ആദ്യകാലങ്ങളിലൊക്കെ വിദേശയാത്ര നടത്തുമ്പോൾ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ തടയാറും ചോദ്യം ചെയ്യാറുമുണ്ടായിരുന്നെന്ന് നടൻ ഇമ്രാൻ ഹാഷ്മി. പുതിയ വെബ് സീരീസായ 'തസ്കരി: ദ സ്മഗ്ലേഴ്സ് വെബ്ബി'ൻ്റെ പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2000-ങ്ങളുടെ തുടക്കത്തിലായിരുന്നു അത്. ഒറ്റയ്ക്ക് വിദേശയാത്ര ചെയ്യുമ്പോൾ ഓരോ തവണയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യാറുണ്ടായിരുന്നെന്ന് ഇമ്രാൻ ഓർത്തു. സ്ഥിരമായി ഇങ്ങനെ സംഭവിക്കുന്നത് തന്നെ വളരെയധികം ആശയക്കുഴപ്പത്തിലാക്കിയിരുന്നു, അതിന്റെ കാരണം കൃത്യമായി അറിയില്ലെങ്കിലും ധരിച്ചിരുന്ന കമ്മലും അക്കാലത്തെ തൻ്റെ രൂപവുമൊക്കെയാവാമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. 

To advertise here,

ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആരിലും ആശങ്കയുണ്ടാക്കുമെന്നും നടൻ വിശദീകരിച്ചു. നിയമം പാലിച്ച് വാഹനം ഓടിക്കുമ്പോഴും ഒരു ട്രാഫിക് പോലീസുകാരനെ കാണുമ്പോഴുണ്ടാവുന്ന പരിഭ്രാന്തിയുമായാണ് ഇമ്രാൻ തന്റെ അനുഭവത്തെ ഉപമിച്ചത്. ‘നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും, സുരക്ഷാ പരിശോധനയിലൂടെ കടന്നുപോകുമ്പോൾ ചെറിയ പരിഭ്രാന്തി തോന്നും. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ, ഞാൻ വസ്ത്രങ്ങൾ മാത്രമാണ് പാക്ക് ചെയ്തതെങ്കിലും, ഗ്രീൻ ചാനലിലൂടെ നടക്കുമ്പോൾ ബാഗിൽ 100 കിലോ നിരോധിത വസ്തുക്കൾ ഉണ്ടെന്ന് തോന്നും’-അദ്ദേഹം പറഞ്ഞു.

അതേസമയം, ഇപ്പോൾ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ, അവർ തന്നെ സംശയിക്കുന്നില്ലെന്നും ഇമ്രാൻ പറഞ്ഞു. ‘മുമ്പെന്നെ പലപ്പോഴും സൈഡിലേക്ക് മാറ്റി നിർത്താറുണ്ടായിരുന്നു. അതിനെയാണ് പ്രൊഫൈലിംഗ് എന്ന് പറയുന്നത്. ഞാൻ വേറാരോ ആണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്കറിയില്ല’-അദ്ദേഹം പറഞ്ഞു.

നീരജ് പാണ്ഡെ ഒരുക്കിയ 'തസ്കരി: ദ സ്മഗ്ലേഴ്സ് വെബ്ബി'ൽ സ്മഗ്ലിങ് സംഘങ്ങളെ തകർക്കാൻ ചുമതലപ്പെടുത്തിയ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ്റെ വേഷമാണ് ഇമ്രാൻ അവതരിപ്പിക്കുന്നത്. കസ്റ്റംസ്, കള്ളക്കടത്ത്, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചാണ് ഈ പരമ്പര സംസാരിക്കുന്നത്. അതേസമയം, ഇമ്രാൻ ഹാഷ്മിയുടെ തുറന്നുപറച്ചിലിനെയും സത്യസന്ധതയെയും ആരാധകർ അഭിനന്ദിച്ചു. ജനുവരി 14 ന് നെറ്റ്ഫ്ലിക്സിൽ പരമ്പര റിലീസ് ചെയ്യും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi