പ്രശസ്ത ഫൂട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിത സഖിയാണ് മോ‍ഡലായ ജോർജിന റോഡ്രിഗസ്. റൊണാൾഡോയുടെ പങ്കാളി എന്നതിലുപരി ഒരു ബിസിനസ്സ് വുമൺ, അമ്മ എന്നീ നിലകളിൽ ജോർജിന റോഡ്രിഗസിനെ പരിചയപ്പെടുത്തുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയാണ് 'ഐ ആം ജോർജിന'. മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജോർജിനയും ലോകപ്രശസ്ത ഫുട്ബോൾ താരം റൊണാൾഡോയും എങ്ങനെ പ്രണയത്തിലായി എന്ന് ഈ പരമ്പര വ്യക്തമാക്കുന്നു.

To advertise here,

തന്റെ ജോലിസ്ഥലത്ത് വെച്ച് ആദ്യമായി റൊണാൾഡോയെ കണ്ട നിമിഷത്തെക്കുറിച്ച് ജോർജിന ഓർക്കുന്നു: "ഏകദേശം രണ്ട് മീറ്റർ ഉയരമുള്ള, സുന്ദരനായ ഒരാൾ കടന്നുവരുന്നത് ഞാൻ കണ്ടു. കൂടെ മകനും സുഹൃത്തുക്കളുമുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടതും ഞാൻ സ്തംഭിച്ചുപോയി. വളരെ മര്യാദയോടെ റൊണാൾഡോ ജൂനിയർ എന്നെ അഭിവാദ്യം ചെയ്തു."

റൊണാൾഡോയുടെ കണ്ണുകളിലേക്ക് നോക്കാൻ തനിക്ക് നാണമായിരുന്നുവെന്നും ഉള്ളിൽ ഒരു വിറയൽ അനുഭവപ്പെട്ടുവെന്നും ജോർജിന പറയുന്നു. "അവൾ ജോലി കഴിഞ്ഞ് ഇറങ്ങാൻ നിൽക്കുകയായിരുന്നു. ആ നിമിഷം തന്നെ ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക ആത്മബന്ധം തോന്നി," റൊണാൾഡോയും കൂട്ടിച്ചേർത്തു.

പ്രണയത്തിന്റെ ആദ്യകാലങ്ങളിൽ റൊണാൾഡോ പലപ്പോഴും ജോർജിനയെ ജോലിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. "പലപ്പോഴും അദ്ദേഹം തന്റെ ബുഗാട്ടി കാറിലാണ് വരിക. ബസ്സിൽ ജോലിക്ക് വന്നിരുന്ന ഞാൻ ബുഗാട്ടിയിൽ തിരിച്ചുപോകുന്നത് കണ്ട് എന്റെ സഹപ്രവർത്തകർ അമ്പരന്നുപോയിട്ടുണ്ട്," ജോർജിന ചിരിച്ചുകൊണ്ട് പറഞ്ഞു.

ആദ്യമൊന്നും ഈ ബന്ധം ഇത്രത്തോളം ദൃഢമാകുമെന്ന് റൊണാൾഡോ കരുതിയിരുന്നില്ല. "സത്യം പറഞ്ഞാൽ, ഞാൻ അവളുമായി ഇത്രയധികം പ്രണയത്തിലാകുമെന്ന് പ്രതീക്ഷിച്ചതല്ല. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവളാണ് എന്റെ ജീവിതത്തിലെ തണലെന്ന് എനിക്ക് ബോധ്യമായി," അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ടുവർഷമായി ഒരുമിച്ച് കഴിയുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും. 2017 ജനുവരി 9-ന് സൂറിച്ചിൽ നടന്ന 'ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്‌സ്' വേദിയിലാണ് ഇരുവരും ആദ്യമായി ഔദ്യോഗികമായി ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്. മേയ് 25-ന് ഇൻസ്റ്റഗ്രാമിലൂടെ തങ്ങൾ പ്രണയത്തിലാണെന്ന കാര്യം അവർ ലോകത്തെ അറിയിച്ചു.

ജൂലൈയിൽ ഇരുവരും തങ്ങൾ മാതാപിതാക്കളാകാൻ പോകുന്ന വിവരവും പങ്കുവെച്ചു. നവംബർ 12-ന് മകൾ അലാന മാർട്ടിന ജനിച്ചു. 2021 ഒക്ടോബർ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിക്കാൻ പോകുന്ന വിവരം റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 2025 ഓഗസ്റ്റിൽ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം ജോർജിനയും പങ്കുവെച്ചിരുന്നു.

2026 ലോകകപ്പിന് ശേഷം ഇവരുടെ വിവാഹം നടക്കുമെന്ന വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi