താരങ്ങളായ ദമ്പതിമാർക്ക് സ്ക്രീനിൽ തങ്ങളുടെ കെമിസ്ട്രി കൊണ്ടുവരാനാവില്ലെന്ന് തെന്നിന്ത്യൻ, ബോളിവുഡ് താരം ആർ.മാധവൻ. സ്ക്രീനിൽ കെമിസ്ട്രി മികച്ച രീതിയിൽ വർക്കൗട്ട് ആവണമെങ്കിൽ എതിർവശത്തുള്ള വ്യക്തിയോടുള്ള 'ആഗ്രഹം' വളരെ വ്യക്തമായിരിക്കണമെന്നാണ് മാധവന്റെ വാദം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിവാഹിതരായ താരങ്ങൾക്ക് അത് സ്ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് വരില്ല.

To advertise here,

"എതിർവശത്തുള്ള വ്യക്തിയോടുള്ള ആഗ്രഹം നിങ്ങൾ ശരിക്കും അനുഭവിക്കണം, അല്ലെങ്കിൽ ആ രംഗം സത്യസന്ധമായി തോന്നില്ല. ഞാൻ ചിലപ്പോൾ വിവാദങ്ങളുണ്ടാക്കിയേക്കാം, പക്ഷേ വിവാഹിതരായ താരങ്ങൾക്ക് സ്ക്രീനിൽ ഒരിക്കലും കെമിസ്ട്രി സൃഷ്ടിക്കാൻ കഴിയില്ല. നിങ്ങൾ ഒന്നിച്ചാണെങ്കിൽ ആ കെമിസ്ട്രി സ്ക്രീനിലേക്ക് വരില്ല. അതേസമയം, വേർപിരിഞ്ഞതാണെങ്കിലോ ഇപ്പോൾ ഒരുമിച്ചല്ലെങ്കിലോ ഒരുപക്ഷേ അത് സാധിച്ചേക്കും."- മാധവൻ പറഞ്ഞു.

ആർ. മാധവനും ഫാത്തിമ സന ഷെയ്ഖും പ്രധാനകഥാപാത്രങ്ങളാവുന്ന പുതിയ ചിത്രം 'ആപ് ജൈസ കോയി' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിന്റെ പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മാധവൻ ഇക്കാര്യം പറഞ്ഞത്. തന്നേക്കാൾ പ്രായമുള്ള ഒരു പുരുഷനുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ചിത്രത്തിൽ ഫാത്തിമയുടേത്. അതിനെപ്പറ്റി ചോദിച്ചപ്പോൾ, യഥാർത്ഥ ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ പ്രതിഫലനം മാത്രമാണ് ഈ കഥയെന്നായിരുന്നു ഫാത്തിമയുടെ മറുപടി. "ഇത് യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ഞാൻ കരുതുന്നില്ല, നമ്മുടെ സമൂഹത്തിൽ ഇപ്പോൾ സംഭവിക്കുന്നതിനെ സിനിമ പ്രതിഫലിപ്പിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്."-അവർ പറഞ്ഞു. 55 വയസ്സാണ് മാധവന്. ഫാത്തിമയ്ക്ക് 33 വയസ്സും.

ജൂലൈ 11-നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. വിവേക് സോണിയാണ് സംവിധാനം. 24 വർഷം മുമ്പ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ താരമാണ് ആർ മാധവൻ, 'രഹ്നാ ഹേ തേരേ ദിൽ മേം' എന്ന ചിത്രത്തിലൂടെ. ഹിന്ദി സിനിമാരംഗത്ത് ടോക്സിക് പുരുഷാധിപത്യമുള്ള കഥാപാത്രങ്ങൾ ചെയ്യാത്ത നടന്മാരില്ലെന്നും അടുത്തിടെ മാധവൻ അഭിപ്രായപ്പെട്ടിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi