എന്റെ സിനിമാജീവിതത്തിൽ ഞാൻ വളരെയധികം അഭിനേത്രികളെ കണ്ടുമുട്ടിയിട്ടുണ്ട്. വലിയ നായികാംബിംബങ്ങൾ തുടങ്ങി സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ നന്നായി ജീവിതത്തിൽ അഭിനയിക്കുന്ന താരമുഖങ്ങൾവരെ എന്റെ സിനിമാ സഞ്ചാര പാതയിൽവെച്ച് ഞാൻ കണ്ടിട്ടുണ്ട്. ഇതിൽ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ഒരു നായികാതാരത്തെയാണ് ഞാൻ ഇക്കുറി ‘കഥയിലെ നായികമാരി’ൽ അവതരിപ്പിക്കുന്നത്. മറ്റാരുമല്ലത്, മലയാളമനസ്സിലേക്ക് വെണ്ണിലാചന്ദനക്കിണ്ണവുമായി കടന്നുവന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട അഭിനേത്രിയായ കാവ്യമാധവനാണ്. കാവ്യയുടെ നാൾവഴിയിലേക്ക് ഒന്നുപോകാം.

To advertise here,
placeholder
കാവ്യാമാധവൻ (ഫയൽചിത്രം)/Mbi

1991-ൽ കമൽ സംവിധാനം ചെയ്ത ‘പൂക്കാലം വരവായി’ലൂടെ ഒരു ബാലതാരമായിട്ടാണ് കാവ്യ സിനിമ എന്ന മായികലോകത്തേക്ക് വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരുദിവസം എറണാകുളത്തുവച്ച് കമലിനെ കാണാനിടയാവുന്നു. പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പറയുന്നതിനിടയിൽ പൂക്കാലം വരവായിൽ ബാലനടിയായി വരുന്ന കാവ്യാമാധവനെക്കുറിച്ച് അല്പം വാചാലതയോടെ കമൽ പറഞ്ഞതിങ്ങനെയാണ്..
“പൂക്കാലത്തിൽ ആറേഴുവയസ്സുള്ള ഒരു കൊച്ചുപെൺകുട്ടിയുടെ വേഷമുണ്ട്. പല കുട്ടികളെയും നോക്കിയെങ്കിലും ഒന്നും ശരിയായിവരാത്തതുകൊണ്ട് പിന്നെ ഓഡിഷൻ നടത്തിയാണ് കാവ്യയെ കണ്ടെത്തിയത്. ഡെന്നിച്ചായന്റെ ബേബിശാലിനിയെപ്പോലെ നല്ല ഐശ്വര്യമുള്ള മുഖമാണ്. ഭാവിയിൽ വലിയ നായികയായിത്തീരാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്.”

പൂക്കാലം വരവായി റിലീസായപ്പോൾ ഞാൻ പോയി സിനിമ കണ്ടു. അത്ര വലിയ വേഷമല്ലെങ്കിലും പെട്ടെന്നുതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്ന മുഖമായിരുന്നു കാവ്യയുടേത്. ഇതേതുടർന്ന് ഒന്നു രണ്ടു സിനിമകളിൽ കൂടി അഭിനയിച്ചെങ്കിലും അതൊന്നും കാവ്യയ്ക്ക് ഗുണം ചെയ്തില്ല.

പിന്നീട് അഞ്ച് വർഷം കഴിഞ്ഞ് മമ്മൂട്ടിയും ഭാനുപ്രിയയും നായികാനായകന്മാരായ കമൽ സംവിധാനം ചെയ്ത അഴകിയ രാവണനിൽ ഭാനുപ്രിയയുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ അവസരം ലഭിച്ചതോടെയാണ് കാവ്യയുടെ തലവര മാറുന്നത്. അതിൽ വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണു എന്ന ഗാനമാലപിച്ചുകൊണ്ട് വഞ്ചി തുഴഞ്ഞു വരുന്ന പന്ത്രണ്ട് വയസ്സുകാരി സുന്ദരിക്കുട്ടിയെ ജനം ഇരുകൈയുംനീട്ടി സ്വീകരിക്കുകയായിരുന്നു.

ഇതേതുടർന്ന് 1997-ൽ കമലിന്റെ തന്നെ ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, സത്യൻ അന്തിക്കാടിന്റെ ‘ഒരാൾ മാത്രം’, ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’, ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടി’ എന്നീ ചിത്രങ്ങളിൽ ഒരു കൗമാരക്കാരിയായി വന്ന് മിഴിയിതൾ സുന്ദരിയായി മാറുകയായിരുന്നു. ഈ ചിത്രങ്ങളുടെ വിജയംകൂടിയായപ്പോൾ കാവ്യയെ നായികയാക്കാൻ, കാവ്യ യൗവ്വനത്തിലേക്ക് കടക്കാൻ കാത്തിരിക്കുകയായിരുന്നു മലയാളത്തിലെ പല സംവിധായകരും നിർമ്മാതാക്കളും.

അങ്ങനെയാണ് പതിനഞ്ചാമത്തെ വയസ്സിൽ ലാൽ ജോസിന്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലേക്ക് കാവ്യ നായികയായെത്തുന്നത്. ആ ചിത്രം കൂടി വൻവിജയമായപ്പോൾ പിന്നെ രണ്ടുമൂന്ന് വർഷക്കാലം ഒരു കാവ്യാതരംഗം തന്നെയാണുണ്ടായത്.

ആ സമയത്താണ് ഞങ്ങളുടെ മാക്ടയുടെ സംഗീത സംഗമം കോഴിക്കോട് നടക്കുന്നത്. ഉദ്ഘാടകനായി എത്തുന്നത് ഹിന്ദി സിനിമയിലെ മുടിചൂടാമന്നനായ ഷാരൂഖ് ഖാനാണ്. സംഗീതസംഗമം കഴിഞ്ഞ് പിറ്റേന്ന് രാവിലെ ഞാനും ആന്റണി ഈസ്റ്റുമാനും നിർമാതാവായ പി.കെ.ആർ പിള്ളച്ചേട്ടനും കൂടി അദ്ദേഹത്തിന്റെ കാറിൽ എറണാകുളത്തേക്ക് വരികയാണ്. ഈ യാത്രയിൽനിന്നാണ് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന സിനിമ ജനിക്കുന്നത്.

മോഹൻലാലിനെവെച്ച് ഒത്തിരി സിനിമകൾ എടുത്തിട്ടുള്ള പിള്ളച്ചേട്ടൻ നീണ്ട ഒരിടവേളയ്ക്കുശേഷം വീണ്ടും നിർമാണരംഗത്തേക്ക് ഇറങ്ങുകയാണ്. പിള്ളച്ചേട്ടന് അങ്ങനെ പ്രത്യേകതാത്പര്യങ്ങളൊന്നുമില്ല. സിനിമ നന്നായിരിക്കണം എന്നേയുള്ളൂ. ദിലീപിനും കാവ്യാമാധവനും നല്ല മാർക്കറ്റുണ്ടെന്ന് അറിയാവുന്നതുകൊണ്ട് അവരെ കിട്ടുമെങ്കിൽ നന്നായിരുന്നു എന്നൊരു അഭിപ്രായം മാത്രമേ അദ്ദേഹം എന്നോടും വിനയനോടും ആവശ്യപ്പെട്ടുള്ളൂ. വിനയൻ അതനുസരിച്ച് ദിലീപിനെയും കാവ്യാമാധവനെയും ബുക്ക് ചെയ്യുകയും ചെയ്തു. ഇതിനിടയിൽ പ്രത്യേക ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായതിന്റെ പേരിൽ ഞങ്ങൾക്ക് ദിലീപിനു പകരം പുതുമുഖമായ ജയസൂര്യയെ വച്ച് സിനിമ എടുക്കേണ്ടിവന്നു.

എറണാകുളത്തും പരിസരത്തും വച്ചായിരുന്നു ഊമപ്പെണ്ണിന്റെ ഷൂട്ടിങ്. കാവ്യയ്ക്ക് ഇതിൽ ഒരു ഊമപ്പെൺകുട്ടിയുടെ വേഷമാണ്. നിറയെ അഭിനയമുഹൂർത്തങ്ങളുള്ള ഒരു കഥാപാത്രമാണ്.

കാവ്യയുടെയും പുതുമുഖമായ ജയസൂര്യയുടെയും അഭിനയം കാണാനായി ആദ്യദിവസം തന്നെ ഞാൻ ലൊക്കേഷനിലെത്തി. ഇടപ്പള്ളിയിലെ ഒരു വീടായിരുന്നു ലൊക്കേഷൻ ഞാൻ ചെല്ലുമ്പോൾ ജയസൂര്യയും കാവ്യയും തമ്മിലുള്ള ഒരു സീൻ എടുക്കാനുള്ള റിഹേഴ്‌സൽ നടക്കുകയാണ്. എന്നെ കണ്ടയുടനെ വിനയൻ പറഞ്ഞു.
“ദാ നമ്മുടെ തിരക്കഥാകാരൻ എത്തിയല്ലോ?”
അതുകേട്ട് കാവ്യയുടെയും ജയസൂര്യയുടെയും ശ്രദ്ധ എന്നിലേക്കായി. ജയസൂര്യയെ എനിക്ക് നേരത്തെ അറിയാം. കാവ്യയെ ഞാൻ ആദ്യമായി കാണുകയാണ്. കാവ്യ എന്നെക്കണ്ട് പൂർവപരിചയമുള്ളതുപോലെ വിടർന്ന ചിരിയുമായി നിൽക്കുകയാണ്.
ഞാൻ വിനയന്റെ അടുത്തേക്ക് ചെന്നു. വിനയനാണ് കാവ്യയെ പരിചയപ്പെടുത്തുന്നത്. ഉടനെതന്നെ കാവ്യയുടെ മറുപടിയും വന്നു.
“കുട്ടിക്കാലത്ത് ജോഷി സാറിന്റെയും ഡെന്നിസ് സാറിന്റെയും കുടുംബചിത്രങ്ങൾ കണ്ട് ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട്.”
ഞാൻ അതുകേട്ട് ചിരിച്ചു നിന്നപ്പോൾ വിനയൻ കാവ്യ പറഞ്ഞതിന്റെ തുടർച്ചയെന്നപോലെ ഇത്രയുംകൂടി കൂട്ടിച്ചേർത്തു.
“കുട്ടികളെ മാത്രമല്ല, സ്ത്രീകളെയും കരയിപ്പിക്കുന്ന തിരക്കഥാകാരനല്ലേ?”
കാവ്യ ചിരിച്ചുകൊണ്ട് കൊച്ചുകുട്ടിയെപ്പോലെ പ്രത്യേക ശബ്ദത്തിൽ പിന്നെയും പല ചോദ്യങ്ങളും എന്നോട് ചോദിച്ചുകൊണ്ടിരുന്നു.

ആളുകളുടെ വലുപ്പചെറുപ്പമനുസരിച്ച് എങ്ങനെയാണ് സംസാരിക്കേണ്ടതെന്നും അതിന്റെ ഔപചാരികത എന്താണെന്നൊന്നും അറിഞ്ഞുകൂടാത്ത നിഷ്‌കളങ്കയായ ഒരു പാവം പെൺകുട്ടിയാണെന്ന് ആദ്യ കാഴ്ചയിലുള്ള അല്പ നേരത്തെ സംസാരത്തിൽനിന്നും എനിക്ക് മനസ്സിലായി. കാസർകോട് എന്ന ഗ്രാമത്തിന്റെ ശീതളഛായയിൽ വീട്ടിലെ അച്ചടക്കത്തിന്റെ കൂട്ടിൽ വളർന്നതുകൊണ്ടും പുറംലോകവുമായുള്ള ചിട്ടവട്ടങ്ങളൊന്നും അറിയാത്തതുകൊണ്ടും ഒരു കഥയില്ലാ പെണ്ണായി മാറിപ്പോയതായിരിക്കുമെന്ന് എനിക്ക് തോന്നി. ഉച്ചയോടെ ഞാൻ വിനയനോട് യാത്ര പറഞ്ഞു പോരാൻ നേരം അയാൾ ചോദിച്ചു.,
“എങ്ങനെയുണ്ട് കാവ്യയുടെ അഭിനയം. ഡെന്നിസിന് ഇഷ്ടപ്പെട്ടോ?”
“കാവ്യയുടെ അഭിനയത്തേക്കാൾ എനിക്ക് ഏറെ ഇഷ്ടമായത് കാവ്യയുടെ സ്വഭാവമാണ്. ശരിക്കും

നമ്മുടെ ഇന്നസെന്റിനെയല്ല ഇന്നസെന്റ് എന്ന് വിളിക്കേണ്ടത്. കാവ്യയെയാണ്.” എന്റെ സംസാരം കേട്ട് വിനയൻ ഉച്ചത്തിൽ ചിരിച്ചു.
പിന്നീട് ഒന്നുരണ്ട് ദിവസം കൂടി ഞാൻ ലൊക്കേഷനിൽ പോയിരുന്നു. ജയസൂര്യയോടും ഇന്ദ്രജിത്തിനോടുമൊക്കെ സംസാരിച്ചെങ്കിലും കാവ്യയുടെ പ്രത്യേക തരത്തിലുള്ള സംസാരവും ചോദ്യങ്ങളും കേൾക്കാനായിരുന്നു ഞാൻ താത്പര്യം കാണിച്ചത്. അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. കാവ്യയ്ക്ക് അങ്ങനെ അതിമോഹമൊന്നുമില്ല. മോഹങ്ങൾക്ക് അങ്ങനെ പ്രത്യേക ഒരു അളവുകോലുമില്ല. ഈശ്വരന്റെ കുറച്ചനുഗ്രഹവും കുറച്ച് അദ്ഭുതങ്ങളും ചേർന്നതാണ് മനുഷ്യജീവിതമെന്ന വിശ്വാസക്കാരിയായിരുന്നു കാവ്യ.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ പുറത്തുവന്നപ്പോൾ വൻ വിജയചിത്രമായി മാറുകയും കാവ്യയുടെ ഊമപ്പെണ്ണിന്റെ പ്രകടനത്തിന് ഏറെ ജനപ്രീതി ലഭിക്കുകയുമുണ്ടായി. ഈ ചിത്രത്തിനുശേഷം പിന്നെ കാവ്യയെ എന്റെ ഒരു ചിത്രത്തിലും അഭിനയിപ്പിക്കാനായില്ല. കാവ്യയ്ക്ക് പറ്റിയ വേഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പിന്നീട് രണ്ട് വർഷം കഴിഞ്ഞാണ് ഞാൻ കാവ്യയെ കാണുന്നത്. എന്റെ മൂത്ത മകൻ ഡിനു ഡെന്നിസ് നായകനായിട്ടഭിനയിക്കുന്ന ‘സ്ഫുടം’ എന്ന ചിത്രത്തിന്റെ പൂജ ഹൈവേയിലുള്ള വൈറ്റ് ഫോർട്ട് ഹോട്ടലിൽവെച്ച് നടന്നപ്പോൾ ഞാൻ കാവ്യയെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. യാതൊരു വൈമനസ്യവും പറയാതെ ഒരു സിനിമയുടെ ലൊക്കേഷനിൽനിന്നാണ് കാവ്യ പൂജാ ചടങ്ങിനെത്തിയത്. അന്നും അല്പനേരം കാവ്യയുടെ നിഷ്‌കളങ്കമായ മൊഴിവചനങ്ങൾകേട്ട് ഞാൻ കൗതുകംകൂറി നിന്നു.

ഇപ്പോൾ കാവ്യ ദിലീപിനെ വിവാഹം ചെയ്ത് സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചുവരികയാണ്. പഴയ കഥയില്ലാ പെൺകുട്ടിയിൽനിന്നും വളരെ മാറി ബുദ്ധിയും വിവേകവുമുള്ള ഒരു കുടുംബിനിയായി കഴിയുകയായിരിക്കും കാവ്യ.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi