അതിനുപിന്നാലെ ദുബായിൽ നടന്ന ചില പരിപാടികളിൽ ഇരുവരും ഒരുമിച്ചെത്തി. അതിനുപിന്നാലെ ചില സ്വകാര്യപാർട്ടികളിലും അനിരുദ്ധും ശ്രുതിയും ഒരുമിച്ച് പങ്കെടുത്തു. അതെല്ലാം പ്രണയവാർത്തകൾക്ക് ഊർജം പകർന്നു. ഇരുവരും ഇതിനോട് പ്രതികരിച്ചതേയില്ല. പതുക്കെ ഈ വാർത്ത കെട്ടടങ്ങി.

അതിനുശേഷം നടി കീർത്തി സുരേഷും അനിരുദ്ധും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു, അധികം വൈകാതെ വിവാഹിതരാവുമെന്നും. തങ്ങൾ തമ്മിൽ ശക്തമായ സൗഹൃദമാണുള്ളതെന്നും, വർഷങ്ങളായി പരസ്പരം അറിയാവുന്നവരാണെന്നും ഇരുവരും പലതവണ വ്യക്തമാക്കി. പക്ഷേ, അതൊന്നും ആരാധകർക്ക് വിശ്വാസമായില്ല.

അനിരുദ്ധ് വെറുമൊരു സുഹൃത്ത് മാത്രമാണെന്നും, അദ്ദേഹത്തെ വിവാഹം കഴിക്കാൻ തനിക്ക് പദ്ധതികളൊന്നുമില്ലെന്നും വ്യക്തമാക്കി വീണ്ടും കീർത്തി രംഗത്തെത്തി. അനിരുദ്ധിന്റെ ടീമും നിഷേധിച്ചതോടെ, അത്തരം അഭ്യൂഹങ്ങൾക്ക് വിരാമമായി.

ഏറ്റവുമൊടുവിൽ അനിരുദ്ധുമായി ബന്ധപ്പെടുത്തി പുറത്തുവന്ന പേര് ഗായിക ജോനിത ഗാന്ധിയുടേതാണ്. ചെല്ലമ്മ, അറബിക് കുത്ത്, ഹേയ് ചിന്നമ്മാവാ തുടങ്ങിയ പാട്ടുകൾക്കായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചയായി ഒരുമിച്ച് എത്തിയപ്പോഴാണ് ഡേറ്റിങ് അഭ്യൂഹങ്ങൾ തുടങ്ങിയതും. പക്ഷേ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് ഇരുവരും പലപ്പോഴും പറഞ്ഞത്. എന്നാൽ, അനിരുദ്ധിന്റെ വിവാഹവാർത്ത പുറത്തുവന്ന ദിവസം തന്നെ ജോനിത ഇൻസ്റ്റഗ്രാമിലൊരു സ്‌റ്റോറിയിട്ടിരുന്നു. അത് നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ബ്രേക്കപ്പ് പാട്ടാണ് ജോനിത അന്ന് ഇൻസ്റ്റഗ്രാമിലിട്ടത്. അനിരുദ്ധിന്റെ വിവാഹവാർത്തയും ജോനിതയുടെ ബ്രേക്കപ്പ് സ്റ്റോറിയുമായി കൂട്ടിച്ചേർത്ത് ചില ഗോസിപ്പുകളുമുണ്ടായി. പ്രണയനഷ്ടത്തിന്റെ പേരിലാണ് ജോനിത ഈ സ്‌റ്റോറിയിട്ടതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. എന്നാലിതിനോട് ജോനിതയോ അനിരുദ്ധോ പ്രതികരിച്ചില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi